Sat. Jan 18th, 2025
manipur riot

എനിക്കിപ്പോള്‍ പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടമായി. ഏതു നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത്

കുക്കി സ്വാധീന മേഖലകളിലേക്ക് അറിഞ്ഞോ അറിയാതെയോ ഒരു മയ്‌തേയി എങ്ങാനും പ്രവേശിച്ചാല്‍ മരണം ഉറപ്പാണ്. തിരിച്ചു മയ്‌തേയി മേഖലകളുടെ അവസ്ഥയും ഇതുതന്നെ. അതുകൊണ്ട് കാങ്‌പോക്പിയിലേക്ക് കൂടെ വരുന്നത് മുസ്ലീം ഡ്രൈവറാണ്. കലാപം തുടങ്ങിയതിനു ശേഷം മണിപ്പൂരില്‍ സ്വതന്ത്രമായി യാത്ര ചെയ്യാവുന്ന വിഭാഗം പങ്ങല്‍ മുസ്ലീങ്ങളും നാഗകളുമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ അടക്കം പുറത്തു നിന്നുള്ള ഒട്ടുമിക്ക ആളുകളും യാത്ര ചെയ്യാന്‍ കൂടെ കൂട്ടുന്നത് മുസ്ലീം ഡ്രൈവര്‍മാരെയാണ്. പൊതുഗതാഗതം ഇല്ലാത്തത് കൊണ്ടുതന്നെ ടാക്‌സി ഓടുന്നവര്‍ ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നത്. പൊതുവേ മണിപ്പൂരില്‍ എല്ലാത്തിനും ഉയര്‍ന്ന നിരക്കാണ്.

കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം അവശ്യസാധനങ്ങളുടെ വിലയെല്ലാം ഇരട്ടിയാണ്. ഒരു ചായ കുടിക്കാന്‍ 20, 30 രൂപ കൊടുക്കണം. നമ്മുടെ നാട്ടിലെ അര ചായയാണ് ഇവിടെ ഒരു ചായ. ചോറിന് മാത്രം 100 രൂപ. കറികള്‍ക്ക് വേറെ പൈസ കൊടുക്കണം.

ഇംഫാല്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ എല്ലാം പൂട്ടിക്കിടക്കുകയാണ്. പെട്രോളുംഡീസലും ഒരു ലിറ്റര്‍ കുപ്പികളില്‍ നിറച്ച് വെച്ച് റോഡ് സൈഡില്‍ ഇരുന്ന് സ്ത്രീകള്‍ വില്പന നടത്തുന്നത് കാണാം. ആദ്യം ഞാന്‍ കരുതിയത് വില്‍ക്കുന്നത് കടുകെണ്ണ ആയിരിക്കും എന്നാണ്. പിന്നീടാണ് മനസ്സിലാക്കുന്നത് അത് പെട്രോളും ഡീസലും ആണെന്ന്. 

കാങ്പോക്പി ടൗണില്‍ റിലയന്‍സിൻ്റെ ട്രെൻഡ്‌സ് അല്ലാതെ മറ്റൊരു ബ്രാന്‍ഡ്‌ കടയും ശ്രദ്ധയില്‍പ്പെട്ടില്ല. വലിയ തുണിക്കടയോ, സൂപ്പര്‍ മാര്‍ക്കറ്റുകളോ, മാളുകളോ ഒന്നും കാങ്‌പോക്പിയില്‍ ഇല്ല. എല്ലാം ചെറിയ ചെറിയ കടകള്‍. കാങ്‌പോക്പിയിലെ ഭൂരിപക്ഷവും സാധാരണക്കാരാണ്. കൃഷിയാണ് പ്രധാന വരുമാനം. ഒട്ടുമിക്കരും സ്വയംതൊഴില്‍ ചെയ്യുന്നവര്‍. സര്‍ക്കാര്‍ ജോലിക്കാര്‍ വളരെ ന്യൂനപക്ഷമാണ്. സാമൂഹികമായി അധികാരമോ ഉയര്‍ന്ന പദവികളോ ഇല്ലാത്തവര്‍.

എസ്പിയുമായുള്ള സംസാരത്തിനു ശേഷം നഗരത്തില്‍ തന്നെയുള്ള കുക്കി വിദ്യാര്‍ത്ഥികളുടെ ഓഫീസിലേക്കാണ് പോയത്. അവിടെ നിന്നും രണ്ടു ചെറുപ്പക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള വഴി പറഞ്ഞുതരാന്‍ ഒപ്പം കൂടി. കുക്കി ചെറുപ്പക്കാര്‍ പൊതുവെ ബിജെപി നയങ്ങളെ ശക്തമായി എതിര്‍ക്കുന്നവരാണ്. എനിക്കും വ്യക്തിപരമായി സംഘപരിവാര്‍ വിരുദ്ധ നിലപാടുകള്‍ ഉള്ളതുകൊണ്ടുതന്നെ തുറന്നുള്ള സംസാരങ്ങള്‍ പലരില്‍ നിന്നും ഉണ്ടായിട്ടുണ്ട്.

കൂടാതെ കുക്കികള്‍ ഭരണഘടനയെയും ജനാധിപത്യത്തെയും ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുന്നതും പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. മയ്‌തേയികള്‍ പക്ഷെ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തെയും പ്രതിപാദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാത്രമല്ല കുക്കികള്‍ തുറന്ന് സംസാരിക്കുന്ന ആളുകളാണെന്നും തോന്നിയിട്ടുണ്ട്.

കുറച്ചെങ്കിലും ജനാധിപത്യവത്ക്കരിക്കപ്പെട്ട ചെറുപ്പക്കാരുടെ സമൂഹം കുക്കികള്‍ക്കിടയില്‍ ഉണ്ട്. മയ്‌തേയി ചെറുപ്പക്കാര്‍ കുക്കികളെ മണിപ്പൂരില്‍ നിന്നും ഇല്ലാതെയാക്കണം എന്ന് പറയുമ്പോള്‍ കുക്കി ചെറുപ്പക്കാര്‍ മയ്‌തേയികളുടെ അവകാശങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് സംസാരിക്കുന്നത്. ഒരിക്കലും അവര്‍ മയ്‌തേയികളെ മണിപ്പൂരില്‍ നിന്നും പുറത്താക്കണമെന്നോ കൊല്ലണം എന്നോ പറഞ്ഞിട്ടില്ല. 

Kangpokpi relief camp Manipur
കാങ്പോക്പിയിലെ സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിലെ അന്തേവാസികൾ   Copyright@Woke Malayalam

ഒരു ചെറിയ സ്‌കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും അടക്കം 700 റോളം ആളുകളാണ് മൂന്ന് നിരയുള്ള ഒറ്റനില കെട്ടിടത്തില്‍ താസിക്കുന്നത്. ഒരു ക്ലാസ് മുറിയില്‍ മൂന്നും നാലും കുടുംബങ്ങള്‍ ഒതുങ്ങിക്കൂടിയാണ് കഴിയുന്നത്.

മണിപ്പൂര്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ് ജൊയ്യാ മാ. കലാപം തുടങ്ങിയ അന്ന് സര്‍വകലാശാലയില്‍ ആയിരുന്ന ജൊയ്യ മായേയും മറ്റു കുക്കി വിദ്യാര്‍ത്ഥികളെയും സൈനികരാണ് രക്ഷപ്പെടുത്തുന്നത്. 

കലാപം തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഒരു ജനക്കൂട്ടം ഞങ്ങള്‍ക്കുനേരെ വന്നു. അവര്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ല. അവര്‍ മണിപ്പൂര്‍ സര്‍വകലാശാല ആക്രമിച്ചു. അപ്പോള്‍ ഏകദേശം ആറ് മണി ആയിട്ടുണ്ടാകും. സര്‍വകലാശാലയില്‍ നിന്നും വീടുകളിലേക്ക് പോകാന്‍ 20 മിനിറ്റ് ഡ്രൈവ് ആവശ്യമായതിനാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ തന്നെയാണ് നില്‍ക്കുന്നത്. ഒരുപക്ഷേ ആക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ വീട്ടിലേക്ക് പോയേനെ.

Kangpokpi relief camp Manipur
ജൊയ്യാ മാ Copyright@Woke Malayalam

ഒരു വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ തീരെ സുരക്ഷിതമല്ലാത്ത സ്ഥലമായി മണിപ്പൂര്‍ സര്‍വകലാശാല മാറുകയായിരുന്നു. അവര്‍ കുക്കികളെ പ്രത്യേകം തിരയുകയായിരുന്നു. ഞങ്ങളുടെ ഐഡികള്‍ അവര്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ഞങ്ങളില്‍ ചിലരെ ആര്‍മി ക്യാമ്പിലേക്കും ചിലരെ സിംങ്ജമെയ് പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി.

പിന്നീട് ഞങ്ങളെല്ലാവരും ഫെര്‍സ്വാളിലാണ് ഒരുമിച്ച് കൂടിയത്. കുറച്ച് ദിവസം അവിടെ കഴിഞ്ഞതിനുശേഷം ഞാന്‍ കാങ്‌പോക്പിയിലേക്ക് വന്നു. വരുന്ന വഴിയില്‍ ഞങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. അവിടെ നിന്നും സൈനികളുടെ ബസ്സിലായിരുന്നു ഞങ്ങളെ കൊണ്ടുവന്നത്. ആ ബസ്സിൻ്റെ അവസ്ഥയും വളരെ മോശമായിരുന്നു. അതില്‍ നിറയെ ബുള്ളറ്റുകള്‍ തുളച്ചുകറിയതിൻ്റെ പാടുകളുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്.

ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എല്ലാ ഡോക്യുമെന്റുകളും ഞങ്ങള്‍ക്ക് നഷ്ടമായി. ഐഡി കാര്‍ഡുകള്‍, ഡിഗ്രി വരെയുള്ള മാര്‍ക്ക് ഷീറ്റുകള്‍ എല്ലാം നഷ്ടമായി. അവര്‍ അത് കീറി കളഞ്ഞോ, കത്തിച്ചു കളഞ്ഞോ എന്ന് എനിക്ക് അറിയില്ല. ഞങ്ങള്‍ക്കിനി പഠനം തുടരാന്‍ കഴിയില്ല. ഞങ്ങള്‍ ഇനി അവിടേക്ക് മടങ്ങി പോകില്ല. രണ്ട് വിഭാഗക്കാരും തമ്മില്‍ വിശ്വാസം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

കുക്കികള്‍ എന്തായാലും അവിടേക്ക് മടങ്ങിപോകില്ല. ഞങ്ങള്‍ പഠനം തുടരുകയാണെങ്കില്‍ തന്നെ മറ്റെവിടെയെങ്കിലും പോകും. എനിക്കിപ്പോള്‍ പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടമായി. ഏതു നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഞങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങള്‍ താമസിച്ചിരുന്നത് ഇംഫാലിലെ ഖാമ്പി ഗ്രാമത്തിലായിരുന്നു എൻ്റെ ഗ്രാമം പൂര്‍ണ്ണമായും കത്തി നശിച്ചു. ഞങ്ങള്‍ സര്‍ക്കാര്‍ ക്വാട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന എല്ലാ സമ്പത്തും അവര്‍ കൊള്ളയടിച്ചു. ഞങ്ങളുടെ പട്ടികളെയും ആടുകളെയും എല്ലാം അവര്‍ കൊണ്ടുപോയി. എനിക്ക് തിരികെ പോകാന്‍ താല്പര്യമില്ല. എനിക്ക് അവിടെ ആരെയും വിശ്വാസമില്ല. അവിടേക്ക് പോയാല്‍ അവര്‍ എന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് എനിക്ക് ഭയമാണ്.

ഈ വര്‍ഷം ഞാന്‍ ഇനി പഠിക്കുന്നില്ല. ഡ്രോപ്പ് ഔട്ട് ചെയ്യാന്‍ പോവുകയാണ്. ഇപ്പോള്‍ പഠനം തുടരണമെങ്കില്‍ കൂടി എന്റെ കയ്യില്‍ ഡോക്യുമെന്റുകള്‍ ഒന്നുംതന്നെയില്ല. അടുത്ത വര്‍ഷം എന്‍ട്രന്‍സ് എഴുതി മണിപ്പൂരിന് പുറത്ത് എവിടെയെങ്കിലും പോയി പഠിക്കണം.

മെയില്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ അവസ്ഥ ഉടനെ മെച്ചപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ രണ്ട് കൂട്ടരും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടണം. ഇതിനു പിന്നില്‍ അധികാരത്തിൻ്റെ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഉടനെ അവസാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

Kangpokpi relief camp Manipur
കാങ്പോക്പിയിലെ സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിലെ അന്തേവാസികൾ   Copyright@Woke Malayalam

ഞങ്ങള്‍ക്കിവിടെ രാവിലെയും വൈകിട്ടും ഭക്ഷണം ലഭിക്കുന്നുണ്ട്. അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. പക്ഷേ ഇവിടം വൃത്തിഹീനമാണ്. ഞങ്ങളെല്ലാവരും മാനസികമായും ശാരീരികമായും ക്ഷീണിതരാണ്. പലരും പനി, വയറിളക്കം, ചുമ തുടങ്ങിയ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. അതിലുപരി ഞങ്ങള്‍ ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് നിരാശരാണ്.’ ജൊയ്യ മാ പറഞ്ഞു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്ന ട്രേസി പാന്‍ മസാല ചവച്ചുകൊണ്ടിരിക്കുകയാണ്. ട്രേസി മാത്രമല്ല, കാഴ്ചയില്‍ തീരെ ചെറിയ കുഞ്ഞുങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നവര്‍ എല്ലാം പാന്‍ ചവക്കുന്നുണ്ട്. എന്തിനാണ് ഈ ചെറിയ പ്രായത്തില്‍ പാന്‍ ചവക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ട്രേസി ചിരിച്ചു കൊണ്ട് പറഞ്ഞത് ഇത് ഞങ്ങളുടെ ശീലമാണ് എന്നാണ്.

സുഗ്‌നുവില്‍ പോയപ്പോള്‍ പാന്‍ ഉണ്ടാക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. വലിയ ഒരു വെറ്റില മുഴുവനായും എടുക്കും. അതിന്റെ ഉള്ളില്‍ നൂറ് തേച്ചു പിടിപ്പിക്കും. എന്നിട്ട് അടയ്ക്കാ കഷ്ണങ്ങളും തേങ്ങാപൂളും വെക്കും. അതിന്റെ മുകളിലായി വ്യത്യസ്തങ്ങളായ സാധനങ്ങള്‍ വിതറും. ഇതാണ് ഇവര്‍ ഇടവേളയില്ലാതെ ചവക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും എന്ന് വ്യത്യാസമില്ലാതെ എല്ലാവരും പാന്‍ തിന്നുന്നവരാണ്. 

ട്രേസി ഇംഗ്ലീഷ് നന്നായി സംസാരിക്കും. മിഷണറി സ്‌കൂളുകള്‍ സ്ഥാപിതമായതിനു ശേഷമാണ് കുക്കികള്‍ക്കിടയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചുതുടങ്ങിയത്. താരതമ്യേനെ സാമ്പത്തിക ശേഷിയുള്ള കുക്കികളാണ് ഇംഫാലില്‍ സെറ്റിലായിട്ടുള്ളത്. അവരും മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് ട്രേസി മാത്രമല്ല കുക്കികളില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. മെയ് മൂന്നാം തീയ്യതി ട്രേസി ഇംഫാലിലുണ്ട്. 

എനിക്ക് ആക്രമത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. ഞാന്‍ ഇപ്പോഴും ഒരു കുട്ടിയാണ്. ഞങ്ങള്‍ ജീവിതം ആസ്വദിക്കുന്ന സമയമാണിത്. എന്നാല്‍ ഈ അക്രമം ഞങ്ങള്‍ക്ക് അസന്തുഷ്ടമായ ജീവിതമാണ് സമ്മാനിച്ചത്. ഈ അക്രമം അവസാനിപ്പിച്ചെങ്കില്‍, അത് നല്ലതായിരിക്കും. പക്ഷേ ഒന്നും പഴയതുപോലെയാകില്ല. ഇംഫാലിലെ ഞങ്ങളുടെ സ്‌കൂള്‍ കത്തിനശിച്ചിരുന്നു. ഇംഫാലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ ജീവിതം അത്ര നല്ലതല്ല. എന്നാല്‍ ഇവിടെ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ഇംഫാലില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. എനിക്കിവിടെയും ഇഷ്ടമാണ്.

Kangpokpi relief camp Manipur
ട്രേസി Copyright@Woke Malayalam

എനിക്ക് ഇനി ഇംഫാലിലേയ്ക്ക് തിരിച്ചു പോകണം എന്നില്ല. എനിക്ക് പഴയ ദിവസങ്ങള്‍ നഷ്ടമായി. പക്ഷേ ഇപ്പോള്‍ ആ നഷ്ടങ്ങള്‍ ഓര്‍ക്കാറില്ല. എൻ്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും മയ്‌തേയികളാണ്. അവര്‍ ഇതിനകം എന്തായിമാറിയെന്ന് ഓര്‍ത്ത് എപ്പോഴും വിഷമിക്കാറുണ്ട്. ഈ അക്രമം ഉയര്‍ത്തുന്നത് അവരാണ് എന്നല്ല, എൻ്റെ  മിക്ക സുഹൃത്തുക്കളും പറയാറുണ്ട്, ഞങ്ങള്‍ മയ്‌തേയികളാണെങ്കിലും ഞങ്ങള്‍ ഇപ്പോഴും നിങ്ങളെ മിസ്സ് ചെയ്യാറുണ്ട് എന്ന്. അവര്‍ ഇപ്പോഴും ഞങ്ങളെ ഓര്‍ക്കാറുണ്ട്. ഞാനും അവരെ മിസ് ചെയ്യുന്നു. ഞാന്‍ അവരുമായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു

മുതിര്‍ന്നാല്‍ എനിക്ക് അഭിഭാഷക ആവാനാണ് ആഗ്രഹം. കാരണം ഇക്കാലത്ത് ധാരാളം അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ ആക്രമണങ്ങളില്‍ നിന്നും എന്റെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മണിപ്പൂരില്‍ നിരവധി നല്ല നിയമവിദ്യാലയങ്ങളുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ഡല്‍ഹിയിലോ മറ്റെവിടെങ്കിലുമോ പോയി പഠിക്കണമെന്നാണ് ആഗ്രഹം. കാരണം അവിടെ കൂടുതല്‍ നല്ല സൗകര്യങ്ങളുണ്ട്,’ ട്രേസി പറഞ്ഞുനിർത്തി .

FAQs

എന്താണ് ജനാധിപത്യം?

ജനങ്ങൾ എന്നർത്ഥമുള്ള ഡെമോസ്(Demos), ഭരണം എന്നർത്ഥമുള്ള ക്രറ്റോസ് (kratos) എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്കുഭാഷയിൽ ഡെമോക്രാറ്റിയ  (Demokratia) എന്ന സമസ്തപദമുണ്ടായി. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബിസി 5-ആം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇത് ഇംഗ്ലീഷിൽ ഡെമോക്രസിയായി (Democracy). ഡെമൊക്രസിയുടെ മലയാള തർജ്ജമയാണു ജനാധിപത്യം. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കൻ്റെ വാക്കുകളിൽ കാണാം.

എന്താണ് ബിജെപി

2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയാണ് ഭാരതീയ ജനത പാർട്ടി എന്നറിയപ്പെടുന്ന ബിജെപി.  1951 ഒക്ടോബർ 21 ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർഎസ്എസിൻ്റെ  രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിൻ്റെ  ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി.

ആരാണ് അഭിഭാഷകൻ?

ഒരു കക്ഷിക്കുവേണ്ടി ഏതെങ്കിലും കോടതിയിലോ, ട്രൈബ്യൂണലിലോ മറ്റേതെങ്കിലും അധികാരസ്ഥാനങ്ങളിലോ ഹാജരായി വാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും വൈദഗ്ദ്ധ്യവും സിദ്ധിച്ചിട്ടുള്ള ആളെയാണ് അഭിഭാഷകൻ/അഭിഭാഷക അഥവാ വക്കീൽ എന്നു വിളിക്കുന്നത്.

എന്താണ് പെട്രോളിയം?

ഭൂമിയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ പ്രകൃത്യാ കണ്ടുവരുന്നതും കത്താൻ കഴിവുള്ളതുമായ ദ്രാവകമാണ്  പെട്രോളിയം വിവിധ തരത്തിലുള്ള ഹൈഡ്രോകാർബണുകളുടെ സങ്കീർണ്ണമായ മിശ്രിതമാണ്‌ ഇവ. കൂടെ മറ്റുള്ള ജൈവസം‌യുക്തങ്ങളും കാണപ്പെടുന്നു.

Quotes

ആളുകളിലെ തിന്മ അന്വേഷിക്കുന്നവർ തീർച്ചയായും അത് കണ്ടെത്തും – അബ്രഹാം ലിങ്കൺ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.