2017 ഓഗസ്റ്റ് 10 രാത്രി, ഉത്തർപ്രദേശിലെ ഗൊരാഖ്പൂരിലുള്ള ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിലെ സെൻട്രൽ ഓക്സിജൻ പൈപ് ലൈനിൽ ചുവപ്പ് വെളിച്ചം കത്താൻ തുടങ്ങി. ആശുപത്രിയിൽ ഓക്സിജൻ വാതകവിതരണം ഉടൻ നിലയ്ക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു അത്. അടിയന്തിര ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ അതിൻ്റെ ആയുസ്സ് വെറും രണ്ട് മണിക്കൂറുകൾ മാത്രമായിരിക്കും. ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും പരിഭ്രാന്തരായി…
ആദിത്യനാഥ് സർക്കാരിൻ്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനും സർക്കാരിനെതിരെ കലാപം നടത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും തൻ്റെ പുസ്തകം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡോ. കഫീൽ ഖാനെതിരെ ലഖ്നൗ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യവസാസിയായ മനീഷ് ശുക്ല നൽകിയ പരാതിയെ തുടർന്ന് കൃഷ്ണ നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അജ്ഞാതരായ അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2017 ലെ ഗോരഖ്പൂർ ഓക്സിജൻ ദുരന്തത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കഫീൽ ഖാൻ്റെ ‘ദി ഗോരഖ്‌പൂർ ട്രാജഡി; എ ഡോക്‌ടേഴ്‌സ് മെമോയർ ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രിസിസ്’ എന്ന പുസ്തകത്തെക്കുറിച്ച് നേരത്തെ തന്നെ വിവാദങ്ങളുയർന്നിരുന്നു.
കഫീൽ ഖാനും മറ്റ് നാലുപേരും ചേർന്ന് കലാപം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് താൻ ഒളിഞ്ഞുകേട്ടുവെന്ന മനീഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചന, കലാപാസൂത്രണം, മതവികാരം വ്രണപ്പെടുത്തൽ, രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങളാണ് കഫീൽ ഖാനെതിരെ ചുമത്തിയിരിക്കുന്നത്. ദി ക്വിൻ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച് ആറ് കേസുകളാണ് 2017 മുതൽ കഫീൽ ഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇത് തന്നെ ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് എഫ്ഐആറിലെ വിവരങ്ങളെക്കുറിച്ചുള്ള കഫീൽ ഖാൻ്റെ മറുപടി. ‘ജവാൻ’ എന്ന സിനിമയെ അഭിനന്ദിച്ച് താൻ എഴുതിയ കുറിപ്പാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത ‘ജവാൻ’ എന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കഫീൽ ഖാൻ്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ സാനിയ മൽഹോത്ര അഭിനയിച്ചിരിക്കുന്ന രംഗങ്ങൾ തൻ്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും എന്നാൽ സിനിമയിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ നീതി ലഭിക്കാതെ പോയത് തനിക്കും 81 കുടുംബങ്ങൾക്കുമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
2017 മുതലാണ് ഉത്തർപ്രദേശിലെ ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിൽ പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോക്ടറായിരുന്ന കഫീൽ ഖാൻ വാർത്തകളിൽ ഇടം നേടാൻ തുടങ്ങിയത്. കഫീൽ ഖാനെയും കുടുംബത്തെയും ഉത്തർപ്രദേശ് സർക്കാർ വേട്ടയാടാൻ തുടങ്ങിയതും ഗോരാഖ്പൂർ സംഭവത്തിന് ശേഷമാണ്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ച കഫീൽ ഖാൻ മണിപ്പാലിലെ കെഎംസിയിൽ നിന്നാണ് എംബിബിഎസും എംഡിയും പൂർത്തിയാക്കിയത്.
സിക്കിമിലുള്ള മണിപ്പാലിൻ്റെ തന്നെ ഒരാശുപത്രിയിൽ 12 വർഷം ജോലിചെയ്തശേഷം 2013ലാണ് കഫീൽ ഗോരാഖ്പൂറിലേക്ക് തിരിച്ചുവരുന്നത്. ഡോ.സബിസ്താഖാനുമായുള്ള വിവാഹത്തിനുശേഷം ഇരുവരും ചേർന്ന് മെഡിസ്പ്രിങ്ങ് എന്നൊരു സ്വകാര്യ ക്ലിനിക് ആരംഭിച്ചു.
ശേഷം കരാർ അടിസ്ഥാനത്തിൽ ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിൽ സീനിയർ ഡോക്ടറായി ജോലി ലഭിച്ചു. 2016 വരെ ബിആർഡിയിൽ സേവനമനുഷ്ഠിച്ച കഫീൽ ഒരു വർഷം പ്രൈവറ്റ് പ്രാക്ടീസിനായി പോവുകയും 2017 ഓഗസ്റ്റിൽ ബിആർഡിയിൽ തിരികെയെത്തുകയും ചെയ്തു. ആ വർഷം നടന്ന ഗോരാഖ്പൂർ ആശുപത്രി മരണങ്ങൾ കഫീൽ ഖാൻ്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു.
ഗോരാഖ്പൂർ ഓക്സിജൻ ദുരന്തം
2017 ഓഗസ്റ്റ് 10 രാത്രി, ഉത്തർപ്രദേശിലെ ഗോരാഖ്പൂരിലുള്ള ബാബ രാഗവ് ദാസ് മെഡിക്കൽ കോളേജിലെ സെൻട്രൽ ഓക്സിജൻ പൈപ്പ് ലൈനിൽ ചുവപ്പ് വെളിച്ചം കത്താൻ തുടങ്ങി. ആശുപത്രിയിൽ ഓക്സിജൻ വാതകവിതരണം ഉടൻ നിലയ്ക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു അത്. അടിയന്തിര ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ അതിൻ്റെ ആയുസ്സ് വെറും രണ്ട് മണിക്കൂറുകൾ മാത്രമായിരിക്കും. ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും പരിഭ്രാന്തരായി…
ബാബ രാഗവ് ദാസ് ആശുപത്രിയുടെ ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയിൽസ് ഏജൻസി, ആശുപത്രിയിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക തുക ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആദിത്യനാഥിനും ആരോഗ്യമന്ത്രിക്കും ഒരു കത്തെഴുതി. തങ്ങൾക്ക് ലഭിക്കാനുള്ള പണം നൽകിയില്ലെങ്കിൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ്റെ വിതരണം നിർത്തലാക്കുമെന്നറിയിച്ചുകൊണ്ടായിരുന്നു കത്ത്.
ഓക്സിജൻ സിലിണ്ടറുകൾ നൽകാതെ പണം നൽകാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പും കുടിശ്ശിക മുഴുവൻ അടച്ചുതീർക്കാതെ ഓക്സിജൻ സിലിണ്ടറുകൾ നൽകില്ലെന്ന് പുഷ്പ സെയിൽസും വാശിപിടിച്ചു. കുടിശ്ശിക നൽകാത്തതിനെക്കുറിച്ച് നിരവധി കത്തുകൾ പുഷ്പ സെയിൽസ് ബിആർഡി അധികൃതർക്ക് അയച്ചിരുന്നു.
തുടർന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം ഇന്ന് മുതൽ നിർത്തലാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ഓഗസ്റ്റ് പത്തിന് രാവിലെ പുഷ്പ സെയിൽസ് ബിആർഡി ആശുപത്രിയിലേക്ക് ഒരു ഇമെയിൽ സന്ദേശം അയച്ചു.
എന്നാൽ മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരുവിധ മുൻകരുതലും ആശുപത്രി അധികൃതർ കൈക്കൊണ്ടില്ല. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉത്തർപ്രദേശിൽ എൻസഫലൈറ്റിസ് കൂടുതലാകുന്ന കാലമാണ്.മസ്തിഷ്‌കജ്വരം ബാധിച്ച രോഗികൾക്ക് 24 മണിക്കൂർ വിതരണം ആവശ്യമാണെന്ന വസ്തുത അറിയാമായിരുന്നിട്ടും ലിക്വിഡ് ഓകിസിജനോ ജംമ്പോ സിലിണ്ടറുകളോ ഏർപ്പാടാക്കിയിരുന്നില്ല.
ഓക്സിജൻ വിതരണം തടസ്സപ്പെട്ട് 48 മണിക്കൂറിനുള്ളിൽ 17 നവജാതശിശുക്കളും അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം വാർഡിലെ അഞ്ച് കുട്ടികളും ജനറൽ വാർഡിലെ എട്ട് കുട്ടികളുമുൾപ്പെടെ 30 കുട്ടികൾ മരിച്ചു.
ഓഗസ്റ്റ് 11ന് രാവിലെയാണ് ഓക്സിജൻ തീർന്നുവെന്ന വിവരം കഫീൽ ഖാൻ അറിയുന്നത്. ഉടൻ തന്നെ ഡിപ്പാർട്ട്‌മെൻ്റ് മേധാവി, ബിആർഡിയുടെ പ്രിൻസിപ്പൽ, ആക്ടിംഗ് പ്രിൻസിപ്പൽ, ഗോരഖ്പൂർ ജില്ലാ മജിസ്‌ട്രേറ്റ്, ബിആർഡി മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ സൂപ്രണ്ട് തുടങ്ങി എല്ലാവരെയും കഫീൽ ഖാൻ നിലവിലെ അവസ്ഥ വിളിച്ചറിയിച്ചു. പ്രാദേശിക ഓക്സിജൻ ഏജൻസികളെ വിളിച്ച് ആശുപത്രിയിൽ ഉടൻ തന്നെ ഓക്സിജൻ സിലിണ്ടറുകൾ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ പുഷ്പ സെയിൽസുമായുള്ള കുടിശ്ശിക തർക്കം അറിയാമായിരുന്നതുകൊണ്ടുതന്നെ പലരും സിലിണ്ടറുകൾ നൽകാൻ തയ്യാറായില്ല. തൻ്റെ കയ്യിലുള്ള പണം നൽകിയും പലരോടും സഹായം അഭ്യർത്ഥിച്ചും 250 സിലിണ്ടറുകൾ എത്തിക്കാൻ കഫീൽ ഖാന് കഴിഞ്ഞു.
അപ്പോഴേക്കും ആശുപത്രിയിൽ നിരവധി കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചിരുന്നു. കുട്ടികളുടെ മരണവാർത്തയറിഞ്ഞ് നിരവധി വാർത്താമാധ്യമങ്ങൾ ബിആർഡി ആശുപത്രിയിലെത്തി. സർക്കാരിൻ്റെ അനാസ്ഥ മൂലമുണ്ടായ സംഭവത്തിൽ സ്വന്തം പരിശ്രമത്തിലൂടെ കുറച്ച് കുട്ടികളെയെങ്കിലും രക്ഷിക്കാൻ സാധിച്ച കഫീൽ ഖാൻ്റെ പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചു.
അപ്പോഴും ആശുപത്രിയിൽ മരണങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. മരിച്ച കുട്ടികൾക്കുമുന്നിൽ നിസ്സഹായനായി നിൽക്കുന്ന കഫീൽ ഖാൻ്റെ ചിത്രം പത്രങ്ങളിൽ അച്ചടിച്ചുവന്നു. സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായി.തുടർന്ന് ബിആർഡിയിലെ ഓക്സിജൻ മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.
വിഷയം വിവാദമായതോടെ ആരോഗ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ് നാഥ് സിങ്ങും വിദ്യാഭ്യാസ മന്ത്രി അശുതോഷ് ടണ്ടനും സ്ഥിതിഗതികൾ അറിയുന്നതിനായി ആശുപത്രി സന്ദർശിക്കുകയുണ്ടായി. അവിടെ വെച്ച് നടന്ന പത്രസമ്മേളനത്തിൽ, എൻസഫലൈറ്റിസ് മൂലം ഉത്തർപ്രദേശിൽ കുട്ടികൾ മരിക്കുന്നത് പുതിയ കാര്യമല്ലയെന്ന അശുതോഷ് ടണ്ടൻ്റെ പരാമർശം വലിയ വിവാദത്തിലേക്ക് നയിച്ചു.
പ്രശ്നം വഷളായതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ബിആർഡിയുടെ പ്രിൻസിപ്പലായിരുന്ന ആർകെ മിശ്രയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികളുടെ രക്ഷകനായെത്തിയ കഫീൽ ഖാനെ തൻ്റെ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എൻസഫലൈറ്റിസ് വാർഡിൻ്റെ ചുമതല കഫീൽ ഖാനായിരുന്നുവെന്നും ഈ മരണങ്ങളുടെയെല്ലാം ഉത്തരവാദി കഫീൽ ഖാനാണെന്നും വരുത്തിതീർത്തു. ഓഗസ്റ്റ് 12 വരെ നായക പരിവേഷം ലഭിച്ചിരുന്ന കഫീൽ ഖാൻ എല്ലാവരുടേയും മുന്നിൽ വില്ലനായി മുദ്രകുത്തപ്പെട്ടു.
സംഭവം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. സമൂഹമാധ്യമങ്ങളിലെ ചില പ്രത്യേക ഗ്രൂപ്പുകൾ കഫീൽ ഖാനെതിരെ ആക്ഷേപങ്ങളുന്നയിക്കാൻ തുടങ്ങി. പുഷ്പ സെയിൽസ് നൽകിയിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ഖാൻ സ്വകാര്യ ആവശ്യങ്ങൾക്കായി തൻ്റെ ഭാര്യയുടെ ആശുപത്രിയായ മെഡിസ്പ്രിങ്ങിലേക്ക് മാറ്റിയെന്നും ആരോപണങ്ങളുയർന്നു.
ഓഗസ്റ്റ് 18ന് ബിആർഡി ആശുപത്രി സന്ദർശനം നടത്തിയ മുഖ്യമന്ത്രി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് അറിയിക്കുകയും തുടർന്ന് പിറ്റേ ദിവസം കഫീൽ ഖാനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ഓക്സിജൻ ക്ഷാമം മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ജോലിയിൽ വീഴ്ച വരുത്തിയതിനും പ്രൈവറ്റ് പ്രാക്ടീസ് നടത്തിയതിനും കെ കെ ഗുപ്ത നൽകിയ പരാതിയെ തുടർന്ന് സെപ്റ്റംബർ 2ന് കഫീൽ ഖാൻ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് വരെ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന കഫീൽ ഖാൻ ജയിലിൽ വെച്ച് ഒരു കത്തെഴുതി. ബിആർഡി ആശുപത്രിയിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതായിരുന്നു ആ കത്ത്.
കത്തിൽ പറയുന്ന വിവരങ്ങളനുസരിച്ച് അന്ന് കഫീൽ ഖാൻ ഡ്യൂട്ടിയിലില്ലായിരുന്നു. അർധരാത്രിയാണ് ഓക്സിജൻ തീർന്നുവെന്ന് പറഞ്ഞ് സഹപ്രവർത്തകൻ്റെ വാട്സ് ആപ്പ് സന്ദേശം ലഭിക്കുന്നത്. സന്ദേശം കണ്ടയുടൻ ആശുപത്രിയിലേക്കെത്തുകയും തന്നേക്കൊണ്ടാവുന്ന വിധം സഹായമെത്തിക്കാൻ ശ്രമിക്കുകയും ചെയ്തതായി കഫീൽ ഖാൻ പറഞ്ഞു. തുടർന്ന് 2018 ഓഗസ്റ്റ് 25ന് അലഹബാദ് ഹൈക്കോടതി കഫീൽ ഖാന് ജാമ്യം അനുവദിച്ചു. ജയിലിൽ നിന്നും മോചിതനായിട്ടും കഫീൽ ഖാനെതിരെയുള്ള വേട്ടയാടൽ തുടർന്നുകൊണ്ടേയിരുന്നു.
കഫീൽ ഖാൻ്റെ സഹോദരനെ ബൈക്കിലെത്തിയ അജ്ഞാതർ വധിക്കാൻ ശ്രമിച്ചു. 2019ൽ ഗോരഖ്പൂർ സംഭവത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചെങ്കിലും ബിആർഡി ആശുപത്രിയിൽ കഫീൽ ഖാന് തിരികെ പ്രവേശിക്കാനായില്ല. നിരവധി അന്വേഷണങ്ങൾ കഫീൽ ഖാനെതിരെ നടന്നുകൊണ്ടിരുന്നു. 2019ൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഡ് സർവ്വകലാശാലക്കു മുന്നിൽ നടത്തിയ പ്രസംഗത്തിൻ്റെ പേരിൽ കഫീൽ ഖാനെ വീണ്ടും അറസ്റ്റ് ചെയ്തു.
കലാപത്തിന് ആഹ്വാനം നൽകിയെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ കഫീൽ ഖാനെതിരെ ചുമത്തി. ആറ് മാസത്തെ ജയിൽവാസത്തിനുശേഷം 2020 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ വിട്ടയച്ചു. കൂടാതെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കുകയും ചെയ്തിരുന്നു.
കഫീൽ ഖാനെതിരെ ചുമത്തിയ വകുപ്പുകൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പുറത്തിറക്കിയ വ്യക്തിക്കെതിരെ വീണ്ടും സമാനമായ മറ്റൊരു ആരോപണത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ പുറംലോകമറിയാൻ കാരണക്കാരനായതിൻ്റെ പേരിൽ ബലിയാടാകേണ്ടി വന്ന വ്യക്തിയാണ് ഡോ. കഫീൽ ഖാൻ. ഒരു ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ നിരവധി കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുകയും അതിൻ്റെ സത്യാവസ്ഥ മറച്ചുപിടിക്കുന്നതിനായി ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ പ്രതിയാക്കുകയുമാണ് ആദിത്യനാഥ് സർക്കാർ ചെയ്തത്.
FAQs
എന്താണ് എൻസഫലൈറ്റിസ്?
അണുബാധ മൂലം തലച്ചോറിലെ ടിഷ്യൂകൾക്കുണ്ടാകുന്ന വീക്കമാണ് എൻസഫലൈറ്റിസ്. ഇത് തലച്ചോറ് വീർക്കുന്നതിനും തലവേദന, കഴുത്ത് ഞെരുക്കം തുടങ്ങിയവയിലേക്കും നയിക്കുന്നു.
എന്താണ് ജംമ്പോ സിലിണ്ടറുകൾ?
ജംമ്പോ സിലിണ്ടറുകളെ ഡി ടൈപ്പ് സിലിണ്ടറുകളെന്നും 7 ക്യുബിക് മീറ്റർ ഓക്സിജൻ സിലിണ്ടറുകളെന്നും അറിയപ്പെടുന്നു. ജംമ്പോ സിലിണ്ടറുകൾക്ക് ഏകദേശം 7000 ലിറ്റർ ഓക്സിജൻ വരെ സംഭരണശേഷിയുണ്ട്.
ആരാണ് യോഗി ആദിത്യനാഥ്?
ഉത്തർപ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമാണ് ആദിത്യനാഥ്. ഏറ്റവും കൂടുതൽ കാലം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് യോഗി ആദിത്യനാഥ്.
Quotes
വൈകി ലഭിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്ക് തുല്യമാണ് – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ