ന്യൂഡൽഹി: ഇന്ത്യൻ നിർമിത മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ‘കൂ’ അടച്ചുപൂട്ടുന്നു. 2020 ലാണ് ട്വിറ്ററിന് ബദലായി കൂ ആപ്പ് അവതരിപ്പിക്കുന്നത്. മഞ്ഞക്കിളി വിടപറയുന്നു എന്ന കുറിപ്പോടെ ലിങ്ഡിനിലൂടെയാണ് കൂ വിൻ്റെ പ്രവർത്തനം നിർത്തുകയാണെന്ന വിവരം സ്ഥാപകർ അറിയിച്ചത്.
ഒന്നിലധികം ഇൻ്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുമായി പങ്കാളിത്തത്തിനുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിചാരിച്ച ഫലം ലഭിച്ചില്ല. പ്ലാറ്റ്ഫോം പൊതുജനങ്ങള്‍ക്കുള്ള സേവനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സഹസ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും അറിയിച്ചു.
ഇംഗ്ലീഷിലും ഹിന്ദിയിലുമുൾപ്പെടെ എട്ട് ഭാഷകളിൽ ലഭ്യമാക്കിയ കൂ ആപ്പിന് തുടക്കത്തിൽ വലിയ പ്രചാരമായിരുന്നു ലഭിച്ചത്. തുടക്കത്തിൽ പ്രതിദിനം 20 ലക്ഷത്തിലേറെ സജീവ ഉപയോക്താക്കളുണ്ടായി. എന്നാൽ ദീർഘകാല ഫണ്ടിങ്ങിന് ആരും മുന്നോട്ടുവരാത്തത് കമ്പനിക്ക് തിരിച്ചടിയായി. 2022 സെപ്റ്റംബറിലാണ് ആദ്യമായി പിരിച്ചുവിടൽ നടപടിയുണ്ടായത്. ആ വർഷം 40 പേരെയും തൊട്ടടുത്ത വർഷം ഏപ്രിലിൽ 30 ശതമാനം പേരെയും പിരിച്ചുവിട്ടു.