Sun. Nov 17th, 2024
wall of rememberance churachandpur black casket dead body

അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷെ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ്

ത്തുമണിക്കാണ് ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ തുറക്കുക. ഒരു കോളേജിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. വഴിയിലുടനീളമുള്ള കടകളുടെയും സ്ഥാപനങ്ങളുടെയും എല്ലാം ബോർഡുകളില്‍ ലാംക എന്ന് പേര് മാറ്റിയിരിക്കുന്നത് കാണാം.

ഇംഫാലിലെ കോളേജുകളില്‍ പഠനം  പുനരാരംഭിച്ചതിനെതിരെ കുക്കി വിദ്യാര്‍ത്ഥികളുടെ സമരം അന്ന് ആ കോളേജില്‍ നടക്കുന്നുണ്ട്. കുക്കി വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ള സാഹചര്യം ഒരുക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. സമരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ കൂടിയുണ്ട്. ഇതിനിടെ ഐടിഎല്‍എഫ് കണ്‍വീനര്‍ ജിന്‍സ വു അല്‍സോങ്ങ്മായി സംസാരിച്ചു. 

ജിന്‍സ സംസാരിച്ചു തുടങ്ങി. ഞങ്ങൾ ഇനി ചുരാചന്ദ്പൂര്‍ എന്ന് വിളിക്കില്ല. ഞങ്ങൾക്കിത് ലാംകയാണ്. കാരണം ചുരാചന്ദ്പൂർ എന്നത് മയ്തേയികള്‍ അടിച്ചേൽപ്പിച്ച സ്ഥല നാമമാണ്. മണിപ്പൂർ അതിന്‍റെ സാധാരണ അവസ്ഥയില്‍ നിന്ന് വളരെ അകന്നു കഴിഞ്ഞു. എല്ലായിടത്തും അക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. വംശീയമായ ഉന്മൂലനമാണ് ഇവിടെ നടക്കുന്നത്.

കുക്കി ബന്ധമുള്ള എല്ലാവരെയും അവര്‍ തിരഞ്ഞ് പിടിച്ച് കൊല്ലുകയാണ്. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും പോലും അവര്‍ വെറുതെ വിടുന്നില്ല. എന്‍റെ സമുദായത്തിലെ ഓരോ കണികകളും ഇങ്ങനെ മയ്തേയികളാല്‍ ഇല്ലാതെയാകുകയാണ്. നിരവധി സംഭവങ്ങളും തെളിവുകളും പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും ഇത്  മുൻകൂട്ടി തീരുമാനിച്ച കലാപമാണെന്ന്.

Indigenous Tribal Leaders Forum (ITLF)
ജിന്‍സ വു അല്‍സോങ്ങ് – ഐടിഎല്‍എഫ് കണ്‍വീനര്‍ Copyright@Woke Malayalam

കാരണം ഇംഫാൽ താഴ്വരയിൽ കലാപമുണ്ടാകുന്നതിന് മുൻപ് കുക്കികളുടെ വീടുകളിൽ ചുവന്ന നിറം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. അവർ വീടുകളുടെ സർവ്വേ എടുക്കുകയായിരുന്നു. എന്നിട്ട് അവയെല്ലാം തീവെച്ച് നശിപ്പിച്ചു. റാലി നടക്കുന്ന ദിവസം മലമുകളിലേക്കുള്ള റോഡുകൾ എല്ലാം തന്നെ മയ്തേയി ലിപുൻ തടഞ്ഞു. അവർ ആംഗ്ലോ-കുക്കി യുദ്ധ ഗേറ്റ് തകർത്തു. കലാപം തുടങ്ങിയപ്പോൾ തന്നെ അവർ കുക്കികളുടെ വീടുകൾക്ക് തീവെച്ചു. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയതല്ലേ?

ദേശീയ മാധ്യമത്തില്‍ ഉള്‍പ്പെടെ COCOMI എന്ന മയ്തേയി സംഘടന കുക്കികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരുന്നു. മയ്തേയി ലീപുന്‍ നേതാവ് പ്രമോദ് സിംഗ് കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ മണിപ്പൂരില്‍ നിന്നും കുക്കികളെ പൂര്‍ണ്ണമായും തുടച്ചു നീക്കുമെന്ന് പ്രസ്താവിച്ചിരുന്നു. ഇതെല്ലാം വെളിവാക്കുന്നത് മണിപ്പൂരില്‍ നിന്നും കുക്കി-സോമി സമൂഹത്തെ തുടച്ചുകളയാനുള്ള മയ്തേയികളുടെ ബോധപൂര്‍വ്വമായുള്ള നീക്കങ്ങളാണെന്നാണ്.

അവര്‍ നാര്‍ക്കോ തീവ്രവാദികള്‍  അല്ലെങ്കില്‍ പോപ്പി കര്‍ഷകര്‍ എന്ന് ഞങ്ങളെ വിളിക്കുന്നു.  വളരെ ചുരുക്കം കുക്കികള്‍ മാത്രമാണ് പോപ്പി കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നത്. അവര്‍ കര്‍ഷകരാണ്. അവര്‍ ഇത് ചെയ്യുന്നത് ദിവസ വേതനത്തിനു വേണ്ടി മാത്രമാണ്. ആരാണ് ഇവര്‍ക്ക് കൂലി നല്‍കുന്നത് എന്നാണ് അന്വേഷിക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ ആരാണ് പോപ്പി കച്ചവടം നടത്തുന്നത്. ആരാണ് ഈ മയക്കു മരുന്ന് ഫാക്ടറികളുടെ ഉടമസ്ഥര്‍.

നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ മനസ്സിലാകും ഈ പോപ്പി മയക്കു മരുന്ന് കച്ചവടങ്ങള്‍ക്ക് പിന്നില്‍ ഭൂരിഭാഗവും മയ്തേയികളാണെന്നാണ്. മുഖ്യമന്ത്രിയ്ക്ക് മയക്കു മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. അതുപോലെ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. ദേശിയ മാധ്യമങ്ങളില്‍ പോലും മയ്തേയികളുടെ മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം ചര്‍ച്ചയായിരുന്നു. എന്തുതന്നെയായാലും പോപ്പി കച്ചവടത്തിന്‍റെ പ്രധാന ഗുണഭോകതാക്കള്‍ മയ്തേയ്കള്‍ തന്നെയാണ്.

പിന്നെ ഞങ്ങൾ അവരുടെ ഭൂമി കയ്യേറിയെന്ന് പറയുന്നതിനെക്കുറിച്ച്, മണിപ്പൂർ എന്ന സംസ്ഥാനം രൂപപ്പെടുന്നതിന് മുൻപ് തന്നെ ഇവിടെയുണ്ടായിരുന്നവരാണ് ഞങ്ങളുടെ പൂർവ്വികർ. ഞങ്ങൾ ഒരിക്കലും മയ്തേയികളുടെ ഭൂമി കയ്യേറിയിട്ടില്ല. ഞങ്ങളുടെ സ്വന്തം മണ്ണിലാണ് താമസിക്കുന്നത്. ബ്രിട്ടീഷ് ഭരണം കാരണം മണിപ്പൂരികൾ എല്ലാം ഒരുമിച്ചുവെന്നേയുള്ളു. ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയവരാണ് ഞങ്ങൾ. നിരവധി സ്വാതന്ത്ര്യ സമരസേനാനികൾ കുക്കി വിഭാഗത്തിൽ നിന്നുണ്ട്.

മണിപ്പൂരിൻ്റെ ഭൂപടം പരിശോധിച്ചാൽ തന്നെ മനസ്സിലാകും ഞങ്ങൾ മണിപ്പൂരുമായി ചേർന്നതാണെന്ന്. ഞങ്ങൾക്കതിന് താല്പര്യമുണ്ടോയെന്ന് പോലും അവർ ചോദിച്ചിരുന്നില്ല. കാരണം ഞങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്. ഞങ്ങൾക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾക്ക് മണിപ്പൂരിൻ്റെ ഭാഗമാകേണ്ടി വന്നത്. അതുകൊണ്ട് തന്നെയാണ് മണിപ്പൂർ മുഴുവൻ മലയോര പ്രദേശമായതും ഇംഫാൽ മാത്രം താഴ്വര മാത്രമായി ചുരുങ്ങിയതും. ഇപ്പോഴും മലയോര പ്രദേശങ്ങളിൽ ഭൂമിയുടെ അവകാശം ഗ്രാമമുഖ്യന്മാർക്കാണ്, സര്‍ക്കാരിനല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ ആരുടേയും ഭൂമി കയ്യേറിയിട്ടില്ല.

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ബർമ്മയ്ക്ക് അവരുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്.മ്യാൻമാറിലെ പ്രതികൂല സാഹചര്യം കാരണം മ്യാൻമാറിൽ നിന്ന് ഇന്ത്യയിലേക്ക് ചേക്കേറുന്നവര്‍ നിരവധിയുണ്ട്. നിരവധി പേർ മിസോറാമിലേക്കും പോകുന്നുണ്ട്. മണിപ്പൂരിൽ 1000 അഭയാർത്ഥികൾ മാത്രമേയുള്ളൂവെന്ന് ഞാൻ കരുതുന്നു.

അതേസമയം മിസോറാമിൽ മ്യാൻമാറിൽ നിന്നുള്ള 40,000 അഭയാർത്ഥികളുണ്ടാകും. ഈ അനധികൃത കുടിയേറ്റക്കാരെ കുറിച്ച് മിസോറാം ഒരിക്കലും പരാതിപ്പെടുന്നില്ല.മണിപ്പൂരിൽ 1000 അഭയാർത്ഥികൾ പോലുമില്ലെന്ന് ഞാൻ കരുതുന്നു. അവർ ഇന്ത്യൻ സർക്കാരിൽ നിന്ന് അഭയം പ്രാപിക്കുക മാത്രമാണ് ചെയ്യുന്നത്. മ്യാൻമാറിലെ ആഭ്യന്തര പ്രശ്നം മാറിയാല്‍ അവർ തിരിച്ചുപോകും.

കുക്കികളെ മയ്തേയികള്‍ ഇഷ്ടപ്പെടുന്നില്ല. ഇനി മയ്തേയ്കള്‍ക്കൊപ്പം ഒരുമിച്ച് ജീവിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ഞങ്ങള്‍ക്കേറ്റ മുറിവ് വളരെ ആഴമുള്ളതാണ്. ആരാണ് തിരികെ പോയി അവിടെ താമസിക്കുക? അവർക്ക് ഇപ്പോൾ വീടില്ല. സ്വത്തുക്കൾ കത്തിനശിച്ചു. വീടുകൾ കൊള്ളയടിക്കപ്പെട്ടു. ആരും അവിടേക്ക് മടങ്ങില്ല. അതുപോലെ, മലയോര ജില്ലയിൽ താമസിക്കുന്ന മയ്തേയ്കള്‍ ജനത ഇതിനകം ഇംഫാലിലെ താഴ്‌വരയിലേക്കും പോയിക്കഴിഞ്ഞു.

അതുകൊണ്ട് ഭരണത്തിൻ്റെ കാര്യത്തിൽ സർക്കാർ ഞങ്ങളെ വേർപ്പെടുത്തുക എന്നത് മാത്രമാണ് ഇനി അവശേഷിക്കുന്നത്. അതുകൊണ്ടാണ് മണിപ്പൂരിൽ നിന്ന് പൂർണമായി വേർപിരിയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. പക്ഷേ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇത് വളരെ നിർണായകമായ ഒരു പ്രശ്നമാണ്. അവർ നിശബ്ദരാണെങ്കിലും ചില കാര്യങ്ങൾക്ക് അവർ പരിഹാരം കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. അങ്ങനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ജനങ്ങൾ പ്രത്യേക ഭരണത്തിനായി കാത്തിരിക്കുകയാണ്. ഒന്നുകിൽ പുതിയൊരു സംസ്ഥാനമായോ കേന്ദ്ര ഭരണ പ്രദേശമായോ ഞങ്ങളെ മാറ്റണം. ഞങ്ങൾക്ക് ഒരു പ്രത്യേക ഭരണം ആവശ്യമില്ല എന്നതാണ് മയ്തേയികളുടെ താല്പര്യമെങ്കില്‍ അവര്‍ ഞങ്ങളെ കൊല്ലാൻ പാടില്ലായിരുന്നു.

അവർ ഞങ്ങളോട് സഹോദരങ്ങളെ പോലെ പെരുമാറണമായിരുന്നു. പക്ഷേ അവർ മൃഗങ്ങളെപ്പോലെ ഞങ്ങളെ ആട്ടിയോടിച്ചു. ഇപ്പോഴും കൊലപാതകങ്ങള്‍ തുടരുകയാണ്. അവർ ഇടയ്ക്കിടെ ഞങ്ങളുടെ ഗ്രാമങ്ങളെ ആക്രമിക്കുന്നു. മയ്തേയ്കള്‍ ഞങ്ങളെ ആക്രമിക്കുന്നത് നിർത്തിയാൽ ഞങ്ങളും അക്രമം അവസാനിപ്പിക്കും., ജിന്‍സ വുഅല്‍സോങ്ങ് പറഞ്ഞ് നിർത്തി. 

ഉച്ചക്ക് 12 മണിയോടെ വിദ്യാർത്ഥികള്‍ പ്രതിഷേധ സമരം ആരംഭിച്ചു. മണിപ്പൂരിലെ വിവിധ സര്‍വകലാശാലയില്‍ പഠിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികള്‍ സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. മയ്തേയ് വിദ്യാർത്ഥികൾക്കും നാഗാ വിദ്യാർത്ഥികൾക്കും ക്ലാസുകൾ പുനരാരംഭിച്ചെന്നും കുക്കി വിദ്യാർത്ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കുന്നില്ലെന്നും മണിപ്പൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷില്‍ ബിരുദ പഠനം നടത്തുന്ന ലാൽ ജിം പറഞ്ഞു. 

കലാപം കാരണം കുടിയിറക്കപ്പെട്ട കുക്കി വിദ്യാർത്ഥികൾ സര്‍വകലാശാല അഡ്മിനിസ്ട്രേഷനിൽ നിന്നും കടുത്ത അവഗണനയാണ് നേരിടുന്നത്. ഞങ്ങളെ മറ്റുള്ള കേന്ദ്ര സര്‍വകാലാശാലയിലേയ്ക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കിത്തരണം എന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തീരുമാനം  ഉണ്ടായില്ല.

kuki student protesting black tea shirt mike
ലാൽ ജിം – കുക്കി വിദ്യാർത്ഥി Copyright@Woke Malayalam

ജൂലൈയിലെ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയില്‍ത്തന്നെ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. യുജിസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും ഞങ്ങൾ കത്തുകൾ നൽകിയിരുന്നു. മറുപടിയിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ പരിഹാരം കാണാത്തതിനെ തുടർന്നാണ് ഇപ്പോള്‍ ഈ  സമരം നടത്തുന്നത്.

ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള സാധ്യതയും ഇപ്പോള്‍ ഇല്ല. മൂന്ന് മാസമായി ഇവിടെ ഇൻ്റർനെറ്റ് ഇല്ല. പുതിയ സെമസ്റ്ററിലേക്കുള്ള അഡ്മിഷൻ ഫോം പൂരിപ്പിക്കാനുള്ള സമയമായി. അവസാന തീയതി ഈ മാസം 31 (31-ജൂലൈ 2023) ആണ്. ഞങ്ങളുടെ പരീക്ഷയും അനിശ്ചിതത്വത്തിലായതിനാല്‍ ചുരാചന്ദ്പൂരിലോ കാങ്‌പോക്പിയിലോ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടാകുമോ എന്നും അറിയാത്തതിനാൽ ഞങ്ങൾ ഫോം പൂരിപ്പിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ്.

മണിപ്പൂര്‍ സംസ്ഥാന സർക്കാരിനെപ്പോലെ മണിപ്പൂർ സർവകലാശാലയും പരാജയപ്പെട്ട ഒരു സർവകലാശാലയാണ്. ഞങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിനെതിരയാണ് സര്‍വകലാശാല ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്., ലാൽ ജിം പറഞ്ഞു. 

ഇവിടെ ഇൻ്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ് ഒന്നും തന്നെ ഞങ്ങളില്‍ എത്തുന്നില്ല. ഞങ്ങളെ ബന്ധപ്പെടുന്ന സുഹൃത്തുക്കളിലൂടെ മാത്രമേ ഞങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നുള്ളൂ. ജൂൺ മുതൽ അവർ ക്ലാസുകൾ ആരംഭിച്ചതായി ഞങ്ങൾ കേട്ടു. കൂടാതെ സെമിനാറുകളും പ്രാക്ടിക്കല്‍ ക്ലാസുകളും വരെ നടക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള ഞങ്ങളുടെ അവകാശം മാനിച്ച്  ഞങ്ങളെ മറ്റ് കേന്ദ്ര സർവകലാശാലകളിലേക്ക് മാറ്റണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന.

kuki student churachandpur black tea shirt student protest
ആൻജി സിങ്‌സോൾ – കുക്കി വിദ്യാർത്ഥിനി Copyright@Woke Malayalam

എന്തെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കണം എന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് മേധാവിമാരെയും മറ്റും ഞങ്ങള്‍ വിളിച്ചിരുന്നു. പക്ഷേ അവർക്ക് ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ കഴിയില്ലെന്നാണ് പറയുന്നത്. നാളിതുവരെ മണിപ്പൂര്‍  സര്‍വകലാശാല അധികാരികള്‍ ഞങ്ങൾക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞങ്ങൾ വിദ്യാർത്ഥികളല്ല എന്ന മട്ടിൽ അവർ ക്ലാസുകൾ തുടരുകയാണ്.,  മണിപ്പൂര്‍ സര്‍വകലാശാലയിലെ ജിയോളജി ഡിപ്പാർട്ട്‌മെന്റില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ആൻജി സിങ്‌സോൾ പറഞ്ഞു.

വിദ്യാർത്ഥികളുമായി സംസാരിച്ചു കഴിഞ്ഞതിനു ശേഷം ഐടിഎല്‍എഫിൻ്റെ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്മുറിയിലേയ്ക്ക് തിരിച്ചുപോയി. ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ ഒരു വോളണ്ടിയറെ കൂടെവിടാമെന്ന് ഐടിഎല്‍എഫ് കണ്‍വീനര്‍ പറഞ്ഞിരുന്നു.

kuki student protest at churachandpur pluckcard
കുക്കി വിദ്യാര്‍ത്ഥി സമരം Copyright@Woke Malayalam

അവിടെ നിന്നും ഇറങ്ങുന്നതിനു മുമ്പായി കുടിക്കാനായി വൈന്‍ നല്‍കി. ഇതുവരെ വൈന്‍ കുടിച്ചിട്ടില്ലെന്നും വേണ്ടെന്നും പറഞ്ഞപ്പോള്‍ ടേസ്റ്റ് നോക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ പ്രാദേശികമായി നിര്‍മിക്കുന്ന വൈന്‍ ആണെന്നും ആള്‍ക്കഹോള്‍ കണ്ടന്റ് ഇല്ലെന്നും പറഞ്ഞു. എന്നാല്‍ ടേസ്റ്റ് നോക്കാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി വൈന്‍ രുചിച്ചു. വളരെയധികം ചവര്‍പ്പുണ്ടായിരുന്നു. പിന്നെ പുളിയും. ഒരു തുള്ളി പോലും പിന്നെ കുടിക്കാന്‍ കഴിഞ്ഞില്ല. വേണ്ടെന്ന് പറഞ്ഞ് തിരിച്ചു കൊടുത്തു. മീഡിയ സെല്ലില്‍ ഉള്ളവരോട് യാത്ര പറഞ്ഞ് ക്യാമ്പുകളിലേയ്ക്ക് തിരിച്ചു. 

FAQs

ആരാണ് കരൺ ഥാപ്പർ ?

ഇന്ത്യയിലെ പ്രശസ്തനായ ഒരു മാധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ് കരൺ ഥാപ്പർ. ഹിന്ദുസ്ഥാൻ ടൈംസ് ടെലിവിഷൻ ഗ്രൂപ്പ്, ബിബിസി, ദൂരദർശൻ, ചാനൽ ന്യൂസ് ഏഷ്യ മുതലായ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എന്താണ് കേന്ദ്രഭരണപ്രദേശം?

ഇന്ത്യൻ  ഭരണ സം‌വിധാനത്തിൻ്റെ  ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിൻ്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

എന്താണ് ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ?

ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകൾ അഥവാ യൂണിയൻ സർവകലാശാലകൾ നിലവിൽ വന്നത് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചാണ്. ഈ സ്ഥാപനങ്ങൾ മാനവശേഷി വികസന വകുപ്പിൻ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ വിഭാഗത്തിൻ്റെ അധികാരപരിധിയിൽ പെടുന്നു.  ഇന്ത്യൻ സർവകലാശാലകൾ പൊതുവെ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ ആക്റ്റ് 1956 പ്രകാരം രൂപീകരിക്കപ്പെട്ട യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷൻ്റെ (യു ജിസി) അംഗീകാരത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്. സർവകലാശാലകളുടെ സാർവത്രികമായ ഏകോപനത്തിനും വിലയിരുത്തലിനുമായി 15 സാങ്കേതിക കൗൺസിലുകളും സ്ഥാപിച്ചിട്ടുണ്ട്.

എന്താണ് യുജിസി?

ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യുജിസി.1953 ഡിസം‌ബർ 28 നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷൻ്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ,ഹൈദരാബാദ്, കൽക്കത്ത,ഭോപാൽ‍ ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണി കേന്ദ്രങ്ങൾ.

Quotes

സാഹചര്യം എത്ര പ്രയാസകരമാണെങ്കിലും ഓരോരുത്തർക്കും മാറാനും സ്വന്തം മനോഭാവം പരിവർത്തനം ചെയ്യാനും കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു – ദലൈലാമ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.