Tue. Nov 5th, 2024

ശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടതില്‍ കൽക്കട്ട ഹൈക്കോടതി വിയോജിപ്പ്‌ രേഖപ്പെടുത്തി. മൃഗങ്ങള്‍ക്ക് ദൈവങ്ങളുടെയും ദേശീയ നായകന്മാരുടെയും പേര് നല്‍കുമോയെന്നും കോടതി ചോദിച്ചു.

മറ്റെന്തെങ്കിലും പേര് സിംഹങ്ങള്‍ക്ക് നൽകണമെന്നും വിവാദങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി നീരീക്ഷിച്ചു. സിംഹങ്ങള്‍ക്ക് ഈ പേര് നല്‍കിയത് ത്രിപുര സര്‍ക്കാരാണെന്നും പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സിലിഗുരി സഫാരി പാർക്കില്‍ അക്ബർ സീത എന്നീ സിംഹങ്ങളെ ഒരുമിച്ച് കൂട്ടിലിട്ടെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും ഫെബ്രുവരി 13 ന് കൊണ്ടുവന്ന സിംഹങ്ങളുടെ നേരത്തെയുള്ള പേരിതാണെന്നും തങ്ങള്‍ പേര് മാറ്റിയിട്ടില്ലെന്നും സഫാരി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.