സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം
രക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൻ്റെ തുടക്കവും ചുരാചന്ദ്‌പൂരില്‍ നിന്നാണ്. അവിടേയ്ക്കാണ് ഇന്നത്തെ (27 ജൂലൈ 2023) യാത്ര. കുക്കി-സോമി-മിസോ-ചിന്‍ ഗോത്രങ്ങളുടെ സ്വാധീന മേഖലയായ ചുരാചന്ദ്പൂരില്‍ ഇന്ന് മയ്തേയികള്‍ ഇല്ല. മയ്തേയികളുടെതാണെന്ന് പറയാവുന്ന ഒന്നും ചുരാചന്ദ്പൂരില്‍ അവശേഷിക്കുന്നുമില്ല.
പങ്ങൽ മുസ്ലീം വിഭാഗക്കാരനായ സരോജ് ആണ് ഇന്നത്തെ ഡ്രൈവര്‍. രാവിലെ നേരത്തെ തന്നെ ഞങ്ങള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി. മൊയ്റാങ് വരെ പല ഇടങ്ങളിലും മയ്തേയി സ്ത്രീകളുടെ പരിശോധനകള്‍ നേരിടേണ്ടി വന്നു. മൊയ്രാങ് കഴിഞ്ഞാല്‍ മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള ക്വാക്തയാണ്. ക്വാക്ത കടന്നാല്‍ പിന്നെ ‘വാര്‍ സോണി’ലേയ്ക്ക് പ്രവേശിച്ചു.
വഴിയിലുടനീളം നിരവധി ബങ്കറുകള്‍ കാണാം. സിആര്‍പിഎഫ്, ബിഎസ്എഫ്, അസം റൈഫിള്‍സ് തുടങ്ങി അഞ്ചോളം സേനകളുടെ ചെക്ക്പോസ്റ്റ് കഴിഞ്ഞാല്‍ കുക്കി സ്ത്രീകളുടെ ചെക്ക്പോസ്റ്റില്‍ എത്തും. വാഹനങ്ങള്‍ എല്ലാം പരിശോധിച്ചാണ് കടത്തിവിടുന്നത്. ഞങ്ങളുടെ വാഹനവും സ്ത്രീകള്‍ തടഞ്ഞു. ആരാണ്, എവിടെയ്ക്കാണ് എന്നുള്ള ചോദ്യത്തിന് ശേഷം ഞങ്ങളോട് വണ്ടിയില്‍ തന്നെ കാത്തിരിക്കാന്‍ പറഞ്ഞു.
അവര്‍ ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പോകാനുള്ള അനുമതി ഫോണിൻ്റെ മറുതലക്കല്‍ നിന്ന് വന്നതും ഞങ്ങളോട് മുന്നോട്ടു പോകാം എന്ന് പറഞ്ഞു.‘വാള്‍ ഓഫ് റിമമ്പറന്‍സ്’ വരെ മാത്രം പോകാന്‍ പാടുള്ളു എന്ന നിര്‍ദേശവും നല്‍കി. ഏകദേശം അരമണിക്കൂറോളമാണ് ചെക്ക്പോസ്റ്റിന് മുമ്പില്‍ കാത്തുകിടന്നത്.
ഇതിന് മുമ്പ് ചുരാചന്ദ്പൂരില്‍ നടന്ന ഏറ്റവും വലിയ സംഘര്‍ഷം 1997-1998 നടന്ന കുക്കി-പൈറ്റ് വംശീയ സംഘർഷമാണ്. ഒരേ വംശത്തില്‍ ഉള്‍പ്പെട്ട രണ്ട് ഗോത്രങ്ങള്‍ തമ്മില്‍ ഒരു വർഷം നീണ്ടുനിന്ന ആക്രമണങ്ങളില്‍ 352 പേര്‍ കൊല്ലപ്പെടുകയും 4670 വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. 50-ലധികം ഗ്രാമങ്ങൾ കത്തിച്ചു. 13,000ത്തോളം ആളുകൾ പലായനം ചെയ്തു.
1992 ള്‍ ആരംഭിച്ച നാഗ-കുക്കി ആക്രമണ പരമ്പരകളെ തുടര്‍ന്ന് മണിപ്പൂരിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുക്കികൾ ചുരാചന്ദ്‌പൂരില്‍ അഭയം തേടിയിരുന്നു. തഡൗ കുക്കികള്‍ ആയിരുന്നു ഇങ്ങനെ എത്തിയവരില്‍ ഭൂരിഭാഗവും. തഡൗ ഗോത്രത്തിൻ്റെ ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായി. ഇതോടെ പൈറ്റ് ഗോത്രത്തെ മറികടന്ന് തഡൗ ഗോത്രക്കാര്‍ ഭൂരിപക്ഷമായി.
ചിൻ-കുക്കി-മിസോ വംശത്തെ പൊതുവായി കുക്കി എന്ന പേരില്‍ തഡൗകള്‍ നാമകരണം ചെയ്തു. ഇതിനെ പൈറ്റ് ഗോത്രം എതിര്‍ത്തു. കുക്കി എന്ന പേര് ബ്രിട്ടീഷുകാര്‍ നല്‍കിയതാണ് എന്നായിരുന്നു പൈറ്റ് ഗോത്രത്തിൻ്റെ വാദം. അവര്‍ക്ക് സോമി എന്ന് അറിയപ്പെടാന്‍ ആയിരുന്നു ആഗ്രഹം.
സോമി കേന്ദ്രീകൃത സ്വത്വ ബോധത്തിൻ്റെ ജനപ്രീതി വർദ്ധിച്ചുവന്നതോടെ ഇതേ കാലയളവില്‍ തന്നെ പൈറ്റ് അടക്കമുള്ള ഗോത്രങ്ങള്‍ കൂടിച്ചേര്‍ന്ന് സോമി റീ-യൂണിഫിക്കേഷന്‍ ഓർഗനൈസേഷനും അതിൻ്റെ സായുധ വിഭാഗമായ സോമി റവല്യൂഷണറി ആർമിയും രൂപീകരിച്ചു.
അക്കാലത്ത് തഡൗ സംസാരിക്കുന്ന കുക്കികൾ വിമത സംഘടനയായ കുക്കി നാഷണൽ ഫ്രണ്ട് (കെഎൻഎഫ്) രൂപീകരിച്ച് ഗ്രാമവാസികളെ ഭയപ്പെടുത്തിയിരുന്നു. കെഎൻഎഫ് സോമി/പൈറ്റുകളുടെ മേൽ നികുതി ചുമത്താൻ തുടങ്ങി. ഇത് ഗോത്രങ്ങള്‍ തമ്മിലുള്ള പിരിമുറുക്കത്തിൻ്റെ ആഴം വര്‍ദ്ധിപ്പിച്ചു.
1997 ജൂൺ 24 ന് നാഗകളെ സഹായിച്ചെന്ന് ആരോപിച്ച് 11 സോമി/പൈറ്റുകളെ കെഎൻഎഫ് വെടിവച്ചു കൊന്നു. ഇതേത്തുടർന്ന് ജില്ലയിലാകെ അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമം തടയാന്‍ സൈന്യത്തെ വിന്യസിച്ചെങ്കിലും ഫലപ്രദമായില്ല.
മിസോറാം പീസ് മിഷനിൽ നിന്നുള്ള പ്രമുഖരുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ നടന്നതിൻ്റെ ഫലമായി 1997 ജൂലൈ 8-ന് ചുരാചന്ദ്പൂരിലെ മാതാ ഡാമിൽ വെച്ച് കെഎൻഎഫും സോമി റീ-യൂണിഫിക്കേഷന്‍ ഓർഗനൈസേഷനും തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം കരാർ ലംഘിച്ച് കെഎൻഎഫ് തീവ്രവാദികൾ മാതാ ഗ്രാമം ആക്രമിച്ചു.
ജൂലായ് 18-ന് കരാർ പുനസ്ഥാപിക്കുന്നതിനായി ഇരുകക്ഷികളും ധാരണയിലെത്തി. തുടര്‍ന്നും കെഎൻഎഫ് ആക്രമണം അഴിച്ചുവിടുകയും വീടുകള്‍ കത്തിക്കുകായും ചെയ്തു. ഒടുവില്‍ 1998 സെപ്‌റ്റംബർ 29നാണ് അക്രമങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള അന്തിമ സമാധാന ഉടമ്പടി രൂപപ്പെടുന്നത്. കുക്കികള്‍ ഒരു കാളയെ അറുത്ത് വീതം വെച്ചും സോമികള്‍ ഒരു പന്നിയെ അറുത്ത് വീതം വെച്ചും ആക്രമണങ്ങള്‍ അവസാനിപ്പിച്ചു.
കുക്കി, സോമി എന്നീ നാമകരണങ്ങളെ എല്ലാ സോമികളും കുക്കികളും പരസ്പരം ബഹുമാനിക്കും, നിർബന്ധിത പിരിവുകള്‍ തുടരില്ല, പിടിച്ചെടുത്ത കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തിരിച്ചു കൊടുക്കും തുടങ്ങിയവ ആയിരുന്നു സമാധാന ഉടമ്പടിയിലെ പ്രധാന പോയിന്റുകള്‍. 1998 ഒക്ടോബർ ഒന്നിന് ഇരുവിഭാഗങ്ങളും ഉടമ്പടിയില്‍ ഒപ്പുവെച്ചു.
1997-98 ന് ശേഷം കൂടുതല്‍ രക്തരൂക്ഷിതമായ കലാപം നടക്കുന്നത് മേയ് മൂന്നിനാണ്. മണിപ്പൂര്‍ സര്‍ക്കാരിൻ്റെയും ഭൂരിപക്ഷ ജനവിഭാഗമായ മയ്തേയികളുടെയും കുക്കി-സോമി ഗോത്ര വിരുദ്ധ നിലപാടുകളും, സംവരണ ആവശ്യങ്ങളും, അനധികൃത കുടിയേറ്റക്കാര്‍ – മയക്കുമരുന്ന് കര്‍ഷകര്‍ തുടങ്ങിയുള്ള കുക്കികൾക്കെതിരെയുള്ള അധിക്ഷേപങ്ങളും വന്‍ പിരിമുറുക്കമാണ് സൃഷ്ടിച്ചത്.
ഏപ്രിൽ 28 നു ബിരേൻ സിംഗ് ചുരാചന്ദ്പൂരില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കുക്കികളുടെ ഒരു ജിം 27 ന് രാത്രി കുക്കികള്‍ തന്നെ കത്തിച്ചു. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായാണ് ജിമ്മിന് തീയിടുന്നത്. തുടർന്ന് മേയ് മൂന്നിന് സമാധാന റാലിയും നടത്തി. റാലി കഴിഞ്ഞതിന് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. കുക്കി-ആംഗ്ലോ യുദ്ധ കവാടത്തിന് യാതൊരു പ്രകോപനവും കൂടാതെ മയ്തേയികള്‍ തീയിട്ടതാണ് കലാപത്തിന് കാരണമായതെന്നാണ് കുക്കികള്‍ പറയുന്നത്. കലാപത്തെത്തുടർന്ന് ചുരാചന്ദ്പൂരിൻ്റെ പേര് വരെ കുക്കികള്‍ മാറ്റി.
ചുരാചാന്ദ്പുരിനെ ‘ലാംക’ എന്ന പേരിട്ടാണ് കുക്കികൾ ഇപ്പോൾ വിളിക്കുന്നത്. വീടുകൾ, കടകൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് പുറത്തുള്ള മിക്കവാറും എല്ലാ സൈൻ ബോർഡുകളിലും ചുരാചന്ദ്പൂർ എന്ന പേര് മാറ്റി ‘ലാംക’ എന്ന പേര് സ്പ്രേ പെയിന്റ് ഉപയോഗിച്ച് തിരുത്തിയെഴുതിയിരിക്കുന്നത് കാണാം.
ചുരാചാന്ദ് സിംഗെന്ന മയ്തേയി രാജാവിൻ്റെ പേരില്‍ നിന്നാണ് ചുരാചാന്ദ്പൂര്‍ എന്ന പേര് ഉണ്ടാകുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് കുന്നുകൾ പുനഃസംഘടിപ്പിക്കുകയും ഭരണ നിയന്ത്രണത്തിലാക്കുകയും ചെയ്തു. കുന്നിൻ പ്രദേശങ്ങൾ പിന്നീട് സുവോങ്പി, തമെങ്‌ലോംഗ്, ഉഖ്രുൾ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളായി വിഭജിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിലെ ലേബർ കോർപ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർ 1921 ൻ്റെ തുടക്കത്തിൽ മടങ്ങിയെത്തിയപ്പോൾ ആദരിക്കുന്നതിനായി സുവോങ്പിയിലെ അന്നത്തെ സബ് ഡിവിഷണൽ ഓഫീസർ ബിസി ഗാസ്പർ വിരുന്ന് സംഘടിപ്പിച്ചു. മണിപ്പൂര്‍ രാജാവ് ചുരാചന്ദ് സിംഗും വിരുന്നിൽ വിശിഷ്ടാതിഥിയായി. രാജാവിൻ്റെ സന്ദർശനത്തെ ആദരിക്കുന്നതിനായി, സുവോങ്പിയുടെ ഉപവിഭാഗം ചുരാചന്ദ്പൂർ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
1930-ൽ നിലവിലെ ഭരണവിഭാഗങ്ങള്‍ നിര്‍ത്തലാക്കി മുഴുവൻ കുന്നുകളും മണിപ്പൂർ സംസ്ഥാന ദർബാറിൻ്റെ പ്രസിഡന്റിൻ്റെ കീഴിലാക്കി. ചുരാചന്ദ്പൂരിൻ്റെ ഉപവിഭാഗത്തിൻ്റെ ഭരണ ആസ്ഥാനം ഇംഫാലിലേക്ക് മാറ്റി. 1969-ൽ മണിപ്പൂർ ആദ്യമായി ജില്ലകളായി വിഭജിക്കപ്പെട്ടപ്പോൾ ഈ പട്ടണം മണിപ്പൂർ സൗത്ത് ജില്ലയുടെ ജില്ലാ ആസ്ഥാനമായി. പിന്നീട് 1983ലാണ് ജില്ലയുടെ പേര് ചുരാചന്ദ്പൂരായി വീണ്ടും നാമകരണം ചെയ്യുന്നത്.
അതേസമയം, കോളനിവൽക്കരണത്തിൻ്റെ ഒരു മാർഗമായാണ് പേരുമാറ്റത്തെ പ്രദേശവാസികളായിരുന്ന കുക്കി-സോമി ഗോത്രങ്ങള്‍ കണ്ടിരുന്നത്. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ കുക്കികള്‍ നടത്തിയ യുദ്ധത്തില്‍ നിന്നും പിറവിയെടുത്ത ‘ലാംക’ എന്ന പേരിട്ട് ചുരാചന്ദ്പൂരിനെ കുക്കികള്‍ വിളിക്കുന്നത്. കുക്കി ഭാഷകളിലെ ‘ക്രോസ്‌റോഡ്‌സ്’ എന്നർത്ഥം വരുന്ന ‘ലാംക’ രണ്ട് റോഡുകള്‍ തമ്മില്‍ കൂട്ടിമുട്ടിയിരുന്ന സ്ഥലത്തിനിട്ട പേരാണ്.
യുദ്ധം ചെയ്യാന്‍ ഹിയാങ്തം ഗ്രാമത്തിലേക്ക് പോകാൻ ബ്രിട്ടീഷുകാർ നിർമ്മിച്ച ടിഡിം റോഡും അന്ന് നിലവിലുണ്ടായിര്‍ന്ന ടിപൈമുഖ് റോഡും കൂട്ടിമുട്ടിയ സ്ഥലമാണ് ‘ലാംക’. അതുകൊണ്ട് തന്നെ ലാംകയേ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ യുദ്ധത്തിൻ്റെ അടയാളമായാണ് കുക്കികള്‍ കാണുന്നത്.
കലാപം നൂറു ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ചുരാചന്ദ്പൂരിലേയ്ക്ക് പോകുന്നത്. ജില്ലാ ഭരണകൂടത്തിൻ്റെ ആസ്ഥാനമായ ടുയിബോങ്ങിലാണ് കൊല്ലപ്പെട്ട കുക്കി-സോമി ഗോത്രക്കാരെ അനുസ്മരിക്കാന്‍ ‘വാൾ ഓഫ് റിമെമ്പറൻസ്’ സജ്ജമാക്കിയിട്ടുള്ളത്.
കൊല്ലപ്പെട്ടവരുടെ ഫോട്ടോകളും പേരുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രതീകാത്മകമായി 100 കറുത്ത ശവപ്പെട്ടികൾ നിരത്തിവെച്ച് പുഷ്പചക്രങ്ങൾ ചാർത്തിയിട്ടുണ്ട്. അന്ന് ഒരു അനുസ്മരണ പരിപാടി നടക്കുന്നുണ്ട്. വോളണ്ടിയര്‍മാര്‍ സ്റ്റേജും ഇരിപ്പിടങ്ങളും ഒരുക്കുന്നു. കറുത്തവേഷമണിഞ്ഞ കുക്കി-സോമി യുവതികള്‍ സ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്റ്റേജിൻ്റെ സമീപത്തായി ഇരിക്കുന്ന സ്ത്രീകളെ പരിചയപ്പെട്ട്, വന്ന കാര്യം പറഞ്ഞു. നിങ്ങള്‍ വരുമെന്ന് സന്ദേശം ലഭിച്ചെന്ന് കൂട്ടത്തില്‍ ഒരു സ്ത്രീ പറഞ്ഞു.
ഡ്രൈവറെ കണ്ടതും നിങ്ങള്‍ മയ്തേയി ആണോ എന്ന് സരോജിനോട് ചോദിച്ചു. അല്ല, മുസ്ലീം ആണെന്ന് അവന്‍ മറുപടി പറഞ്ഞു. സരോജിന്റെ ഐഡി കാര്‍ഡ് പരിശോധിച്ച സ്ത്രീകള്‍ക്ക് അയാളുടെ ഐഡന്റിറ്റിയില്‍ സംശയമായി. സരോജിൻ്റെ പേരിൻ്റെ കൂടെ മുസ്ലീം സര്‍നെയിം ഇല്ലാത്തായിരുന്നു സംശയത്തിന് കാരണം. അവന്‍ കോളേജ് ഐഡിയും, ഫോണിലെ കോണ്ടാക്ടുകളും കാണിച്ചു കൊടുത്ത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു മുസ്ലീം ആണെന്നും തൗബലില്‍ ആണ് വീടെന്നും ക്വാക്തയില്‍ അവന് ബന്ധുക്കള്‍ ഉണ്ടെന്നും.
സരോജിൻ്റെ പ്രദേശത്ത് വിളിച്ച് അന്വേഷിച്ച് അവൻ്റെ വീട്ടുകാരുടെ മൊത്തം ചരിത്രം പരിശോധിച്ച ശേഷം മുസ്ലീം ആണെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ഞങ്ങള്‍ക്ക് പോകാന്‍ അനുമതി തന്നത്. ചുരാചാന്ദ്പൂര്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഐടിഎല്‍എഫിൻ്റെ (Indigenous Tribal Leaders Forum) മീഡിയ സെല്ലില്‍ പോയി അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് സ്ത്രീകള്‍ നിര്‍ദേശം തന്നിരുന്നു. സരോജിനോട് വണ്ടിയില്‍ നിന്നും ഒരു കാരണവശാലും പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പും സ്ത്രീകള്‍ നല്‍കിയിരുന്നു. സരോജിൻ്റെ ഐഡി കാര്‍ഡില്‍ സര്‍നെയിം ഇല്ലാത്തതാണ് കാരണം.
അര മണിക്കൂര്‍ കഴിഞ്ഞ് അവിടെ നിന്നും പോയാല്‍ മതിയെന്നു കുക്കി സ്ത്രീകള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ കാറിൻ്റെ അടുത്തേയ്ക്ക് നീങ്ങി. സരോജിനെ ചോദ്യം ചെയതതും സ്ത്രീകള്‍ക്കുണ്ടായ ആശയക്കുഴപ്പവും ഞങ്ങളില്‍ ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്തിനാണ് അവര്‍ അരമണിക്കൂര്‍ കാത്തുകിടക്കാന്‍ പറഞ്ഞത് എന്ന് ആലോചിച്ച് ശരിക്കും ടെന്‍ഷന്‍ അടിച്ചു പോയി.
സരോജിൻ്റെ സുരക്ഷിതത്വത്തെ കുറിച്ചാണ് പിന്നീട് ചിന്തിച്ചത് എല്ലാം. എൻ്റെ ടെന്‍ഷന്‍ കണ്ടിട്ട് സരോജ് പറഞ്ഞു. ‘സഹോദരി എനിക്ക് പേടിയില്ല. ഞാന്‍ മുസ്ലീം ആണ്. എൻ്റെ ഫോണ്‍ നോക്കൂ. എല്ലാവരും മുസ്ലീങ്ങള്‍ ആണ്. ഞാന്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങില്ല.’, സരോജിന് പേടിയില്ലെങ്കില്‍ എനിക്കും ടെന്‍ഷന്‍ ഇല്ലന്ന് ഞാനും പറഞ്ഞു. എന്നാലും ഉള്ളില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു.
സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം. എന്തായാലും ചിന്തകളെ മാറ്റാനായി വാള്‍ ഓഫ് റിമമ്പറന്‍സിന് ചുറ്റും നടന്ന് ഫോട്ടോകള്‍ എടുത്തു. അര മണിക്കൂര്‍ ആവുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് പോകാനുള അനുവാദം കിട്ടി. ഞങ്ങള്‍ ഐടിഎല്‍എഫ് ഓഫീസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
FAQs
എന്താണ് സിആർപിഎഫ്?
ഇന്ത്യയിലെ ഏറ്റവും വലിയ സായുധ പോലീസ് വിഭാഗമാണ് സിആർപിഎഫ് (Central Reserve Police Force). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സിആർപിഎഫ് പ്രവർത്തിക്കുന്നത്. കലാപം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ലഹള, തിരഞ്ഞെടുപ്പ് സമയത്ത് സമാധാനം നിലനിർത്തൽ തുടങ്ങി വിവിധ സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനയെ സഹായിക്കുക എന്നതാണ് സിആർപിഎഫിൻ്റെ പ്രധാന ലക്ഷ്യം.
എന്താണ് ബിഎസ്എഫ്?
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സായുധ സുരക്ഷ വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്/ Border Security Force). കേന്ദ്ര സായുധ പോലീസ് സേനകളിലെ പ്രധാനപ്പെട്ടതും വലുതുമായ അതിർത്തി കാവൽസേനയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്.
എവിടെയാണ് ചിൻ സംസ്ഥാനം?
പടിഞ്ഞാറൻ മ്യാന്മറിലെ ഒരു സംസ്ഥാനമാണ് ചിൻ. ഈ സംസ്ഥാനത്തിൻ്റെ തെക്ക് പടിഞ്ഞാറ് ബംഗ്ലാദേശും, വടക്കൻ ദിശകളിൽ യഥാക്രമം ഇന്ത്യൻ സംസ്ഥാനങ്ങളായ മിസോറാമും മണിപ്പൂരുമാണ് അതിരുകൾ. 2014 സെൻസസ് പ്രകാരം ചിൻ സംസ്ഥാനത്തെ ആകെ ജനസംഖ്യ 478,801 ആയിരുന്നു. സംസ്ഥാനത്തിൻ്റെ തലസ്ഥാനം ഹഖ നഗരമാണ്.
എവിടെയാണ് ക്വാക്ത?
ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലാണ് ക്വാക്ത. 2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 7958 ആണ്.
Quotes
രാജ്യത്തെ സൃഷ്ടിക്കാനും പരിപാലിക്കാനും ഭീരുക്കൾക്കാവില്ല – എൽമർ ഡേവിസ്