Sun. Nov 17th, 2024

സിബിഐയുടെ ഒരു വക്കീലുണ്ട്. കെപി സതീശന്‍. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. എന്തുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചു തരാത്തത് എന്ന് അവര്‍ പറയുന്നില്ല

നിരവധി അട്ടിമറികള്‍ നടന്ന കേസാണ് വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ മരണം. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണ സംഘങ്ങള്‍ ആത്മഹത്യ എന്ന് വരുത്തിത്തീര്‍ത്താണ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. കേസില്‍ സിബിഐയുടെ രണ്ടാം സംഘത്തിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍, സെലോഫൈന്‍ ടെസ്റ്റ് ഫലങ്ങള്‍, കുട്ടികള്‍ കെട്ടിത്തൂങ്ങി എന്ന് പറയുന്ന കഴുക്കോലിന്റെ ഉയരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ തുടങ്ങി നിരവധി തെളിവുകള്‍ കേസിലുണ്ട്. ഇതുവരെ മൂന്ന് പ്രതികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

തെളിവുണ്ടായിട്ടും പ്രതികളുടെ ആത്മഹത്യകളില്‍ ദുരൂഹത ആരോപിക്കപ്പെട്ടിട്ടും കേസ് തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, വിശ്വസിക്കാന്‍ കഴിയുന്ന ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറെ നിയമിക്കണം എന്ന കുട്ടികളുടെ അമ്മയുടെ ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

വാളയാറിലെ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട വീട് Screengrab, Copyright: Express

തുടക്കത്തില്‍ കേസ് അട്ടിമറിക്കുകയും പെണ്‍കുട്ടികള്‍ക്കെതിരെ ഒരു മാധ്യമത്തില്‍ മോശം പരാമര്‍ശം നടത്തുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന് ഐപിഎസ് പദവി നല്‍കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കേസന്വേഷിക്കുമ്പോള്‍ ഡിവൈഎസ്പിയായിരുന്ന സോജനെതിരെ നടപടിയെടുക്കുന്നതിന് പകരം എസ്പിയായി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറെ നിയമിക്കുക, എസ്പി എംജെ സോജന് ഐപിഎസ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നീതി സമരസമിതി വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ഇന്ന്  പാലക്കാട് മുനിസിപ്പല്‍ ഓഫീസിന് മുന്‍വശം സമരസമിതി പ്രതിഷേധ സംഗമം നടത്തുന്നുണ്ട്.

‘രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. കേസിപ്പോള്‍ സിബിഐയുടെ രണ്ടാമത്തെ സംഘം അന്വേഷിക്കുകയാണ്. ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ട് കേരള പോലീസിന്റെ അന്വേഷണത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് കോടതി തള്ളി.

രണ്ടാമത്തെ സംഘവും കാര്യമായ അന്വേഷണം നടത്തുന്നില്ല. കേസുമായി ബന്ധപ്പെട്ട പല തെളിവുകളും ഞങ്ങള്‍ക്ക് അറിയാവുന്ന വസ്തുതകളും കൊടുത്തിട്ടും കേസ് നല്ല രീതിയില്‍ മുന്നോട്ടുപോകുന്നില്ല. രണ്ട് വര്‍ഷമായി ഈ സംഘം അന്വേഷണം തുടങ്ങിയിട്ട്.

രണ്ടാമത്തെ സംഘം അന്വേഷണത്തിന് വന്നതുമുതലേ ഞങ്ങള്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെടുന്നുണ്ട്. സാധാരണ ഇത്തരം കേസുകളില്‍ ഇരകളുടെ ആള്‍ക്കാര്‍ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെടാം. അവര്‍ ചോദിക്കുന്ന ആളുകളെ നല്‍കാറുണ്ട്. ടിപി വധക്കേസിലും അഭയ കേസിലുമൊക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചു നല്‍കിയിട്ടുമുണ്ട്.

എന്നാല്‍ വാളയാര്‍ കേസില്‍ രണ്ടു വര്‍ഷമായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചു നല്‍കുന്നില്ല. അട്ടപ്പാടി മധു കേസ് വാദിച്ച് ജയിച്ച രാജേഷ് എം മേനോനെ ആയിരുന്നു ഞങ്ങള്‍ പ്രോസിക്യൂട്ടറായി ആവശ്യപ്പെട്ടിരിക്കുന്നത്. ആറു മാസം മുമ്പ് ഇതേ ആവശ്യവുമായി കോടതിയില്‍ പോയി. അപ്പോഴും അനുവദിച്ചുതാരാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി നടന്ന സമരം Screengrab, Copyright: The Hindu

സിബിഐയുടെ ഒരു വക്കീലുണ്ട്. കെപി സതീശന്‍. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. എന്തുകൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിച്ചു തരാത്തത് എന്ന് അവര്‍ പറയുന്നില്ല. പക്ഷേ, എതിര്‍ത്തുകൊണ്ടിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കണം എന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയില്‍ കുട്ടികളുടെ അമ്മയെ അഡ്വ. കെപി സതീശന്‍ മോശമായി ചിത്രീകരിക്കുക കൂടി ഉണ്ടായി. ഇത്തരത്തില്‍ ഈ കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതിയിലെ ഒരുപറ്റം വക്കീലന്മാര്‍ ശ്രമിക്കുന്നുണ്ട്.

കേസ് കീഴ്‌കോടതിയില്‍ പൊളിയാന്‍ കാരണം പ്രോസിക്ക്യൂഷന്റെ അപാകതകള്‍ ആണെന്ന് ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നല്ലൊരു പ്രോസിക്യൂട്ടര്‍ വരാന്‍ ഇവര്‍ എതിരുനില്‍ക്കുകയാണ്.’, നീതി സമരസമിതി കണ്‍വീനര്‍ സലില്‍ ലാല്‍ അഹമ്മദ് വോക്ക് മലയാളത്തോട് പറഞ്ഞു.

‘രണ്ടാമത്തെ ഞങ്ങളുടെ ആവശ്യം, കേസ് ആദ്യം അന്വേഷിച്ചിരുന്നത് എസ്പി എംജെ സോജനായിരുന്നു. അദ്ദേഹമാണ് ഈ കേസ് അട്ടിമറിച്ചത്. അദ്ദേഹം ഒരു മാധ്യമത്തില്‍ കൊല്ലപ്പെട്ട കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ മോശമായി സംസാരിച്ചിരുന്നു. അതിനെതിരെ പോക്‌സോ, എസ്‌സി, എസ്ടി വകുപ്പ് പ്രകാരം ഞങ്ങള്‍ കേസ് കൊടുത്തിരുന്നു. സോജനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോസ്‌കോ കോടതി ഉത്തരവിട്ടിരുന്നു.

ഇതിനിടെ അദ്ദേഹത്തിന് ഐപിഎസ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞു. കേസുള്ള, പ്രത്യേകിച്ച് പോക്‌സോ കേസുള്ള ആള്‍ക്ക് ഐപിഎസ് കൊടുക്കാന്‍ പാടില്ല എന്നുണ്ട്. കേരളത്തില്‍ നിന്നും ഐപിഎസിന് ശുപാര്‍ശ ചെയ്തവരില്‍ 20 പേരെ കേന്ദ്ര സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ സോജന്റെയും പേരുണ്ട്.

ഈ കേസില്‍ എന്തെങ്കിലും ചെറിയ നീതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സോജനെതിരെ എടുത്ത ക്രിമിനല്‍ കേസാണ്. എന്നിട്ടും ഇയാള്‍ക്ക് ഐപിഎസ് കൊടുക്കുന്നത് നീതി ലംഘനമാണ്. സോജന്റെ ഐപിഎസിനെ സംബന്ധിച്ച് ഞങ്ങള്‍ ഒരു കേസ് കൊടുത്തിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ പരാതികള്‍ കേട്ടിട്ട് മാത്രമേ സോജന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടുള്ളൂ എന്നാണ് കോടതി വളരെ വ്യക്തമായി ഉത്തരവില്‍ പറഞ്ഞത്. ഇതുവരെ അമ്മയോട് ഈ വിഷയത്തെ കുറിച്ച് ആരും ചോദിച്ചിട്ടില്ല.

നാളെ നടക്കുന്ന പ്രതിഷേധം വരാനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനമാണ്. വലിയ തോതില്‍ കോടതിയില്‍ വെച്ചുതന്നെ ഈ കേസ് അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സമരം തുടരാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.’, നീതി സമരസമിതി കണ്‍വീനര്‍ സലില്‍ ലാല്‍ അഹമ്മദ് വോക്ക് മലയാളത്തോട് പറഞ്ഞു.

എന്താണ് വാളയാര്‍ കേസ്

2017 ജനുവരി ഏഴിനാണ് പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അതേ കഴുക്കോലില്‍ അനുജത്തി ഒന്‍പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടു.

ആദ്യ മരണത്തിന്റെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഈ പെണ്‍കുട്ടി. താന്‍ വീട്ടിലേക്ക് വരുമ്പോള്‍ മുഖം മറച്ച് രണ്ടുപേര്‍ വീട്ടില്‍ നിന്നും പോകുന്നത് കണ്ടെന്ന് ഇളയ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

കേസിലെ പ്രതികള്‍ Screengrab, Copyright: LiveLaw

സഹോദരിമാര്‍ രണ്ടുപേരും പല തവണ ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ മരണത്തില്‍ ദുരൂഹത നിറഞ്ഞുനിന്നെങ്കിലും കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഇളയ പെണ്‍കുട്ടിയുടെ ഉയരം 129 സെന്റി മീറ്റര്‍ ആയിരുന്നു. കുട്ടി കെട്ടിത്തൂങ്ങി എന്ന് പറയുന്ന കഴുക്കോലിലേക്കുള്ള വീടിന്റെ തറയില്‍ നിന്നുള്ള ഉയരം 292 സെന്റി മീറ്ററാണ്. പിന്നെ എങ്ങനെ 9 വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പറയാന്‍ കഴിയും എന്ന ചോദ്യം ഉന്നയിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

2017 മാര്‍ച്ച് ആറിന് എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസില്‍ ആദ്യം മുതല്‍ ഉദാസീനതയാണ് പൊലീസ് വരുത്തിയത്. ആദ്യം മരിച്ച മൂത്ത കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി സൂചനയുണ്ടായിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്‌ഐ പിസി ചാക്കോയെ കേസന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. ആദ്യ കുട്ടിയുടെ മരണത്തിലും അന്വേഷണം തുടങ്ങി.

ലോക്കല്‍ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ് വിവാദമുയര്‍ന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചത്. ആദ്യ അന്വേഷണത്തില്‍ വീഴ്ച കാണിച്ച എസ്ഐ പിസി ചാക്കോയ്ക്ക് സസ്‌പെന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എംജെ സോജന് കൈമാറി. തൊട്ടുപിന്നാലെ രണ്ടു പേരുടെ അറസ്റ്റുണ്ടായി.

പാമ്പാംപള്ളം സ്വദേശി വി മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് പത്തിന് എം മധു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍ എന്നിവരെ അറസ്റ്റുചെയ്തു. പിന്നീട് കേസില്‍ ഒരു 16കാരനെ കൂടി അറസ്റ്റ് ചെയ്തു.

കേസന്വേഷണം നടക്കുന്നതിനിടെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29 കാരന്‍ തൂങ്ങിമരിച്ചു. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയ കുറ്റപത്രമാണ് 2017 ജൂണ്‍ 22ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

പതിനാറുകാരന്‍ ഒഴികെയുള്ള നാലാളുടെ പേരിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ, ആത്മഹത്യാ പ്രേരണാ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലായിരുന്നു കേസ്. പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി.

2019 ഒക്ടോബറില്‍ പ്രതിചേര്‍ക്കപ്പെട്ട നാലു പേരെയും തെളിവുകളുടെ അഭാവത്തില്‍ വെറുതെവിടാന്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്റെ വീഴ്ച പകല്‍പോലെ വ്യക്തമായ വിധിയായിരുന്നു അത്.

വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പികെ ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വെച്ചു.

പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച സംഭവിച്ചതായി ഹനീഫ കമ്മീഷന്‍ കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ എസ്‌ഐ പിസി ചാക്കോ ഗുരുതര അലംഭാവം കാണിച്ചു. മൂത്ത പെണ്‍കുട്ടിയുടെ മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഇളയ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

ഇതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ 2021ന്റെ തുടക്കത്തില്‍ കേസ് സിബിഐയ്ക്ക് വിട്ടു.

പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റം ഏറ്റെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സോജന്‍ നിര്‍ബന്ധിച്ചതായി കുട്ടികളുടെ പിതാവിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി നടന്ന സമരം Screengrab, Copyright: Express

സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പോലീസ് കണ്ടെത്തലുകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നുമില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയാണ് സിബിഐ 2021 ഡിസംബര്‍ 23ന് കുറ്റപത്രം സമര്‍പ്പിച്ചത്.

‘പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍’ എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും റിപ്പോര്‍ട്ടിലില്ലാ എന്ന് കോടതി കണ്ടെത്തി.

വീണ്ടും സിബിഐ അന്വേഷണമെന്ന ആവശ്യമുയര്‍ന്നു. കോടതി രണ്ടാമതും സിബിഐ അന്വേഷണത്തിന് ഉത്തരവ് നല്‍കി. അന്വേഷണം ആരംഭിച്ചിട്ട് രണ്ടു വര്‍ഷമായി. ഇതുവരെ കേസില്‍ പുരോഗതി ഉണ്ടാക്കാന്‍ പുതിയ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

2023 ഒക്ടോബറില്‍ കേസിലെ നാലാം പ്രതിയായ കുട്ടി മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആലുവ ബിനാനിപുരത്തെ സിങ്ക് ഫാക്ടറിക്കുള്ളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

കേസില്‍ അകപ്പെട്ട മൂന്ന് പേര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യകളില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിബിഐയോട് പീഡനത്തിനിരയായ കുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെട്ടിരുന്നു.

FAQs

എന്താണ് വാളയാർ പീഡനക്കേസ്?

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കേസാണ് വാളയാർ പീഡനക്കേസ് എന്നറിയപ്പെടുന്നത്. 13 ഉം ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസങ്ങളുടെ ഇടവേളയിൽ ഒറ്റമുറി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എന്താണ് സിബിഐ?

ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ്‌ സിബിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ)‍. 1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ്‌ സിബിഐയുടെ തുടക്കം.

എന്താണ് കേരള ഹൈക്കോടതി?

കേരളത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി. കൊച്ചിയിലാണ്‌ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.

Quotes

“മോശം നിയമങ്ങൾ ഏറ്റവും മോശമായ സ്വേച്ഛാധിപത്യമാണ്- എഡ്മണ്ട് ബർക്ക്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.