Wed. Dec 18th, 2024
Arambai Tenggol

ഒരപേക്ഷയുണ്ട്. ഞങ്ങള്‍ കുക്കികൾ പറയുന്ന കാര്യങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യണം. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങള്‍ക്കില്ല. മോദി മാധ്യമങ്ങള്‍ ഇവിടെത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇവിടുത്തെ ഗ്രൗണ്ട് റിയാലിറ്റി എന്താണോ  അത് നിങ്ങള്‍ പറഞ്ഞാല്‍ മതി


ഇംഫാലില്‍ നിന്നും
നാഗാലാൻഡിൻ്റെ  തലസ്ഥാനമായ കൊഹിമയിലെയ്ക്ക് പോകുന്ന ഹൈവേ വഴിയാണ് കാങ്‌പോക്പി ജില്ലയിലേയ്ക്ക് പോവുക. മയ്തേയി ഭൂരിപക്ഷ പ്രദേശമായ സിഗ്മയ് കടന്നാല്‍ കുക്കി പ്രദേശങ്ങള്‍ ആണ്. ഇംഫാലില്‍ നിന്നും ഹൈവേ ഒഴിവാക്കി മറ്റൊരു വഴിയാണ് സിഗ്മയില്‍ കടന്നത്. ജോണ്‍ സാറിന് സ്കൂള്‍ അവധി ആയതിനാല്‍ സാറാണ് ഇന്നത്തെ (22 ജൂലൈ 2023) കൂട്ട്. സാറിൻ്റെ വണ്ടിയില്‍ അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. മണിപ്പൂര്‍ എത്തിയതിന് ശേഷം കുക്കി പ്രദേശത്തേയ്ക്കുള്ള ആദ്യ യാത്രയാണ്. 

ഭൂമിശാസ്ത്രപരമായി വേര്‍പെട്ടു കഴിയുന്ന കുക്കികള്‍ ഇപ്പോള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടി താഴ്വരയില്‍ (ഇംഫാൽ) നിന്നും വേര്‍പ്പെട്ടിരിക്കുകയാണ്. ഇംഫാലില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുക്കികള്‍ കാങ്‌പോക്പി ജില്ലയിലെ വിവിധ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇംഫാലില്‍ പഠിക്കാന്‍ പോയവര്‍, ജോലി ചെയ്തിരുന്നവര്‍, ബിസിനസ് നടത്തിയിരുന്നവര്‍ തുടങ്ങി അനേകം മനുഷ്യരാണ് കഴിഞ്ഞ മൂന്നു മാസമായി വിവിധ ക്യാമ്പുകളിലുള്ളത്.

inmates of kuki relief camp
കുക്കി റിലീഫ് ക്യാമ്പിലെ അന്തേവാസികൾ Copyright@Woke Malayalam

കേന്ദ്രത്തിലെ ഭരണ സാഹചര്യത്തിന് അനുസരിച്ച് മാറി മറിയുന രാഷ്ട്രീയ സാഹചര്യമാണ് മണിപ്പൂരില്‍ ഉള്ളത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിൽ വന്നതിന്  ശേഷം മണിപ്പൂരിലും ബിജെപിയാണ് അധികാരത്തിലുള്ളത്. അതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിരേന്‍ ബിജെപി പ്രവര്‍ത്തകന്‍ ആയി.  2017 ല്‍ സംസ്ഥാന ഭരണം ബിരേന്‍ പിടിക്കുന്നത് കുക്കികളുടെയും നാഗകളുടെയും സഹായത്തോടെയാണ്. അനധികൃത കുടിയേറ്റം, എന്‍ആര്‍സി നടപ്പാക്കല്‍, കുടിയൊഴിപ്പിക്കല്‍, പോപ്പി കര്‍ഷരെന്ന് മുദ്രകുത്തല്‍ തുടങ്ങി സര്‍ക്കാരിൻ്റെ ഗോത്ര വിരുദ്ധ നടപടികള്‍ കൂടിയപ്പോള്‍ കുക്കികള്‍ക്കിടയില്‍ കടുത്ത ബിജെപി വിരുദ്ധ നിലപാടുകള്‍ ഇപ്പോഴുണ്ട്. 

മണിപ്പൂര്‍ ജനസംഖ്യയില്‍ മൂന്നാമതുള്ള കുക്കികള്‍ മണിപ്പൂരില്‍ മാത്രമല്ല മിസോറാം, മേഘാലയ, അസം, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിലായി അധിവസിക്കുന്നു. മ്യാൻമാറിലെ ചിൻ ജനതയും മിസോറാമിലെ മിസോ ജനതയും കുക്കികളും ഒരേ വംശമാണ്‌. ഇവരെ മൊത്തത്തിൽ സോ ജനത എന്നാണ് വിളിക്കുന്നത്. 

മ്യാൻമാര്‍,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വേരുകളുള്ള ഒന്നിലധികം ഗോത്രങ്ങൾ ഉൾപ്പെടുന്ന വംശീയ വിഭാഗമായ കുക്കികള്‍ക്കിടയില്‍ വിഭജനം നടക്കുന്നത് ബ്രിട്ടീഷ് കാലത്താണ്. ബ്രിട്ടീഷുകാരുമായി നടന്ന ആഗ്ലോ-കുക്കി യുദ്ധത്തില്‍ (1917 – 1919 ) കുക്കികള്‍ പരാജയപ്പെടുകയും കുക്കികള്‍ അധിവസിച്ചിരുന്ന മേഖലകളെ ബ്രിട്ടീഷ് ഇന്ത്യയുടെയും ബ്രിട്ടീഷ് ബർമ്മയുടെയും (മ്യാൻമാര്‍) ഭരണകൂടങ്ങൾക്കിടയിൽ വിഭജിക്കുകയും ചെയ്തു.

കുക്കികളുടെ വംശീയ പശ്ചാത്തലം പരിശോധിച്ചാൽ, കുക്കി-സോമി-മിസോ-ചിൻ ആളുകൾ ഇന്നര്‍ ഏഷ്യയില്‍ നിന്നോ ചൈന (Mainland China)യില്‍ നിന്നോ കുടിയേറിയതായി കാണാം. നാഗകളും മയ്തെയികളും ചൈനീസ് ഒര്‍ജിന്‍സ് ആണെന്നാണ് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ എഡ്മണ്ട് ലീച്ച് പറയുന്നത്. ഭാഷാപരമായി കുക്കികള്‍ക്കും മയ്തതേയികൾക്കും സാദൃശ്യം ഉണ്ടെന്ന് ബ്രിട്ടീഷ് ഓഫീസറായിരുന്ന കേണൽ ഡബ്ല്യു മക്കല്ലോയും പറയുന്നുണ്ട്. നാഗകളുടെയും കുക്കികളുടെയും സങ്കര വംശമാണ് മെയ്‌തേയികള്‍ എന്നാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ നരവംശ ശാസ്ത്രജ്ഞനായ വെറിയർ എൽവിൻ പറയുന്നത്. 

ബ്രിട്ടീഷുകാരുടെ കാലത്താണ് കുക്കികള്‍ക്ക് കുക്കി എന്ന നാമകരണം ലഭിക്കുന്നത്. കാലക്രമേണ കുക്കികളും നാഗകളും കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി മലയോരമേഖലയിലും മെയ്‌തേയികള്‍ താഴ്വരയിലും താമസിക്കാന്‍ തുടങ്ങി. പരമ്പരാഗതമായി കുക്കികള്‍ ആരാധിച്ചിരുന്നത് ആത്മാക്കളെയും ദേവതകളെയുമാണ്‌.  19-ആം നൂറ്റാണ്ടിൻ്റെ  അവസാനത്തിലും 20 -ആം നൂറ്റാണ്ടിൻ്റെ  തുടക്കത്തിലും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവേശനത്തോടെ ഭൂരിഭാഗം കുക്കികളും  ക്രിസ്തുമതത്തിലേക്ക്, പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.

ഇന്ന് അവരുടെ പ്രധാന മതമായി ക്രിസ്തുമതം ആചരിക്കുന്നു. 20-ാം നൂറ്റാണ്ടിൻ്റെ അവസാനത്തില്‍ കുക്കികളില്‍ ചെറിയൊരു ശതമാനം ആളുകള്‍ യഹൂദ മതം പിന്തുടരാൻ തുടങ്ങി. ഇസ്രായേലിലെ ഗോത്രങ്ങളില്‍ ഒന്നില്‍ നിന്നുള്ള വംശപരമ്പരയാണ് കുക്കികള്‍ എന്ന് അവകാശപ്പെട്ടാണ് യഹൂദ മത പരിവര്‍ത്തനം നടക്കുന്നത്. ബംഗാളില്‍ നിന്നും മുസ്ലീം സ്ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട കുക്കി പുരുഷന്മാര്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുമുണ്ട്. 

ഈ മത വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ആചാര-സംസ്കാരങ്ങളില്‍ ഗോത്ര പാരമ്പര്യം പിന്തുടരുന്നവരാണ് കുക്കികള്‍. കുക്കി ഗോത്രത്തില്‍ തീരുമാനം എടുക്കുന്നത് ഗ്രാമത്തലവന്‍ ആണ്. ഓരോ ഗ്രാമത്തിൻ്റെയും എല്ലാ കാര്യങ്ങളിലും അവസാന വാക്ക് ഗ്രാമത്തലവൻ്റേതാണ് ഗോത്രങ്ങള്‍ക്കിടയില്‍ പൊതുവെ കാണുന്ന ഊരുകൂട്ടങ്ങളും നമുക്ക് കാണാന്‍ കഴിയും. 

ചുരാചന്ദ്പൂരാണ് കുക്കികളുടെ ശക്തി കേന്ദ്രം എങ്കിലും ചന്ദേൽ, കാങ്‌പോക്പി, തെങ്‌നൗപൽ, സേനാപതി ജില്ലകളിലും കുക്കികള്‍ ഭൂരിപക്ഷമാണ്. കാങ്‌പോക്പി ജില്ലയിലെ മൊത്ബുനഗ്, ലെയ്മക്കോം എന്നീ സ്ഥലങ്ങളിലേയ്ക്കാണ് ഇന്നത്തെ യാത്ര. കാങ്‌പോക്പി ജില്ലയിലേയ്ക്കുള്ള പ്രവേശന കവാടം കുറച്ചു ദൂരെ നിന്നു തന്നെ കാണാം. വണ്ടിയില്‍ ഇരുന്നുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. അത് കണ്ടതും ഒരു കുക്കി യുവാവ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ഇവിടെ നിന്നും ഫോട്ടോ എടുക്കാന്‍ ശ്രമിക്കരുതെന്ന നിർദ്ദേശവും തന്നു.

കാങ്ങ്പോക്പി ജില്ലയിലേയ്ക്കുള്ള പ്രവേശന കവാടം
കാങ്‌പോക്പി ജില്ലയിലേയ്ക്കുള്ള പ്രവേശന കവാടം Copyright@Woke Malayalam

മാധ്യമ പ്രവര്‍ത്തകയാണ് എന്നുപറഞ്ഞതും മുന്നോട്ടു പോകാനുള്ള അനുവാദം നല്‍കി. കുക്കി പ്രതിരോധ സേന (പ്രാദേശിക കുക്കി യുവാക്കളുടെ സേന) യിലെ അംഗങ്ങളാണ് പ്രവേശന കവാടത്തില്‍ കാവല്‍ നില്‍ക്കുന്നത്. റോഡിൻ്റെ ഇരുവശത്തും ബങ്കറുകള്‍ കാണാം. അതിൻ്റെ ഉള്ളില്‍ തോക്കും പിടിച്ച് യുവാക്കള്‍.

പ്രവേശന കവാടത്തിന് മുമ്പിലായി മയ്തതേയി ഉല്പന്നങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന ഫ്ലക്സ് കാണാം. ചെക്പോസ്റ്റില്‍ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് കടത്തിവിടുന്നത്. റോഡിന് വലതുവശത്തോട് ചേര്‍ന്ന് കുക്കി പ്രതിരോധ സേനയുടെ ഓഫീസുണ്ട്. അവിടെ ഇരുന്നാണ് നിരീക്ഷണം. എല്ലാവരുടെയും കയ്യില്‍ വാക്കി ടോക്കി പോലെയുള്ള ഉപകരണങ്ങളുണ്ട്.  പരിശോധനകള്‍ കടന്ന് ഞങ്ങള്‍ നീങ്ങി. കുറച്ചു ദൂരം മുമ്പോട്ട്‌ പോയതും ചെറിയ ഒരു കവലയിലെത്തി. അവിടെ നിന്നിരുന്ന ഓട്ടോക്കാരോട് റിലീഫ് ക്യാമ്പുകളെക്കുറിച്ച് അന്വേഷിച്ചു. ഒരു കുക്കി യുവാവിനെ ഞങ്ങളുടെ കൂടെ വിട്ടു.

ആദ്യം പോയത് ഒരു പള്ളിയില്‍ നടത്തുന്ന ക്യാമ്പിലേക്കാണ്. രണ്ടു കുടുംബങ്ങള്‍ മാത്രമേ ക്യാമ്പിലുള്ളൂ. അതിൽ ബ്യൂലാലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബത്തോടാണ് സംസാരിച്ചത്. മെയ് നാലാം തീയ്യതി തങ്ങളുടെ ഗ്രാമം മെയ്‌തേയികള്‍ കത്തിച്ചെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത യുവതി പറഞ്ഞു. ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ട കുടുംബം കാട്ടിലാണ് കഴിഞ്ഞത്. മൂന്നു ദിവസങ്ങള്‍ക്ക്  ശേഷം കുക്കി കമാന്‍ഡോകള്‍ (അണ്ടര്‍ ഗ്രൗണ്ട് ഗ്രൂപ്പുകളിലെ സൈനിക വിഭാഗം) വന്ന് രക്ഷപ്പെടുത്തുകയായിരുന്നു എന്ന് അവര്‍ പറഞ്ഞു. പിന്നീട് അസം റൈഫിള്‍സാണ് ക്യാമ്പിലേയ്ക്ക് എത്തിച്ചത്. 

ക്യാമ്പില്‍ത്തന്നെയുള്ള ഗവേഷക വിദ്യാര്‍ത്ഥി (പേര് വെളിപ്പെടുത്താന്‍ താല്പര്യം ഇല്ല) മണിപ്പൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആയിരുന്നു ഗവേഷണം നടത്തിയിരുന്നത്. ഗവേഷണത്തോടൊപ്പം ഒരു സ്കൂളില്‍ അധ്യാപകനായും ജോലി ചെയ്തിരുന്നു. കലാപം നടക്കുമ്പോള്‍ ചിന്‍മയ്‌റോങ്ങില്‍ ആയിരുന്ന ഇദ്ദേഹം കലാപത്തിൻ്റെ ദൃക്സാക്ഷിയാണ്. 

ഇംഫാലിലെ കുക്കി പ്രദേശങ്ങള്‍ അവര്‍ രാവിലെ കത്തിക്കാന്‍ തുടങ്ങി. ചിന്‍മയ്‌റോങ്ങില്‍ നിന്നും എനിക്കത് കാണാമായിരുന്നു. രാത്രിയില്‍ അവര്‍ പള്ളികള്‍ കത്തിച്ചു. രാവിലെ ആളുകളെ കൊല്ലാന്‍ തുടങ്ങി. എസ് സി എസ് ടി ഹോസ്റ്റലില്‍ ആയിരുന്നു ഞങ്ങള്‍ ഉണ്ടായിരുന്നത്. ഹോസ്റ്റലിലേയ്ക്ക് മയ്തേയി ജനക്കൂട്ടം ഇരച്ചെത്തി. ഹോസ്റ്റലില്‍ ഞങ്ങള്‍ ഒളിച്ചിരിക്കുന്ന സ്ഥലം അവര്‍ അന്വേഷിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റല്‍ ആയതിനാല്‍ ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. സഹായത്തിനു വേണ്ടി കേന്ദ്ര സേനയെ ഞങ്ങള്‍ വിളിച്ചു.

മയ്‌തേയികള്‍ വന്ന് പോയതിനു ശേഷമാണ് അവര്‍ എത്തിയത്. ഹോസ്റ്റലിലെ അമെനെറ്റി ഹാള്‍ അവര്‍ കത്തിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലും അവിടെ ഉണ്ടായിരുന്ന വാഹനങ്ങളും അവര്‍ കത്തിച്ചു. അസം റൈഫിള്‍സ് എത്തി ഞങ്ങളെ സെക്കനിമാറിലേയ്ക്ക് കൊണ്ടുപോയി. അവിടെയും ഞങ്ങള്‍ സുരക്ഷിതര്‍ ആയിരുന്നു. പിന്നീടാണ് ഈ ക്യാമ്പില്‍ എത്തുന്നത്. കലാപത്തിന്റെ നടുക്കുന്ന അനുഭവങ്ങള്‍ പറയുമ്പോള്‍ ആ ചെറുപ്പക്കാരൻ്റെ  മുഖത്ത് അന്നത്തെ അതേ ഭയമുണ്ടായിരുന്നു. ഇനി ഇംഫാലിലേയ്ക്ക് പോകില്ല എന്ന് തീര്‍ത്തുപറഞ്ഞു.

മുടങ്ങി കിടക്കുന്ന ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, അറിയില്ല എന്ന് ഒരു നിസ്സഹായതയോടെയാണ്‌ അവന്‍ പറഞ്ഞത്.ഞങ്ങളുടെ ജീവിതം തന്നെ നഷ്ടപ്പെട്ടു, എനിക്കിപ്പോള്‍ വരുമാനമില്ല, എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. പൊളിറ്റിക്കല്‍ സയന്‍സില്‍ ആയിരുന്നു എൻ്റെ ഗവേഷണം. അതും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എൻ്റെ  കരിയറും നിലച്ചുപോയി. ആ ചെറുപ്പക്കാരന്‍ പറഞ്ഞു നിര്‍ത്തി. ആ ചെറുപ്പക്കാരൻ്റെ നിസ്സഹായതയ്ക്ക് മുമ്പില്‍ ഞാനും കുറച്ചു നേരം ഒന്നും പറയാനാകാതെ നിന്നുപോയി. ആ രംഗത്തെ ബ്രേക്ക് ചെയ്തത് ജോണ്‍ സാറാണ്. അദ്ദേഹം അടുത്ത ക്യാമ്പിലേയ്ക്ക് പോകാന്‍ വണ്ടി തിരിച്ചിട്ടു. 

ബാഡ്മിന്റൺ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താരതമ്യേന വലിയ ഒരു ക്യാമ്പിലേയ്ക്കാണ് അടുത്തതായി പോയത്. ഞങ്ങള്‍ക്ക് സഹായത്തിനായി കുക്കി യുവാക്കളും ഉണ്ട്. ഞാന്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക ആണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഷെയ്ക്ക് ഹാന്‍ഡ് തന്നാണ് എന്നെ അവര്‍ സ്വീകരിച്ചത്. ക്യാമ്പില്‍ അപ്പോഴുണ്ടായിരുന്ന എല്ലാവരും വന്ന് ഷെയ്ക്ക് ഹാന്‍ഡ് തന്ന് പരിചയപ്പെട്ടു. പിന്നീട് അങ്ങോട്ട്‌ ഞാന്‍ കണ്ടുമുട്ടിയ കുക്കികള്‍ എല്ലാവരും എന്നെ ഇങ്ങനെ തന്നെയാണ് സ്വീകരിച്ചത്.

 relief camp at badminton hall
ബാഡ്മിന്റൺ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന കുക്കി റിലീഫ് ക്യാമ്പ് Copyright@Woke Malayalam

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയോടുള്ള ബഹുമാനം പരിചയപ്പെട്ട എല്ലാ കുക്കികള്‍ക്കും ഉണ്ടായിരുന്നു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ ആഥിത്യമര്യാദ ആയിരുന്നു കുക്കികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ബ്യൂലാലേം, കാമുലയ്ലോക്, നുഗ്മാന്‍പി, മോത്ബുങ്ങിലെ അതിര്‍ത്തി ഗ്രാമങ്ങള്‍, എസ് കന്നാഗ്ബായ്, വൈപൈപക്കായി, കാഗ്ചുപ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ക്യാപിലെ അന്തേവാസികള്‍.

പി എസ് കാങ്‌പോക്പി എന്ന് പരിചയപ്പെടുത്തിയ ആളാണ്‌ സംസാരിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ ശരിയായ പേര് നല്‍കരുത് എന്ന് പറഞ്ഞിരുന്നു. കലാപം ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളെ രക്ഷപ്പെടുത്തുന്നത്. ഞങ്ങളുടെ ഗ്രാമങ്ങള്‍ എല്ലാം മയ്തേയികള്‍ തീയിട്ടു, ഞങ്ങളെ കൊള്ളയടിച്ചു, സ്വര്‍ണവും, പണവും, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന എല്ലാം അവര്‍ കൊള്ളയടിച്ചു. താഴ്‌വരയ്ക്ക് ചുറ്റും നിരവധി കുക്കി ഗ്രാമങ്ങൾ ഉണ്ട്. സ്ത്രീകളും ആൺകുട്ടികളും പെൺകുട്ടികളും യുവാക്കളും എന്ന് വ്യത്യാസമില്ലാതെ എല്ലാവരും പൊലീസ് കമാൻഡോകളെപ്പോലെ, സൈനികരെപ്പോലെ മണിപ്പൂര്‍ പൊലീസിൻ്റെ  ഒപ്പം വന്ന് ഞങ്ങളുടെ ഗ്രാമങ്ങള്‍ കത്തിച്ചു. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തു.

 മണിപ്പൂരില്‍ നിന്നും കുക്കികളെ ആട്ടിയോടിക്കാന്‍ വര്‍ഷങ്ങളായി മയ്തേയികള്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. അതിനവര്‍ പറയുന്നത് ഞങ്ങൾ മ്യാൻമാറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചരിത്രമുള്ള ഞങ്ങള്‍ കുടിയേറ്റക്കാര്‍ ആണെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ ചരിത്രത്തെ അവര്‍ വളച്ചൊടിക്കുന്നു. അവര്‍ക്ക് മണിപ്പൂര്‍ സ്വന്തമായി വേണം. അവര്‍ എന്തിനാണ് എന്‍ആര്‍സി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യയില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ നിലപാട്. കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ബഹുസ്വരതയുള്ള രാജ്യം. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ ജനങ്ങളും ഇന്ത്യക്കാരാണെന്ന് ഞാൻ പറയില്ല. എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവരിൽ 90 ശതമാനാവും ഇന്ത്യക്കാരാണ്. ഞങ്ങളും  ഇന്ത്യക്കാരാണ്.

 ആരാംബായ് തെംഗോലാണ് ഞങ്ങളെ കൊന്നൊടുക്കുന്നത്. അത്യാധുനിക ആയുധങ്ങളുമായി സിവിൽ ഡ്രസ്സിലാണ് അവര്‍ നടക്കുക. അവർ എങ്ങനെയാണ് ഈ ഭരണകൂട സേനയുടെ ആയുധങ്ങൾ കൊള്ളയടിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. ആഭ്യന്തര വകുപ്പിൻ്റെ  ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഈ ഗ്രൂപ്പിനെ പിന്തുണക്കുന്നത്. മുഖ്യമന്ത്രിയാണ് ആരാംബായിയെ വളര്‍ത്തിയെടുക്കുന്നത്.

ആ ആക്രമം ആരംഭിക്കുമ്പോൾ മണിപ്പൂര്‍ ഡിജിപി കുക്കി ആയിരുന്നു. ആയുധങ്ങള്‍ ഒന്നും കൈവശം വെക്കരുതെന്ന് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിനു നിര്‍ദേശം നല്‍കി. ആ നിമിഷം അദ്ദേഹം പല്ലില്ലാത്ത കടുവയെപ്പോലെ ആയി. തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സേനയില്‍ ഉണ്ടായിരുന്ന കുക്കി പോലീസുകാര്‍ക്കും എന്ത് ചെയ്യണമെന്നു അറിയില്ലായിരുന്നു.

മേയ് മൂന്നിലെ സമാധാന റാലി കഴിഞ്ഞ് ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ മയ്തേയികള്‍ ആംഗ്ലോ-കുക്കി യുദ്ധ കവാടത്തിന് തീയിട്ടു. ഞങ്ങളുടെ ആണ്‍കുട്ടികള്‍ അവിടേക്ക് ഓടിപ്പോവുകയായിരുന്നു. അവിടെ വെച്ച് സംഘര്‍ഷം ഉണ്ടായി. പിന്നെ എന്ത് ചെയ്യണം. ഞങ്ങളുടെ ചരിത്രത്തെ അല്ലേ അവര്‍ തീയിട്ടത്. ഞങ്ങള്‍ പ്രതികരിക്കില്ലേ. മയ്തെയികള്‍ നാലഞ്ച് വര്‍ഷമായി കലാപത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു പ്രകോപനവുമില്ലാതെ ഞങ്ങളുടെ യുദ്ധ കവാടത്തിന് തീയിടുമോ? ഈ കലാപം തുടങ്ങിവെച്ചത് അവരാണ്.

മേയ് 29ന് അമിത് ഷാ ഇവിടെ വന്നിരുന്നു. അമിത് ഷായുടെ നിര്‍ദേശം അനുസരിച്ച് നാഗാലാൻഡിൽ നിന്നും വരുന്ന അവശ്യസാധനങ്ങളുടെ ട്രക്കുകള്‍ എല്ലാം ഞങ്ങള്‍ ഇംഫാലിലേയ്ക്ക് പോകാന്‍ അനുവദിച്ചു. ഇന്നും അത് തുടരുന്നു. മൂന്ന് ദിവസമാണ് അമിത് ഷാ മണിപ്പൂരില്‍ താമസിച്ചത്. വീണ്ടും വരാം എന്ന് ഉറപ്പുപറഞ്ഞ് പോയ അമിത് ഷായെ പിന്നീട് കണ്ടില്ല. ഇന്നലെയും മയ്തേയികള്‍ ഞങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തു. എന്നും വെടിയുതിര്‍ക്കുന്നുണ്ട്. അവര്‍ക്ക് എന്താണ് വേണ്ടതെന്നു ഞങ്ങള്‍ക്ക് അറിയില്ല.

ഈ ഹൈവേ വഴി മരുന്നുകളും അരിയും അവശ്യ സാധനങ്ങളും ഇംഫാലിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഞങ്ങള്‍ തടയില്ല. എന്നാല്‍ ഇംഫാലില്‍ നിന്നു ഒരു ഗുളിക പോലും ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഒരു കിലോ അരി പോലും ഞങ്ങള്‍ക്ക് വരുന്നില്ല. നാഗാലാന്‍ഡില്‍ നിന്നാണ് ഞങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഞങ്ങള്‍ക്ക് അത് മാത്രം പോര. വിവിധ ഭാഗങ്ങളില്‍ നിന്ന് ഇംഫാലിലേക്ക് സാധനങ്ങള്‍ എത്തുന്നുണ്ട്. 

kuki relief camp
കുക്കി റിലീഫ് ക്യാമ്പിലെ അന്തേവാസികൾ Copyright@Woke Malayalam

അവര്‍ ഞങ്ങളെ പോപ്പി കര്‍ഷകര്‍ എന്ന് വിളിക്കുന്നു, മയക്കുമരുന്ന് തീവ്രവാദികളെന്നും അനധികൃത കുടിയേറ്റക്കാര്‍ എന്നും വിളിക്കുന്നു. ശരിയാണ് ഞങ്ങളില്‍ ചെറിയൊരു വിഭാഗം പോപ്പി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ അത് ജീവിക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ കൂലിക്കാണ് ജോലിചെയ്യുന്നത്. ഇവിടെ ആദ്യം പോപ്പി കൃഷി തുടങ്ങിയത് നാഗകള്‍ ആണ്. ഞങ്ങള്‍ സര്‍ക്കാരിൻ്റെ പോപ്പി വിരുദ്ധ നയത്തെ പിന്തുണക്കുന്നവര്‍ ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് കുക്കി ജനതയെയാണ്‌. പിന്നീടാണ് ഞങ്ങള്‍ക്ക് ഒരു സത്യം മനസ്സിലായത്. മുഖ്യമന്ത്രി ലക്ഷ്യമിട്ടത് പോപ്പി കൃഷിചെയ്യുന്നവരെയല്ല. മറിച്ച് കുക്കിജനതയെ ഒന്നാകെയാണെന്ന്. 

കുക്കികള്‍ വനഭൂമി കയ്യേറിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും വനം കയ്യേറില്ല. ഞങ്ങൾ വനം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ഒരിക്കലും വനത്തില്‍ അതിക്രമിച്ച് കടക്കില്ല. നാഗകളുടെ കാര്യമോ? അവരും വനത്തിലാണ് താമസിക്കുന്നത്. കുറച്ച് മയ്തേയികളും വനത്തില്‍ താമസിക്കുന്നുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ കുന്നുകളിലും വനത്തിലും താമസിക്കുന്നവരാണ്.ഞങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ കാടുമായി ബന്ധപ്പെട്ടതാണ്. 

മണിപ്പൂരിന്റെ 90 ശതമാനവും കുന്നുകളാണ്. ഈ കുന്നുകളുടെ അവകാശികള്‍ ഗോത്രവര്‍ഗക്കാരാണ്. എന്നാല്‍ ഈ 90 ശതമാനം കുന്നുകളില്‍ 10 ശതമാനം ഭൂമി മാത്രമേ വാസയോഗ്യമായതുള്ളൂ. ബാക്കിയെല്ലാം അഗാധമായ വനവും ചെങ്കുത്തായ പര്‍വ്വതങ്ങളുമാണ്. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് പറയാനുണ്ട്. പിഎസ് പറയുന്നു.

മയ്തേയികള്‍ക്ക് താഴ്വരയില്‍ മാത്രമേ ഭൂമി വാങ്ങാന്‍ കഴിയൂ. എന്നാല്‍ കുക്കികള്‍ക്ക് മണിപ്പൂരില്‍ എല്ലായിടത്തും ഭൂമി വാങ്ങാം. അതുകൊണ്ട് തന്നെ ജനസംഖ്യക്ക് അനുസൃതമായ ഭൂമി തങ്ങള്‍ക്കില്ലെന്നാണ് മയ്തേയികള്‍ അവകാശപ്പെടുന്നത്. കുക്കികള്‍ താഴ്വരയില്‍ വന്ന് ഭൂമി വാങ്ങി സെറ്റില്‍ ആവുന്നതിലും മയ്തേയികള്‍ക്ക് വൈരാഗ്യമുണ്ട്. കുന്നുകള്‍ ഗോത്രങ്ങള്‍ക്ക് സ്വന്തമാണെന്ന് പറയുമ്പോഴും അതിൻ്റെ അവകാശികള്‍ കുക്കികളും നാഗകളും കൂടിയാണ്. നിലവില്‍ നാഗകളുടെ പല കുന്നുകളിലായാണ് കുക്കികള്‍ ജീവിക്കുന്നത്. ആകെ മണിപ്പൂരിൻ്റെ  ജനസംഖ്യയില്‍  40 ശതമാനമാണ് കുക്കികളും നാഗകളും. ഇവരാണ് വാസയോഗ്യമായ കുന്നുകളില്‍ താമസിക്കുന്നത്. ഇതില്‍ തന്നെ കുന്നുകള്‍ ആര്‍ക്കൊക്കെ സ്വന്തമാണ് എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുമുണ്ട്. നാഗകള്‍ അവരുടെ കുന്നുകള്‍ തിരികെ ആവശ്യപ്പെട്ടാല്‍ കുക്കികള്‍ക്ക് ജീവിക്കാന്‍ ഭൂമി ഇല്ലാതായിപ്പോകും.

രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിപ്പിച്ച വീഡിയോ നിങ്ങള്‍ കണ്ടിരിക്കുമെന്ന് ഞാന്‍ കരുതുന്നു. പോലീസിൻ്റെ കണ്മുന്നിലാണ് ഇത് നടന്നത്. അവര്‍ ഒന്നും ചെയ്യില്ല. കാരണം സേന മയ്തേയികളുടേതാണ്. ഞങ്ങളുടെ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇവിടെ ഇന്റര്‍നെറ്റ് കിട്ടാതായിട്ട് മൂന്ന് മാസമായി. ഇംഫാലില്‍ പലയിടത്തും വൈഫൈ സൗകര്യങ്ങള്‍ ഉണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് മയ്തേയികൾ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു. ഞങ്ങളുടെ അടുത്തു എപ്പോഴാണോ മാധ്യമങ്ങള്‍ എത്തപ്പെടുന്നത് അപ്പോള്‍ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങള്‍ പുറംലോകത്തേയ്ക്ക് എത്തിക്കാന്‍ സാധിക്കൂ. 

എന്നാല്‍ ഞങ്ങളുടെ കാര്യങ്ങളില്‍ പലതും ഫില്‍ട്ടര്‍ ചെയത് മയ്തേയികൾക്ക് അനുകൂലമായാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. കുക്കി സ്ത്രീകള്‍ അക്രമിക്കപ്പെട്ടതില്‍ ഇംഫാലില്‍ നിന്നുള്ള സ്ത്രീകള്‍ പ്രതിഷേധിച്ചതായി കണ്ടു. ഇത് നാടകം മാത്രമാണ്. കുറ്റം മറച്ചുവെക്കാനുള്ള നാടകം. അവര്‍ ഒരിക്കലും ഞങ്ങളോട് സഹതാപം കാണിക്കാറില്ല. 

കുറ്റാരോപിതൻ്റെ  വീട് കത്തിച്ചതായി അവര്‍ പറഞ്ഞു. വീടിനുള്ളിൽ ആരുമുണ്ടായിരുന്നില്ല. പേരിന്  വേണ്ടി അവർ വീട് കത്തിച്ചു. അത് വെറും നാടകം മാത്രമാണ്. മയ്തേയികള്‍ക്ക് ചെറുപ്പം തൊട്ടേ നാടകത്തില്‍ പരിശീലനം കൊടുക്കാറുണ്ട്. ഇത്തരം നാടകങ്ങൾ ചെയ്യുന്നതിൽ അവർ അതിവിദഗ്ദ്ധരാണ്. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർ കരയുന്നത് ഈ പരിശീലനം കിട്ടിയത് കൊണ്ടാണ്. അത് അവരുടെ ഹൃദയത്തിൽ നിന്നുള്ളതല്ല. എന്നാൽ ഞങ്ങൾ കുക്കികൾക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. ഞങ്ങള്‍ ഹൃദയത്തില്‍ നിന്ന് സംസാരിക്കുമ്പോഴും കരയില്ല. 

മയ്തേയികള്‍ക്കിടയില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ട്. അവരും സാധാരണക്കാരായ കുക്കികളും തമ്മിലുള്ള യുദ്ധമാണ് മണിപ്പൂരില്‍ നടക്കുന്നത്. ഈ യുദ്ധത്തിനുള്ള ചിലവുകള്‍ മയ്തേയികള്‍ക്ക് സ്പോൺസർ  ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഞങ്ങളുടെ ആളുകളില്‍ നിരവധി പേരെ കാണാതായി. പലരുടെയും മൃതദേഹങ്ങള്‍ ഇംഫാലിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ട്. ഞങ്ങള്‍ക്ക് അവിടെയ്ക്ക് പോകാന്‍ കഴിയില്ല. അവര്‍ ഞങ്ങളെ കൊല്ലും. 

ഈ നിമിഷം മുഖ്യമന്ത്രിയെ ക്രിമിനല്‍ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം സ്ഥാനത്തുനിന്നും രാജിവെക്കണം. ഈ സര്‍ക്കാരിൻ്റെ കീഴില്‍ ഇരുനൂറിലധികം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു പതിനായിരക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി. നൂറുകണക്കിന് ഗ്രാമങ്ങള്‍ കത്തി നശിച്ചു. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം മിണ്ടാതിരിക്കുകയാണ്. തൻ്റെ സീറ്റ് നഷ്ടപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. മയ്തേയികളുടെ ഗുണത്തിനും കുക്കികളുടെ ദോഷത്തിനും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 

ഞങ്ങൾക്ക് വേണ്ടത് പ്രത്യേക ഭരണ സംവിധാനമാണ്. ഈ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരവും അതാണ്‌. ഞങ്ങള്‍ താഴ്വരയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞു. ഞങ്ങള്‍ക്കിനി അവിടേക്ക് പോകാന്‍ കഴിയില്ല. അത് അസാധ്യമാണ്. കേന്ദ്ര സർക്കാർ കുക്കികളെ ഇന്ത്യന്‍ പൗരന്മാരായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ കാര്യത്തില്‍ പരിഹാരം കാണണം. ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 

കുക്കികള്‍ മാത്രമല്ല മയ്തേയികളും നാഗകളും മ്യാൻമാറില്‍ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നവര്‍ ഉണ്ട്. എന്നാല്‍ അവര്‍ മണിപ്പൂരിലെ സ്ഥിരതാമസക്കാര്‍ അല്ല. അവർ ഇന്ത്യൻ പൗരന്മാരല്ല. അവർ അവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കാൻ വരുന്നവരാണ്, അവർ അവരുടെ സ്ഥലത്തേക്ക് മടങ്ങിപ്പോകും. ഞങ്ങള്‍ക്ക് മ്യാൻമാറില്‍ ബന്ധുക്കളുണ്ട്. അവര്‍ ഞങ്ങളെ കാണാന്‍ വന്ന് തിരിച്ചുപോകുന്നു. ഇതിനെയാണ് അനധികൃത കുടിയേറ്റം എന്ന് മയ്തേയികള്‍ പറയുന്നത്. കുക്കികളെ ആക്രമിക്കാൻ എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടെന്ന് മയ്തേയികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്തൊരസംബന്ധമാണിത്. പിഎസ് പറഞ്ഞ് അവസാനിപ്പിച്ചു. 

ക്യാമ്പില്‍ നിന്നും ഇറങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു, നിങ്ങള്‍ എന്തായാലും മയ്തേയികളുടെ അടുത്തേക്കും പോകുന്നുണ്ടാവും എന്നറിയാം. ഒരപേക്ഷയുണ്ട്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യണം. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങള്‍ക്കില്ല. മോദി മാധ്യമങ്ങള്‍ ഇവിടെത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇവിടുത്തെ ഗ്രൗണ്ട് റിയാലിറ്റി എന്താണോ അത് നിങ്ങള്‍ പറഞ്ഞാല്‍ മതി, നിങ്ങള്‍ പറയുന്നത് അതേപോലെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും എന്ന ഉറപ്പ്  കൊടുത്താണ് അവിടെനിന്നും മടങ്ങിയത്. 

FAQs

പ്രൊട്ടസ്റ്റന്‍റ് വിഭാഗം എന്നാലെന്ത്‌?

പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ ഉണ്ടായ നവീകരണത്തിൻ്റെ പാരമ്പര്യം പിൻപറ്റുന്നതായി അവകാശപ്പെടുന്ന ക്രിസ്തുമതവിഭാഗങ്ങളാണ് പ്രൊട്ടസ്റ്റന്‍റ് സഭകൾ. വിശ്വാസത്തിലൂടെ മാത്രമുള്ള നീതീകരണം, എല്ലാ വിശ്വാസികളുടേയും പൗരോഹിത്യം, സത്യവെളിപാടിന്റെ ഏകമാത്രസ്രോതസ്സെന്ന ബൈബിളിൻ്റെ സ്ഥാനം എന്നീ നവീകരണസിദ്ധാന്തങ്ങൾ അംഗീകരിക്കുകയും, റോമിലെ മാർപ്പാപ്പാ ആഗോളക്രിസ്തീയതയുടെ മേൽ അവകാശപ്പെടുന്ന പരമാധികാരത്തെ തിരസ്കരിക്കുകയും ചെയ്യുന്ന സഭകളെന്ന് ഇവയെ പൊതുവായി നിർവചിക്കാം. 

നരവംശശാസ്ത്രം എന്നാലെന്ത്?

മനുഷ്യവംശത്തിൻ്റെ ആവിര്‍ഭാവ-വികാസ ചരിത്രത്തെക്കുറിച്ചുള്ള പഠനം. മനുഷ്യരാശിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിൻ്റെ ആവിര്‍ഭാവം മുതല്‍ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം.

യഹൂദ മതം എന്താണ്?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമിക മതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും, യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദധാർമ്മികതയുടെ കാതൽ.

ബങ്കറുകള്‍ എന്താണ്?

ബോംബുകൾ, പീരങ്കികൾ അല്ലെങ്കിൽ മറ്റ് ആക്രമണങ്ങളിൽ നിന്ന് ആളുകളെയും മൂല്യവത്തായ വസ്തുക്കളെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രതിരോധ സൈനിക കോട്ടയാണ് ബങ്കർ. ഭൂമിക്കടിയിലാണ് ഇവ സാധാരണയായി നിര്‍മ്മിക്കുന്നത്. 

Quotes

നമ്മുടെ ഭിന്നതകളല്ല നമ്മെ ഭിന്നിപ്പിക്കുന്നത്. ആ വ്യത്യാസങ്ങൾ തിരിച്ചറിയാനും അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള നമ്മുടെ കഴിവില്ലായ്മയാണ് – ഓഡ്രെ ലോർഡ്

 

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.