Sat. Nov 23rd, 2024
Narges Mohammadi is an Iranian human rights activist and Nobel laureate

ജനസംഖ്യയുടെ പകുതിയായ പുരുഷ സമൂഹത്തിനെ തലപ്പാവ് ധരിപ്പിക്കുവാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച് സ്ത്രീകളോട് നിർബന്ധമായി ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്നു. സ്വേച്ഛാധിപത്യ മതവ്യവസ്ഥയുടെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ അവർ തന്നെ കാട്ടിക്കൊടുക്കുന്നു

 

ൻ സിന്ദഗി ആസാദി” (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം), ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നോർവീജിയൻ പുരസ്‌കാരസമിതി ചെയര്‍മാന്‍ ബെറിറ്റ് റെയ്സ് ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാര ജേതാവായ നര്‍ഗിസ് മുഹമ്മദിക്ക് നൽകിയ ആമുഖമാണിത്. പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ നര്‍ഗിസ് മുഹമ്മദി ഇറാനിൽ തടവറക്കുള്ളിലാണ്. 

ഇറാനിലെ സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും സ്വാതന്ത്യവും അവകാശവും ഉറപ്പാക്കുന്നതിനും നടത്തിയ പോരാട്ടത്തിനാണ് ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയായ നര്‍ഗിസ് മുഹമ്മദി പുരസ്കാരത്തിനർഹയായത്.

ഇറാൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മുഹമ്മദി screengrab, copyright: news drum

‘ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുമ്പോൾ, ഇറാനിലെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവളുടെ ധീരമായ പോരാട്ടത്തെ ആദരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി ആഗ്രഹിക്കുന്നു, മുഹമ്മദിയെ സ്വാതന്ത്ര്യ സമര സേനാനി’ എന്ന് വിശേഷിപ്പിച്ച് റെയ്‌സ് ആൻഡേഴ്സൺ പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ പോരാടിയതിന് 13 തവണയാണ് നർഗിസ് മുഹമ്മദി അറസ്റ്റ് ചെയ്യപ്പെട്ടത്. അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും 31 വർഷം ജയിൽവാസത്തിനും 154 ചാട്ടവാറടിക്ക് വിധിക്കുകയും ചെയ്തു. 

ബെറിറ്റ് റെയ്സ് ആന്‍ഡേഴ്‌സണ്‍ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നു screen-grab, copyright: 124 news

സ്ത്രീകളുടെ സമത്വത്തിനും വധശിക്ഷ നടപ്പാക്കുന്നതിനെതിരെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ജയിലിനുള്ളിലും പുറത്തുമായി നർഗിസ് മുഹമ്മദി തന്റെ സമരപേരാട്ടം തുടരുകയാണ്. ജീവിതത്തിന്റെ അധിക സമയവും അവർ ചിലവഴിച്ചത് ജയിലിനുള്ളിൽ തന്നെയാണ്. 2022 സെപ്റ്റംബറിൽ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമീനി എന്ന പെൺകുട്ടിയുടെ കസ്റ്റഡി മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെത്തുടർന്നാണ് അവസാനമായി നർഗിസ് തടവിലാക്കപ്പെട്ടത്. 

1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച നർഗിസ് മുഹമ്മദി ഘോർവേ, കരാജ്, ഒഷ്നവേഹ് എന്നിവിടങ്ങളിലാണ് തന്റെ ചെറുപ്പകാലം ചിലവഴിച്ചത്. ഇമാം ഖൊമേനി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയ ശേഷം എഞ്ചിനീയറായി പ്രവർത്തിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ലേഖനങ്ങൾ എഴുതി. വിദ്യാർത്ഥി ഗ്രൂപ്പായ തഷാക്കോൽ ദാനേഷ്ജുയി റോഷങ്കാരന്റെ രണ്ട് യോഗങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലാവുകയും ചെയ്തു.

ഇറാൻ ഭരണകൂടത്തിനെ ചോദ്യം ചെയ്യുന്ന നിരവധി പത്രങ്ങളിൽ പത്രപ്രവർത്തകയായി ജോലി ചെയ്തു. 1998ലാണ് ഇറാൻ സർക്കാരിനെ വിമർശിച്ചുവെന്ന കുറ്റത്തിന് നർഗിസ് മുഹമ്മദി ആദ്യമായി തടവിലാക്കപ്പെട്ടത്. ഒരു വർഷത്തെ ജയിൽവാസത്തിനുശേഷം 1999ൽ പത്രപ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം ചെയ്തു. 2003 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ ഷിറിൻ എബാദിയുടെ നേതൃത്വത്തിലുള്ള ഡിഫൻഡേഴ്‌സ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് സെന്ററിൽ (ഡിഎച്ച്ആർസി) അംഗമായി.

നിലവിൽ ഡിഎച്ച്ആർസിയുടെ വൈസ് പ്രസിഡൻ്റാണ് നർഗിസ് മുഹമ്മദി. 2010ൽ  ഡിഎച്ച്ആർസിൽ അംഗമായതിന്റെ പേരിൽ ഇസ്ലാമിക് റെവല്യൂഷണറി കോടതിയിലേക്ക് വിളിപ്പിക്കുകയും 50000 യുഎസ് ഡോളറിന്റെ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ നർഗിസ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. കസ്റ്റഡിയിലിരിക്കെ ആരോഗ്യം മോശമായതോടെ ചികിത്സ തേടാനായി അനുവദിക്കുകയും ചെയ്തു. 

തുടർന്ന് 2011ൽ ദേശീയ സുരക്ഷക്കെതിരെ പ്രവർത്തിച്ചുവെന്നും ഇറാൻ ഭരണകൂടത്തിനെതിരെ പ്രചരണം നടത്തിയെന്നും ആരോപിച്ച് നർഗീസിനെ 11 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. 2012 ൽ കോടതി ശിക്ഷ ആറ് വർഷമായി കുറച്ചു. എന്നാൽ അതേവർഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട നർഗീസിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സെനറ്റർ മാർക്ക് കിർക്ക് ഉൾപ്പെടെയുള്ള നിയമനിർമ്മാതാക്കളുടെ ഒരു സംഘം രംഗത്തുവന്നു. തുടർന്ന് 2012 ജൂലൈ 31ന് മുഹമ്മദി ജയിൽ മോചിതയായി. 

നർഗിസ് മുഹമ്മദി കുടുംബത്തോടൊപ്പം screen-grab, copyright : zamaneh media, the seattle times

ജയിൽ മോചിതയായ നർഗിസ് ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇറാൻ സ്വന്തം പൗരന്മാർക്കെതിരെ പതിവായി വധശിക്ഷ നടപ്പാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ക്യാമ്പയിൻ സംഘടിപ്പിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നർഗിസ് നൽകിയ അഭിമുഖങ്ങൾ ഇറാൻ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തുന്നതാണെന്നും  ദേശീയ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയാണെന്നും ആരോപിച്ച് 2015 മെയ് അഞ്ചിന് നർഗീസിനെ വീണ്ടും അറസ്റ്റു ചെയ്തു. 

2019 ജനുവരിയിൽ എവിൻ ജയിലിൽ വൈദ്യസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുഹമ്മദി നിരാഹാര സമരം നടത്തി. 2020 ഒക്ടോബർ 8-ന് മുഹമ്മദി വീണ്ടും ജയിൽ മോചിതയായി. 2021ൽ ഇറാൻ മനുഷ്യാവകാശ വാർഷിക റിപ്പോർട്ടിന്റെ ആമുഖത്തിൽ  ഇറാനിലെ വധശിക്ഷക്കെതിരെ നർഗിസ് ശക്തമായി തുറന്നടിച്ചു. 2021 നവംബർ 16 ന്, 2019ൽ നടന്ന പ്രതിഷേധത്തിനിടെ ഇറാൻ സുരക്ഷാ സേന വധിച്ച ഇബ്രാഹിം കേതാബ്ദാറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മുഹമ്മദി അറസ്റ്റ് ചെയ്യപ്പെട്ടു. 

2022 ൽ മഹ്സ അമീനിയുടെ മരണത്തെതുടർന്ന് ഇറാനിൽ പ്രതിഷേധം ആളിപ്പടർന്നപ്പോൾ സ്ത്രീ, ജീവിതം, സ്വാതന്ത്യം എന്ന നർഗിസ് ഉയർത്തിയ മുദ്രാവാക്യത്തെ ഏറ്റുചൊല്ലി പതിനായിരക്കണക്കിന് സ്ത്രീകളാണ് മുന്നോട്ട് വന്നത്. ജനസംഖ്യയുടെ പകുതിയായ പുരുഷ സമൂഹത്തിനെ തലപ്പാവ് ധരിപ്പിക്കുവാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച് സ്ത്രീകളോട് നിർബന്ധമായി ഹിജാബ് ധരിക്കാൻ ആവശ്യപ്പെടുന്നു. സ്വേച്ഛാധിപത്യ മതവ്യവസ്ഥയുടെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ അവർ തന്നെ കാട്ടിക്കൊടുക്കുന്നു.നർഗിസ് മുഹമ്മദി സിഎൻഎന്നി ന് അയച്ച കത്തിൽ പറയുന്നു.

22 കാരിയായ മഹ്‌സ അമിനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെച്ചൊല്ലി പ്രതിഷേധം നടക്കുമ്പോൾ ന്യൂയോർക്ക് ടൈംസിനായി മുഹമ്മദി എഴുതിയ ലേഖനത്തിൽ അവർ കുറിച്ചത് ഇങ്ങനെയാണ്,ഗവൺമെൻ്റ്  മനസ്സിലാക്കാത്ത ഒരു കാര്യം എന്തെന്നാൽ, അവർ എത്രത്തോളം ഞങ്ങളെ പൂട്ടിയിടുന്നുവോ, അത്രത്തോളം ഞങ്ങൾ ശക്തരാകും എന്നതാണ്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം screen-grab, copyright : cnbs

2023 ൽ വൈറ്റ് ടോർച്ചർ: ഇറാനിയൻ വനിതാ തടവുകാരുമായുള്ള അഭിമുഖങ്ങൾ എന്ന തലക്കെട്ടിൽ മുഹമ്മദി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഇറാനിലെ ശിക്ഷാ രീതികളിൽ ഏറ്റവും ക്രൂരമായ വൈറ്റ് ടോർച്ചറിങ്ങിനെക്കുറിച്ചും ജയിലുകളിൽ വനിതാതടവുകാർ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് മുഹമ്മദി അതിൽ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ 18 മാസമായി മുഹമ്മദിയെ ഭർത്താവിനോടും കുട്ടികളോടും നേരിട്ട് സംസാരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഞാൻ എന്റെ അമ്മയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. അമ്മ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാൽ കൂടെയുണ്ടായിരുന്ന സമയമെല്ലാം ഞങ്ങളെ ചേർത്ത്പിടിക്കുമായിരുന്നു. അതിനാൽ ഞാൻ ഇപ്പോൾ സഹിക്കുന്ന വേദനകളൊന്നും എനിക്ക് പ്രശ്നമല്ല, മകൻ അലി നർഗീസിനെക്കുറിച്ച് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

ജയിലിൽ കഴിയുമ്പോൾ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്  നർഗിസ് മുഹമ്മദി. 1935ൽ യുദ്ധവിരുദ്ധവാദിയായ കാൾ വോൺ ഒസിറ്റ്‌സ്‌കി, 1991ൽ മ്യാൻമാർ ജനാധിപത്യ പ്രചാരകയായ ഓങ്സാൻ സൂചി, 2010 ൽ ചെനീസ് വിമതനായ ലിയു സിയാവോബോ, ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനായ അലസ് ബിയാലിയാറ്റ്സ്കി തുടങ്ങിയവരാണ് തടവിൽ കഴിയുമ്പോൾ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മറ്റ് വ്യക്തികൾ. 

FAQs

ആരാണ് ഷിറിൻ എബാദി?

ഇറാനിയൻ നൊബേൽ സമ്മാന ജേതാവും അഭിഭാഷകയും  ഇറാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ സ്ഥാപകയുമാണ്. 2003-ൽ, ജനാധിപത്യത്തിനും, സ്ത്രീകൾ , കുട്ടികൾ , അഭയാർത്ഥി അവകാശങ്ങൾ എന്നിവയ്‌ക്കും വേണ്ടിയുള്ള പോരാട്ടത്തിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു . ഈ പുരസ്കാരം ലഭിച്ച ആദ്യ മുസ്ലീം വനിതയും ഇറാനിയൻ വനിതയുമാണ്.

എന്താണ് വൈറ്റ് ടോർച്ചറിങ്ങ്?

ഒരു സെല്ലിൽ പാർപ്പിച്ചിരിക്കുന്ന തടവുകാരന്റെ ഒറ്റപ്പെടൽ, ഇന്ദ്രിയ അനുഭവങ്ങൾ ഇല്ലാതാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള രീതിയാണ് വൈറ്റ് ടോർച്ചറിങ്ങ്.

ആരാണ് മഹ്സ അമീനി?

സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാൻ സർക്കാരിന്റെ മതപോലീസ് മഹ്സ അമീനിയെന്ന കുർദിഷ് പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയും 2022 സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിലിരിക്കെ മഹ്സ അമീനി മരിക്കുകയും ചെയ്തു.

Quotes

ഞാൻ എന്റെ ശബ്ദം ഉയർത്തുന്നു, എനിക്ക് നിലവിളിക്കാൻ വേണ്ടിയല്ല, ശബ്ദമില്ലാത്തവർക്ക് കേൾക്കാൻ വേണ്ടിയാണ്.  നമ്മളിൽ പകുതിയും പിന്നോട്ട് പോകുമ്പോൾ നമുക്കെല്ലാവർക്കും വിജയിക്കാനാവില്ല

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.