Sun. Sep 8th, 2024

 

അടുക്കള മാലിന്യവും ആശുപത്രി മാലിന്യവും തുടങ്ങി മനുഷ്യവിസര്‍ജ്യം വരെ ഒഴുകുന്ന തോട്ടില്‍ കാണാതായ ഒരു മനുഷ്യന്റെ ജഡം മൂന്നാം ദിവസം കിട്ടുമ്പോള്‍ ജീവന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

ടുവില്‍ 46 മണിക്കൂറിനുശേഷം ശുചീകരണ തൊഴിലാളിയായിരുന്ന ജോയിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുമ്പോള്‍ തകരപ്പറമ്പ് ചിത്രാ ഹോമിന്റെ പിറകിലെ കനാലില്‍ മാലിന്യത്തില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെയാണ് റെയില്‍വേ കരാര്‍ നല്‍കിയതുപ്രകാരം ജോയി ഉള്‍പ്പെടെ നാലുപേര്‍ ശുചീകരണത്തിനിറങ്ങിയത്. മഴയില്‍ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടര്‍ന്ന് ജോയി ഒഴുകിക്കില്‍പ്പെടുകയുമായിരുന്നു.

എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, നാവികസേന, 12 അംഗ സ്‌കൂബ ഡൈവിങ് സംഘം, റോബോട്ട്, മണ്ണുമാന്തി യന്ത്രങ്ങള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തോട്ടില്‍ ആള്‍പ്പൊക്കത്തേക്കാള്‍ ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഇതിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ Screengrab, Copyright: The Daily Guardian

കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് റെയില്‍വേയും നഗരസഭയും തിരുവനന്തപുരം നഗരത്തിലെ ഒട്ടുമുക്കാല്‍ മാലിന്യവും ഒഴുകുന്ന തോട്ടില്‍ ജോയ് അടക്കമുള്ള നാലു തൊഴിലാളികളെ യാതൊരു സുരക്ഷയും ഉറപ്പുവരുത്താതെ ഇറക്കിവിട്ടത്.

അടുക്കള മാലിന്യവും ആശുപത്രി മാലിന്യവും തുടങ്ങി മനുഷ്യവിസര്‍ജ്യം വരെ ഒഴുകുന്ന തോട്ടില്‍ കാണാതായ ഒരു മനുഷ്യന്റെ ജഡം മൂന്നാം ദിവസം കിട്ടുമ്പോള്‍ ജീവന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മീഥെയ്ന്‍, സള്‍ഫര്‍ ഡയോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങള്‍ വഹിച്ചാണ് ഈ തോട് ഒഴുകുന്നതെന്ന് അറിയാത്ത ആളായിരിക്കില്ല മേയര്‍. യഥാര്‍ത്ഥത്തില്‍ മേയര്‍ അടക്കമുള്ള ഭരണനിര്‍വഹണ വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ഉത്തരവാദികള്‍.

വിസര്‍ജ്യ ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതിനിടെ അഞ്ചുദിവസത്തില്‍ ഒരാള്‍ വീതം രാജ്യത്ത് മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുരക്ഷാസന്നാഹങ്ങളൊന്നും കൂടാതെ ഓട വൃത്തിയാക്കുകയും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് മരണത്തിലേക്ക് വരെ നയിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നും തോട്ടിപ്പണി ചെയ്യുന്നവരില്‍ 60 വയസ്സിനു മുകളില്‍ ജീവിച്ചിരിക്കുന്നവര്‍ കുറവാണെന്നും പല പഠനങ്ങളും തെളിയിക്കുന്നു.

2013ല്‍ വന്ന തോട്ടിപ്പണി നിരോധന പുനരധിവാസ ചട്ടങ്ങള്‍ പ്രകാരം തുറന്ന ഓടകള്‍, മാലിന്യക്കുഴികള്‍ എന്നിവയിലെല്ലാം മനുഷ്യരെ ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ കുറ്റകരമാണ്. നിലവിലെ നിയമപ്രകാരം ഇന്ത്യയില്‍ തോട്ടിപ്പണി ചെയ്യിപ്പിക്കുന്ന വ്യക്തിക്കോ ഏജന്‍സിക്കോ അഞ്ചുലക്ഷം രൂപവരെ പിഴയും അഞ്ചുവര്‍ഷംവരെ തടവുമാണ് ശിക്ഷ.

തോട്ടിപ്പണി പൂര്‍ണ്ണമായും ഉന്മൂലനം ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശവുമുണ്ട്. 2023 ഒക്ടോബറില്‍ സുപ്രീം കോടതി ഈ വിധി പുറപ്പെടുവിക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്.

‘ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തുല്യരായിരിക്കണമെങ്കില്‍, ആര്‍ട്ടിക്കിള്‍ 15(2), 17, 23, 24 എന്നിങ്ങനെയുള്ള വിമോചന വ്യവസ്ഥകള്‍ ഉറപ്പിച്ചുകൊണ്ട് ഭരണഘടനാ നിര്‍മ്മാതാക്കള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിയ പ്രതിബദ്ധതയുടെ വാഗ്ദാനങ്ങള്‍ നാം ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. തോട്ടിപ്പണി പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ യൂണിയനും സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്. അടിമത്തത്തില്‍, വ്യവസ്ഥാപിതമായി മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ കുടുങ്ങി ആരാലും കാണാതെയും കേള്‍ക്കാതെയും നിശബ്ദരായി തുടരുന്ന ജനസംഖ്യയുടെ ഒരു വിഭാഗത്തോട് നമ്മള്‍ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു’.

തോട്ടിപ്പണി നിരോധന നിയമവും സുപ്രീംകോടതിയുടെ വിധിയും ഉണ്ടായിട്ടും ശുചീകരണ മേഖലയില്‍ തൊഴിലെടുക്കുന്ന മനുഷ്യരുടെ അവസ്ഥയ്ക്ക് ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ ലക്ഷക്കണക്കിനാളുകളാണ് ശുചീകരണ മേഖലയില്‍ തൊഴിലെടുക്കുന്നത്.

ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ Screengrab, Copyright: The Hindu

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2017 മുതല്‍ 2022 വരെയുള്ള അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ 347 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 2019ലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്-116 പേര്‍. 2017 ല്‍ 92 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 51 പേരാണ് അഞ്ച് വര്‍ഷത്തിനിടെ മരിച്ചത്. 2019 ല്‍ മാത്രം 26 സെപ്റ്റിക് ടാങ്ക് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 48ഉം ഡല്‍ഹിയില്‍ 44ഉം പേര്‍ അഞ്ച് വര്‍ഷത്തിനിടെ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ജോയിയുടെ മരണം ഒരു യാദൃശ്ചിക സംഭവമല്ല. ഏതാണ്ട് ദിവസേനെ എന്നോണം ഇന്ത്യയില്‍ ശുചീകരണ തൊഴിലാളികള്‍ മരിക്കുന്നുണ്ട്. മാലിന്യ സംസ്‌ക്കരണവും മാലിന്യമുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലുള്ള അധികാരികളുടെ അങ്ങേയറ്റത്തേ അവഗണനയുടെ ഫലമാണത്.

ഇപ്പോള്‍ ഇവിടെ ഈ തൊഴില്‍ ചെയ്യുന്ന തൊഴിലാളിയ്ക്ക് യാതൊരു വിധത്തിലുള്ള സുരക്ഷാ സംവിധാനവും നല്‍കിയിട്ടില്ല. മാത്രമല്ല, അവര്‍ക്ക് ജീവിക്കാനുള്ള യാതൊന്നും ഇല്ല. ശമ്പളവും ഈ തൊഴില്‍ ചെയ്യുന്നതിനിടെ അപകടങ്ങള്‍ സംഭവിച്ചാല്‍ കിട്ടേണ്ട ചികിത്സയും ജീവിത സംരക്ഷണവും ഒന്നും കിട്ടുന്നില്ല.

സാമൂഹ്യ സേവന മേഖലയില്‍ നിന്നും അതാത് സര്‍ക്കാരുകള്‍ പൂര്‍ണമായും പിന്മാറികൊണ്ട് അത് ജനങ്ങളുടെ തലയില്‍ ഏല്‍പ്പിച്ചത്തിന്റെ ദുരന്തം കൂടിയാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. ഭാവിയിലും ഇതുതന്നെ ആയിരിക്കും സംഭവിക്കുക.

നികുതി സര്‍ക്കാര്‍ പിരിക്കും. ആ പണം ഉപയോഗിച്ച് അവരുടെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും. ആ നികുതി പണത്തില്‍ നിന്നും സമൂഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പൈസ പോലും ചിലവഴിക്കില്ല.

ഒരു വീട്ടിലെ അല്ലെങ്കില്‍ ഒരു പ്രദേശത്തെ മാലിന്യം എടുത്തുമാറ്റല്‍ അതാത് മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷന്‍, പഞ്ചായത്ത് എന്നിവയുടെ ഉത്തരവാദിത്തമാണ്. കാരണം ജനങ്ങള്‍ കാലാകാലങ്ങളായി നികുതി അടക്കുന്നത് ഈ അതോറിറ്റികളിലേയ്ക്കാണ്. ശുചിത്വമായി ജീവിക്കാനുള്ള പ്രാഥമിക കാര്യം പോലും ഒരുക്കികൊടുക്കാതെ അത് ജനങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞ് തടിതപ്പും.

എന്തൊരു മാലിന്യമാണ് തിരുവനന്തപുരത്തെ തോട്ടില്‍ കണ്ടത്. അത്രയും മാലിന്യം ഉണ്ടായിട്ടും നാലു പേരെ വെച്ചിട്ട് ഒരു കോണ്‍ട്രാക്ടറെ കൊണ്ട് അത് നീക്കം ചെയ്യാന്‍ തീരുമാനിച്ച അധികാരികളുടെ കാഴ്ചപ്പാട് എന്താണ്?. റോബോട്ടും ജെസിബിയും നൂറു കണക്കിന് മനുഷ്യര്യം എടുത്തിട്ട് പോലും തീരാത്ത അത്രയും മാലിന്യം അവിടെകിടക്കുന്നുണ്ട്.

മാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികളെ സംബന്ധിച്ച് ഇന്നും അവര്‍ക്ക് ഒരു പുഴുവിന്റെ പരിഗണന പോലും ലഭിക്കുന്നില്ല. അവരെ മനുഷ്യരായി പരിഗണിക്കുന്നില്ല. അവര്‍ക്ക് മനുഷ്യാവകശങ്ങള്‍ കിട്ടുന്നില്ല. അവരുടെ ജീവിതത്തിനോ അവരുടെ കുടുംബങ്ങളോടോ യാതൊരു ഉത്തരവാദിത്തവുമില്ല.

ജോയിയെ കണ്ടെത്താന്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കം ചെയ്യുന്നു Screengrab, Copyright: The Hindu

കൊച്ചിയില്‍ മാലിന്യം കൊണ്ടുപോകുന്ന ചാക്ക്, ബക്കറ്റ്, വണ്ടി ഇതൊക്കെ അന്നന്ന് കഴുകി വെച്ചില്ലെങ്കില്‍ പിന്നെ ഉപയോഗിക്കാന്‍ പറ്റില്ല. ഇതൊക്കെ കഴുകാനുള്ള പ്രാഥമിക സംവിധാനം എവിടെയുമില്ല. തോട്ടിലും കാനകളിലും ഇറങ്ങിയാണ് കഴുകുന്നത്. ഇങ്ങനെ തോട്ടില്‍ കഴുകാന്‍ ഇറങ്ങിയ മുത്തുരാജ് എന്ന തൊഴിലാളി ബോധം കേട്ട് വീണ് മരിച്ചു. തോട്ടിലൂടെയും കാനയിലൂടെയും ഒഴുകുന്ന വെള്ളം എന്തൊക്കെ തരത്തില്‍ വാതകങ്ങള്‍ നിറഞ്ഞതാണെന്ന് പറയാന്‍ പറ്റില്ലല്ലോ.

ഈ സംഭവം മാലിന്യ ശേഖരണ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരെ എല്ലാ ആനുകൂല്യങ്ങള്‍ കൊടുത്തും സംരക്ഷിക്കണം. കാരണം മാലിന്യ മുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

സര്‍ക്കാരുകളെ സംബന്ധിച്ച് സാമൂഹ്യ സേവനം അവരുടെ അജണ്ടയല്ല. എന്തുകൊണ്ടാണ് നഗരങ്ങളില്‍ ഒറ്റ മഴയ്ക്ക് വെള്ളം പൊങ്ങുന്നത്. ഈ തോടുകളിലും കാനകളിലും മാലിന്യം തിങ്ങിക്കിടക്കാണ്. ഇത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. ഇതൊക്കെ നോക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേരമില്ല.

ആകെ ചെയ്യുന്നത് മഴക്കാലം വരുമ്പോഴേക്കും മഴക്കാല ശുചീകരണത്തിന് ഫണ്ട് അനുവദിക്കും. ആ ഫണ്ട് ചിലവാക്കി കമ്മീഷന്‍ അടിച്ചെടുക്കണം. ഈ താല്‍പ്പര്യമാണ് ഉള്ളത്. അല്ലാതെ എന്റെ നാട് ശുചിയാകണം എന്നും എന്റെ നാട്ടുകാര്‍ക്ക് ആരോഗ്യകരമായ സാമൂഹ്യ ചുറ്റുപാട് അവരുടെ ജീവിതത്തിന് ലഭിക്കണം എന്നുമുള്ള ഒരു ഉത്തരവാദിത്തവും ഈ ഭരണാധികാരികള്‍ക്ക് ഇല്ല.

മഴയ്ക്ക് മുമ്പേ തന്നെ തോടുകള്‍ എല്ലാം വെള്ളം ഒഴുകാന്‍ പാകത്തിന് സജ്ജമാക്കണം. ഇവിടെ അങ്ങനെയല്ല, മഴക്കാലം വരുമ്പോള്‍ മാത്രമേ മഴക്കാല ശുചീകരണം നടത്തൂ. അതൊരു വാശിയാണ്.’, മാലിന്യ ശേഖരണ തൊഴിലാളി യൂണിയന്‍ സെക്രട്ടറി പി എന്‍ ബാബു വോക്ക് മലയാളത്തോട് പറഞ്ഞു.

എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചാണ് ജോയിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ജോയി മരിക്കില്ലായിരുന്നു. സാങ്കേതിക വിദ്യകളും നൂതന ഉപകരണങ്ങളും ഉപയോഗപ്പെടുത്തി ശുചീകരണ മേഖലയെ ആധുനികവല്‍ക്കരിക്കണമെന്ന് കാലങ്ങളായി തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇതിനൊന്നും മുതിരാതെ ഇപ്പോഴും മനുഷ്യരെ വെച്ചു തന്നെയാണ് ഈ ജോലികള്‍ തുടരുന്നത്. മാത്രമല്ല, പര്യാപ്തമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ലഭ്യമാക്കുന്നില്ല. ഇപ്പോഴും ഗ്ലൗസ് പോലും ധരിക്കാതെ മാലിന്യം കോരുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ശുചീകരണ തൊഴിലാളികളും.

ഡിസ്ലഡ്ജിങ്ങിനുള്ള സാങ്കേതിക ഉപകരണങ്ങള്‍, റോബോട്ടിക് ഉപകരണങ്ങള്‍ തുടങ്ങിയവ മാലിന്യം കോരാന്‍ ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നിലവാരമുള്ള ബോഡി സ്യൂട്ടുകള്‍, മാസ്‌കുകള്‍, കൈയുറകള്‍ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങള്‍ അടിയന്തിരമായി സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്.

ശുചീകരണ തൊഴിലാളികള്‍ ഒരു ദിവസം പണിമുടക്കിയാല്‍ ദുര്‍ഗന്ധത്തില്‍ വീഴുന്നതാണ് നമ്മുടെ നഗരങ്ങള്‍ എല്ലാം. അപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യത്തിലൂടെ ദിവസവും കടന്നുപോകുന്ന തൊഴിലാളിയ്ക്ക് മിനിമം തന്റെ ജീവന്‍ എങ്കിലും നിലനിര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം. അത്തരത്തിലുള്ള ഒരു ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് ഭരണനിര്‍വഹണ കേന്ദ്രങ്ങളാണ്.

FAQs

ആരാണ് ശുചീകരണ തൊഴിലാളി?

എല്ലാവിധ മാലിന്യവും നീക്കം ചെയ്യുന്ന അസംഘടിത മേഖലയി ല്‍ തൊഴിലെടുക്കുന്നവരാണ് ശുചീകരണ തൊഴിലാളികള്‍.

ആരാണ് ആര്യ രാജേന്ദ്രന്‍?

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. നിലവിൽ തിരുവനന്തപുരം കോർപ്പറേഷന്‍റെ മേയറായി സേവനമനുഷ്ഠിക്കുന്നു.

എന്താണ് ആമയിഴഞ്ചാന്‍ തോട്?

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാന്‍ തോട്. ഒബ്‌സര്‍വേറ്ററി ഹില്ലില്‍നിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ ചേരുന്ന ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്ററാണ് നീളം.

Quotes

“നമ്മുടെ പോരാട്ടം, അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. മനുഷ്യന്റെ വ്യക്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്-ഡോ. ബി ആർ അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.