Sat. Jan 18th, 2025
Ima Market Manipur asia's biggest womens market

ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്. മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്ത്രീകൾ നടത്തുന്ന സ്റ്റാളുകളുണ്ട്‌

ണിപ്പൂരില്‍ വന്നിട്ട് രണ്ടാഴ്ച പിന്നിട്ടു. ഏതാണ്ട് എല്ലാ കലാപബാധിത പ്രദേശങ്ങളില്‍ പോകാനും ജനങ്ങളുമായി സംസാരിക്കാനും സാധിച്ചു. ഇംഫാല്‍ നഗരത്തിലൂടെ ഇതുവരെ സഞ്ചരിച്ചിട്ടില്ല. നാളെ കഴിഞ്ഞാല്‍ അടുത്ത ദിവസം തിരിച്ച് നാട്ടിലേയ്ക്ക് മടങ്ങും. അതുകൊണ്ട് തന്നെ ഇന്ന് ഇംഫാലില്‍ ഒന്ന് ചുറ്റിക്കറങ്ങാം എന്നുവെച്ചു.

ഞാന്‍ താമസിക്കുന്നത് തങല്‍ ബസാറിലാണ്. ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന, വ്യാപാരം ചെയ്യുന്ന പ്രധാന മാര്‍ക്കറ്റ് ആണിത്. ഹൈവേയില്‍ നിന്നും തങല്‍ ബസാറിലേയ്ക്ക് പ്രവേശിക്കുന്ന റോഡിൻ്റെ ഇടതുവശത്തായി രണ്ട് നില ബില്‍ഡിംഗ് ഉണ്ട്. കുക്കിയുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിങ്ങില്‍ ഉത്തരേന്ത്യക്കാരാണ് താമസിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മയ്തേയി ജനക്കൂട്ടം ആ ബില്‍ഡിങ്ങ് പിടിച്ചടക്കി. താമസക്കാരോട് നാല് മാസത്തെ വാടക നല്‍കി അവിടം വിട്ടുപോകാനും മുന്നറിയിപ്പ് നല്‍കി. ജീവിക്കാന്‍ വേണ്ടി മണിപ്പൂരിലെത്തിയ തൊഴിലാളികളാണ് അവിടുത്തെ താമസക്കാര്‍. രണ്ട്, മൂന്ന് ദിവസം കൊണ്ട് അവരെല്ലാം സാധനങ്ങളും പെറുക്കിയെടുത്ത് അവിടെ നിന്നും കുടിയിറങ്ങി. 

ima market manipur
ഇമ മാർക്കറ്റ് Copyright@Woke Malayalam

ഈ ബില്‍ഡിംഗ് കഴിഞ്ഞ് മുന്നൂറ് മീറ്ററോളം നടന്നാല്‍ ഇംഫാലിലെ ശ്രദ്ധാകേന്ദ്രമായ ഇമ മാര്‍ക്കറ്റില്‍ (അമ്മമാരുടെ മാര്‍ക്കറ്റ്) എത്തും. ഇമ മാര്‍ക്കറ്റ് വഴി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. ഏഷ്യയിലെ തന്നെ സ്ത്രീകള്‍ നടത്തുന്ന ഏറ്റവും വലിയ വിപണിയാണ് ഇമ മാര്‍ക്കറ്റ്.

നൂപി കെയ്‌തെൽ (സ്ത്രീകളുടെ മാര്‍ക്കറ്റ്) എന്നും ഇത് അറിയപ്പെടുന്നു. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ഇവിടെ വ്യാപാരം നടത്താന്‍ പറ്റൂ. പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന മാര്‍ക്കറ്റിലേയ്ക്ക് വ്യാപാരത്തിനായി പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. സാധനങ്ങള്‍ വാങ്ങാനും ചായ വില്‍ക്കാനും ചുമടെടുക്കാനും മാത്രമേ പുരുഷന്മാര്‍ക്ക് ഇമ മാര്‍ക്കറ്റിൻ്റെ  അകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ. 

മൂന്ന് കെട്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റില്‍ 5000 ത്തിലധികം സ്റ്റാളുകള്‍ ഉണ്ട്. അതിനര്‍ത്ഥം കുറഞ്ഞത് 5000 സ്ത്രീകള്‍ ഇമ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നു എന്നര്‍ത്ഥം. പച്ചക്കറികൾ, പഴങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, മത്സ്യം, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങൾ, പണം, പലഹാരങ്ങള്‍, വീട്ടുപകരണങ്ങൾ, മുള കൊണ്ടുള്ള കരകൗശലവസ്തുക്കൾ തുടങ്ങി ഒരു വിപണിയില്‍ വ്യാപാരത്തിലുള്ള എല്ലാ വസ്തുക്കളും ഇമ മാര്‍ക്കറ്റില്‍ കിട്ടും.

തകര ഷീറ്റ് മേഞ്ഞ മാര്‍ക്കറ്റ് കോൺഗ്രീറ്റ് കെട്ടിടമായത് 2016 ലെ ഭൂകമ്പത്തിന് ശേഷമാണ്. ജനുവരി മാസത്തില്‍ റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തത്തില്‍ മാർക്കറ്റ് കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. അതിനു ശേഷം രണ്ടു വർഷം എടുത്താണ് മാര്‍ക്കറ്റ് പുതിക്കി പണിതത്.

ima market imphal manipur
ഇമ മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന സ്ത്രീകൾ Copyright@Woke Malayalam

മാര്‍ക്കറ്റിൻ്റെ  ഒരു വശത്ത് മയ്തേയി പുരാണങ്ങളിലും സനമാഹിസം മതത്തിലും പ്രധാനപ്പെട്ട ദേവതകളിൽ ഒരാളായ കെയ്‌തെൽ ലൈറെംബിയുടെയും ഭര്‍ത്താവായ ലൈറെംബയുടെയും ക്ഷേത്രമുണ്ട്. വ്യാപാരത്തിൻ്റെയും വിപണികളുടെയും സ്ത്രീകളുടെയും സംരക്ഷകയാണെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന മയ്തേയി ഐതിഹ്യങ്ങളിലെ പ്രധാന ദേവതകളിൽ ഒരാളാണ് കീതൽ ലൈറെംബി.

 16-ാം നൂറ്റാണ്ടിലാണ് ഇമ മാര്‍ക്കറ്റ് സ്ഥാപിതമാവുന്നത്. 1533-ൽ മണിപ്പൂരിൽ നിർബന്ധിത തൊഴിൽ സമ്പ്രദായം (ലാലുപ്പ്-കബ തൊഴിൽ സമ്പ്രദായം) നിലനിന്നിരുന്നു. 17-60 വയസ്സിനിടയിൽ പ്രായമുള്ള മയ്തേയ് പുരുഷന്മാര്‍ നിർബന്ധമായും സൈനിക സേവനം ചെയ്തിരിക്കണം. മ്യാൻമാറിൻ്റെ അതിർത്തിയില്‍ കാവല്‍ നില്‍ക്കല്‍ ആയിരുന്നു പുരുഷന്മാരുടെ നിര്‍ബന്ധിത തൊഴില്‍.

ഇതോടെ കുടുംബത്തിൻ്റെ ചുമതല സ്ത്രീകളിലേയ്ക്ക് വന്നുചേര്‍ന്നു. ഉപജീവനത്തിനു വേണ്ടി സ്ത്രീകള്‍ നെയ്ത്ത്, കൃഷി തുടങ്ങിയ തൊഴില്‍ മേഖല തിരഞ്ഞെടുത്തു. നെയ്യുന്ന വസ്ത്രങ്ങളും കൃഷി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും വില്പന നടത്താന്‍ സ്ത്രീകള്‍ക്ക് ഒരു കേന്ദ്രീകൃത വിപണി ആവശ്യമായി വന്നു അങ്ങനെ രൂപപ്പെട്ടതാണ് ഇമ മാര്‍ക്കറ്റ്. 

വ്യാപാര കേന്ദ്രം എന്നതിലുപരി, മണിപ്പൂരിൻ്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ പങ്കാളികളാകാൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ഇമ മാര്‍ക്കറ്റ് പ്രധാന പങ്കുവഹിച്ചിരുന്നു. ചരിത്രപരമായ മീറ്റിങ്ങുകളുടെയും സാമൂഹിക-രാഷ്ട്രീയ ചർച്ചകളുടെയും കേന്ദ്രമായ ഇമ മാര്‍ക്കറ്റ് സമരങ്ങളുടെ കൂടി വേദിയാണ്.

കൊളോണിയല്‍ ഭരണത്തില്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പല ഭരണ പരിഷ്ക്കാരങ്ങള്‍ക്കെതിരെയും ഇമ മാര്‍ക്കറ്റിലെ സ്ത്രീകള്‍ നേരിട്ട് ഏറ്റുമുട്ടി. നൂപി ലാൻ (സ്ത്രീകളുടെ യുദ്ധം) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. 1904-ലും 1939-ലും ഇമാ മാര്‍ക്കറ്റിലെ സ്ത്രീകൾ ബ്രിട്ടീഷ് അധികാരികൾക്കെതിരെ പോരാട്ടം നയിച്ചു.

1904-ൽ, അന്നത്തെ പോലീസ് ഏജന്റിൻ്റെ  ബംഗ്ലാവ് പുനർനിർമ്മിക്കുന്നതിന് തടി കൊണ്ടുവരാൻ മണിപ്പൂരി പുരുഷന്മാരെ കാബോ താഴ്‌വരയിലേക്ക് അയക്കാനുള്ള കൊളോണിയൽ അധികാരികളുടെ ഉത്തരവിനെതിരെയാണ് ആദ്യ നൂപി ലാൻ പൊട്ടിപ്പുറപ്പെട്ടത്. അയ്യായിരത്തിലധികം സ്ത്രീകൾ പങ്കെടുത്ത സമരം ഒരാഴ്ച നീണ്ടുനിന്നു. കലാപത്തെ അടിച്ചമർത്തുന്നതിൽ ബ്രിട്ടീഷ് അധികാരികൾ വിജയിച്ചെങ്കിലും ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതരായി. 

1939-ൽ, ബ്രിട്ടീഷുകാരുടെ പിന്തുണയോടെ മാർവാഡി വ്യവസായികൾ മണിപ്പൂരിൽ നിന്ന് ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് പ്രാദേശിക അരി ഗണ്യമായി കയറ്റുമതി ചെയ്തതാണ് രണ്ടാമത്തെ നൂപി ലാൻ പോരാട്ടത്തിന് കാരണമായത്. വിളവെടുപ്പ് കാലമായിട്ടും മണിപ്പൂരിൽ ഇത് പട്ടിണി സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.

ബ്രിട്ടീഷ് നയത്തിനെതിരെ പ്രദേശത്തെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിച്ചിരുന്ന മണിപ്പൂരി സ്ത്രീകൾ തെരുവിലിറങ്ങിയപ്പോൾ, നിരായുധരായ സ്ത്രീകൾക്കെതിരെ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചുകൊണ്ടാണ് അധികാരികൾ പ്രതികരിച്ചത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ സ്ത്രീകള്‍ ധീരമായി പോരാടി. അവരിൽ കുറച്ചുപേർക്ക് പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടു.

പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നെങ്കിലും രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിൻ്റെ ഫലമായി ശമിച്ചു. ഈ പോരാട്ടത്തിൻ്റെ  സൂചകമായി എല്ലാ വർഷവും ഡിസംബർ 12 മണിപ്പൂരിൽ നൂപി ലാൻ ദിനമായി ആചരിക്കുന്നു.

2003-ൽ സംസ്ഥാന സർക്കാരിനെതിരെയും ആഴ്ചകളോളം നീണ്ടുനിന്ന സമരം സ്ത്രീകള്‍ നയിച്ചു. ഇമ മാര്‍ക്കറ്റില്‍  ഷോപ്പിംഗ് മാൾ നിർമ്മിക്കാനുള്ള സര്‍ക്കാരിൻ്റെ പദ്ധതിക്കെതിരെയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. ആഴ്ചകളോളം നീണ്ട ബഹുജന പണിമുടക്ക് സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിക്കുകയും സര്‍ക്കാരിന് പദ്ധതിയില്‍ നിന്നും പിന്മാറണ്ടതായും വന്നു. ഇപ്പോൾ പോലും രാഷ്ട്രീയമായും സാമ്പത്തികമായും മണിപ്പൂരില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള സ്ത്രീകളാണ് ഇമ മാര്‍ക്കറ്റ് നയിക്കുന്നവര്‍. 

തങല്‍ ബസാര്‍ റോഡില്‍ നിന്നും ഇമ മാര്‍ക്കറ്റിലേയ്ക്ക് കയറിയാല്‍ പിന്നെ വ്യാപാരികള്‍ സ്ത്രീകള്‍ മാത്രമാണ്. മാര്‍ക്കറ്റ് കെട്ടിടങ്ങള്‍ക്ക് അകത്തിരുന്നും പുറത്ത് റോഡ്‌ സൈഡില്‍ ഇരുന്നും സ്ത്രീകള്‍ കച്ചവടം നടത്തുന്നു. മയ്തേയി സ്ത്രീകളാണ് കച്ചവടക്കാരില്‍ ഭൂരിപക്ഷം. ഒന്നോ രണ്ടോ ശതമാനം പങ്ങല്‍ സ്ത്രീകള്‍ ഇമ മാര്‍ക്കറ്റിന് അകത്തിരുന്ന് കച്ചവടം നടത്തുന്നുണ്ട്. പുറത്ത് റോഡ്‌ സൈഡില്‍ കുറച്ച് നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീകളും കച്ചവടക്കാരായിട്ടുണ്ട്. വേഷവിധാനങ്ങളില്‍ നിന്നും ഉത്തരേന്ത്യക്കാരെ വേര്‍തിരിച്ചറിയാം. 

കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മിക്കവാറും ദിവസങ്ങളില്‍ മാര്‍ക്കറ്റ് അടഞ്ഞുകിടക്കും. തുറക്കുന്ന ദിവസങ്ങളില്‍ നല്ല തിരക്കാണ്. മാര്‍ക്കറ്റിനു പുറത്ത് നല്ല തിരക്കുണ്ട്. മാര്‍ക്കറ്റിൻ്റെ ഓരോ മൂലയിലും മണിപ്പൂർ  പോലീസിൻ്റെയും സൈന്യത്തിൻ്റെയും കാവലുണ്ട്.

meitei womens protest againest kukis at ima market imphal
ഇമ മാർക്കറ്റിലെ ചവിട്ടുപടിയിലിരുന്ന് കുക്കികൾക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ Copyright@Woke Malayalam

ഇമ മാര്‍ക്കറ്റിൻ്റെ ചവിട്ടുപടികളില്‍ ഇരുന്നുകൊണ്ട് സ്ത്രീകള്‍ പ്രതിഷേധ സമരത്തിലാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മയ്തേയി സ്ത്രീകള്‍ ഈ പടികളില്‍ ഇരുന്നുകൊണ്ട് കുക്കികള്‍ക്കെതിരെ വിവിധ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. ഉച്ചനേരം ആയതുകൊണ്ടാവാം മാര്‍ക്കറ്റിൻ്റെ അകത്ത് തിരക്ക് തീരെയില്ല. മാര്‍ക്കറ്റിൻ്റെ അകത്ത് വര്‍ണാഭമായ കാഴ്ചയാണ്.

സ്ത്രീകള്‍ നെയ്ത വിവിധ വര്‍ണങ്ങളിലുള്ള ഷാളുകളിലെയ്ക്കാണ് ആദ്യ കാഴ്ച പതിയുക. അവിടെ മൊത്തം നടന്നുകണ്ട് ഫോട്ടോകള്‍ എടുത്തു. ഷാള്‍ വാങ്ങാന്‍ ഓരോ സ്റ്റാളിലേയും സ്ത്രീകള്‍ നിര്‍ബന്ധിച്ചു. വേണ്ട എന്ന് പറഞ്ഞ് ഞാന്‍ അടുത്ത സ്റ്റാളുകളിലെ കാഴ്ചകളിലെയ്ക്ക് നടന്നു. ചില സ്ത്രീകള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മണിപ്പൂരി മാത്രം സംസാരിക്കുന്നവരായതിനാല്‍ എനിക്കും സ്ത്രീകള്‍ക്കും ഇടയില്‍ വലിയ തോതിലുള്ള കമ്മ്യൂണിക്കേഷനുകള്‍ ഒന്നും തന്നെ ഉണ്ടായില്ല.

പച്ചക്കറികള്‍ വില്‍ക്കുന്നവരില്‍ കുറച്ചു സ്ത്രീകള്‍ പങ്ങല്‍ മുസ്ലീങ്ങള്‍ ആണ്. മണിപ്പൂരികള്‍ പ്രധാനമായും കഴിക്കുക ഫോക്സ് നട്ട്, ഉരുളക്കിഴങ്ങ്, വെണ്ടക്ക, തക്കാളി, മണിപ്പൂരി മുളക്, പയറ്, വെള്ളരിക്ക, കാബേജ്, വാഴക്കൂമ്പ്, ഉണ്ണിത്തണ്ട് (വാഴപ്പിണ്ടി), വിവിധ തരം ഇലകള്‍, വഴുതന, താമരയുടെ വിത്ത്, തൊട്ടാവാടി, ചേമ്പ്, ചേമ്പിൻ്റെ തണ്ട്, കാരറ്റ്, മത്തന്‍ തുടങ്ങിയവയാണ്. മാർക്കറ്റിലും പ്രധാനമായും വില്‍ക്കുന്ന പച്ചക്കറികളും ഇവ തന്നെയാണ്.

ആപ്പിള്‍, മുന്തിരി, മാങ്ങ, മുസംബി, കൈതച്ചക്ക, തണ്ണിമത്തന്‍ തുടങ്ങിയ പഴവര്‍ഗങ്ങളും വില്പനയ്ക്കായുണ്ട്. പ്രാദേശികമായി കൃഷിചെയ്യുന്ന കരിമ്പും ചോളവും ഒട്ടുമുക്കാല്‍ കടകളിലും കാണാം. ഉണങ്ങിയ കൊട്ടത്തേങ്ങ പലയിടത്തും കൂട്ടിയിട്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പൊരി, പൊരിയുണ്ട, അരിയുണ്ട എന്നിവയൊക്കെയാണ് പ്രധാന ബേക്കറി ഐറ്റങ്ങള്‍. ചെറിയ ഫാന്‍സി സ്റ്റോളുകള്‍ പത്തിൻ്റെയും ഇരുപതിൻ്റെയും നോട്ടുകള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, മുട്ട മാത്രം കിട്ടുന്ന സ്റ്റാളുകള്‍, മീന്‍ മാര്‍ക്കറ്റ്, വിവിധതരം കത്തികളും തുണിത്തരങ്ങളും വില്‍ക്കുന്ന സ്റ്റാളുകള്‍ എല്ലാം ഇമ മാര്‍ക്കറ്റിലെ കാഴ്ചകളാണ്. 

ima market women's selling froots
ഇമ മാർക്കറ്റിൽ പഴവർഗങ്ങൾ വിൽക്കുന്ന സ്ത്രീകൾ Copyright@Woke Malayalam

ഇമ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഇടതു വശത്തുള്ള റോഡിലൂടെ മുന്നോട്ടു പോയാല്‍ വഴിയോര കച്ചവടങ്ങള്‍ കാണാം. മുളകൊണ്ടുള്ള കരകൗശല വസ്തുക്കളുടെ കടകള്‍ ഈ ഭാഗത്താണ്. കൂടാതെ നോര്‍ത്ത് ഇന്ത്യക്കാരുടെ ചെരുപ്പ് വില്‍ക്കുന്ന കടകളും കാണാം.  കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഉണക്ക മത്സ്യം, കത്തി, വിവിധ തരം കടലകള്‍ എന്നിവ വില്‍ക്കുന്ന തെരുവിലെത്തും.

കനലടുപ്പില്‍ പാത്രങ്ങള്‍ വെച്ച് അതില്‍ ഇട്ടാണ് മീന്‍ ഉണക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ ഉപ്പ് ഇട്ടല്ല ഉണക്ക്. എണ്ണയില്‍ പൊരിച്ചല്ല കഴിക്കുന്നതും. ഇങ്ങനെ ചുട്ടെടുക്കുന്ന മീന്‍ അതുപോലെ കഴിക്കും. ഈ വഴികളിലൂടെ എല്ലാം നടന്ന് കാഴ്ചകള്‍ കണ്ട് ഫോട്ടോ എടുത്തു. വീണ്ടും മുന്നോട്ടു തന്നെ നടന്നു. നടത്തം അവസാനിച്ചത് പോളോ ഗ്രൗണ്ടിൻ്റെ  അടുത്താണ്. 

women sellin fish at ima market imphal manipur
ഇമ മാർക്കറ്റിൽ മീൻ വിൽക്കുന്ന സ്ത്രീ Copyright@Woke Malayalam

ആധുനിക പോളോ ഗെയിമിൻ്റെ  ഉത്ഭവം മണിപ്പൂരില്‍ നിന്നാണ്. മണിപ്പൂരിലെ തദ്ദേശീയ കായിക വിനോദമായ സഗോൾ കാങ്‌ജെയിൽ നിന്നാണ് ആധുനിക പോളോ ഉത്ഭവിച്ചത്. 1850 കളിലാണ്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു കൂട്ടം പട്ടാളക്കാർ ഇന്നത്തെ അസമിലെ സിൽച്ചറിലേക്കുള്ള യാത്രയിൽ നാടുകടത്തപ്പെട്ട മണിപ്പൂരി രാജകുമാരൻമാരായ ചൗരജിത്, മർജിത്, ഗംഭീർ സിംഗ്, നർ സിംഗ് എന്നിവർ കുതിരപ്പുറത്ത് ഹോക്കി കളിക്കുന്നത് കണ്ടു.

തലപ്പാവ്, ഫൈജോം (ദോത്തി), ഷിൻ ഗാർഡുകൾ എന്നിവ ധരിച്ച പുരുഷന്മാരുടെ ടീമുകൾ കരുത്തുറ്റ ചെറിയ പോണി (മണിപ്പൂര്‍, ആസാം എന്നിവിടങ്ങളില്‍ കാണുന്ന ചെറിയ കുതിരകള്‍) കള്‍ക്ക് പുറത്തിരുന്നാണ് ഹോക്കി കളിക്കുന്നത്. കുതിരപ്പുറത്ത് ഹോക്കി എന്ന വിചിത്രമായ ഗെയിമിൽ ഒളിഞ്ഞിരിക്കുന്ന കായിക സാധ്യതകള്‍ ബ്രിട്ടീഷുകാര്‍ കണ്ടു. ഇവിടെ നിന്നാണ് ആധുനിക പോളോയുടെ ഉത്ഭവം. 

ബിസി 14-ാം നൂറ്റാണ്ടിൽ മണിപ്പൂരിലെ ദേവരാജാവായ കാങ്‌ബ ഈ കളി കണ്ടുപിടിച്ചുവെന്നും എഡി 33-ൽ ദേവരാജാവായ നോങ്‌ഡ പഖാങ്‌ബ ആദ്യ പോളോ മത്സരം സംഘടിപ്പിച്ചുവെന്നും മയ്തേയികളുടെ ഐതിഹ്യത്തില്‍ പറയുന്നു.

പോണി കുതിരകള്‍ ചരിത്രപരമായി മയ്തേയി കളുടെ സാമൂഹിക-സാംസ്കാരിക ബന്ധത്തില്‍  ഒഴിച്ചുകൂടാനാവാത്തതാണ്. മണിപ്പൂരിൻ്റെ  കാവൽ ദേവന്മാരിൽ ഒരാളായ മാർജിംഗ് പ്രഭുവിൻ്റെ ചിറകുള്ള കുതിരയായസമഡോണിൽ നിന്നാണ് മണിപ്പൂരി പോണി ഉത്ഭവിച്ചതെന്നാണ് മയ്തേയികള്‍ വിശ്വസിക്കുന്നത്.  മംഗോളിയൻഅറേബ്യന്‍ സങ്കരയിനമാണ് പോണികള്‍ എന്ന് ചില ചരിത്രകാരന്മാരും പറയുന്നു. 

1853-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുതിരപ്പടയിലെ അംഗമായ ക്യാപ്റ്റൻ റോബർട്ട് സ്റ്റുവർട്ട് മണിപ്പൂരി കളിക്കാരുമായി സിൽച്ചറിൽ ഒരു മത്സരത്തിൽ പങ്കെടുക്കുകയും ആറ് വർഷത്തിന് ശേഷം കേണൽ ജോസഫ് ഷെററുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ പോളോ ക്ലബ്ബായ സിൽച്ചർ കാങ്ജെയ് ക്ലബ് സ്ഥാപിക്കുകയും ചെയ്തു.

തുടര്‍ന്ന് പോളോയ്ക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇംഗ്ലണ്ടിലും പ്രചാരമേറി. 1869-ൽ ലണ്ടനിലെ ഹൗൺസ്ലോ ഹീത്തിൽ ആദ്യ പോളോ മത്സരം സംഘടിപ്പിച്ചു. അതിനുശേഷം ലണ്ടനിലെ ഹർലിംഗ്ഹാം ക്ലബ് ആധുനിക പോളോയുടെ നിയമങ്ങൾ സ്ഥാപിച്ചു. പിന്നീടുള്ള പോളോയുടെ ചരിത്രം ബ്രിട്ടീഷുകാരുടെത് കൂടിയായി. നിലവില്‍ എഴുപതോളം രാജ്യങ്ങള്‍ പോളോ ഗെയിം കളിക്കുന്നുണ്ട്. 

മണിപ്പൂരിൽ പക്ഷേ, പോളോ ഇപ്പോഴും സംസ്കാരത്തിലും മതത്തിലും ആളുകളുടെ ദൈനംദിന ജീവിതത്തിലും ആഴത്തിൽ വേരൂന്നിയതാണ്. പോളോയെ ചുറ്റിപ്പറ്റി കുതിര ദൈവം, ആരാധനാലയം, ചടങ്ങുകൾ എന്നിവയുണ്ട്. മയ്തേയ് ഉത്സവമായ ലായ് ഹറൗബയിൽ ഇപ്പോഴും പോളോ കളിക്കുന്നു.

സ്ത്രീകളുടെ സാമൂഹിക ജീവിതത്തിലും പോളോ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ മൊത്തം വനിതാ പോളോ കളിക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും മണിപ്പൂരില്‍ നിന്നാണ്. ഓൾ മണിപ്പൂർ പോളോ അസോസിയേഷൻ്റെ ശ്രമഫലമായാണ് 1980കളിൽ സ്ത്രീകളെ പോളോ കായികരംഗത്തേക്ക് എത്തിച്ചത്. തുടർന്ന് 1992ൽ മണിപ്പൂരിൽ നടന്ന മത്സരത്തിൽ സ്ത്രീകൾ പങ്കെടുത്തു. തുടര്‍ന്നങ്ങോട്ട് മണിപ്പൂരിലെ വനിതാ താരങ്ങൾക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടി. 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പോളോ ഗ്രൗണ്ടായ ഇംഫാലിലെ മാപാൽ കാങ്‌ജെയ്ബുങ്ങിലാണ് പോളോ മത്സരങ്ങള്‍ പൊതുവേ നടക്കുന്നത്. അതിൻ്റെ മുന്നിലാണ് ഞാനിപ്പോള്‍ ഉള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രസിദ്ധമായ കംഗ്ല ഫോര്‍ട്ടില്‍ പോകണം എന്നുണ്ടായിരുന്നു. ഒരുകാലത്ത് മണിപ്പൂരിൻ്റെ ഭരണസിരാ കേന്ദ്രമായിരുന്ന കംഗ്ല ഫോര്‍ട്ട്‌ അസം റൈഫിള്‍സിൻ്റെ താവളം കൂടിയായിരുന്നു.

വൈകീട്ട് ആറ് മണി മുതല്‍ കര്‍ഫ്യൂ ആണ്. അതുകൊണ്ട് തന്നെ കംഗ്ല ഫോര്‍ട്ടിലേയ്ക്കുള്ള യാത്ര വേണ്ടെന്നു വെച്ചു. നടന്ന് വീണ്ടും ഇമ മാര്‍ക്കറ്റില്‍ എത്തി. കര്‍ഫ്യൂ ആയതിനാല്‍ സ്ത്രീകള്‍ കച്ചവടങ്ങള്‍ മതിയാക്കി തിരിച്ചുപോകാനുള്ള തിരക്കിലാണ്. ഈ തിരക്കിനെ മറികടന്ന് ഇൻ്റർലോക്ക് പാകിയ റോഡിലൂടെ ഞാന്‍ ഹോട്ടലിലേയ്ക്ക് നടന്നു.

FAQs

ഇമ മാർക്കറ്റ് എന്നാലെന്ത്?

ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതിചെയ്യുന്ന മാർക്കറ്റുകളിൽ ഒന്നാണ് ഇമ മാർക്കറ്റ് (അമ്മമാരുടെ വിപണി). പൂർണമായും സ്ത്രീകൾ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ വിപണി കൂടിയാണിത്. മാർക്കറ്റിനുള്ളിൽ പുരുഷന്മാരെ  കച്ചവടം ചെയ്യാൻ അനുവദിക്കില്ല.

കെയ്‌തെൽ ലൈറെംബി എന്നാലെന്ത്?

പുരാതന മയ്‌തേയി പുരാണങ്ങളിലെയും (പഴയ മണിപ്പൂരി പുരാണങ്ങൾ) സനാമഹിസം മതത്തിലെയും  പ്രധാനപ്പെട്ട ദേവതകളിൽ ഒരാളാണ് കെയ്തെൽ ലൈറെംബി. കെയ്തെൽ ലൈറെംബി വിപണി, വാണിജ്യം, വ്യാപാരം, ഓഹരി, ഭാഗ്യം എന്നിവയുടെ ദേവതയാണ്.  ചന്തസ്ഥലത്തിൻ്റെയും സ്ത്രീകളുടെയും സംരക്ഷക കൂടിയാണ്.

രണ്ടാം ലോകമഹായുദ്ധം എന്നാലെന്ത്?

1939-1945 വരെ ആഗോളതലത്തിൽ നടന്ന യുദ്ധമാണ് രണ്ടാം ലോകമഹായുദ്ധം. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷത്തോള പേർ (ഇതിൽ 24 ദശലക്ഷത്തോളം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിൻ്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.

ആരാണ് മാർജിംഗ് പ്രഭു?

മണിപ്പൂരിലെ മയ്‌തേയി പുരാണങ്ങളിലെ കുതിരകൾ, പോളോ, ഹോക്കി, കായിക വിനോദം, യുദ്ധം എന്നിവയുടെ ദൈവമാണ് മാർജിംഗ് പ്രഭു.  ഐതിഹ്യമനുസരിച്ച് പോളോ ഗെയിം കണ്ടുപിടിച്ചത് മാർജിംഗ് പ്രഭുവാണ്.

Quotes

സ്ത്രീകൾ നയിക്കുന്ന മുന്നേറ്റങ്ങളിലാണ് ഞാൻ വിശ്വസിക്കുന്നത്. അവരെ വിശ്വാസത്തിലെടുത്താൽ ദുരിതത്തിലാണ്ട ഈ സമൂഹത്തിൻ്റെ ഇന്നത്തെ ചിത്രം തന്നെ മാറ്റുന്ന തരത്തിൽ അവരതിനെ മാറ്റും. കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിലെ ദുർബല വിഭാഗത്തിൻ്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ അവർ പ്രധാന പങ്ക് വഹിച്ചിരുന്നു – ഡോ. ബി ആർ അംബേദ്കർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.