Wed. Jan 22nd, 2025
The self-respect of characters in KG George's movie

പ്രതിനായകൻ അധികാരമില്ലാത്ത പൈശാചിക ഗുണമുള്ളയാളാണെങ്കിൽ നായകൻ സവർണനും പ്രതിനായകൻ കീഴാളനും ആയിരിക്കും. ഇനി നായകൻ കീഴാളനാണെങ്കിൽ അയാൾ അതിദാരുണമാം വിധം ദുർബലനും പ്രതിനായകന്റെ ആക്രമണങ്ങൾക്ക് വിധേയപ്പെടുന്നവനുമായിരിക്കും

കെ ജി ജോർജ് എന്ന മലയാള സിനിമയിലെ അതികായൻ അന്തരിച്ചിരിക്കുകയാണ്. 1946 ൽ ജനിച്ച അദ്ദേഹം 1980 കളിലെ മലയാള സിനിമ മേഖലയിലെ പകരം വയ്ക്കാനില്ലാത്ത കലാകാരൻ ആയിരുന്നു. ക്രാഫ്റ്റ് കൊണ്ടും സിനിമ സാഹിത്യത്തിൻ്റെ സ്വഭാവം കൊണ്ടും അയാൾ മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിച്ച ഒരാളാണ്. അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങളുടെ സാഹിത്യത്തിൻ്റെ ഘടനാപരമായ സവിശേഷതകളെ പരിശോധിക്കുവാൻ ശ്രമിക്കുകയാണ് ലേഖകൻ.

K G George passedaway
കെ ജി ജോർജ് Screen-grab, Copyrights: Studio Flicks

എങ്ങനെയാണ് ഒരു സൂപ്പർഹീറോയെ ഏതെങ്കിലും ഒരു എഴുത്തുകാരന് സങ്കല്പിക്കാൻ കഴിയുന്നത്? വെടിയുണ്ടകളെ തടഞ്ഞു നിർത്തുന്ന, തീ തുപ്പുന്ന, വലിയ വാഹനങ്ങൾ ഒറ്റയ്ക്ക് എടുത്തെറിയുന്ന അമാനുഷികരെ സങ്കല്പിച്ചുണ്ടാക്കുന്നത് എങ്ങനെയാണ്? അത്തരത്തിൽ മനുഷ്യർ ഒരിക്കലും നേരിട്ട് കാണാത്തതോ അനുഭവിച്ച മാതൃകകളോ ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് അവർക്ക് സങ്കല്പിച്ചെടുക്കാൻ കഴിയുന്നത്? തീർച്ചയായും അത് എളുപ്പപ്പണിയല്ല.

പക്ഷേ സാധാണ മനുഷ്യരെല്ലാവരും ഇത്തരം അതിമാനുഷിക കഥകളിൽ വിശ്വസിക്കുന്നു. പലപ്പോഴും സ്വന്തം അനുഭവങ്ങൾക്ക് അത്തരം ആഖ്യാനങ്ങൾ അവർ നൽകാറുമുണ്ട്. അതിമാനുഷികമായ ഒരുപാട് സങ്കല്പങ്ങൾ അതാത് മനുഷ്യരുടെ ജീവിതത്തെ സുന്ദരമാക്കുകയും പ്രത്യാശനിർഭരമാക്കുകയും ചെയ്യുന്നുണ്ട്.

പല മാതിരി മനുഷ്യ വിഭാഗങ്ങളെല്ലാം അവരവർക്കായി ചില അമാനുഷികമായ ശക്തികളെ വിശ്വസിക്കുകയും അത്തരം ആഖ്യാനങ്ങൾ സ്വയം നടത്തിപ്പോരുകയും ചെയ്യുന്നു. ആ രീതിയിൽ മനസ്സിലാക്കിയാൽ അത്തരം കഥകൾ സങ്കല്പിക്കാനും വിശ്വസിക്കാനും അവർക്ക് എളുപ്പവുമാണ് എന്ന് തോന്നാം.

ക്ലാസ്സിക്കൽ സോഷ്യോളജിസ്റ്റായ എമിൽ ദർഖീം വ്യക്തമാക്കുന്നതനുസരിച്ച് ഒരു കൂട്ടായ്മയിൽ അംഗമായിരിക്കുമ്പോൾ ആ കൂട്ടായ്മയെ അടയാളപ്പെടുത്തുന്ന വിശുദ്ധവും അശുദ്ധവുമായ ഘടകങ്ങൾ ഉണ്ടായിരിക്കും. കൂട്ടായ്മയുടെ പെരുമാറ്റശീലങ്ങളെയും അർത്ഥങ്ങളെയും അടയാളപ്പെടുത്തുന്ന ഘടകങ്ങൾ വിശുദ്ധമായിത്തീരുകയും അതിന് പുറത്തുള്ളവ അശുദ്ധമായിത്തീരുകയും ചെയ്യും. ആ കൂട്ടായ്മയിൽ അംഗങ്ങൾ പരിശീലിക്കുന്ന പെരുമാറ്റ ശീലങ്ങൾക്കനുസരിച്ചായിരിക്കും അവരുടെ അമാനുഷികമായ സങ്കല്പങ്ങളും കഥകളും ആഖ്യാനങ്ങളും രൂപപ്പെടുക.

Émile Durkheim French social scientist
എമിൽ ദർഖീം Screen-grab, Copyrights: tyonote

ഇത്തരം ആഖ്യാനങ്ങളിലൂടെയും കഥകളിലൂടെയും ഉണ്ടാകുന്ന പ്രത്യേക അർത്ഥങ്ങൾ മനുഷ്യർ ജീവിച്ചു ശീലിക്കുന്നതാണ്. പല രീതിയിൽ ജീവിച്ചു ശീലിക്കുന്ന ഇത്തരം നാനാതരത്തിലുള്ള അർത്ഥങ്ങൾ മനുഷ്യർ പരസ്പരം കൈമാറുന്നത് ഈ ആഖ്യാനങ്ങളിലൂടെയും കഥകളിലൂടെകൂടിയുമാണ് എന്നു പറയേണ്ടി വരും. ഒരർത്ഥത്തിൽ നമ്മുടെയെല്ലാം ജീവിതത്തെ സ്വാധീനിക്കുന്നതിൽ ഇത്തരം അർത്ഥങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.

എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഇത് മനുഷ്യൻ പരിശീലിക്കുന്ന ഒന്നാണ്. ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് പ്രത്യേക അർത്ഥങ്ങൾ മനസ്സിലാക്കുവാനും അതിനനുസരിച്ച രീതിയിൽ പെരുമാറാനും മനുഷ്യർ നിരന്തരം പരിശീലിക്കുന്നുണ്ട്. ജനനം മുതലുള്ള നിരന്തരമായ സാമൂഹീകരണ പ്രക്രിയകൊണ്ട് ഒരു മനുഷ്യന് സ്വയം ആർജ്ജിച്ചെടുക്കാവുന്ന കഴിവാണ് ഇത്. ഈ പഠിച്ചെടുക്കുന്ന അർത്ഥങ്ങൾക്കകത്ത് നിന്നുകൊണ്ട് മാത്രമാണ് അയാളുടെ അമാനുഷികമായ സങ്കല്പങ്ങൾ രൂപപ്പെടുകയുള്ളു.

ഒരേ സമയം അയാൾ നിത്യജീവിതത്തിൽ കണ്ടു കെട്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ചെടുത്ത അർത്ഥങ്ങളുണ്ട് അവിടെ നിന്നുകൊണ്ട് അയാൾ രൂപപ്പെടുത്തിയെടുക്കുന്ന സങ്കല്പ കഥകളും ഉണ്ടാകും. പുതിയ രീതിയിലുള്ള അമാനുഷിക ആഖ്യാനങ്ങളോ ആഖ്യാനങ്ങളോ രൂപപ്പെടുത്തിയെടുക്കാൻ ഒരു വ്യക്തിക്ക് കഴിഞ്ഞാലും അയാൾ അതിജീവിക്കുന്ന കൂട്ടത്തിൽ നിന്ന് പരിശീലിച്ചു പഠിച്ച അർത്ഥങ്ങൾ ആ സങ്കല്പങ്ങളിൽ ഉൾച്ചേർന്നിരിക്കും.

ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കലും നേരിട്ട് കാണാത്ത രീതിയിലുള്ള മായാജാലങ്ങൾ കാണിക്കുന്ന അമാനുഷിക ശക്തിയെ അവർക്ക് പുതുതായി സങ്കൽപ്പിക്കാനോ ആഖ്യാനം നടത്താനോ കഴിയുമെങ്കിലും അത് അവരവർ ജീവിക്കുന്ന കൂട്ടായ്മയെ അടയാളപ്പെടുത്തുന്ന വിശുദ്ധ ഘടങ്ങളുടെ അർത്ഥങ്ങൾ പ്രതിഫലിപ്പിക്കുന്നവയായിരിക്കും.

ഒരു രീതിയിൽ മനുഷ്യർ അവരവരുടെ കൂട്ടായ്മകളിൽ നിന്ന് നിരന്തരം പല തരം അർത്ഥങ്ങൾ ജീവിച്ചു പരിശീലിച്ചു പഠിക്കുന്നുണ്ട്. മറ്റൊരു രീതിയിൽ ഇതേ പഠിച്ചുവച്ച മുൻ അർത്ഥങ്ങളിൽ നിന്നുകൊണ്ട് പുതിയ ഒരു സങ്കല്പം മനുഷ്യർ രൂപപ്പെടുത്തി എടുക്കുന്നു.

ഹോളിവുഡിന്റെ സൂപ്പർ ഹീറോ നായകന്മാർ

അമേരിക്കൻ സൂപ്പർ ഹീറോ കഥകളിൽ യൂറോപ്യൻ വെളുത്ത വംശജനല്ലാത്തൊരാളെ സങ്കല്പിക്കാൻ ആ മേഖലയ്ക്ക് കഴിയാഞ്ഞത് ഇക്കാരണം കൊണ്ടാണ്. അവരുടെ കൂട്ടായ്മയെ സംബന്ധിച്ച് നായകൻ എന്ന സങ്കല്പത്തിന് പൂർണ അർത്ഥം ലഭിക്കുന്നത് അയാൾ യൂറോപ്യനായ വെളുത്ത വർഗക്കാരൻ ആകുമ്പോഴാണ്.

Marvel's Avengers
മാർവൽ സിനിമകളിലെ സൂപ്പർ ഹീറോസ് Screen-grab, Copyrights: LITERARY HUB

ശത്രുക്കളെ തകർക്കുവാൻ വെടിയുണ്ടകളെ തടയാൻ സാധിക്കുന്ന ഒരാളെ സങ്കപ്പിച്ചാലും വലിയ വാഹനങ്ങളും കെട്ടിടങ്ങളും തകർക്കാൻ സാധിക്കുന്ന ഒരാളെ സങ്കല്പിച്ചാലും പകരം ഒരു കറുത്ത വർഗക്കാരനായ ഒരാളെ ആ സ്ഥാനത്ത് സങ്കല്പിക്കാൻ അവർക്ക് കഴിയില്ല. അതിന് കാരണം അവരുടെ കൂട്ടായ്മകളിലെ അർത്ഥങ്ങളിൽ കറുത്ത വർഗക്കാരൻ അശക്തനാണ് എന്നതാണ് അർത്ഥം അയാൾക്ക് ഒരിക്കലും അതിമാനുഷികനാകാനുള്ള സാധ്യത സങ്കല്പിക്കാൻ അവർക്ക് കഴിയില്ല. ഇനി അമേരിക്കൻ ചാരക്കഥകൾ എടുത്താൽ അതിലും നായകൻ എന്ന സങ്കല്പം സമാനമായ രീതിയിൽ ഉള്ളവയായിരിക്കും.

ഓരോ കൂട്ടായ്മയ്ക്കും വിശുദ്ധവും അശുദ്ധവുമായ ചിഹ്നങ്ങളും മൂല്യങ്ങളും അതിനനുസരിച്ച പെരുമാറ്റശീലങ്ങളും അർത്ഥങ്ങളും ഉണ്ടായിരിക്കാം. അത് സമൂഹത്തിൽ നിന്ന് പഠിച്ചെടുക്കുന്നതാണ്. നായക-നായികാ-പ്രതിനായക സങ്കല്പങ്ങൾ അങ്ങനെ എല്ലാം രൂപപ്പെടുന്നത് ഈ ഘടനയെക്കുറിച്ചുള്ള അവരവരുടെ കൂട്ടായ്മയിലെ സങ്കല്പങ്ങൾക്കകത്ത് നിന്നുകൊണ്ടാണ്.

ഇന്ത്യൻ മുഖ്യധാര വിശ്വാസങ്ങളുടെ ഭാഗമായ ഐതിഹ്യ കഥകൾ നിലനിർത്തുന്നതും പുനരുല്പാദിപ്പിക്കുന്നതുമായ മൂല്യ ബോധങ്ങളും അർത്ഥങ്ങളും ഇതിന് സമാനമായി ഇവിടെ നിലനിൽക്കുന്ന ശുദ്ധ അശുദ്ധ സങ്കല്പങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്. ഈ മാതൃകകൾ ഇന്ത്യൻ സിനിമകളുടെ കഥാഘടനകളിലും സ്വാഭാവികമായി ഉൾച്ചേർന്നിട്ടുണ്ട്.

ഒരിക്കലും സാധ്യമല്ലാത്ത അമാനുഷികമായ കഥാപാത്രങ്ങളെത്തന്നെ സങ്കല്പിക്കാൻ കഴിയുമെങ്കിലും പഠിച്ചുവച്ച മൂല്യ സങ്കല്പങ്ങൾക്കും അതിനനുസരിച്ച വ്യവസ്ഥിതിക്കും പുറത്തുള്ള കഥാപാത്രങ്ങളെ സങ്കല്പിക്കാൻ പൊതുവിൽ മനുഷ്യർക്ക് കഴിയാറില്ല.

അഗ്നിക്കും വെടിയുണ്ടകൾക്കും അനേകം ആയുധങ്ങൾക്കും നശിപ്പിക്കാൻ കഴിയാത്ത മനുഷ്യനെ സങ്കല്പിക്കാൻ കഴിയുമെങ്കിൽ അധികാരമുള്ള ഒരു കീഴാളനെ സങ്കല്പിക്കാനുള്ള മുഖ്യധാരയുടെ പരിമിതിയെ ആണ് ലേഖകൻ പരിശോധിക്കുന്നത്.

ഇന്ത്യൻ മിത്തുകളുടെ സവിശേഷത അതിന്റെ ഘടന സമൂഹത്തിലെ ഘടനയെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്. അതായത്. അധികാരം, സ്വത്തുടമസ്ഥത, അവസരങ്ങളിലേക്കുള്ള സ്വാതന്ത്ര്യം, സ്വീകാര്യത എന്നിവയൊക്ക ഒരു പ്രത്യേക രീതിയിൽ തട്ടുകളായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നവയാണ്.

ഈ വിതരണക്രമം തടസപ്പെടുമ്പോഴാണ് ഇന്ത്യൻ മിത്തുകളിലെ നായകൻ അവതരിക്കുന്നത്. പാരമ്പര്യമായി അധികാരവും, സമ്പത്തും ലഭ്യമായി വരുന്ന വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായ ആളുകൾക്ക് ഇവയെല്ലാം ലഭ്യമാകാൻ തുടങ്ങുമ്പോൾ ഈ സാമൂഹിക ക്രമം അസ്വസ്ഥമാവുകയും അതിനെ പഴയ രീതിയിലേക്കാക്കാൻ നായകൻ അവതരിക്കുകയും ചെയ്തുന്നു.

ഇന്ത്യൻ സാമൂഹ്യ ജീവിതത്തിൽ മനുഷ്യർ നിരന്തരം പരിശീലിച്ചുപഠിക്കുന്നതും ഈ സാമൂഹിക ക്രമം സംരക്ഷിക്കാനാണ്. എമിൽ ദ്ർഖീം സൂചിപ്പിച്ചത് പോലെ. ഇന്ത്യൻ സമൂഹത്തിന്റെ വിശുദ്ധമായ മൂല്യങ്ങൾ ഈ തട്ടുകളായി വിതരണം ചെയ്യപ്പെട്ട അധികാരത്തിന്റെയും സ്വത്തുടമസ്ഥതയുടെയും ക്രമത്തെ സംരക്ഷിക്കാൻ വേണ്ടി നിലനിൽക്കുന്നതാണ്.

അതുകൊണ്ടു തന്നെ ഒരു അമാനുഷികനായ ശക്തിയെ ഇന്ത്യയ്ക്കകത്ത് സംരക്ഷിക്കപ്പെടുന്നതായി ജനങ്ങൾ സങ്കല്പിച്ചാൽ പോലും അത് നമ്മൾ ഒരിക്കലും കണ്ട് പരിചയിച്ചിട്ടില്ലാത്ത രീതിയിൽ ശക്തനാണെങ്കിൽ കൂടിയും ഈ ഘടനയെ സംരക്ഷിക്കുന്ന കാര്യത്തിൽ വ്യത്യസ്തത ഉണ്ടാകാൻ സാധ്യതയില്ല. കാരണം ജനങ്ങൾ അത് ജീവിച്ചു ശീലിച്ചു പഠിക്കുന്നതാണ്.

ജോർജിയൻ ഫിൽമോഗ്രഫിയുടെ സവിശേഷത

ഭാഷയുടെ അടിസ്ഥാന സ്വഭാവം ചെറു ഘടകങ്ങൾ കൂടിചേർന്ന വലിയ ഘടന ആയിട്ടുള്ള അതിന്റെ നിലനില്പാണെന്ന് നിർവചിച്ച ഫെർഡിനാൻഡ് ഡി സോഷറുടെ ഘടനവാദം സമൂഹ ശാസ്ത്രത്തിൽ പ്രയോഗിച്ചയാളാണ് ലെവിസ് ട്രോസ്.

Claude Lévi-Strauss was a French anthropologist and ethnologist
ലെവിസ് ട്രോസ് Screen-grab, Copyrights: wikipedia

വാക്കുകൾക്ക് ഒറ്റക്ക് സവിശേഷമായ അർത്ഥം ഉല്പാദിപ്പിക്കാൻ കഴിയില്ലെന്നും മറിച്ച് വാക്കുകൾ ഒരു പ്രത്യേക സമയത്ത് അനേകം ഘടകങ്ങൾ ഉൾച്ചേർന്ന ഒരു വലിയ ഘടനയിലെ പരസ്പരം താരതമ്യം ചെയ്യാവുന്ന അർത്ഥങ്ങൾ ഉള്ളവയാണെന്നും സോഷർ നിർവചിച്ചു. അതിനെ സമൂഹത്തിലെ ഘടനവാദത്തിലേക്ക് വിളക്കിച്ചേർക്കുകയാണ് ലെവിസ് ട്രോസ് ചെയ്തത്. ഈ അർത്ഥങ്ങൾ സമൂഹത്തിലെ ഘടനാപരമായ ബന്ധങ്ങൾക്ക് സമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ദളിത് ജാതി നാമങ്ങൾ തെറിയുടെ അർത്ഥം ഉല്പാദിപ്പിക്കുന്നത് ഈ ഘടനയുടെ പരസ്പര ബന്ധം കൊണ്ടാണ്. എന്നാൽ സവർണ നാമങ്ങൾ മറിച്ചു സ്വീകാര്യത ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതാണ് ലെവിസ്ട്രോസ് വിശദീകരിച്ചതിന്റെ ഏറ്റവും ചെറിയ ഉദാഹരണങ്ങൾ.

ലെവിസ് ട്രോസിന്റെ നിർവചനപ്രകാരം ലോകത്തെയല്ലായിടത്തെയും മിത്തുകൾക്കുള്ളിൽ ഇത്തരത്തിലുള്ള അനേകം ചെറു ഘടകങ്ങൾ ഉണ്ട്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഈ ചെറുഘടകങ്ങൾ ഉൾച്ചേർന്ന വലിയ ഘടനയാണ് മിത്തിന് ആകെമൊത്തം ഒരു അർത്ഥം ഉല്പാദിപ്പിക്കുന്നത്.

ചെറു ഘടകങ്ങൾ ഉൾച്ചേർന്ന വലിയ ഘടനയായി നിലനിൽക്കുമ്പോൾ മാത്രമേ ഓരോന്നിനും പ്രത്യേക അർത്ഥങ്ങൾ ഉണ്ടാകുന്നുള്ളൂ. ഈ ചെറുഘടകങ്ങളെ ലെവിസ് സ്ട്രോസ് മിതീംസ്  എന്നാണ് നിർവചിച്ചത്. ലോകത്തിലെ എല്ലാ മിത്തുകൾക്കും ഇത്തരം ചെറു ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം നിലനിൽക്കുന്നു.

കെ ജി ജോർജിൻ്റെ സിനിമകളും സ്‌ട്രോസിൻ്റെ മിതീംസും തമ്മിൽ എന്താണ് ബന്ധമെന്ന് സ്വാഭാവികമായും വായനക്കാർക്ക് സംശയമുണ്ടായേക്കാം. ആ ബന്ധം ഇന്ത്യൻ സിനിമകൾ ഇന്നാട്ടിലെ മിത്തുകളുടെ അതേ ഘടനാപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ് എന്നതാണ്.

ലോകത്തെ മിത്തുകൾ രൂപപ്പെട്ടിരിക്കുന്നത് പരസ്പരം വൈരുദ്ധ്യങ്ങളും സമാനവുമായ ചെറു ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കൊണ്ടാണെന്ന ലെവിസ്ട്രോസിന്റെ ബൈനറി ഓപ്പോസിറ്റുകൾ എന്ന സങ്കൽപം പൂർണമായും ഇന്ത്യൻ മിത്തുകളിലും സിനിമകളിലും കാണാനാകും.

നായകൻ-പ്രതിനായകൻ പലപ്പോഴും സമാനമായ ഘടകങ്ങളും വിരുദ്ധങ്ങളായ ഘടകങ്ങളും ആകാം. നായകൻ എന്നാൽ നന്മയും പ്രതിനായകൻ തിന്മയും. അതുപോലെ നായകൻ ശക്തനും നായിക ദുർബലയും ആയിരിക്കും. രണ്ടുപേരും കുലീനരും നന്മയുള്ളവരുമായിരിക്കും. ശക്തനായ നായകന്റെ അയാളെക്കാൾ ദുർബലനായ കീഴാളനായ സുഹൃത്ത്.

പ്രതിനായകൻ അധികാരമില്ലാത്ത പൈശാചിക ഗുണമുള്ളയാളാണെങ്കിൽ നായകൻ സവർണനും പ്രതിനായകൻ കീഴാളനും ആയിരിക്കും. ഇനി നായകൻ കീഴാളനാണെങ്കിൽ അയാൾ അതിദാരുണമാം വിധം ദുർബലനും പ്രതിനായകന്റെ ആക്രമണങ്ങൾക്ക് വിധേയപ്പെടുന്നവനുമായിരിക്കും. നന്മയുള്ള കുലീനരല്ലാത്ത സ്ത്രീകൾ മിക്കവാറും പൈശാചിക സ്വഭാവമുള്ളവരായിരിക്കും.

ഡിസേബിൾഡ് ആയ ശരീരങ്ങൾ പൈശാചികരായിരിക്കും. നേരെ എതിർവശത്ത് ഏബിൾഡ് ആയവർ നന്മയുള്ളവർ ആയിരിക്കും. സിനിമ മിക്കവാറും ആസ്വാദ്യകരമാകുന്നത് ഈ ചെറുഘടകങ്ങൾ എല്ലാം ഈ ബൈനറി ഓപ്പോസിറ്റുകളായി പരസ്പര ബന്ധം ഉണ്ടാകുമ്പോഴാണ്. ചിലപ്പോൾ സമാനമായും മറ്റു ചിലപ്പോൾ വിപരീതമായും ഈ ഘടകങ്ങൾ ആകെമൊത്തം വ്യവസ്ഥയ്ക്ക് അല്ലെങ്കിൽ കഥയ്ക്ക് ഒരു അർത്ഥം ഉത്പാദിപ്പിക്കുകയും ആസ്വാദ്യകരമാകുകയും ചെയ്യും.

ഏതൊക്കെ ഈ ബൈനറി ഓപ്പോസിറ്റുകളായ ചെറുഘടകങ്ങൾ അടുക്കി വച്ചാലും മുൻപ് സൂചിപ്പിച്ച ഇന്ത്യൻ സമൂഹത്തിന്റെ ഘടനാപരമായ സ്വഭാവം അതിൽ കാണാനാകും. അധികാരവും, വിഭവങ്ങളും, സ്വീകാര്യതയും, അവസരങ്ങളിലേക്കുള്ള സ്വാതന്ത്ര്യവും എല്ലാം കഥാപാത്രങ്ങൾക്കിടയിൽ തട്ടുകളായി വിതരണം ചെയ്യപ്പെട്ടവയായിരിക്കും. ആ ക്രമത്തിന് സിനിമയുടെ കഥാഗതിയ്ക്കകത്ത് ഒരു മാറ്റവും വരുകയില്ല.

ഇന്ത്യൻ സാമൂഹിക ഘടനയുടെ സവിശേഷതയ്ക്ക് സമാനമായി മിത്തുകളിലും സിനിമകളിലും കഥാപാത്രങ്ങളുടെ അധികാരവും ഈ സമാനമായ മാതൃകയിൽ രൂപപ്പെട്ടതായിരുന്നു. അംബേദ്കറൈറ് സ്കൂളിൽ നിന്നുള്ളവരുടെ സിനിമകൾ ഏത് രീതിയിൽ ആണ് ഈ മാതൃകകളെ പുനർനിർമ്മിക്കുന്നത് എന്ന് മുൻ ലേഖനത്തിൽ അത് വിശദമാക്കിയിട്ടുണ്ടായിരുന്നു.

കഥാപാത്രങ്ങൾക്ക് മറ്റുള്ളവരുടെ എതിർപ്പിനെ മറികടക്കാൻ കഴിയുന്നതിന്റെ സാദ്ധ്യതകൾ എങ്ങനെയാണ് ബൈനറി ഓപ്പോസിറ്റുകളായി മുഖ്യധാരാസിനിമകളിൽ രൂപപ്പെടുന്നത് എന്നായിരുന്നു ആ ലേഖനത്തിൽ  പരിശോധിച്ചത്. അധികാരം എന്ന ഘടനയെ മാത്രമാണ് അവിടെ പരിശോധിച്ചതെങ്കിൽ ഈ ലേഖനത്തിൽ അത് കുറച്ചുകൂടി ഘടകങ്ങളെ ഉൾച്ചേർത്ത് പരിശോധിക്കേണ്ടതായി വരും.

ഇങ്ങനെ തുടക്കം മുതൽ ഇപ്പോൾ വരെ മലയാള സിനിമകളുടെ ഘടനയും മിത്തുകളുടെ ഘടനക്ക് സമാനമായ രീതിയിൽബൈനറി ഓപ്പോസിറ്റായ അനേകം ഘടകങ്ങൾ ഉൾച്ചേർന്നവയാണ്. മിത്തുകൾ അനേകം സഹസ്രാബ്ദങ്ങളോളം നമ്മുടെ സമൂഹത്തിൽ പുനരുല്പാദിപ്പിച്ച മൂല്യാവബോധങ്ങളും അർത്ഥങ്ങളും ഒരു പോറൽപോലുമേൽക്കാതെ അനേക കാലങ്ങളോളം നിലനിന്നു.

സഹസ്രാബ്ദങ്ങളോളം ശക്തമായി നിലനിന്ന സാമൂഹ്യ ഘടനയും അതിനെ ബലപ്പെടുത്തിയ അർത്ഥങ്ങളുത്പാദിപ്പിക്കുന്ന മിത്തുകളും ആധുനിക സമൂഹത്തിൽ സിനിമകളായി പുനരവതരിച്ചു. ഇവ രണ്ടും പരസ്പരം പ്രവർത്തിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. സാമൂഹിക ഘടന ഒരു വശത്ത് പുനരുല്പാദിപ്പിക്കപ്പെടുകയും അതിനനുസരിച്ച മൂല്യബോധങ്ങൾ ശക്തമാകുകയും ചെയ്യുമ്പോൾ ആധുനിക കലാസാഹിത്യ രൂപമായ സിനിമകൾ ഈ സങ്കല്പങ്ങളെ ഉൾക്കൊള്ളുകയും പുനരുല്പാദിപ്പിക്കുകയും ചെയ്തു.

എന്നാൽ കെ ജി ജോർജിന്റെ സിനിമകൾ മിക്കവാറും ഇത്തരം അർറ്റ്ഥങ്ങൾ ഉത്പാദിപ്പിച്ച ചെറുഘടകങ്ങൾ ഉൾച്ചേർന്ന വ്യവസ്ഥകൾ തകർക്കുകയും പുതിയൊരു ക്രമത്തെ സങ്കല്പിച്ചെടുത്തവയുമായിരുന്നു.

List of Kg George Films
കെ ജി ജോർജിന്റെ സിനിമകളുടെ പോസ്റ്ററുകൾ Screen-grab, Copyrights: Wikipedia & IMDB

കുലീനരായവരെന്ന് ഇന്ത്യൻ സാമൂഹിക ഘടന വിശ്വസിച്ചിരുന്നവരെ പൈശാചികരായും, പൈശാചികരെന്ന കരുതിയിരുന്നവരെ ധാർമികരായും കെ ജി ജോർജ് വരച്ചുകാട്ടി. ഇരകൾ, മറ്റൊരാൾ എന്നീ സിനിമകൾ കുലീനരായ കുടുംബങ്ങളുടെ വാർപ്പ് മാതൃകകളെ പൊളിച്ചു കളഞ്ഞവയായിരുന്നു.

കുലീനരും അധികാരി വർഗവുമായിരുന്ന കക്ഷി രാഷ്ട്രീയക്കാരുടെ സ്റ്റേറ്റുമായുള്ള ബന്ധം മറ്റൊരു കാഴ്ചയിലൂടെ നോക്കിക്കണ്ട സിനിമയായിരുന്നു പഞ്ചവടിപ്പാലം. ഈ കണ്ണികൂടി, ആദാമിന്റെ വാരിയെല്ല്, സ്വപ്‌നാടനം, മേള, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഇവയെല്ലാം എല്ലാകാലത്തെയും ഇന്ത്യൻ മിത്തുകളുത്പാദിപ്പിച്ച അർത്ഥങ്ങളെ പൊളിച്ചു കളയുന്നവയും പുതിയൊരു വ്യവസ്ഥയെ സങ്കല്പിക്കുന്നവയുമായിരുന്നു.

ഈ കണ്ണികൂടി എന്ന സിനിമയിൽ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. പല ജീവിത സാഹചര്യങ്ങൾ കൊണ്ട് അവർ അങ്ങനെ ഒരു തൊഴിലിൽ എത്തുന്നുണ്ടെങ്കിലും കഥയിൽ അവർ സ്വന്തം താല്പര്യങ്ങൾ നടപ്പാക്കുന്ന വ്യക്തിത്വമുള്ള ഒരാളായി മിക്കപ്പോഴും നമുക്ക് കാണാനാകും.

അവർ ചിത്രരചനയിലും കലയിലും എഴുത്തിലും വായനയിലും എല്ലാം താല്പര്യമുള്ള ഒരാളായി തുടക്കം തന്നെ നമുക്ക് മനസ്സിലാക്കിത്തരുന്നു. ലൈംഗിക തൊഴിലാളി എന്നുള്ള നിലയിൽ ആയിരിക്കുമ്പോൾ തന്നെ അവരുടെ വ്യക്തിത്വത്തിനെ എഴുത്തുകാരൻ ശക്തിപ്പെടുത്തുന്നത് അങ്ങനെയാണ്. പലപ്പോഴും സാഹചര്യങ്ങൾ അവരെ പ്രശ്നത്തിലാക്കുന്നുണ്ടെങ്കിലും തന്നോട് ഇടപഴകുമ്പോൾ മറ്റുള്ളവരുമായി അവർ ഇടപെടുന്നത് അധികാരം പ്രയോഗിച്ചുകൊണ്ട് തന്നെയാണ്.

മറ്റൊരാൾ എന്ന സിനിമ പാരമ്പര്യമായ കുലീന കുടുംബ പശ്ചാത്തലത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അനാഥത്വവും പരിഗണയില്ലായ്മയും അതിനെ മറികടക്കുന്ന നായികയെയും ചിത്രീകരിക്കുന്നു. ഒരുപക്ഷെ തിരഞ്ഞെടുപ്പുകൾ അവരെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കുന്നില്ലെങ്കിൽപോലും അതിനെ മോശമായ ഒന്നായിട്ടല്ല സിനിമ വരച്ചുവക്കുന്നത് മറിച്ച് അവരുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ പ്രധാനമായി കണ്ടുകൊണ്ടാണ്.

മേള എന്ന സിനിമ ഒരു ഉയരം കുറഞ്ഞ ഒരു സർക്കസ് കലാകാരന്റെ കഥയാണ് പറയുന്നത്. മെച്ചപ്പെട്ട വരുമാനവും അധികാരവും തിരഞ്ഞെടുപ്പുമുള്ള ഒരു വ്യക്തിയാണ് മേളയിലെ നായകൻ. അയാൾക്ക് തിരഞ്ഞെടുപ്പുകളുണ്ട്. അയാൾ മെച്ചപ്പെട്ട ഒരു മനുഷ്യനാണ്. അയാളെ ആഗ്രഹിക്കുന്നവർ അയാൾക്ക് ചുറ്റുമുണ്ട്.

ഇരകൾ എന്ന സിനിമയിലെ കീഴാള സ്ത്രീ ആയ നിർമലക്ക് മാത്രമാണ് ബേബിയെ നിയന്ത്രിക്കാൻ കഴിയുന്നത്. അയാളോട് കൃത്യമായി അഭിപ്രായം പറയുവാനും തന്റെ താല്പര്യങ്ങൾ നടപ്പാക്കുവാനും ആ കഥാപാത്രത്തിന് കഴിയുന്നുണ്ട്.

ആദാമിന്റെ വാരിയെല്ല് എന്ന സിനിമയുടെ നട്ടെല്ല് വിവിധ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ എങ്ങനെ സ്വയം തിരഞ്ഞെടുപ്പുകളിലേക്ക് എത്തുന്നു എന്നതാണ്.

ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് സിനിമ മേഖലയിലെ ചതിക്കുഴികളിൽപ്പെട്ടുപോകുന്ന ഒരു സ്ത്രീ അവളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ട് വളരെ മികച്ച ഒരു നടിയായി സ്വയം മുന്നോട്ട് വരുന്നതാണ്.

ഇങ്ങനെ കുറച്ചു സിനിമകളുടെ കഥ ഘടന പരിശോധിക്കുമ്പോൾ തന്നെ കഥാപാത്രങ്ങളുടെ സ്വാഭിമാനം സമൂഹത്തിന്റെ ഘടനാപരമായ സവിശേഷതകളെ പൊളിക്കുന്നതാണെന്ന് ബോധ്യമാകും.

അങ്ങനെ ആയിരിക്കുമ്പോൾ തന്നെയും അദ്ദേഹത്തിന്റെ സിനിമയുടെ ആസ്വാദന നിലവാരത്തെ അതൊരല്പം പോലും താഴ്ത്തിയില്ലെന്നും മറിച്ച് ആ ക്രാഫ്റ്റ്സ്മാൻ്റെ കയ്യൊപ്പ് അവിടെയെല്ലാം ഉണ്ടായിരുന്നുവെന്നും നാം ഓർക്കേണ്ടി വരും. വിശേഷിച്ചും ഇതിൽ പല സിനിമകളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനവും നിലനിൽക്കുന്നുണ്ട് എങ്കിൽപ്പോലും ഈ സിനിമകൾ അവരെ ആത്മാഭിമാനമുള്ളവരും തീരുമാനം നടപ്പാക്കാൻ ശേഷിയുള്ളവരുമായി ചിത്രീകരിച്ചു.

സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഥാപാത്രങ്ങളുടെ സാധ്യതയെയും സമ്പത്തുണ്ടാക്കാനുള്ള സാധ്യതകളിലേക്കുള്ള അവരുടെ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യവും എല്ലാം സാമൂഹിക സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കെ ജി ജോർജ് മറ്റുള്ളവർക്ക് സമാനമായി തടഞ്ഞു നിർത്തിയിട്ടില്ല. അത് പുതിയൊരു തരം സാമൂഹിക ഭാവനയായിരുന്നു. പലപ്പോഴും നന്മ തിന്മകളും ശരിയും ശരികേടുകളും കൊണ്ട് വളരെ അവ്യക്തമായ അനേകം സാദ്ധ്യതകൾ തുറക്കുന്ന അദ്ധ്യായങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ സാഹിത്യം മുഴുവനും.

കെ ജി ജോർജ് എന്ന തിരുത്തൽ വാദി

മനുഷ്യർക്ക് അസാധ്യമായത് ചെയ്യുന്നതിനെയാണ് അതിമാനുഷികർ എന്ന് വിളിക്കുക. പറക്കാൻ കഴിവുള്ള മനുഷ്യനെ സങ്കല്പിക്കാൻ കഴിഞ്ഞാലും ഒരു കീഴാളനെ അധികാരമുള്ളയാളായും സാമ്പത്തിക സ്വാതന്ത്ര്യമുള്ള ആളായും സങ്കല്പിക്കാനാവാത്ത മുഖ്യധാരാ സമൂഹമാണ് ഇവിടെ ഉണ്ടായിരുന്നത് വിശേഷിച്ചും ഇന്ത്യൻ സമൂഹം. തന്റെ ജീവിത പരിസരങ്ങളിലും നിന്നും ചുറ്റുപാടുകളിൽ നിന്നും പഠിച്ചെടുക്കുന്ന അർത്ഥങ്ങളെ പൊളിച്ചു പുതിയവയെ സങ്കല്പിച്ചെടുക്കുക എന്നത് ഒരു സൂപ്പർ ഹീറോ എടുക്കുന്നതിനേതാക്കൾ ശക്തമായ പ്രവർത്തനമാണ്. സ്വയം തിരുത്തലാണ്.

മനുഷ്യരിൽ സവിശേഷ അധികാരത്തിന്റെ അനുഭവങ്ങളിലൂടെ ഖനീഭവിച്ചിരിക്കുന്ന അറിവുകളെ പൊളിച്ചുകളഞ്ഞു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ലോകത്തെ സങ്കല്പിച്ചെടുക്കാൻ ശ്രമിച്ചയാളാണ് ലേഖകനെ സംബന്ധിച്ച് കെ ജി ജോർജ്.

അധികാരം, സ്വത്തുടമസ്ഥത, അവസരങ്ങളിലേക്കുള്ള സാദ്ധ്യതകൾ അഭിമാനം എന്നീ ഘടകങ്ങളിലെല്ലാം എവിടെ നിന്ന് വരുന്ന കഥാപാത്രങ്ങളോടും നീതിപുലർത്തിയ ഒരാളാണ് അദ്ദേഹം. അതുവഴി നിലനിന്ന വ്യവസ്ഥിതിയെ പുതിയ രീതിയിൽ സങ്കല്പിക്കാൻ സാധ്യമാണെന്ന് തെളിയിക്കാൻ ശ്രമിച്ച ഒരാളെന്ന നിലയിലാണ് കെ ജി ജോർജ് എന്ന കലാകാരനെ എപ്പോഴും ഓർക്കുവാൻ ലേഖകന് ഇഷ്ടം.

അവലംബം

FAQs

ആരാണ് കെ ജി ജോർജ്?

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സം‌വിധായകനായിരുന്നു കെ ജി ജോർജ്. വ്യത്യസ്തമായ പ്രമേയത്തിലൂന്നിയ അദ്ദേഹത്തിന്റെ ഒട്ടു മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രതിഭയെ സൂചിപ്പിക്കുന്നു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 സെപ്റ്റംബർ 24ന് അദ്ദേഹം  അന്തരിച്ചു.

ആരാണ് ഫെർഡിനാൻഡ് ഡി സോഷർ?

ആധുനികഭാഷാശാസ്ത്രത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ച സ്വിസ് ഭാഷാശാസ്ത്രജ്ഞനാണ് ഫെർഡിനാൻഡ് ഡി സോഷർ. 20-ആം നൂറ്റാണ്ടിൽ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങൾക്ക് അടിസ്ഥാനമായത് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്.

ആരാണ് ലെവിസ് ട്രോസ്?

ഫ്രഞ്ച് ഘടനാവാദചിന്തകരിൽപ്രമുഖൻ, നരവംശശാസ്ത്രജ്ഞൻ. വംശപഠിതാവ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു ലെവിസ് ട്രോസ്. ഘടനാവാദ രീതിശാസ്ത്രം ഉപയോഗിച്ച് മിത്തുകൾ, അനുഷ്ഠാനങ്ങൾ, വാമൊഴി വഴക്കങ്ങൾ, കുടുംബ- ബന്ധുത്വ വ്യവസ്ഥ, പ്രതീകത്മകമായ പ്രതിനിധീകരണ രീതികൾ എന്നിവയെപ്പറ്റി പഠിച്ച പണ്ഡിതനും ഗവേഷകനുമായിരുന്നു അദ്ദേഹം.

Quotes

ജീവിതത്തിലെ ദുരിതങ്ങളിൽ നിന്നുള്ള മോചനമാണ് വായന പകരുന്നത് – സോമർസെറ്റ് മോം

By അരവിന്ദ് ഇന്‍റിജനസ്

ഗവേഷകൻ, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി