Sun. Dec 22nd, 2024

 

മുംബൈ: തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്ക് രണ്ടു കോടി രൂപയുടെ വാച്ച് സമ്മാനമായി നല്‍കി അനന്ത് അംബാനി. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ് അടക്കം മിക്ക താരങ്ങളും രണ്ടു കോടി വിലവരുന്ന ഔഡെമര്‍ പിഗ്വെറ്റ് വാച്ചുകള്‍ സമ്മാനമായി സ്വീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഈ വാച്ച് ധരിച്ചുനില്‍ക്കുന്നവരുടെ വീഡിയോ വൈറലാണ്. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അനന്ത് അംബാനിയും രാധിക മെര്‍ച്ചന്ററും വിവാഹിതരായത്.

ഹോളിവുഡ്- ബോളിവുഡ് താരങ്ങളൂം ക്രിക്കറ്റ് താരങ്ങളും ലോകമെമ്പാടുമുള്ള പ്രമുഖരും ചടങ്ങിന്റെ ഭാഗമാകാനായി മുംബൈയില്‍ എത്തിയിരുന്നു. കിം കാര്‍ദാഷിയാന്‍, ജസ്റ്റിന്‍ ബീബര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിച്ചാണ് മുകേഷ് അംബാനി മകന്റെ വിവാഹം അത്യാഡംബരമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യുഎസ് പ്രതിനിധി എറിക് ഗാര്‍സെറ്റി അടക്കം വിവിധ ലോക നേതാക്കളും വിവാഹചടങ്ങിലും പിന്നീടുള്ള സത്കാരങ്ങളിലും പങ്കെടുത്തു.

സംഗീത്, ഹല്‍ദി തുടങ്ങി ആര്‍ഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങളും വലിയ തോതില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 5,000 കോടിയില്‍പരം രൂപയാണ് വിവാഹത്തിന്റെ ആകെ ചിലവ്.