ന്യൂഡല്‍ഹി: സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ക്കെതിരെ തന്റെ പേരിലുള്ള അക്കൗണ്ടില്‍ വന്ന പോസ്റ്റിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ധ്രുവ് റാഠി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെതിരെയാണ് ധ്രുവ് റാഠി രംഗത്തെത്തിയത്.
നിങ്ങളുടെ പത്രത്തിന്റെ ഒന്നാം പേജില്‍ എന്തിനാണ് തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് ധ്രുവ് റാഠി ചോദിച്ചു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയെ കുറിപ്പില്‍ ടാഗ് ചെയ്താണ് ധ്രുവ് പോസ്റ്റ് പങ്കുവെച്ചത്.
‘എന്തിനാണ് നിങ്ങളുടെ പത്രത്തിന്റെ ഒന്നാം പേജില്‍ എന്നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്? ആരോപണവിധേയമായ പോസ്റ്റ് തന്റെ പേരിലുള്ള ചില പാരഡി അക്കൗണ്ട് വഴിയാണ് പങ്കുവെച്ചത്. അത് മനസിലാകണമെങ്കില്‍ കണ്ണ് തുറന്ന് നോക്കണം. അല്ലാതെ എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല,’ ധ്രുവ് റാഠി എക്സില്‍ കുറിച്ചു.
പാരഡി അക്കൗണ്ടില്‍ വന്ന വ്യാജ വാര്‍ത്തക്കെതിരെ അടുത്തിടെയാണ് മുംബൈ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ധ്രുവ് റാഠി പങ്കുവെച്ച പോസ്റ്റെന്ന പേരില്‍ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയത്.
സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ യുപിഎസ്‌സി പരീക്ഷ എഴുതാതെ ഐഎഎസ് ഓഫീസറായി എന്നാണ് ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ടില്‍ വന്ന പോസ്റ്റ്. പിന്നാലെ തനിക്ക് ഈ പോസ്റ്റുമായോ തന്റെ പേരില്‍ കേസ് എടുത്തെന്ന് പുറത്തുവരുന്ന വാര്‍ത്തകളുമായോ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ധ്രുവ് റാഠി പോസ്റ്റ് ഇട്ടിരുന്നു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്‌സി പരീക്ഷ പാസായിരുന്നു. 2019ലെ സിവില്‍ സര്‍വീസ് മെറിറ്റ് ലിസ്റ്റിലും പേരുണ്ടായിരുന്നു. ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട് സര്‍വീസിലാണ് അഞ്ജലി ബിര്‍ള ഇപ്പോള്‍ ജോലി ചെയ്യുന്നത്.