Wed. Jan 22nd, 2025

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില ഹോമുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബിബിസിയുടെ അന്വേഷണം. ഹോമുകളില്‍ പെട്ടുപോയ നേഴ്സുമാരുടെയും കെയര്‍ടേക്കര്‍മാരുടെയും ദയനീയമായ അവസ്ഥ അവരുതന്നെ വെളിപ്പെടുത്തുന്നുണ്ട്

ഴ്‌സുമാരും കെയര്‍ടേക്കര്‍മാരുമായി നിരവധി പേരാണ് യുകെയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നത്. ഉയര്‍ന്ന ശമ്പളം മുന്നില്‍ കണ്ട് സ്പോൺസര്‍ വഴിയും മറ്റും പോകുന്നവര്‍ ചതിയില്‍ കുടുങ്ങുന്നത് ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ്. ബ്രിട്ടനിലെ കെയര്‍ഹോമിലേക്ക് എത്തുന്ന വിദേശ നഴ്‌സുമാരും കെയര്‍ടേക്കര്‍മാരും ചൂഷണത്തിന് ഇരയാകുന്നതായാണ് ബിബിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ചില നഴ്സിംഗ് ഹോമുകള്‍ കേന്ദ്രീകരിച്ചായിരുന്നു ബിബിസിയുടെ അന്വേഷണം. ഹോമുകളില്‍ പെട്ടുപോയ നഴ്സുമാരുടെയും കെയര്‍ടേക്കര്‍മാരുടെയും ദയനീയമായ അവസ്ഥ അവരുതന്നെ വെളിപ്പെടുത്തുന്നുണ്ട്. ചൂഷണത്തിന് ഇരയാകുന്നവരില്‍ കേരളത്തില്‍ നിന്നുമുള്ളവരുണ്ട്. 

മലയാള മാധ്യമപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ ബാലഗോപാലാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് ‘ബിബിസി പനോരമ’യ്ക്കായി തയാറാക്കിയത്. യുകെയിലെ ക്രോക്രൂക്കിലെ അഡിസൺ കോർട്ടിൽ കെയർടേക്കര്‍ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചാണ് റിപ്പോർട്ടർ അന്വേഷണം നടത്തിയത്. മൽഹോത്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രെസ്‌റ്റ്‌വിക്ക് കെയറിന്റെ കീഴിലുള്ള 15 കെയർഹോമുകളിൽ ഒന്നാണ് അഡിസൺ കോർട്ട്. ഈ വർഷം സെപ്റ്റംബർ മുതൽ നവംബർ വരെയാണ് അദ്ദേഹം ജോലി ചെയ്തത്. കേരളത്തില്‍ നിന്നുള്ള നൂറ്റമ്പതോളം പേരാണ് ഈ ഗ്രൂപ്പിനുകീഴില്‍ ജോലി ചെയ്യുന്നത്.

അഡിസൺ കോർട്ട് Screen-grab, Copyrights: BBC

അഡിസണ്‍ കോര്‍ട്ടില്‍ അന്‍പതിലധികം പ്രായമായ ആളുകളാണ് താമസിക്കുന്നത്. ആഴ്ചയില്‍ ഏകദേശം 1,100 പൗണ്ടാണ് ഇവിടുത്തെ ഫീസ്. ഈ പണം നല്‍കുന്നത് ലോക്കൽ അതോറിറ്റി, നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ (എൻഎച്ച്എസ്), താമസക്കാര്‍ അല്ലെങ്കിൽ അവരുടെ കുടുംബങ്ങളോ ആണ്. യുകെയിലെ മറ്റു കെയര്‍ഹോമുകളെ പോലെതന്നെ വിദേശത്തുള്ള തൊഴിലാളികളെയാണ് അഡിസണ്‍ കോര്‍ട്ടും ആശ്രയിക്കുന്നത്.

ഈ വര്‍ഷം സെപ്തംബർ വരെ ആരോഗ്യ മേഖലയിലെ ജോലിക്കായി 140,000 വിസകളാണ് യുകെ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി. ഇതിൽ 39,000 എണ്ണവും ഇന്ത്യക്കാര്‍ക്കാണ് നൽകിയത്. അതില്‍ ഭൂരിഭാഗവും മലയാളികളാണ്. നഴ്‌സ്, കെയര്‍ടേക്കര്‍ അടക്കമുള്ള ജോലി ലഭിക്കണമെങ്കില്‍ ഒരാള്‍ സ്പോണ്‍സര്‍ ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ ജോലിക്കായി നിയമിച്ച് പിന്നീട് അവിടെ നിന്നും പോകാന്‍ കഴിയാത്ത രീതിയില്‍ അവരെ കുടുക്കുകയാണെന്ന് ബിബിസി പറയുന്നു.

തൊഴില്‍ ദാതാവിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ എത്തുന്ന നഴ്‌സുമാരും കെയര്‍ടേക്കര്‍മാരും ജോലിക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഒരു കരാറില്‍ ഒപ്പിടണം. ലഭിച്ച ജോലി ഉപേക്ഷിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ അടുത്ത തൊഴില്‍ ദാതാവിനെ കണ്ടെത്തണം ഇല്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകണം. ഈ കാരണം മുന്‍നിര്‍ത്തിയാണ് വിദേശത്ത് നിന്നെത്തുന്നവരെ ഹോം ഉടമകള്‍ കുടുക്കുന്നത്.

തന്റെ ജോലിയിൽ അതൃപ്തിയുണ്ടെന്നും, എന്നാൽ ജോലി ഉപേക്ഷിക്കാൻ കഴിയില്ലെന്നുമാണ് ഒരു ഇന്ത്യൻ നഴ്‌സ് ബിബിസിയോട് പറഞ്ഞത്. കാരണം, വിസ സ്പോൺസർ ചെയ്‌തത് കമ്പനിയാണ്. കമ്പനി വിടാന്‍ തീരുമാനിച്ച വിദേശ നഴ്സുമാര്‍ക്ക് പ്രെസ്‌റ്റ്‌വിക്കിലെ ജീവിതം അത്ര എളുപ്പമല്ലായിരുന്നു.  

Representation Photo Screen-grab, Copyrights: BBC

2018 ല്‍ കേരളത്തില്‍ നിന്നും യുകെയിലേക്ക് എത്തിയ മലയാളിയോട് ഒരു കരാറില്‍ ഒപ്പിടാനാണ് പ്രെസ്‌റ്റ്‌വിക്ക് ആവശ്യപ്പെട്ടത്. അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിടുകയാണെങ്കിൽ പ്രെസ്‌റ്റ്‌വിക്ക് കെയറിന് 4,000 പൗണ്ടിലധികം നൽകേണ്ടിവരുമെന്നാണ് കരാറിലെ ഉടമ്പടി. കൂടാതെ വിസക്കായി കമ്പനി നല്‍കിയ ഫീസും തിരികെ നല്‍കണം.

എന്നാല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിന്റെ (ഡിഎച്ച്എസ്സി) പെരുമാറ്റച്ചട്ടമനുസരിച്ച് ജീവനക്കാർ വിസയ്ക്കുള്ള ചെലവുകൾ നൽകേണ്ടതില്ല. ഈ നിയമത്തെ മറികടന്നാണ്  കെയര്‍ഹോമുകളില്‍ നിയമനം നടക്കുന്നത്.

അന്ന് പ്രെസ്‌റ്റ്‌വിക്ക് മലയാളിയോട് പറഞ്ഞത്, കരാറ് പ്രകാരം നില്‍ക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകാമെന്നാണ്. മറ്റൊരു കെയർ ഹോമിൽ കൂടുതൽ ഉയര്‍ന്ന പദവിയുള്ള ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രെസ്‌റ്റ്‌വിക്ക് കെയറില്‍ നിന്നും അദ്ദേഹം രാജി വെക്കുന്നത്.

തുടര്‍ന്ന് പ്രെസ്‌റ്റ്‌വിക്കിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടിയാണ് മലയാളിക്ക് നേരിടേണ്ടി വന്നത്. 5,000 പൗണ്ടിലധികമാണ് കമ്പനി ആവശ്യപ്പെട്ടത്. ഈ കെയര്‍ ഹോമിനോട് മത്സരിക്കുന്ന മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് കമ്പനിയുടെ കരാറിന് എതിരാണെന്നാണ്  പ്രെസ്‌റ്റ്‌വിക്ക് കെയറിന്റെ സിഇഒ ബണ്ടി മൽഹോത്ര അദ്ദേഹത്തോട് പറഞ്ഞത്.

ബണ്ടി മൽഹോത്ര Screen-grab, Copyrights: Care Home Professional

യുകെ ഗവൺമെന്റ് വെബ്‌സൈറ്റ് വഴി നേരിട്ട് വിസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ മൂന്ന് വർഷത്തെ വിസയ്ക്ക് 551 പൗണ്ട് മാത്രമാണ് ചിലവ്. എന്നാൽ വിസക്കായി 6000 പൗണ്ട് മുതല്‍ 10,000 പൗണ്ട് വരെ റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ക്ക് നല്‍കിയാണ് ചില ജീവനക്കാര്‍ അഡിസണ്‍ കോര്‍ട്ടിലേക്ക് വരുന്നതെന്ന് ബിബിസി ഡോക്യുമെന്‍ററിയില്‍ പറയുന്നുണ്ട്.

കൃത്യമായ സമയത്ത് അന്തേവാസികള്‍ക്ക് മരുന്ന് എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് നൈറ്റ്‌ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സ് ബിബിസിയോട് പറഞ്ഞത്. നൈറ്റ്‌ ഷിഫ്റ്റ്‌ രാത്രി പത്തുമണി മുതല്‍ രാവിലെ എട്ടുമണി വരെയാണ്. 54 അന്തേവാസികള്‍ക്ക് മതിയായ പരിചരണം നൽകാൻ ഒരു നഴ്‌സിനെ മാത്രമാണ് പ്രെസ്‌റ്റ്‌വിക്ക് കെയർ നിയമിക്കുന്നത്.

അതുകൊണ്ട് തന്നെ പലതരത്തിലുള്ള അസുഖമുള്ളവര്‍ക്ക് കൃത്യസമയത്ത് മരുന്ന് എത്തിക്കാന്‍ സാധിക്കുന്നില്ല. ഇത് അന്തേവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. രാത്രി ഷിഫ്റ്റില്‍ കൂടുതല്‍ പേര് ജോലിക്ക് വേണമെന്ന ആവശ്യവും അന്തേവാസികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും തങ്ങള്‍ ഉന്നയിച്ചെന്നും എന്നാല്‍ ബണ്ടി മൽഹോത്ര തള്ളിക്കളയുകയായിരുന്നുവെന്നും നഴ്‌സ് ബിബിസിയോട് പറഞ്ഞു. 

2021-22 സാമ്പത്തിക വർഷത്തില്‍ പ്രെസ്‌റ്റ്‌വിക്ക് കെയറിന്റെ പാരന്റിംഗ് കമ്പനിയായ മൽഹോത്ര കെയർ ഹോംസ് ലിമിറ്റഡ് 9.3 മില്യൺ പൗണ്ടാണ് ലാഭം നേടിയത്. കെയർ ഹോമുകളെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന ലാഭമാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് വിവേക് കൊടേച്ച ബിബിസിയോട് പറഞ്ഞത്. ഇതിനു പ്രധാന കാരണം,  മറ്റു കെയർ ഹോമുകളെ അപേക്ഷിച്ച് പ്രെസ്‌റ്റ്‌വിക്ക് കെയറില്‍ സ്റ്റാഫുകളുടെ എണ്ണം കുറവാണ് എന്നതാണ്. 

നഴ്‌സുമാരായും കെയര്‍ടേക്കര്‍മാരായും വിദേശത്ത് ജോലിയെടുക്കാന്‍ എത്തുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ അടയാളപ്പെടുത്തുകയാണ് ബിബിസിയുടെ ഡോക്യുമെന്ററി. ജീവനക്കാര്‍ക്കെതിരെയുള്ള ചൂഷണവും രോഗി  പരിചരണത്തിലെ വീഴ്ചകളും കെയര്‍ ഹോമുകളുടെ കൊള്ള ലാഭവും ബിബിസി തുറന്നു കാണിക്കുന്നുണ്ട്.

FAQs

എന്താണ് കെയര്‍ഹോം?

പ്രായമായവർ, അസുഖമുള്ളവര്‍ തുടങ്ങിയവരെ പ്രത്യേകം പരിചരിക്കുന്നതിനുള്ള സ്ഥലമാണ് കെയര്‍ഹോമുകള്‍. ഇവിടെയുള്ളവരെ പരിചരിക്കുന്നതിന് നഴ്‌സുമാരും കെയര്‍ടേക്കര്‍മാരും ഉണ്ടാകും.

എന്താണ് ഡിഎച്ച്എസ്‌സി?

ഇംഗ്ലണ്ടിലെ ആരോഗ്യം, മുതിർന്നവർക്കുള്ള സോഷ്യൽ കെയർ എന്നീ വിഷയങ്ങളിലെ സർക്കാരിന്റെ വകുപ്പാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ( ഡിഎച്ച്എസ്‌സി)

ബിബിസി ഡോക്യുമെന്ററിയുടെ സംഗ്രഹം

Quotes

ലോകത്തില്‍ ശബ്ദരഹിതരായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആര്‍ദ്രതയുള്ള നേതാക്കന്മാരെ ആവശ്യമുണ്ട് – എപിജെ അബ്ദുള്‍ കലാം

By നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.