Wed. Dec 18th, 2024

ന്യൂഡൽഹി: നീതിക്കായി സമീപിക്കുന്നവരെ മാത്രം കോടതികള്‍ സേവിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തെ കോടതികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴ്‌പ്പെട്ടവരാണെന്നും ബാഹ്യമായ ഒരു ശക്തിക്കും വേണ്ടി കോടതികള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 

ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ, ശാസ്ത്രി പാര്‍ക്ക്, രോഹിണി എന്നിവിടങ്ങളിലെ അഡീഷണല്‍ കോടതി കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘കോടതികളും ജഡ്ജികളും പൊതുസേവന ദാതാക്കളാണ്. കേവലം പരമാധികാരത്തിൻ്റെ പ്രതീകങ്ങളല്ല. ഭരണഘടനാ സംവിധാനം അടിസ്ഥാനപരമായി നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്’ ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജഡ്ജിമാരെ ദൈവമായും കോടതിയെ ക്ഷേത്രമായും കാണുന്നത് അപകടമാണെന്ന് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ജഡ്ജിമാര്‍ ജനങ്ങളുടെ സേവകരാണെന്നും ജനാധിപത്യത്തിലൂന്നിയായിരിക്കണം അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.