Sat. Jan 18th, 2025

കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ ഇരിക്കെയാണ് എറണാകുളം എംജി റോഡില്‍ വെച്ച് കൊലപാതക ശ്രമം നടന്നതെന്ന് പത്മ ലക്ഷി പറയുന്നു.

കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ അഭിഭാഷകയാണ് പത്മ ലക്ഷ്മി. അഭിഭാഷകയായി ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്ത അന്ന് മുതല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും കോടതി ജീവനക്കാരില്‍ നിന്നും തനിക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന് അഡ്വ. പത്മ ലക്ഷ്മി നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ നിന്ന് നേരിടേണ്ടി വന്ന ലിംഗവിവേചനത്തിലും അധിക്ഷേപങ്ങളിലും നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ക്കും പത്മ നേരത്തെ പരാതി നല്‍കിയിരുന്നു.

നിയമസഹായം തേടിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച ഗവണ്‍മെന്റ് മുന്‍ പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് അഡ്വ. പത്മ ലക്ഷി ആയിരുന്നു. ഈ കേസിന് ശേഷം കോടതിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നേരിട്ടിരുന്ന പരിഹാസങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ചുവെന്ന് പത്മ ലക്ഷി വോക്ക് മലയാളത്തോട് പറഞ്ഞു. കേസില്‍ പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമീപിക്കാന്‍ ഇരിക്കെയാണ് തന്റെ നേര്‍ക്ക് ഈ മാസം അഞ്ചാം തീയതി എറണാകുളം എംജി റോഡില്‍ വെച്ച് കൊലപാതക ശ്രമം നടന്നതെന്നും പത്മ ലക്ഷി പറയുന്നു.

”പി ജി മനു എന്ന സര്‍ക്കാര്‍ പ്ലിഡറുമായി ബന്ധപ്പെട്ട കേസിന് ശേഷമാണ് ബുദ്ധിമുട്ടുകള്‍ കൂടി തുടങ്ങിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പ്രധാന പാര്‍ട്ടിയുടെ എംപി ആയിരുന്ന ആള്‍ എന്നെ ഗസ്റ്റ് ഹൗസിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നോട് ആരും മിണ്ടാന്‍ പാടില്ല എന്ന വിവേചനം സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ഒരു അഭിഭാഷകയോട് പറഞ്ഞത് എന്നോട് സംസരിക്കാന്‍ പാടില്ലാ എന്നാണ്. ഓരോരുത്തരോടും ഇങ്ങനെ ആരൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒരു ഭ്രഷ്ട് പോലെ ആയി. എന്നോട് മിണ്ടുന്ന വ്യക്തിയെ വിളിച്ച് പറയും നിങ്ങളുടെ കല്യാണം നടക്കില്ല, പ്രൊഫഷനില്‍ ബുദ്ധിമുട്ടുണ്ടാവും എന്നൊക്കെ. ഇതിനുശേഷം അഞ്ചാം തീയതിയാണ് തട്ടികൊണ്ടുപോകല്‍ സംഭവം ഉണ്ടാകുന്നത്.

അഡ്വ. പത്മ ലക്ഷ്മി Screengrab, Copyright: Manorama

സംഭവം നടന്ന അന്ന് 2.44ന് ഞാന്‍ എസ് ഐയെ വിളിച്ചു പറയുന്നുണ്ട്. അദ്ദേഹം ഉടനെ സെന്‍ട്രല്‍ സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി ഞാന്‍ ആദ്യം കാണുന്നത് ഷാഹിന എന്ന് പേരുള്ള പോലീസ് ഉദ്യോഗസ്ഥയെ ആണ്. ഷാഹിനയോട് ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചോണ്ട് നിന്നു. ഈ സംഭവം സാമൂഹിക പ്രതിബന്ധതയുണ്ടെന്ന് പറയുന്ന ഒരു അഭിഭാഷകയെ വിളിച്ചും പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലുള്ള ആളാണല്ലോ. ഉടനെ പരാതി കൊടുക്കാനാണ് പറഞ്ഞത്. പിന്നെ വിളിച്ചത് ചാനല്‍ ചര്‍ച്ചകളില്‍ വരുന്ന അഭിഭാഷകനെയാണ്. എന്നെ പോലെയുള്ള ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും തന്നെ ഇല്ല, ഞങ്ങളുടെ പരാതി പോലും എടുക്കില്ല, എന്താണ് സാര്‍ ഞാന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു. സി ഐക്ക് പരാതി കൊടുക്കാനാണ് അദ്ദേഹവും പറഞ്ഞത്.

ആരും ഇടപെടാനില്ല, ഒന്നും ചെയ്യാനില്ല. നേരെ തൃക്കാക്കര എംഎല്‍എ ഉമ തോമസിനെ വിളിച്ചു. എംഎല്‍എ സി ഐ യെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, എന്റെ പരാതി ലഭിച്ചിട്ടില്ലാ എന്നാണ്. പരാതി കൊടുത്ത് ഒരു മണിക്കൂര്‍ ആയിട്ടും സ്റ്റേഷനില്‍ ആരും അറിഞ്ഞിട്ടില്ല. എത്രമാത്രം പ്രാധാന്യമാണ് ഞങ്ങളെ പോലെയുള്ള ഒരു വ്യക്തിയ്ക്ക് നല്‍കുന്നത് എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമായല്ലോ.”, അഡ്വ . പത്മ ലക്ഷ്മി വോക്ക് മലയാളത്തോട് പറഞ്ഞു.

”സിഐയുടെ അടുത്ത് പോയി പരാതി കൊടുത്തപ്പോള്‍ സാറ് ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങനെയാണ്, ആരെല്ലാം കണ്ടു. ഒരാള് കത്തി വീശുമ്പോള്‍ ആരൊക്കെ കണ്ടു എന്ന് നോക്കി നില്‍ക്കാന്‍ എനിക്കപ്പോ കഴിയില്ല. പിന്നെ ചോദിച്ച ചോദ്യം, ഏത് ഡ്രസ്സ് ആണ് ഇട്ടത് എന്ന്, പാന്റ് ഇട്ടിട്ടുണ്ടായിരുന്നോ, ഇതൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ ഞാന്‍ എങ്ങനെ ഉത്തരം പറയാനാണ്? ആകെ എനിക്ക് പറയാന്‍ പറ്റുന്ന കാര്യം അയാള്‍ വന്നത് സ്‌കൂട്ടറില്‍ ആയിരുന്നു എന്നാണ്. ആക്ടീവ പോലെ ഒരു വണ്ടി ആണ്. വണ്ടി നമ്പരും ഞാന്‍ പറഞ്ഞു കൊടുത്തു. ആ വണ്ടിയുടെ നമ്പര്‍ പാല രജിസ്‌ട്രേഷനിലുള്ള ഒരു ഐ 20 കാറിന്റെ ആണെന്നും ഞാന്‍ അന്വേഷിച്ച് പറഞ്ഞു കൊടുത്തു. അവസാനം ഞാന്‍ ആ പോലീസുകാരനോട് പറഞ്ഞു, തൊപ്പി വാപ്പ ഹോട്ടലിന്റെ അവിടെ ഒരു സിസിടിവി ക്യാമറയുണ്ട്, അതെങ്കിലും പോയി എടുക്കൂ എന്ന്.

സീന്‍ മഹസര്‍ എഴുതുമ്പോള്‍ വ്യക്തമായി എഴുതിയില്ലെങ്കില്‍ കേസ് പൊളിയും. ആ സീന്‍ ഏതാണെന്ന് പോലും ഇതുവരെ ചോദിച്ചിട്ടില്ല. അപ്പോള്‍ അന്വേഷണം എത്രത്തോളം ഊര്‍ജിതം ആണെന്ന് മനസ്സിലാക്കിക്കൂടെ. പിന്നെ പോലീസ് ഉദ്യോഗസ്ഥര്‍ അനങ്ങാതിരിക്കുന്ന കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഒരു പക്ഷെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ചെയ്യിച്ചതാണെങ്കില്‍ ഇങ്ങനെതന്നെ ആയിരിക്കും സംഭവിക്കുക. അതില്‍ ഞാന്‍ ഭയപ്പെടുന്നുണ്ട്. കാരണം മനു അത്രയ്ക്കും പിടിപാടുള്ള വ്യക്തിയാണ്. വണ്ടി നമ്പര്‍ മാറി വന്നപ്പോഴാണ് എനിക്ക് അതിനകത്ത് പേടി തോന്നി തുടങ്ങിയത്. ഞാന്‍ വിചാരിച്ചിരുന്നത് ഒരു ട്രാന്‍സ്‌ഫോബിക് അറ്റാക്ക് ആണെന്നാണ്.”, അഡ്വ. പത്മ ലക്ഷ്മി പറയുന്നു.

”ആള് കത്തി പിടിച്ച സ്‌റ്റൈല്‍ ഞാന്‍ പോലീസിന് പറഞ്ഞു കൊടുത്തു. കത്തി വരച്ച് വരെ കാണിച്ചു കൊടുത്തു. ചെറുവിരല്‍ ഭാഗത്താണ് കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗം വരുന്നത്. വിദഗ്ധനായ ഒരാള്‍ കത്തി ഉപയോഗിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. കറുത്ത കളര്‍ കത്തിയാണ്. കത്തിയുടെ വലിപ്പം നമ്മുടെ സെന്റര്‍ വിരലിന്റെ അത്രേ ഉള്ളൂ. പെട്ടെന്ന് ഒരാള്‍ ശ്രദ്ധിക്കുന്ന കത്തിയല്ല. സിഗ്‌നലില്‍ നിന്നും വണ്ടി എടുക്കുന്ന സമയത്താണ് അയാളുടെ കൈ വരുന്നത് കണ്ടതും എന്റെ കൈ ഞാന്‍ വലിക്കുന്നതും. എംജി റോഡ് തൊപ്പി വാപ്പ റസ്റ്റോറന്റിന്റെ അടുത്തുള്ള സിഗ്‌നലില്‍ വെച്ചാണ് ഇത് സംഭവിക്കുന്നത്.

എന്നെ പിന്തുടര്‍ന്ന് വന്നതാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമല്ലേ. ഞാന്‍ ഇക്കാര്യം പോലീസില്‍ പറഞ്ഞപ്പോള്‍ എന്നോട് ചൂടാവാണ് സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ വന്ന പോലീസ് ചെയ്തത്. നിങ്ങള്‍ ഒരു വക്കീല്‍ അല്ലെ, നിങ്ങള്‍ക്ക് അറിയാലോ, ഇങ്ങനെയൊക്കെ എക്‌സ്‌പ്ലൈന്‍ ചെയ്തു പറയണോ, ഇങ്ങനെയാണോ പറയേണ്ടത് നിങ്ങള്‍ക്കും ജീവിക്കണ്ടേ എന്നൊക്കെ പറഞ്ഞു. ഇട്ടിരിക്കുന്ന വകുപ്പ് എല്ലാം ജാമ്യം കിട്ടുന്നതാണ്. ഒരാള്‍ കത്തി വീശിക്കഴിഞ്ഞാല്‍ 506 (2) വരണം. 307 വരണം. ഇവിടെ കൊലപ്പെടുത്താന്‍ നോക്കി എന്ന വകുപ്പിട്ടിട്ടില്ല. എന്റെ ഒപ്പമുണ്ടായിരുന്ന ജൂനിയേഴ്‌സ് ദൃക്‌സാക്ഷികള്‍ ആണ്. 294 b- 500 രൂപ ഫൈന്‍ അടച്ചാല്‍ മതി, 354 നിക്കത്തില്ല, 506 വകുപ്പ് ആയിരം രൂപ പിഴ അടച്ചാല്‍ മതി, മൊത്തം 1500 രൂപ ഫൈന്‍ അടച്ചാല്‍ രക്ഷപ്പെടാം. 506 (2) വിെന്റ കാര്യം ചോദിച്ചപ്പോള്‍ ഷാഹിന പറഞ്ഞത്, അത് ഇടാന്‍ കേരള പോലീസിന്റെ കമ്പ്യൂട്ടറില്‍ വകുപ്പില്ലാ എന്നാണ്. കേസ് നടത്തുന്ന വക്കീലിനോട് വേണോ ഈ ഉടായിപ്പ്. ഇതാണ് ഇവിടുത്തെ പുരോഗന പോലീസ്.”, അഡ്വ. പത്മ ലക്ഷി പറയുന്നു.

സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പിജി മനു Screengrab, Copyright: Kerala Koumudi

”മനു ചോറ്റാനിക്കരയില്‍ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഞാന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിനോട് അതിനെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തതാണ്. ഇരയുടെ അഭിഭാഷക ഞാന്‍ ആയിരുന്നു. അതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാന്‍ ഹൈക്കോടതിയില്‍ സമീപിക്കാനിരിക്കെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. കാരണം ഇതുവരെ ഒരു പിടിപാടുള്ള വ്യക്തി 38, 48 ദിവസം ജയിലില്‍ കിടന്ന ിട്ടില്ല. ഭരണകക്ഷിയുടെ സ്ഥിരം ഗവണ്‍മെന്റ് പ്ലീഡര്‍ ആണ് ഇയാള്‍. അങ്ങനെ ഒരു വ്യക്തിയാണ് ജയിലില്‍ കിടന്നത്. അത്രയ്ക്ക് സ്‌ട്രോങ്ങ് കേസാണ് അത്. ആ കുടുംബം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ നേരിട്ടു കണ്ടിട്ടുണ്ട്. അത്രയും വൃത്തികെട്ടവന്‍ ആണയാള്‍. അന്ന് കേസ് എടുക്കരുത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് പണം ഓഫര്‍ ചെയ്തവര്‍ വരെയുണ്ട്. നാളെ ഇതുപോലെയുള്ള ആളുകള്‍ ഇങ്ങനെ ചെയ്യരുത് എന്നുള്ളത് കൊണ്ടാണ് ഞാന്‍ കേസ് എടുത്ത് മുന്നോട്ടു പോയത്.”, അഡ്വ. പത്മ ലക്ഷ്മി വോക്ക് മലയാളത്തോട് പറഞ്ഞു.

‘ഒരു അന്വേഷണവും ഞാന്‍ കൊടുത്ത പരാതിയില്‍ ഇതുവരെ നടന്നിട്ടില്ല. എന്റെ വീട് നില്‍ക്കുന്നത് പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിസരത്താണ്. ഓഫീസ് കസബ സ്റ്റേഷന്റെ കീഴിലാണ്. രണ്ട് സ്ഥലങ്ങളിലും എനിക്ക് പോലീസ് പ്രൊട്ടക്ഷന്‍ വേണം. കാരണം എന്റെ കൂടെ ജൂനിയേഴ്‌സ് ഉണ്ട്. യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ എന്റെ കൂടെ ജോലി ചെയ്യുന്നവരാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആ കുട്ടികളെ ഇങ്ങനെ ഭയപ്പെടുത്തിയാല്‍ അവരുടെ അവസ്ഥ എന്തായിരിക്കും. ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കാനാണ് തീരുമാനം. പോലീസ് പ്രൊട്ടക്ഷനു വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും.”, പത്മ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

 ക്വീര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫൈസു Screengrab, Copyright: Facebook

”കേരളത്തിലെ ആദ്യ ട്രാന്‍സ് അഭിഭാഷകയാണ് പത്മ ലക്ഷ്മി. പത്മ ലക്ഷ്മി ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യാന്‍ തുടങ്ങിയ സമയം തൊട്ട് തന്നെ കോടതി ജീവനക്കാരുടെ ഭാഗത്ത് നിന്നും അഭിഭാഷകരുടെ ഭാഗത്ത് നിന്നും വാക്കുകള്‍ കൊണ്ടുള്ള വിവേചനങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പൊതുബോധം ഞങ്ങളെ ഉപദേശിക്കുന്നത് ലൈംഗിക തൊഴിലൊക്കെ നിര്‍ത്തി മറ്റുള്ള ജോലി ചെയ്യണം എന്നാണ്. ഭരണഘടനാപരമായ നിയമസംവിധാനങ്ങള്‍ നടത്തികൊണ്ട് പോകുന്ന കോടതിക്കകത്ത് നിന്ന് തന്നെയണ് ഒരു ട്രാന്‍സ് അഭിഭാഷക വിവേചനം അനുഭവിക്കുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് എതിരെയുള്ള കേസ് പത്മ എടുത്തതിനു ശേഷം പരിഹാസങ്ങളൊക്കെ അതിശക്തിയായി വര്‍ധിക്കുകയാണ് ഉണ്ടായത്. ഇതിനു ശേഷമാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം നടക്കുന്നത്. പത്മ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം തുടരുകയാണെങ്കില്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്നും ഇനിയും മുന്നോട്ടു വരുന്ന കുട്ടികള്‍ ഭയപ്പെട്ട് പിന്മാറുകയാണ് ചെയ്യുക. മാത്രമല്ല, ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ കേരളം എന്ന് പറയുന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്. പോലീസ് ആണെങ്കില്‍ അന്വേഷണം നടത്തുന്നില്ല. പത്മ ലക്ഷ്മി അഭിഭാഷകയായത് സ്റ്റേറ്റ് ഉള്‍പ്പെടെ ആഘോഷിച്ചതാണ്. ഇത്തരത്തിലുള്ള വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളും പോലീസ് സ്റ്റേഷനുകള്‍ കാലാകാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.”. ക്വീര്‍ ആക്റ്റിവിസ്റ്റ് ഫൈസല്‍ ഫൈസു വോക്ക് മലയാളത്തോട് പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ ഒരു പോളിസി കൊണ്ടുവന്നത് കൊണ്ടോ രാജ്യം ഒരു നിയമം കൊണ്ടുവന്നത് കൊണ്ടോ നമ്മുടെ സമൂഹം ട്രാന്‍സ് സൗഹാര്‍ദ്ദപരമായി മാറണം എന്നില്ല. ആന്തരികമായുള്ള ഫോബിയ എല്ലാ ഇടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ട്രാന്‍സ് വ്യക്തികളോടുള്ള വേര്‍തിരിവ്, വിവേചനം, അല്ലെങ്കില്‍ അവരെ അപമാനിക്കല്‍ തുടങ്ങിയവ ഈ പോളിസി കൊണ്ട് നമ്മുക്ക് നിര്‍ത്താന്‍ സാധിക്കില്ല. വളരെ എലീറ്റ് ആയിട്ടുള്ള, പ്രിവിലേജ്ഡ് ആയി കണക്കാക്കുന്ന ഒരു പൊസിഷനിലേയ്ക്ക് പലപ്പോഴും കളിയാക്കി മാറ്റി നിര്‍ത്തിയിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി വരുമ്പോള്‍ അത് ദഹിക്കാത്ത ഇവിടുത്തെ ആണധികാര വ്യവസ്ഥ തന്നെയാണ് ഈ കാണുന്നതെല്ലാം കാണിച്ചുകൂട്ടുന്നത്. അതിന് കൂടെയുള്ള സ്ത്രീകളും പുരുഷന്മാരും ഒക്കെയുണ്ട്. അവരൊക്കെ ഈ വ്യവസ്ഥയുടെ ഭാഗം തന്നെയാണ്. പത്മ ലക്ഷ്മി ഒരു ഇരക്കൊപ്പം നിന്നു എന്നുള്ളതാണ് അവരെ ചൊടിപ്പിക്കുന്ന ഒരു കാര്യം. പിന്നെ പത്മ ചോദ്യം ചെയ്തതും അധികാരത്തെ ആണല്ലോ? എല്ലാവിധത്തിലുള്ള അധികാരങ്ങളും അനുഭവിച്ചിരുന്ന പുരുഷനെ അല്ലെങ്കില്‍ ആ സിസ്റ്റത്തെ ചോദ്യം ചെയ്തു. അതാണ് ഇന്ന് ഒരു വധ ഭീഷണിയിലെയ്ക്കും റോഡില്‍ വെച്ച് ആക്രമിക്കുന്നതിലേയ്ക്കും എത്തിയത്. ഇതിന്റെ പല രൂപങ്ങള്‍ കോടതിയില്‍ വെച്ച് തന്നെ നേരിട്ടതായി പത്മ പറഞ്ഞിട്ടുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്ന്, സീനിയറില്‍ നിന്ന്. ജോലി ചെയ്യാന്‍ ഓഫീസിന് വേണ്ടി ഓടേണ്ട അവസ്ഥയും പത്മയ്ക്ക് ഉണ്ടായിട്ടുണ്ട്.’, ക്വീര്‍ ആക്റ്റിവിസ്റ്റ് പ്രിജിത്ത് പികെ വോക്ക് മലയാളത്തോട് പറഞ്ഞു.

ക്വീര്‍ ആക്റ്റിവിസ്റ്റ് പ്രിജിത്ത് പികെ Screengrab, Copyright: Facebook

”സമൂഹം കല്‍പ്പിക്കുന്ന വിലക്കുകള്‍ ഭേദിച്ച് പോരാടി മുന്നോട്ടു വന്നാലും ഭരണഘടന അനുവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തൊഴിലെടുക്കാനുള്ള അവകാശം പോലും ഞങ്ങള്‍ നിഷേധിക്കുന്നു എന്ന് പറയുന്നത് ആ ഭരണഘടന സംരക്ഷിക്കേണ്ട ആളുകളാണ്. നമുടെ നീതിന്യായ വ്യവസ്ഥകള്‍ പോലും ഒട്ടും ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് അല്ല, സെന്‍സിറ്റീവ് അല്ല എന്നതിനുള്ള ഉദാഹരണമാണ് പത്മ ലക്ഷ്മി അനുഭവിക്കുന്ന വിവേചനങ്ങള്‍. നാടുറോഡില്‍ വെച്ച് ഒരു സ്ത്രീയെ കത്തി കാണിച്ച് വധ ഭീഷണിപ്പെടുത്തിയിട്ടും ഗൗരവ സ്വഭാവത്തിലെയ്ക്ക് മാറിയില്ലാ എന്നുള്ളത് ഞങ്ങള്‍ക്ക് കുറച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒരു ട്രാന്‍സ് ആണ് തിരിച്ച് ഇങ്ങനെ പെരുമാറിയിരുന്നത് എങ്കില്‍ ഇന്നിപ്പോള്‍ ജാമ്യം കിട്ടാതെ അകത്ത് കിടന്നേനെ.

പോലീസ് സ്റ്റേഷനില്‍ പോലും മോശം പെരുമാറ്റം പത്മ നേരിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പോലീസ് സംവിധാനത്തില്‍ പോലും ട്രാന്‍സ് ഫോബിയ നിലനില്‍ക്കുന്നതിന്റെ ഒരു ഉദാഹരമായിട്ട് നമ്മുക്ക് പറയാം. പോലീസ് എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ലാ എന്നതും ഒരു ചോദ്യമാണ്. പത്മ ആയതു കൊണ്ടാണ് ഇതിപ്പോള്‍ വാര്‍ത്ത ആയി പോലീസിലെയ്ക്ക് അത്യാവശ്യം സമ്മര്‍ദ്ദം എങ്കിലും വരുന്നത്. മറ്റൊരു ട്രാന്‍സ് വ്യക്തിയാണ് പരാതിയുമായി പോകുന്നതെങ്കില്‍ പരാതിപോലും എടുക്കില്ല. ഇത്തരത്തിലു പോലീസിന്റെ സമീപനം പോളിസി നടപ്പാക്കിയ സ്റ്റേറ്റില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. ഓരോ ട്രാന്‍സ് വ്യക്തിയും നമ്മുടെ നാട്ടില്‍ അനുഭവിക്കേണ്ടി വരുന്ന പോരാട്ടം ഉണ്ടല്ലോ, ഏതു പ്രൊഫഷന്‍ ആണെങ്കിലും എത്ര ഉയരത്തില്‍ എത്തിയാലും ഈ വിവേചനം നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിന്റെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നമാണ്. നമ്മള്‍ ഇത്തരം വ്യക്തികളെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറാക്കാത്ത കാലത്തോളം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നുതന്നെ പോകും.” പ്രിജിത്ത് പികെ കൂട്ടിച്ചേര്‍ത്തു.

FAQs

എന്താണ് ആരാണ് ട്രാൻസ്ജെൻഡർ?

ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത – മാതൃകയിൽ നിന്നോ, ജന്മനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ (Cisgender) നിന്നോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ലിംഗ വ്യക്തിത്വം (Gender identity), സ്വഭാവം (Behaviour), ലിംഗ പ്രകാശനം (Gender expression) കാണിക്കുന്ന മനുഷ്യരെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാൻസ്ജെൻഡർ.

എന്താണ് കോടതി?

ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണ് കോടതികള്‍.

എന്താണ് നിയമം?

ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.

Quotes

“ഒരു നിയമം ഉണ്ടാക്കുന്നത് ജ്ഞാനമല്ല, അധികാരമാണ്- തോമസ് ഹോബ്സ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.