Wed. Jul 16th, 2025
thiruvananthapuram-medical-college-patient-trapped-in-lift-found-after-two-days

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക്. തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച ഓർത്തോ വിഭാഗത്തിലെ ചികിത്സയ്ക്കായാണ് രവീന്ദ്രൻ മെഡിക്കൽ കോളജിലെത്തിയത്. ആ സമയത്ത് പ്രവർത്തനത്തിലുണ്ടായിരുന്ന ലിഫ്റ്റിൽ കയറി. കയറിയ ഉടൻ ലിഫ്റ്റ് മുകളിലേക്ക് പോയി താഴേക്ക് വരികയും പിന്നീട് പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്നാണ് രണ്ട് ദിവസം ഇദ്ദേഹം ഇതിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റിൽ കണ്ടെത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് വിവരം.