Wed. Dec 18th, 2024
black bias in maternal death

ഡോ. അമാൻഡ വില്യംസ് പറയുന്നതനുസരിച്ച് മരണപ്പെട്ടവരുടെ നഴ്സിംഗ് കുറിപ്പുകളില്‍ ചികിത്സ തടസപ്പെടുത്തുന്നതിന്‍റെയോ ലാബ് ഫലങ്ങള്‍ മന്ദഗതിയിലാക്കാനുള്ള തെളിവുകളോ ഉണ്ടെങ്കില്‍ അത് വംശീയ പക്ഷപാതം നടന്നിരിക്കാമെന്ന സൂചനയായി കണക്കാക്കാം

മേരിക്കയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രസവസമയത്തുള്ള സ്ത്രീകളുടെ മരണനിരക്ക് മറ്റ് പല പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കൂടുതലാണെന്ന വസ്തുത കുറച്ച് ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും കറുത്തവംശജരായ സ്ത്രീകളിലാണ് ഈ ഉയർന്ന നിരക്ക് കാണുന്നതായും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ പുറത്തുവന്ന കണക്കുകള്‍ തന്നെ അമേരിക്കയ്ക്ക് പുതിയ വെളിച്ചം നല്‍കാന്‍ കാരണമായി മാറിയിരിക്കുകയാണ് ഇപ്പോള്‍

അമേരിക്കന്‍ ചരിത്രം ഇരുപതാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ രാജ്യത്തെ പ്രസവ സമയത്തുള്ള മരണങ്ങളില്‍ കുറവ് വന്നിരുന്നു. 1940-കളില്‍ പ്രസവ പരിചരണത്തില്‍ കാര്യമായ പുരോഗതിയാണ് അമേരിക്കയിലുണ്ടായത്, പ്രത്യേകിച്ച് സൾഫ മരുന്നുകളുടെയും ആന്‍റിബയോട്ടിക്കുകളുടെയും ഉപയോഗവും, രക്തപ്പകർച്ച നടത്തുന്നതിലും രക്തസമ്മർദ്ദം കൃത്യമായി നിരീക്ഷിക്കുന്നതിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. 

ഇതൊക്കെയാണെങ്കിലും, ഡോ. ഗ്രേസ് മേഗ്സിന്‍റെ റിപ്പോർട്ടിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്, അമേരിക്കക്കാർക്കിടയില്‍ പ്രസവ സമയത്തുള്ള സ്ത്രീമരണങ്ങള്‍, ലോകത്തിലെ മറ്റ് പല പ്രദേശങ്ങളേക്കാളും ഉയർന്ന നിരക്കിലാണെന്ന് മേഗ്സ് പ്രസ്താവിച്ചത് ഈ റിപ്പോര്‍ട്ടിലൂടെയാണ്. 2000 മുതൽ 2015 വരെ ആഗോളതലത്തിൽ പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞുവെങ്കിലും, അമേരിക്കയിൽ അതില്‍ കാര്യമായ വർദ്ധനവുണ്ടായി.

അതേപോലെ വംശീയമായ അസമത്വവും നിലനിൽക്കുന്നതായി കാണുന്നുണ്ട്. കറുത്തവർഗ്ഗക്കാരായ സ്ത്രീകൾക്ക് ഉയർന്ന വരുമാനമുണ്ടെങ്കിൽപ്പോലും, പ്രസവ സമയത്ത് വെളുത്ത വംശജരായ സ്ത്രീകളെ അപേക്ഷിച്ച് പ്രസവ സമയത്തുള്ള അവരിലെ മരണനിരക്ക് വളരെ ഉയര്‍ന്നതാണ്. 

ഗർഭച്ഛിദ്രാവകാശങ്ങൾ നിർത്തലാക്കിയുള്ള സുപ്രീം കോടതി വിധി, അമേരിക്കയില്‍ പ്രത്യുത്പാദന സംരക്ഷണത്തിനുള്ള നിയമം കർശനമായി പരിമിതപ്പെടുത്തുന്നതിലൂടെ പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണങ്ങള്‍ കൂടുതലായേക്കാം. രാജ്യത്ത് ഏറ്റവും ഉയർന്ന പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണ നിരക്കുള്ളത് ഗർഭഛിദ്ര നിരോധനങ്ങൾ ഏറെക്കുറെ പൂര്‍ണ്ണമായും നടപ്പിലാക്കിയ മിസ്സിസ്സിപ്പി പോലുള്ള സംസ്ഥാനങ്ങളിലാണ്.

abortion rights protes
അമേരിക്കയിലെ അബോര്‍ഷന്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ Screen-grab, Copyrights: Newyork Times

ഭീകരമായ വംശീയ അസമത്വം ഇപ്പോഴും നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ അവസാനിപ്പിക്കാമെന്നും മനസ്സിലാക്കുന്നതിനായി ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാൽ പ്രസവ സമയത്തുള്ള മരണങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ഏറെ അറിവുകള്‍ സ്വായത്തമാക്കാന്‍ അമേരിക്കന്‍ ജനതയ്ക്കായിട്ടുമുണ്ട്. എന്നിട്ടും അമേരിക്കയില്‍ അത്തരം മരണങ്ങള്‍ സംഭവിക്കുന്നു, ഇത് മരണങ്ങള്‍ തടയാനുള്ള നടപടികളില്‍ വന്ന വീഴ്ച തന്നെയാണ്.

ഫെഡറൽ ഡാറ്റ പ്രകാരം രാജ്യത്ത് പ്രസവ സമയത്തുള്ള സ്ത്രീമരണനിരക്ക് ഏറ്റവും കുറവുള്ളത് കാലിഫോർണിയയിലാണ്. മറ്റുള്ളയിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ മികച്ച രീതിയാണ് കാലിഫോര്‍ണിയയില്‍ കാര്യങ്ങള്‍ അവലംബിച്ചിരുന്നത്.

ഗർഭകാലത്തും പ്രസവസമയത്തും അതിനു ശേഷമുള്ള ഒരു വർഷം വരെയും സ്ത്രീകൾക്ക് -പ്രത്യേകിച്ച് കറുത്തവംശജരായ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കാലിഫോര്‍ണിയന്‍ മോഡല്‍. ഗതാഗതം മുതൽ ഭവനം വരെ ഗർഭിണികൾക്ക് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സേവനങ്ങൾ കാലിഫോര്‍ണിയയില്‍ പ്രസവാനന്തര സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കാലിഫോർണിയന്‍ മോഡൽ

കാലിഫോർണിയ എങ്ങനെ പുരോഗതി കൈവരിച്ചുവെന്ന് അടുത്തറിയുക എന്നതായിരുന്നു അമേരിക്കയുടെ മുന്നിലെ വഴി. കോവിഡ് സമയത്ത് കാലിഫോർണിയയിലെ പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണനിരക്ക് വളരെ ഉയർന്നതായിരുന്നു, ഈ സമയത്തെ രാജ്യത്തെ പൊതു അവസ്ഥയും ഇത് തന്നെയായിരുന്നു.എന്നാൽ കോവിഡ് ബാധിക്കുന്നതിന് മുമ്പുള്ള വർഷങ്ങളിൽ, പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണങ്ങള്‍ കുറയ്ക്കുന്നതിൽ കാലിഫോര്‍ണിയ കാര്യമായി വിജയിച്ചിരുന്നു. 

2019 ല്‍ അമേരിക്കയിലെ മുഴുവന്‍ പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണ നിരക്ക് ഒരു ലക്ഷത്തില്‍ 20.1 ശതമാനം എന്നതായിരുന്നു. പക്ഷേ ഇത് കാലിഫോര്‍ണിയയിലേക്ക് വരുമ്പോള്‍ 12.8 ശതമാനമായി കുറയുന്നുണ്ട്. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഈ കണക്ക് അല്പം പിന്നിലാണെങ്കിലും ഈ മാറ്റത്തെ ഒരു വസ്തുതയായി പരിഗണിക്കേണ്ടതുണ്ട്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേതുപോലെ വംശീയ അസമത്വം കാലിഫോർണിയയിലും നിലനിൽക്കുന്നുണ്ടെങ്കിലും, കോവിഡിന്‍റെ സമയം അത്തരം സമീപനങ്ങളില്‍ കാലിഫോര്‍ണിയയില്‍ വലിയ കുറവ് വന്നിട്ടുണ്ട്.

ഒരു ദശാബ്ദത്തിലേറെയായി ഈ വിഷയത്തിന്‍മേല്‍ കാലിഫോര്‍ണിയ പ്രവർത്തനമാരംഭിച്ചിട്ട്‌. 2006-ൽ, ആരോഗ്യവകുപ്പ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രസവ സമയത്തുള്ള സ്ത്രീകളുടെ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. അതേ വർഷം തന്നെ, മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് കാലിഫോർണിയ മെറ്റേണൽ ക്വാളിറ്റി കെയർ കൊളാബറേറ്റീവ് എന്ന പേരില്‍ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

കാലിഫോര്‍ണിയയിലെ ഒട്ടുമിക്ക ആശുപത്രികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതി സി-സെക്ഷൻ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാമ്പത്തിക ബോണസുകൾ നല്‍കുന്നതുപോലെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളും ഈ ആശുപത്രികള്‍ക്ക് നല്‍കുന്നുമുണ്ട്. അതുപോലെ ആശുപത്രികള്‍ തമ്മില്‍ ഡാറ്റകള്‍ പങ്കിട്ടുകൊണ്ടുള്ള പ്രവര്‍ത്തനരീതിയായിരുന്നു ഉണ്ടായിരുന്നത്. 

ഈ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ട്രെന്‍ഡുകള്‍ കൃത്യമായി മനസിലാക്കുന്നതിന് വളരെയേറെ സഹായിച്ചു. പ്രസവ സമയത്തെ സ്ത്രീമരണങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന്, ഡെലിവറി സ്യൂട്ടുകളിൽ “ഹെമറേജ് കാർട്ടുകൾ” ചേർക്കുന്നത് പോലെയുള്ള മാറ്റങ്ങളിലേക്കും ഇത് നയിച്ചു, തുടര്‍ന്ന് അമേരിക്കയിലെ മറ്റ് 35 സംസ്ഥാനങ്ങളും, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും, യുഎസ് വിർജിൻ ഐലൻഡ്സും സമാനമായ രീതിയില്‍ പ്രസവശേഷം ഒരു വർഷം മുഴുവൻ സ്ത്രീകൾക്കുള്ള പ്രസവാനന്തര ശുശ്രൂഷ ഉൾപ്പെടുത്തുന്നതിനായി മെഡിക്എയ്ഡ്  കവറേജ് വിപുലീകരിച്ചു.

ഫെഡറല്‍ നിയമമനുസരിച്ച്  ഈ കവറേജ് വിപുലീകരിക്കാൻ കഴിയുമെന്നതിനാൽ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും പ്രസവശേഷം ഒരു വർഷത്തേക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഇതുവഴി തേടാനാകും. കാലിഫോർണിയന്‍ മാതൃകയോ അല്ലെങ്കിൽ പ്രസവം സുരക്ഷിതമാക്കുന്നതിനുള്ള മറ്റ് തെളിയിക്കപ്പെട്ട മാർഗങ്ങളോ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങളിലെ എല്ലാ ആശുപത്രികളെയും ഉപദേശിക്കാനും ഇതിലൂടെ കഴിയുന്നു.

കാലിഫോർണിയയിലെ മാതൃമരണ അവലോകന സമിതി ഓരോ മരണത്തിനു പിന്നിലും വംശീയ പക്ഷപാതം  നടന്നിട്ടുണ്ടോ എന്നും കൃത്യമായി അന്വേഷിക്കുന്നുണ്ട്. പദ്ധതിയുടെ ഇന്നോവേഷൻ അഡ്വൈസർ ഡോ. അമാൻഡ വില്യംസ് പറയുന്നതനുസരിച്ച് മരണപ്പെട്ടവരുടെ നഴ്സിംഗ് കുറിപ്പുകളില്‍ ചികിത്സ തടസപ്പെടുത്തുന്നതിന്‍റെയോ ലാബ് ഫലങ്ങള്‍ മന്ദഗതിയിലാക്കാനുള്ള തെളിവുകളോ ഉണ്ടെങ്കില്‍ അത് വംശീയ പക്ഷാപാതം നടന്നിരിക്കാമെന്ന സൂചനയായി കണക്കാക്കാം.

amutah-photo
ഡോ. എൻഡിഡിയമാക അമുത-ഓനുകാഘ Screen-grab, Copyrights: ndidiamutahphd.com

ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ബ്ലാക്ക് മെറ്റേണൽ ഹെൽത്ത് പ്രൊഫസറായ ഡോ. എൻഡിഡിയമാക അമുത-ഓനുകാഘ തന്‍റെ അനുഭവങ്ങളിലൂടെ പറയുന്നത് ഇങ്ങനെയാണ്. ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്, മാതൃ ആരോഗ്യത്തിൽ ഒരു വിദഗ്ദ്ധയായിരിക്കുകയും എന്നാൽ പ്രസവസമയത്ത് വരുന്ന ചില അവഗണനകള്‍ സഹിക്കേണ്ടിയും വരുന്നത് ശരീരത്തിനു പുറത്ത് നില്‍ക്കുന്നൊരു കാര്യമാണ്.

മാഡിസണിലെ വിസ്‌കോൺസിൻ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറായ ഡോ. ടിഫാനി ഗ്രീൻ പറയുന്നത്, മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമം ആശുപത്രികളിൽ നിന്ന് നല്‍കുന്ന പരിചരണങ്ങളിൽ മാത്രമല്ല, അവര്‍ അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കറുത്തവംശജരായ സ്ത്രീകളില്‍. വംശീയ പക്ഷപാതം ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ലഭിക്കുന്ന പരിചരണത്തെ സാരമായി ബാധിക്കുന്ന സന്ദർഭങ്ങളിൽ ഫെഡറൽ പൗരാവകാശ നിയമം ഉപയോഗിക്കുന്നത്, അമേരിക്ക പരിഗണിക്കണമെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആരോഗ്യകരമായ ഗർഭധാരണങ്ങളും സുരക്ഷിതമായ പ്രസവങ്ങളും

പ്രസവ സമയത്ത് ആശുപത്രികളിൽ മെച്ചപ്പെട്ട പ്രോട്ടോക്കോളുകൾ പിന്തുടരുന്നത് മാതൃമരണങ്ങൾ കുറയ്ക്കുന്നതിനുള്ള തന്ത്രത്തിന്‍റെ പ്രധാന ഭാഗമാണ്. അമിതമായ പ്രസവാനന്തര രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണം, രക്തസ്രാവം തടയാൻ ആവശ്യമായ ഉപകരണങ്ങൾ രോഗിയുടെ അടുത്തേക്ക് കൊണ്ടുവരുന്ന ഹെമറേജ് കാര്‍ട്ടുകള്‍ ഡെലിവറി റൂമുകളിൽ ഉപയോഗിക്കുന്നത് നല്ലൊരു ഉപായമായി മാതൃമരണ സമിതി അഭിപ്രായപ്പെടുന്നു.

മാതൃമരണങ്ങളുടെ മറ്റൊരു പ്രധാന കാരണമായ പക്ഷാഘാതം തടയുന്ന മരുന്നുകൾ നൽകാൻ നഴ്സിംഗ് സ്റ്റാഫിനെ അനുവദിക്കുന്നതിന് സ്റ്റാൻഡിംഗ് ഓർഡർ നൽകുന്നത് മറ്റൊരു മികച്ച നടപടിയാണെന്ന് ഗവേഷകരും പരിശീലകരും പറയുന്നു. കൂടുതല്‍ നഴ്‌സ്മിഡ്‌വൈഫുകളെയും ഡൗലകളെയും ആശുപത്രികളിലേക്ക് എത്തിക്കുന്നതും ഈ അവസ്ഥയില്‍ സഹായകമാകും.

കൂടാതെ രേഖാമൂലമുള്ള ഉത്തരവിന് കാത്തിരിക്കുന്നതിനുപകരം വാക്കാലുള്ള സമ്മതം ഉപയോഗിച്ച് രക്തപ്പകർച്ചയ്ക്ക് അംഗീകാരം നൽകാനുള്ള നിയമവ്യവസ്ഥയും ആവശ്യമാണ് എന്ന് ഗവേഷകര്‍ പറയുന്നു. എന്നാൽ അമേരിക്കയിലുടനീളം, നഗരങ്ങളിൽ പോലും, ഈ രീതികൾ സ്വീകരിക്കുന്നത് വ്യാപകമായി വ്യത്യാസപ്പെടുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, പ്രതിവിധികൾ ആശുപത്രി പരിചരണത്തിനും അപ്പുറമാണ്. രാജ്യത്ത് ഗൈനക്കോളജിസ്റ്റുകളുടെയും മിഡ്‌വൈഫുകളുടെയും ദൗര്‍ലഭ്യത കൂടി പ്രസവ സമയത്തുള്ള മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 

വംശീയ അസമത്വം സങ്കീർണ്ണമായ പ്രശ്നമാണ്. അത് അവസാനിപ്പിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഈ പ്രശനം ഏറ്റവും ഫലപ്രദമായ രീതിയില്‍ പരിഹരിക്കുന്നതിനുള്ള  മാർഗങ്ങളെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്. 

അമേരിക്കയ്ക്ക് കൂടുതൽ രക്ത ദാതാക്കളെ, പ്രത്യേകിച്ച് കറുത്ത വംശജരായ ദാതാക്കളെ ആവശ്യമുണ്ട്. ഇത് വളരെ അടിയന്തര ആവശ്യമാണ്. കറുത്തവംശജരായ  ഡോക്ടര്‍മാര്‍ പരിചരിക്കുമ്പോൾ കറുത്ത വംശജരായ നവജാതശിശുക്കൾ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് 2020-ലെ ഒരു പഠനത്തെ ഉദ്ധരിച്ച് പല മാതൃ ആരോഗ്യ ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. കറുത്ത വംശജരായ ഡോക്ടര്‍മാരെ നിയമിക്കുന്നത് കറുത്ത വംശജരായവരുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ മാത്രമല്ല. അത് അവര്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കുന്നതിനും സഹായകമാകുമെന്നും പറയപ്പെടുന്നു.

വംശമനുസരിച്ചുള്ള ജനന ഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്കക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നത്. സ്ത്രീകളെ ഒരേ സമയം ശാക്തീകരിക്കുകയും അവര്‍ക്ക് വിവേകപൂര്‍വ്വം ഏത് ആശുപത്രിയില്‍ പ്രസവം നടത്തണമെന്ന തീരുമാനമെടുക്കാനും സഹായിക്കുന്നു. അതുപോലെ ആശുപത്രികള്‍ ഏതെല്ലാം കാര്യങ്ങളില്‍ മെച്ചപ്പെടേണ്ടതുണ്ട് എന്ന കാര്യത്തിലും വ്യക്തതയുണ്ടാകുന്നു.

maya rossin slator
മായ റോസ്സിന്‍ സ്ലേറ്റര്‍ Screen-grab, Copyrights: UCTV

മാതൃ-ശിശു ആരോഗ്യത്തിലെ വംശീയതയെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച സ്റ്റാൻഫോർഡിലെ പൊതുജനാരോഗ്യ പ്രൊഫസറായ ഡോ. മായ റോസിൻ-സ്ലേറ്ററിന്‍റെ അഭിപ്രായമനുസരിച്ച് വംശമനുസരിച്ചുള്ള മാതൃമരണ നിരക്കും രോഗാവസ്ഥയും സംബന്ധിച്ച ആശുപത്രിയിലെ വിവരങ്ങളും ആശുപത്രിയുടെ വരുമാനവും പരസ്യമായി ലഭ്യമല്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്.

കൂടുതൽ സാമൂഹിക സേവനങ്ങളും മെച്ചപ്പെട്ട പ്രസവാനന്തര പരിചരണവും

അമേരിക്കയിലെ  മാതൃമരണങ്ങളിൽ നാലിലൊന്നും പ്രസവം കഴിഞ്ഞ് ഒന്ന് മുതൽ ആറ് ആഴ്ചയ്ക്കിടയിലാണ് സംഭവിച്ചിട്ടുള്ളത്. മറ്റ് വികസിത രാജ്യങ്ങളെ  അപേക്ഷിച്ച് അമേരിക്കയിലെ പുതിയ അമ്മമാര്‍ക്കും അവരുടെ കുടുംബത്തിനും ആരോഗ്യ സംരക്ഷണം മുതല്‍ വാസസ്ഥലം വരെയുള്ള സാമൂഹിക സേവനങ്ങള്‍ ലഭിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരുന്നു.

ഇത് പ്രസവശേഷം ശുശ്രൂഷ തേടുന്നതിനെ സാരമായി ബാധിക്കുന്നുണ്ട്. ദാരിദ്ര്യത്തെ തുടര്‍ന്നുള്ള മാനസിക സമ്മർദം പ്രസവിക്കുന്നതിന് മുമ്പ് സ്ത്രീകളുടെ ശരീരത്തിന് ആയാസമുണ്ടാക്കും, പ്രത്യേകിച്ച് ഗർഭകാലത്ത് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കറുത്ത വംശജരായ അമേരിക്കൻ സ്ത്രീകളുടെ മാതൃമരണത്തിന്‍റെ മറ്റൊരു പ്രധാന കാരണമിതാണ്.

വാഷിംഗ്ടണിൽ നടന്നുകൊണ്ടിരിക്കുന്ന സംരംഭമായ ഇല്ലിനോയിയിലെ പ്രതിനിധി ലോറൻ അണ്ടർവുഡ് സ്പോൺസർ ചെയ്യുന്നമോംനിബസ്‘ നിയമനിർമ്മാണം നല്ലൊരു ആശയമാണ്. അതുവഴി ഒട്ടേറെ സഹായം നല്‍കാനും കഴിയും. പാക്കേജിൽ 13 ബില്ലുകൾ ഉൾപ്പെടുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഫെഡറൽ ഫുഡ് അസിസ്റ്റൻസ് പ്രോഗ്രാം ഡബ്ലിയുഐസിയുടെ യോഗ്യത വിപുലീകരിക്കാന്‍ സഹായിക്കുന്നതാണ്.

മറ്റൊന്ന് ഗർഭിണികൾക്കും പുതിയ അമ്മമാർക്കും പാർപ്പിടം, ഗതാഗതം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ നൽകാൻ സഹായിക്കുന്ന കമ്മ്യൂണിറ്റി സംഘടനകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ്. മറ്റൊരു ബിൽ തദ്ദേശീയരായ അമേരിക്കൻ സ്ത്രീകൾക്കിടയിൽ മാതൃ ആരോഗ്യത്തെക്കുറിച്ചുള്ള നിർണായക പഠനത്തിന് ധനസഹായം നൽകാനുള്ളതാണ്.

പുതിയ മാതാപിതാക്കൾക്ക് ശമ്പളത്തോടുകൂടിയ അവധി നിർബന്ധമാക്കുക എന്നതാണ് മറ്റൊരു പ്രധാന പദ്ധതി, 40 ല്‍ അധികം വരുന്ന മറ്റ് വികസിത രാജ്യങ്ങളിൽ ഈ ആനുകൂല്യം നല്‍കി വരുന്നുണ്ട്. ശമ്പളത്തോടുകൂടിയ അവധി മെച്ചപ്പെട്ട മാതൃ ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നതോടൊപ്പം, കുഞ്ഞുങ്ങളുടെ നല്ല പരിചരണത്തിനും ഉപകരിക്കുന്നു.

2004-ൽ കാലിഫോര്‍ണിയയില്‍ ഭാഗിക ശമ്പളമുള്ള കുടുംബ അവധി ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്തെ ശിശുമരണനിരക്ക് 12 ശതമാനം കുറഞ്ഞതായി പഠനം കണ്ടെത്തിയിരുന്നു. മാതൃമരണങ്ങൾ തടയുന്നതിന് സുസ്ഥിര ദേശീയ ഇടപെടല്‍ ആവശ്യമാണ്, കറുത്ത വംശജരും സ്വദേശികളുമായ സ്ത്രീകൾക്കിടയിൽ അവ തടയുന്നതിനുള്ള പ്രത്യേക കാമ്പെയ്‌നുകളും ഇതിന്‍റെ ഭാഗമായി നടക്കണം.

ഗർഭച്ഛിദ്രം ചെയ്യാനുള്ള അമേരിക്കക്കാരുടെ ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, സ്ത്രീകളുടെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള അടിയന്തിര ബോധം നിശിതമായിരിക്കേണ്ടതുണ്ട്. പകരം, ഭീകരാക്രമം പോലെ, ഗർഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട മരണങ്ങള്‍ അമേരിക്കയിലെ ജീവിതത്തിന്‍റെ ഒരു അംഗീകൃത സവിശേഷതയായി ഇന്ന് മാറിയിരിക്കുന്നു.

serena williams
സെറീന വില്യംസ് Screen-grab, Copyrights: WUSF News

ടെന്നീസ് താരം സെറീന വില്യംസ് 2017-ൽ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നൽകി ഏതാണ്ട് മരണമടഞ്ഞതുപോലുള്ള കഥകൾ അമേരിക്കയിലുടനീളമുള്ള കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ അനുഭവങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്.

2017-ൽ, ആരോഗ്യ മേഖലയിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനായി തന്‍റെ കരിയർ നീക്കിവച്ചിരുന്ന സെന്‍റര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ പ്രമുഖ ബ്ലാക്ക് എപ്പിഡെമിയോളജിസ്റ്റായ ഷാലോൺ ഇർവിംഗ്, മകളെ പ്രസവിച്ച് ആഴ്ചകൾക്ക് ശേഷം മരിച്ചു.

മോംനിബസ് നിയമനിർമ്മാണത്തിന്‍റെ സ്പോൺസർ പ്രതിനിധി അണ്ടർവുഡ്, ഡോ. ഇർവിംഗിനെ അടുത്ത സുഹൃത്തായിരുന്നു. ആൻ ഷുചാറ്റ്, മുൻ ആക്ടിംഗ് സിഡിസി ഡോ. ഇര്‍വിംഗിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തശേഷം ഇത് സംഭവിക്കാൻ പാടില്ലത്തതായിരുന്നു, എന്ന് അഭിപ്രായപ്പെട്ടിരുന്നു. ആ പ്രസംഗത്തില്‍ തന്നെ ആരോഗ്യ മേഖലയിലെ അസമത്വത്തെ സൂചിപ്പിക്കുന്ന വാക്കുകളും ഷുചാറ്റില്‍ നിന്നുണ്ടായി. 

ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പരിഭാഷ

FAQs

ആരാണ് ഗ്രേസ് മേഗ്സ്?

ശിശുമരണത്തെക്കുറിച്ചും മാതൃമരണത്തെക്കുറിച്ചും ഗവേഷണം നടത്തിയ അമേരിക്കൻ ഡോക്ടറാണ് ഗ്രേസ് ലിൻഡെ മേഗ്സ് ക്രൗഡർ. അവര്‍ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റകള്‍ ശേഖരിച്ച് അമേരിക്കയുമായി താരതമ്യപ്പെടുത്തുകയും പ്രായം കുറഞ്ഞ അമേരിക്കൻ സ്ത്രീകളുടെ മരണത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പ്രസവം എന്ന് അവർ കണ്ടെത്തുകയും ചെയ്തു.

ആരാണ് സെറീന വില്യംസ്?

ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നീസ് താരമാണ് സെറീന വില്യംസ്. മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരം. 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്.

എന്താണ് മോംനിബസ് ?

ഈ മെയ് മാസത്തിൽ അമേരിക്കയിലെ സെനറ്റർ കോറി ബുക്കറും പ്രതിനിധികളായ ലോറൻ അണ്ടർവുഡും അൽമ ആഡംസും ചേർന്ന് വീണ്ടും അവതരിപ്പിച്ച നിയമനിർമ്മാണ പാക്കേജിൽ മാതൃ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത 13 വ്യക്തിഗത ബില്ലുകൾ ഉൾപ്പെടുന്നു.

എന്താണ് പോസ്റ്റ്പാര്‍ട്ടം ഹെമറേജ് ?

പോസ്റ്റ്പാര്‍ട്ടം ഹെമറേജ് അഥവാ പ്രസവാനന്തര രക്തസ്രാവം (PPH) ഒരു പ്രസവചികിത്സ അടിയന്തരാവസ്ഥയാണ്. ഇത് മാതൃമരണത്തിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

Quotes

ജനങ്ങൾക്ക് വേണ്ടത് എന്താണെന്നത് വളരെ ലളിതമാണ്. വാഗ്ദത്തം പോലെ നല്ലൊരു അമേരിക്കയാണ് അവർക്ക് വേണ്ടത് – ബാർബറ സി ജോർദാൻ

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി