Sun. Jul 14th, 2024

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പരഗാനാസ് ജില്ലയിലെ ഭംഗറില്‍ മോഷ്ടാവെന്ന് സംശയിച്ച് 50 വയസ്സുകാരനെ തല്ലിക്കൊന്നു. അസ്ഗര്‍ മൊല്ല എന്നയാളാണ് കൊല്ലപ്പെട്ടത്.

കൊല്‍ക്കത്ത പൊലീസിന്റെ അധികാരപരിധിയില്‍ വരുന്ന ഭംഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശവാസികള്‍ ഇയാള്‍ മദ്യലഹരിയിലാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗര്‍ ബസാറില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പ്രദേശത്ത് രാത്രി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെ 4.30ഓടെ കൊലപാതകം നടന്നെന്നാണ് കരുതുന്നത്. ആളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്ന് ആക്ഷേപമുണ്ട്. ഫുല്‍ബാരി ഏരിയയിലാണ് മരിച്ചയാളുടെ വീടുള്ളത്.

ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ബില്ലിലാണ് ഗവര്‍ണര്‍ ഇരിക്കുന്നതെന്ന് ഭരണകക്ഷിയായ ടിഎംസി നേതാവ് ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു.

‘മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ ഒരു നിയമം തയ്യാറാക്കി. അത് ജഗദീപ് ധന്‍കര്‍ ഗവര്‍ണറായിരിക്കെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചതാണ്. ഇപ്പോള്‍ ബില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന്റെ പക്കലുണ്ട്.’, ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു.

സംസ്ഥാനത്തെ നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ലി, ബര്‍ധമാന്‍, പശ്ചിമ മേദിനിപൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ അടുത്ത കാലത്ത് ആള്‍ക്കൂട്ട കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.