Fri. Nov 22nd, 2024

 

ഗസ്സ സിറ്റി: ഖാന്‍ യൂനിസിന് പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.

യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട 90 പേരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ ആവശ്യമായ ചികില്‍സ പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ദൈഫും മറ്റൊരു ഹമാസ് കമാന്‍ഡറും കൊല്ലപ്പെട്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ഹമാസ് നേതൃത്വത്തെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഏതുവിധേനയും ഹമാസിന്റെ മുഴുവന്‍ നേതൃത്വങ്ങളെയും ഇല്ലാതാക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ദൈഫ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഹമാസ് നിഷേധിച്ചു. ഹമാസിന്റെ നേതാക്കളെ ലക്ഷ്യം വെച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത് എന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നും ആക്രമണത്തെ ന്യായീകരിക്കാനാണ് ഇങ്ങനെയൊരു പ്രസ്താവനയെന്നും ഹമാസ് വ്യക്തമാക്കി.

ആക്രമണത്തെ തുടര്‍ന്നുള്ള പ്രദേശത്തെ ദൃശ്യങ്ങള്‍ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് അമേരിക്കന്‍ നിര്‍മിത മിസൈല്‍ ഇസ്രായേല്‍ ഉപയോഗിച്ചതായി സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ മവാസി ആക്രമണ വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു.

അന്തര്‍ദേശീയ സമൂഹം ശക്തമായി രംഗത്തിറങ്ങിയില്ലെങ്കില്‍ ഗസ്സയിലും പുറത്തും ആപല്‍ക്കരമായ സാഹചര്യമാകും രൂപപ്പെടുകയെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. മാരകശേഷിയുളള ബോംബുകളാണ് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ഉപയോഗിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.

വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തുരങ്കം വെക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കമാണ് പുതിയ കൂട്ടക്കുരുതികള്‍ക്ക് പിന്നിലെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രായേലിനെതിരായ നടപടി കടുപ്പിക്കുമെന്ന് യെമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ല 15 മിസൈലുകളയച്ചു.