Sun. Dec 22nd, 2024

സമൂഹം പാർശ്വവൽക്കരിക്കുന്ന എൽജിബിടിക്യുഐഎ+ വിഭാഗക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടുകളെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ.ചരിത്രപരമായ ആഹ്വാനങ്ങൾ, കാലോചിതമായ തീരുമാനങ്ങൾ.. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ കത്തോലിക്ക സഭ സാക്ഷ്യംവഹിച്ചത് മാറ്റങ്ങളുടെ നാളുകൾക്കാണ്

യാഥാസ്ഥിത ചിന്തകളെ തിരുത്താനുള്ള പ്രവർത്തനങ്ങൾക്കിടയിൽ വീണ്ടും ചരിത്ര തീരുമാനവുമായി വത്തിക്കാൻ. സ്വവർഗ ദമ്പതികളെ അനുഗ്രഹിക്കാൻ കത്തോലിക്ക പുരോഹിതർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശ്വാസപ്രമാണങ്ങളുടെ ഭേദഗതി വരുത്തിയുള്ള രേഖയിലും മാർപ്പാപ്പ ഒപ്പുവെച്ചു. 

വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ പുരോഹിതർക്ക് അനുമതിയില്ല. സ്വവർഗ ദമ്പതികൾക്ക്  പള്ളിയുടെ ആചാരങ്ങളിലും ആരാധനാചടങ്ങുകളിലും പങ്കെടുക്കാൻ കഴിയില്ലെങ്കിലും അവരെ അനുഗ്രഹിക്കാനുള്ള അനുവാദം വൈദികർക്കുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു. 

അനുഗ്രഹം നൽകുന്നതിലെ നിലപാട് കൂടുതൽ വിശാലമാക്കുന്നതിനും സമ്പന്നമാക്കുന്നതിനുമാണ്  വിശ്വാസപ്രമാണങ്ങളിൽ ഭേദഗതി വരുത്തുന്നതെന്നും വൈവാഹിക ജീവിതത്തിൽ അനുഗ്രഹം ആഗ്രഹിക്കുന്നവരെ മാറ്റി നിർത്തരുതെന്നും വത്തിക്കാൻ വ്യക്തമാക്കി. സമൂഹം പാർശ്വവൽക്കരിക്കുന്ന എൽജിബിടിക്യുഐഎ+ വിഭാഗക്കാരെ സ്വാഗതം ചെയ്യുന്ന നിലപാടുകളെടുത്ത വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ.

ചരിത്രപരമായ ആഹ്വാനങ്ങൾ, കാലോചിതമായ തീരുമാനങ്ങൾ.. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ കത്തോലിക്ക സഭ സാക്ഷ്യംവഹിച്ചത് മാറ്റങ്ങളുടെ നാളുകൾക്കാണ്. 

ഫ്രാൻസിസ് മാർപ്പാപ്പ Screen-grab, Copyrights: The Hill

1936 ഡിസംബർ 17 ന് അർജൻ്റീനയിലെ ബ്യൂണസ് ഐറിസിലാണ്  ജോർജ് മാരിയോ ബെർഗോളിയോ( ഫ്രാൻസിസ് മാർപ്പാപ്പ)ജനിച്ചത്. ഇറ്റലിയിൽ നിന്നും കുടിയേറിയവരായിരുന്നു ബെർഗോളിയോയുടെ മുൻഗാമികൾ. 1973 ൽ അർജൻ്റീനയിലെ ജെസ്യൂട്ടുകളുടെ തലവനായി നിയമിക്കപ്പെട്ടു. 1998ൽ മെത്രാനായി. തുടർന്ന് 2001ൽ കർദിനാളായി ഉയർത്തപ്പെട്ടു. 2013 മാർച്ച് 13നാണ് ആഗോള കത്തോലിക്ക സഭയുടെ 266ാംമത് മാർപ്പാപ്പയായി പോപ് ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെടുന്നത്. 

ശാരീരിക അവശതകൾ കാരണം ബെനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് ഫ്രാൻസിസ് മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നത്. കത്തോലിക്ക സഭയിൽ പുതിയ ചരിത്രങ്ങൾ കുറിച്ചുകൊണ്ടായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്ഥാനാരോഹണം. ഈശോസഭയിൽ നിന്നുള്ള ആദ്യ മാർപ്പാപയാണ്  ഫ്രാൻസിസ് മാർപ്പാപ്പ. 1272 വർഷത്തിനുശേഷം യൂറോപ്പിന് പുറത്ത് നിന്നുള്ള ആദ്യ മാർപ്പാപ്പയും ക്രിസ്തുമത വിശ്വാസികളുടെ ആത്മീയാചാര്യ സ്ഥാനത്തെത്തുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനുമാണ് ജോർജ് മാരിയോ ബെർഗോളിയോ. 

(The Court Is The Leprosy Of The Papacy)അരമനകൾ പാപ്പർ സ്ഥാനത്തിൻ്റെ കുഷ്ടമാണെന്ന് പറഞ്ഞ ഫ്രാൻസിസ് മാർപ്പാപ്പ എപ്പോഴും ഔദ്യോഗിക വസതിക്ക് പുറത്ത് താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വൈദികരും വത്തിക്കാനിലെ ഭരണകാര്യാലയത്തിനുള്ളിലെ അഴിമതിയുമാണ് സ്ഥാനമേറ്റതിന് ശേഷം മാർപ്പാപ്പക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികൾ.

ഈ വിഷയങ്ങളെ ഗൗരവമായി തന്നെയാണ് മാർപ്പാപ്പ കൈകാര്യം ചെയ്തത്. ഭരണകാര്യാലയത്തിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഏഴ് കർദിനാൾമാരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.  കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് അധികാര ദുർവിനിയോഗം നടത്തുന്ന വൈദികർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പറഞ്ഞു. 

യാഥാസ്ഥിത ആശയങ്ങൾ നിലനിൽക്കുന്ന ക്രിസ്ത്യൻ സമുദായത്തിൽ സഭയിൽ നിന്നുള്ള എതിർപ്പുകൾ വകവെയ്ക്കാതെ ഗർഭഛിദ്രം, സ്വവർഗാനുരാഗം, സ്ത്രീപൗരോഹിത്യം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ ഫ്രാൻസിസ് മാർപ്പാപ്പക്ക് കഴിഞ്ഞിട്ടുണ്ട്. റഷ്യ- യുക്രൈൻ യുദ്ധത്തിലും യുക്രൈൻ ജനതയെ പിന്തുണക്കുന്ന നിലപാടുകൾ മാർപ്പാപ്പ സ്വീകരിച്ചിരുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യം എല്ലാ പൊതുവേദികളിലും മാർപ്പാപ്പ നടത്തിയിരുന്നു. 2013ൽ സ്ഥാനമേറ്റപ്പോൾ തന്നെ 130 കോടി ജനങ്ങൾ അംഗമായ സഭയിലേക്ക് എൽജിബിടിക്യുഐഎ+ കമ്മ്യൂണിറ്റിയിലെ കൂടുതൽ ആളുകളെ സ്വാഗതം ചെയ്യാൻ മാർപ്പാപ്പ ശ്രമിച്ചിരുന്നു. 

ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു Screen-grab, Copyrights: The Moscow Times

സ്വവർഗരതി കുറ്റമാണെന്ന് പറയുന്ന നിയമങ്ങൾ തെറ്റാണെന്നും ദൈവത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. ഹോമോസെക്ഷ്വൽ ആകുകയെന്നത് ഒരു തെറ്റല്ലെന്നും അതിനെ ഒരു ക്രിമിനൽ കുറ്റമായി കാണുന്ന ബിഷപ്പുമാരുടെ കാഴ്ചപ്പാട് മാറണമെന്നും മാർപ്പാപ പറഞ്ഞു. ഡിസ്നി പ്ലസ് പ്രൊഡക്ഷന്റെ ‘ദ പോപ്പ് ആൻസേഴ്സ്’ എന്ന ഡോക്യുമെൻ്ററിയിൽ ലൈംഗികതയെ പ്രകീർത്തിച്ച് ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദൈവം മനുഷ്യന് നൽകിയ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്നാണ്  ലൈംഗികതയെന്നും ലൈംഗികത സ്വയം പ്രകടിപ്പിക്കുന്നത് സമ്പന്നതയാണെന്നുമായിരുന്നു മാർപ്പാപ്പയുടെ പരാമർശം. 

ഗർഭഛിദ്രം നടത്തിയ സ്ത്രീകളോട് പുരോഹിതർ കരുണ കാണിക്കണമെന്നാണ് മാർപ്പാപ്പ പറഞ്ഞിട്ടുള്ളത്. എൽജിബിടിക്യുഐഎ+ കമ്മ്യൂണിറ്റിയെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും പുരോഹിതരെ അതിന് പ്രോത്സാഹിപ്പിക്കാനും മാർപ്പാപ്പ എപ്പോഴും ശ്രമിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും മാമോദീസ സ്വീകരിക്കാനുള്ള അനുവാദം കത്തോലിക്ക സഭ നൽകിയത് അതിൻ്റെ ഭാഗമെന്നോണമാണ്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പനും തലതൊട്ടമ്മമാരും ആകാമെന്നും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനുള്ള അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞിരുന്നു. 

ഫ്രാൻസിസ് മാർപ്പാപ്പയുടെ  വളരെ ചരിത്രപ്രധാനമായ തീരുമാനങ്ങളിലൊന്നായിരുന്നു കത്തോലിക്ക ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയെന്നുള്ളത്. സഭയിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്കും തുല്യാവകാശം നൽകണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് മാർപ്പാപ്പയുടെ തീരുമാനത്തിലൂടെ നിറവേറ്റപ്പെട്ടത്. പുരോഹിതന്മാർക്കും ബിഷപ്പുമാർക്കും കർദിനാൾമാർക്കും മാത്രമായി വിട്ടുകൊടുത്തിരുന്ന സഭാ കാര്യങ്ങളിൽ സാധാരണ വിശ്വാസികൾക്കും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈ തീരുമാനത്തിലൂടെ കഴിഞ്ഞു. രണ്ടായിരം വർഷത്തെ നടപ്പ് രീതികളെ പൊളിച്ചെഴുതുന്നതായിരുന്നു മാർപ്പാപ്പയുടെ സഭാനവീകരണം. 

വനിത പൗരോഹിത്യത്തിന് വേണ്ടി സിനഡിൽ ശബ്ദമുയർത്തിയതും മാർപ്പാപ്പയാണ്. എന്തുവന്നാലും സ്ത്രീ പൗരോഹിത്യം അനുവദിക്കില്ലയെന്ന് യാഥാസ്ഥിത പക്ഷം തീരുമാനം പറഞ്ഞപ്പോൾ സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകാമെന്നും വോട്ടെടുപ്പിലൂടെ അത് തീരുമാനിക്കാമെന്നുമുള്ള ആശയം മുന്നോട്ട് വെച്ചത് മാർപ്പാപയാണ്. പള്ളികളിൽ കുർബാന ചൊല്ലുന്നത് ഒഴികെയുള്ള മിക്ക കൂദാശകളും ചെയ്യാവുന്ന പദവിയാണ് ഡീക്കൻ. ശേഷം സിനഡ് അത് അംഗീകരിക്കുകയും വിവാഹം, കൂദാശ തുടങ്ങിയ ചടങ്ങുകൾ നടത്താൻ ഡീക്കൻ പദവിയുള്ള സ്ത്രീകൾക്ക് അനുമതി നൽകുകയും ചെയ്തു.

സുപ്രധാന തീരുമാനങ്ങൾ സഭയിലെടുക്കാനും അത് പ്രാവർത്തികമാക്കാനും ഫ്രാൻസിസ് മാർപ്പാപ്പ എന്നും ശ്രമിച്ചിരുന്നു. അപരിഷ്കൃത നിയമങ്ങളിലൂന്നിയ കത്തോലിക്ക സഭയിൽ കാലോചിതമായ നിലപാടുകളിലൂടെ ജനപ്രിയനായി മാറിയ വ്യക്തിയാണ് ഫ്രാൻസിസ് മാർപ്പാപ്പ. മാറ്റങ്ങളുടെ മാർപ്പാപ്പയെന്ന് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെയാണ്.

FAQs

എന്താണ് ജെസ്യൂട്ടുകൾ?

റോമൻ കത്തോലിക്ക സഭയിലെ ഒരു പുരുഷ സന്യാസസമൂഹമാണ് ഈശോസഭ അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. ജെസ്യൂട്ടുകൾ എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ചതാണിത്.

എന്താണ് ഡീക്കൻ പദവി?

പള്ളികളിൽ കുർബാന ചൊല്ലുന്നത് ഒഴികെയുള്ള മിക്ക കൂദാശകളും ചെയ്യാവുന്ന പദവിയാണ് ഡീക്കൻ.

ആരാണ് ബെനഡിക്ട് പതിനാറാമൻ?

ആഗോള കത്തോലിക്ക സഭയിലെ പോപ്പ് എമിരറ്റസാണ് ബെനഡിക്ട് പതിനാറാമൻ. 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു.

 

Quotes

ലിംഗം, ലൈംഗികത എന്നിവയുടെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. എല്ലാ മനുഷ്യരും തുല്യത അർഹിക്കുന്നു-ആൻഡ്രേജ പെജിക്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.