Wed. Dec 18th, 2024
imphal meitei relief camp

ഗുജറാത്ത് കലാപത്തിൽ  സര്‍ക്കാര്‍ സ്വീകരിച്ച അതേ പാറ്റേണിലാണ് മണിപ്പൂര്‍ സര്‍ക്കാരും കലാപത്തെ ആളിക്കത്തിച്ചത്. രണ്ട് ദിവസം കൊണ്ട് അടിച്ചമര്‍ത്താവുന്ന കലാപത്തിനെ മൂന്ന്  മാസത്തേയ്ക്ക് നീട്ടണമെങ്കില്‍ എന്തൊക്കെ പദ്ധതികള്‍ ആയിരിക്കാം ആവിഷ്‌കരിച്ചിട്ടുണ്ടാവുക!

ക്ഷണത്തിന് ശേഷം ഇംഫാലില്‍ തന്നെയുള്ള ഒരു കോളേജിലേയ്ക്കാണ് ഞാൻ പോയത്. എന്‍ബി കോളേജിൻ്റെ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഓഡിറ്റോറിയത്തില്‍ പായയും ബെഡും വിരിച്ചാണ് അന്തേവാസികള്‍ കിടക്കുന്നത്. കോളേജിലെ ഒരു ക്ലാസ് റൂമില്‍ സ്ത്രീകളുടെ മെഴുകുതിരി, ചന്ദനത്തിരി നിര്‍മാണശാല പ്രവര്‍ത്തിക്കുന്നു. ക്യാമ്പില്‍ എത്തിയതിന് ശേഷം ഉണ്ടാക്കിയ സ്വയം തൊഴില്‍ യൂണിറ്റാണിത്.വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നിര്‍മാണത്തില്‍ പങ്കാളികളാണ്. ഇതിലൂടെ ക്യാമ്പിൻ്റെ നടത്തിപ്പിനുള്ള പണം സ്വരൂപിക്കുന്നു. തുടക്കത്തില്‍ ഞാന്‍ പറഞ്ഞല്ലോ മണിപ്പൂരി സ്ത്രീകള്‍ മനസ്സുകൊണ്ട് വളരെ ശക്തരാണെന്ന്. അവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

candle making
മെഴുകുതിരി നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ Copyright@Woke Malayalam

ക്യാമ്പിൻ്റെ ഒരു മൂലയിലായി നിരവധി സ്ത്രീകള്‍ ഒന്നിച്ചിരുന്ന് പാന്‍ ചവക്കുകയാണ്. കൂട്ടത്തില്‍ നിന്നും ഇക്കോ സാമ്പാല്‍ ഗ്രാമത്തില്‍ നിന്നുള്ള ബിമോളയാണ് സംസാരിച്ചത്. രണ്ട് ആണ്‍മക്കളുടെ കൂടെ കൃഷി ചെയ്താണ് ബിമോള ജീവിച്ചിരുന്നത്. മെയ് മൂന്നിന് രാത്രി കുക്കികള്‍ ഗ്രാമം ആക്രമിച്ചു, ഞങ്ങൾ ജീവനും കൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. നദി മുറിച്ച് കടക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഞങ്ങളെ തടഞ്ഞു.

അവര്‍ 11 പേരുണ്ടായിരുന്നു. ഞങ്ങളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ഞങ്ങളെ ഉപദ്രവിക്കുകയും ചെയ്തു. അവരില്‍ അധികവും അണ്ടര്‍ ഗ്രൗണ്ടുകളില്‍ ഉള്‍പ്പെടുന്നവരായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേനെ. നദി കടന്നെത്തിയപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് പൊലീസുകാര്‍ എത്തി. അവരോടൊപ്പം ഞങ്ങള്‍ ഒരു ബസിലാണ് പോയത്. അതില്‍ ഒരുപാട് സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അവരെല്ലാം കരയുകയായിരുന്നു. 

“ഇനി ഞങ്ങള്‍ തിരികെ ചെല്ലുമ്പോള്‍ അവിടെ ഒന്നും തന്നെ ബാക്കിയുണ്ടാകില്ലെന്നറിയാം. ഞങ്ങള്‍ എവിടേക്ക് പോകും? കലാപം ഉണ്ടായത് ചുരാചന്ദ്പൂരിലാണ്. പിന്നെ എന്തിനാണ് അവര്‍ ഞങ്ങളെ കൊല്ലാന്‍ നോക്കുന്നത്? എന്തുകൊണ്ടാണ് മണിപ്പൂരിലെ സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തത്? ഞങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം. ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ അധിക നാള്‍ ഇവിടെ തുടരാനാകില്ല. ഞങ്ങള്‍ക്കിവിടെ ബോറടിക്കുന്നു. ഞങ്ങള്‍ക്ക് ഇവിടെ ഒരിക്കലും സമാധാനമുണ്ടാകില്ല. എനിക്ക് എന്റെ ഗ്രാമത്തിലേക്ക് തിരിച്ച് പോകണം” ബിമോള പറഞ്ഞു.

ഗ്രാമത്തില്‍ തമ്പടിച്ചിരിക്കുന്ന അസം റൈഫിള്‍സിനെ ഉടനെ അവിടെ നിന്നും മാറ്റണം. അസം റൈഫിള്‍സ് ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. അവര്‍ നിശബ്ദത പാലിക്കുകയാണ്. ആക്രമണം നടത്തുന്ന കുക്കികളെ അവര്‍ ഒന്നും ചെയ്യുന്നില്ല. പക്ഷേ മയ്‌തേയികളെ ഉപദ്രവിക്കുകയാണ്. കുക്കികളെ അവര്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആസാം റൈഫിള്‍സ് ഇവിടെ തുടരുന്നതില്‍ ഞങ്ങള്‍ക്ക് താല്പര്യക്കുറവുണ്ട്.  

അസം റൈഫിള്‍സ് അവരുടെ യൂണിഫോം ധരിപ്പിച്ച് നിരവധി കുക്കി പെണ്‍കുട്ടികളെ അവരോടൊപ്പം നിര്‍ത്തുന്നു. കുക്കികള്‍ അവരുടെ പെണ്‍കുട്ടികളെ ആസാം റൈഫിള്‍സിന് നല്‍കിയാണ് അവരെ ഒപ്പം നിര്‍ത്തുന്നത്. ഞങ്ങള്‍ മയ്‌തേയികള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സംസ്‌കാരമുണ്ട്. യുദ്ധത്തില്‍ വിജയിക്കുന്നതിനായി കുക്കികള്‍ അവരുടെ സ്ത്രീകളെ അവര്‍ക്ക് കാഴ്ച വെയ്ക്കുകയാണ്.’ ബിമോള രോഷാകുലയായി സംസാരിച്ചു. ‘കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും എനിക്ക് ഇത്രയേ പറയാനുള്ളൂ’ എന്നും കടുപ്പിച്ചു പറഞ്ഞു.

കുക്കികള്‍ അവരുടെ പെണ്‍കുട്ടികളെ അസം റൈഫിള്‍സിന് നല്‍കുന്നുണ്ടെന്ന പ്രചരണം പൊതുവെ മയ്‌തേയികള്‍ നടത്തുന്നുണ്ട്. ഇതിന്റെ വസ്തുത പിന്നീടുള്ള ദിവസങ്ങളില്‍ അന്വേഷിച്ചിരുന്നു. കഥകള്‍ മെനയാന്‍ മിടുക്കരായ മയ്‌തേയികളുടെ ഭാവനയാണ് ഇതെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. കുക്കി സ്ത്രീകള്‍ അസം റൈഫിള്‍സിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അഫ്‌സ്പക്കെതിരെ പോരാടിയ മയ്ര പൈബിസുകള്‍ ആണ് ഈ കള്ളക്കഥകള്‍ പടച്ചുവിടുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ ലജ്ജ തോന്നുന്നുണ്ട്.   

ഇക്കാവോ ഗ്രാമത്തില്‍ നിന്നും എത്തിയ തോങ്‌ചോ പുഷ്പറാണി ചനോയുടെ പഠനം മുടങ്ങികിടക്കുകയാണ്. ആരോഗ്യ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കണം എന്ന് ആഗ്രഹിക്കുന്ന തോങ്‌ചോ പുഷ്പറാണിയ്ക്ക് പക്ഷേ രണ്ടാം വര്‍ഷത്തില്‍ പഠനം നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്. ജിപി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്. “കലാപം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ വിദ്യാഭ്യാസം തുടരാനാകുന്നില്ല. എനിക്ക് പരീക്ഷ അടുത്തിരിക്കുകയാണ്. പക്ഷേ ക്ലാസ്സുകള്‍ അറ്റന്റ് ചെയ്യാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഭാവിയെ കുറിച്ച് വലിയ ആശങ്കയാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് എൻ്റെ ആഗ്രഹം. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്നു പോയേക്കാം. പക്ഷേ എനിക്കത് നേടിയെടുക്കണം. ഈ ആക്രമണങ്ങള്‍ എന്നെ പഠിപ്പിക്കുന്നതും അത് തന്നെയാണ്. എന്റെ സ്വപ്നം നേടിയെടുക്കുന്നതിനായി ഞാന്‍ പരിശ്രമിക്കും. ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. എങ്കിലും എൻ്റെ നാടിനെ രക്ഷിക്കുന്നതിന് വേണ്ടി പോരാടാനും ഞാന്‍ തയ്യാറാണ്. തോങ്‌ചോ പുഷ്പറാണി പറഞ്ഞു. 

inmate of imphal relief camp
തോങ്‌ചോ പുഷ്പറാണി Copyright@Woke Malayalam

നാട്ടില്‍ സമാധാനം പുലരണം എന്നാണ് തോങ്‌ചോ പുഷ്പറാണിയും ആഗ്രഹിക്കുന്നത്. എന്നാല്‍ ആ നാട്ടില്‍ കുക്കികള്‍ ഇല്ല. കുക്കികള്‍ ഇല്ലാത്ത ഒരു നാടാണ് തങ്ങള്‍ക്ക് വേണ്ടതെന്ന നിലപാടാണ് തോങ്‌ചോ പുഷ്പറാണിയ്ക്കുമുള്ളത്. കുക്കികളോടുള്ള ഈ വെറുപ്പ് ചെറുപ്പക്കാരിലേയ്ക്ക് വരെ എത്തിക്കാന്‍ മയ്‌തേയികള്‍ കലാപത്തിൻ്റെ മറവ് പിടിച്ചിരിക്കുന്നു. തോങ്‌ചോ പുഷ്പറാണിയുടെ വാക്കുകളില്‍ കുക്കികള്‍ മണിപ്പൂരികള്‍ അല്ലെന്ന മയ്‌തേയി, സ്റ്റേറ്റ് വേര്‍ഷനുകള്‍ തെളിഞ്ഞു തന്നെ നിന്നു. 

ബര്‍മയില്‍ നിന്നുമെത്തിയ കുക്കികളാണ് മയ്‌തേയി വിഭാഗക്കാരെ ആക്രമിക്കുന്നത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് കുക്കി കലാപകാരികള്‍ ഞങ്ങളെ ആക്രമിച്ചത്. അവരില്‍ അധികവും കിഴക്ക് നിന്നുള്ളവരായിരുന്നു. അവര്‍ ഞങ്ങളുടെ വീടുകള്‍ കത്തിച്ചു. ഞങ്ങളുടെ ഗ്രാമത്തിലെ 190 വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.മണിപ്പൂരില്‍ ഞങ്ങള്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പക്ഷേ ഞങ്ങള്‍ വ്യത്യസ്ത  വിഭാഗക്കാരാണ്. ഞങ്ങള്‍ വളരെ സ്‌നേഹത്തോടെയും സമാധാനത്തോടെയുമാണ് അവിടെ കഴിഞ്ഞിരുന്നത്. 

ചുരാചന്ദ്പൂരില്‍ കലാപമുണ്ടായപ്പോള്‍ പോലും അത് നമ്മുടെ സ്ഥലത്തേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പെട്ടെന്ന് ഒരു ദിവസം വന്ന് അവര്‍ ഞങ്ങളുടെ വീടുകള്‍ കത്തിക്കുകയായിരുന്നു. കലാപത്തിന് 20 മിനിറ്റ് മുന്‍പ് അവിടെ നിന്നും മാറിയതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. ഞങ്ങള്‍ അവിടെ നിന്നും മാറുന്നതിന് മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. എൻ്റെ ഗ്രാമത്തിലുള്ളവര്‍ തന്നെ കല്ലെറിയുകയും വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. അങ്ങനെ പോലീസിനെ അറിയിക്കുകയും അവര്‍ ഞങ്ങളെ ഇവിടേക്ക് കൊണ്ടുവരികയുമായിരുന്നു. 

എൻ്റെ അച്ഛന്‍ ഒരു മെക്കാനിക്കാണ്. അമ്മ ആശ വര്‍ക്കറാണ്. കലാപത്തിന് മുന്‍പ് ഞങ്ങള്‍ എല്ലാവരും വളരെ സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൃത്യമായി പഠിക്കാന്‍ പോലും കഴിയുന്നില്ല. ഒരു രീതിയുലും വിദ്യാഭ്യാസം തുടരാനാകാത്ത സ്ഥിതിയാണ്. ഞങ്ങള്‍ക്ക് പോകാന്‍ ഒരിടമില്ല. ഇന്ത്യ നമ്മുടെ രാജ്യമാണ്. മണിപ്പൂര്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇത് നമ്മുടെ നാടാണ്. കുക്കി കലാപകാരികളെ ഇവിടെ നിന്നും ഒഴിപ്പിച്ച് ഞങ്ങളെ രക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യന്‍ സര്‍ക്കാര്‍ ജനാധിപത്യപരമായ തീരുമാനം കൈകൊള്ളണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇവിടെ സമാധാനം പുലരണം. ഞങ്ങള്‍ക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകണം. ഞങ്ങളെ സഹായിക്കണം. ഇതാണ് ഇപ്പോള്‍ ഞങ്ങളുടെ വീട്. എന്നാല്‍ ഞങ്ങള്‍ക്ക് എല്ലാത്തിനും ഇപ്പോള്‍ യാചിക്കേണ്ടി വരുന്നു. അത് പലപ്പോഴും ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കാറുണ്ട്. ഞങ്ങള്‍ക്ക് തിരിച്ച് പോകണം. ഇനിയും യാചിക്കാനാകില്ല. 

inmates of relief camp
റിലീഫ് ക്യാമ്പിലെ അന്തേവാസികൾ Copyright@Woke Malayalam

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഞങ്ങളുടെ ജീവിതം എന്താവുമെന്ന് അറിയില്ല. എൻ്റെ നാട്ടില്‍ സമാധാനം തിരികെ കൊണ്ട് വരണമെന്ന് മാത്രമാണ് സര്‍ക്കാരിനോട് പറയാനുള്ളത്. ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. കൂട്ടമായി എത്തുന്ന കുക്കികള്‍ മൃഗങ്ങളെ ആക്രമിക്കുന്നതു പോലെ മനുഷ്യരെ കൊന്നാടുക്കുകയാണ്. മണിപ്പൂരില്‍ അധികാരം സ്ഥാപിക്കുന്നതിനായി 10 വര്‍ഷം മുന്‍പ് തന്നെ അവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. 

കഴിഞ്ഞ വര്‍ഷം അവരില്‍ ചിലര്‍ ഇവിടേക്ക് എത്തിയിരുന്നു. അങ്ങനെ അവരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഇതാണ് ആക്രമണം നടത്താന്‍ ഉചിതമായ സമയമെന്ന് അവര്‍ തീരുമാനിച്ചു. മണിപ്പൂരിനെ കുക്കികളുടെ ഭൂമിയായി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ ഇത് ഞങ്ങളുടെ നാടാണ്, അവരുടേതല്ല. ഞങ്ങളുടെ നാടിനെ ഞങ്ങള്‍ക്ക് സംരക്ഷിക്കണം. അതിനു വേണ്ടി പോരാടാനും ഞാന്‍ തയ്യാറാണ്. തോങ്‌ചോ പുഷ്പറാണി പറഞ്ഞു നിര്‍ത്തി. ഒരേ നാട്ടില്‍ ഇടകലര്‍ന്നു ജീവിച്ചിരുന്ന മനുഷ്യര്‍ ഒരു രാത്രിയോടെ അന്വോന്യം വെറുപ്പുള്ളവര്‍ ആയി മാറിയതും ആ വെറുപ്പ് ചെറുപ്പക്കാരില്‍ വരെ എത്ര ആഴത്തിലാണ് കിടക്കുന്നത് എന്നുമുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ക്യാമ്പില്‍ നിന്നും ഇറങ്ങിയത്.  

ബിരാമംഗോള്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേയ്ക്കാണ് പിന്നീട് പോയത്. അവിടെ വെച്ചാണ് വെടിവെപ്പിനിടെ രക്ഷപ്പെട്ട അഹന്ത്കം ഷമുവോയെ പരിചയപ്പെടുന്നത്. അഞ്ച്  ബുള്ളറ്റുകളാണ് അഹന്ത്കം ഷമുവോയുടെ ശരീരത്തിലേയ്ക്ക് തുളച്ചു കയറിയത്. ഗ്വാല്‍താബി എന്നാണ് എൻ്റെ ഗ്രാമത്തിൻ്റെ പേര്. ഞാന്‍ ഹോട്ടല്‍ ജോലിക്കാരനാണ്. കുക്കികളാണ് എനിക്കെതിരെ വെടിയുതിര്‍ത്തത്. അതില്‍ ഒരണ്ണം മാത്രമാണ് പുറത്തെടുത്തത്. ബാക്കിയുള്ള നാലെണ്ണം ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്. ഇപ്പോഴും സഹിക്കാനാകാത്ത വേദനയാണ്. വേദന കൂടുതലാണെങ്കില്‍ ബാക്കിയുള്ള ബുള്ളറ്റ് കൂടി പുറത്തെടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. അവര്‍ ബാരല്‍ ഗണ്ണുകളാണ് ഉപയോഗിച്ചത്. തങ്ങളുടെ ഗ്രാമം കുക്കികള്‍ പിടിച്ചടക്കിയിരിക്കുന്നു. ഗ്രാമവാസികളെ അവിടേക്ക് കയറാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. അഹന്ത്കം ഷമുവോ പറഞ്ഞു. 

gun wounds
അഹന്ത്കം ഷമുവോയുടെ ശരീരത്തിലേറ്റ വെടിയേറ്റ പാടുകൾ Copyright@Woke Malayalam

മെയ് 28 നാണ് ഗ്വാല്‍താബി ഗ്രാമത്തിലെ 75 വീടുകള്‍ കുക്കികള്‍ കത്തിച്ചതെന്നു തൊക്‌ചൊം ഭമാപതി പറഞ്ഞു. സംഭവം നടക്കുന്ന ദിവസം ഞങ്ങള്‍ പുറത്തായിരുന്നു. ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി എത്തിയ കുറച്ച് വോളന്‍ഡിര്‍മാര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഞങ്ങളുടെ വീടുകള്‍ കത്തിച്ചു. വോളന്‍ഡിയര്‍മാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ട് പേരുടെ ശരീരത്തിനുള്ളില്‍ ഇപ്പോഴും ബുള്ളറ്റുകളുണ്ട്.

വനത്തിനുള്ളില്‍ നിന്നും പച്ചക്കറികള്‍ ശേഖരിച്ച് വില്പന നടത്തിയാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എല്ലാവരും കര്‍ഷകരാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെയില്ല. വനത്തിനുള്ളിലെ തടി മുറിച്ചും മണല്‍ ശേഖരണം നടത്തിയുമാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. വളരെ സമാധാനത്തോടു കൂടിയാണ് ഞങ്ങള്‍ അവിടെ ജീവിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഞങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഭയമാണ്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല ജോലി നേടാന്‍ പ്രാപ്തരാക്കി മാറ്റണമെന്നാണ് ആഗ്രഹം, അതിന് കഴിയുമോയെന്ന് ഞങ്ങള്‍ക്കറിയില്ല.

ഞങ്ങള്‍ക്ക് ഇപ്പോള്‍ വീടുകളില്ല. എങ്ങോട്ട് പോകണമെന്നും അറിയില്ല. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ ആഹാരവും താമസിക്കാന്‍ സ്ഥലവും തന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളോട് കാണിക്കുന്ന കരുണ എന്നെങ്കിലും അവസാനിപ്പിച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യും? എങ്ങോട്ട് പോകും? ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എന്താകും? തൊക്‌ചൊം ഭമാപതി പറഞ്ഞു.  

കലാപത്തിന്റെ ഇരകളായി ക്യാമ്പുകളില്‍ അന്തേവാസികളായി എത്തിയിരിക്കുന്നവര്‍ എല്ലാം പര്‍വ്വതങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരാണ്. ഭൂരിഭാഗവും കര്‍ഷകര്‍. സാധാരണക്കാര്‍. എല്ലാം നഷ്ടപ്പെട്ടതിന്റെ നിസ്സഹായത ഉണ്ടെങ്കിലും കുക്കികള്‍ മണിപ്പൂരികള്‍ അല്ല എന്ന നിലപാടില്‍ ഒറ്റക്കെട്ടാണിവര്‍.

അവസാന ക്യാമ്പിൽ നിന്നും ഇറങ്ങി യാത്രയില്‍ ഉടനീളം ഗുജറാത്ത് കലാപത്തെ കുറിച്ചാണ് ചിന്തിച്ചത്. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അതെ പാറ്റേണിലാണ് മണിപ്പൂര്‍ സര്‍ക്കാരും കലാപത്തെ ആളിക്കത്തിച്ചത്. രണ്ടു ദിവസം കൊണ്ട് അടിച്ചമര്‍ത്താവുന്ന കലാപത്തിനെ മൂന്ന് മാസത്തേയ്ക്ക് നീട്ടണമെങ്കില്‍ എന്തൊക്കെ പദ്ധതികള്‍ ആയിരിക്കാം ബിരേന്‍ ആവിഷ്‌കരിച്ചിട്ടുണ്ടാവുക. ലോ ആന്‍ഡ് ഓര്‍ഡര്‍ കൊടുക്കാതെ സേനകളെ നോക്കുകുത്തികള്‍ ആക്കിയ കേന്ദ്ര സര്‍ക്കാരിനും കലാപം തുടരുന്നതില്‍ എന്തൊക്കെയോ നേട്ടങ്ങള്‍ ഉണ്ട്.

ഗുജറാത്തിനെ പോലെ വംശീയ കലാപമാക്കി മണിപ്പൂരിനെ മാറ്റാന്‍ ശ്രമിച്ച സര്‍ക്കാരുകള്‍ ഇനി പരാജയപ്പെട്ടോ? ഹിന്ദു-ക്രിസ്തൻ ഫോര്‍മുലയില്‍ കാര്യങ്ങളെ ഗണിച്ച സര്‍ക്കാരിന് പക്ഷെ മണിപ്പൂരിൻ്റെ മത, ഗോത്ര വൈവിധ്യങ്ങളില്‍ അത്ര ശ്രദ്ധ കൊടുത്തില്ലെന്നു തോന്നുന്നു. ഈ പിടിവിടല്‍ മനസ്സിലായതു കൊണ്ടായിരിക്കുമോ കേന്ദ്രം മൗനം പാലിക്കുന്നത്. രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലേയ്ക്ക് കുക്കികളെ കൊണ്ടെത്തിച്ച കലാപത്തെ എങ്ങനെയായിരിക്കും ഇനി കേന്ദ്രം നേരിടാന്‍ പോവുക? ഇത്തരത്തില്‍ ഒരുപാട് ചിന്തകളുമായാണ് മൂന്നാം ദിവസത്തെ അന്വേഷണം മതിയാക്കി ഹോട്ടലിലേയ്ക്ക് മടങ്ങിയത്.

FAQs

എന്താണ് അഫ്‌സ്​പ ?

1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമമാണ് അഫ്‌സ്​പ (Armed Forces Special Powers Act) ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്ര­കാ­രം അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്,  ത്രിപുര, അരുണാചൽ പ്രദേശ്  എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു. 2020 മാർച്ച്‌ 31 ന് ഇന്ത്യാഗവണ്മെന്റ് അഫ്‌സ്പായുടെ മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചു.അസമിലെ 23 ജില്ലകളെയും മണിപ്പുരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെയും നാഗാലൻഡിലെ ഏഴു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെയും അഫ്സ്പയുടെ പരിധിയിൽ നിന്ന് നീക്കി.

എന്താണ് ഗുജറാത്ത് കലാപം  ?

2002-ൽ ഗുജറാത്തിൽ നടന്ന ഒരു ഹിന്ദു-മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം. അഹമ്മദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു.

എന്താണ് അസം റൈഫിൾസ്  ?

അസം റൈഫിൾസ് ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമാണിത്.  1835-ൽ കച്ചാർ ലെവി എന്ന പേരിൽ അസം റൈഫിൾസ് രൂപീകരിച്ചു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാസസ്ഥലങ്ങളും തേയിലത്തോട്ടങ്ങളും ഗോത്രവർഗക്കാരിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ചുമതല. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സായുധ പോലീസ് സേനയാണിത്. 1971-ൽ പേര് അസം റൈഫിൾസ് എന്നാക്കി മാറ്റി. ഷില്ലോങ്ങാണ് ആസ്ഥാനം.

എവിടെയാണ് ഇംഫാൽ ?

ഇന്ത്യയിലെ മണിപ്പൂർ സംസ്ഥാനത്തിൻ്റെ  തലസ്ഥാനമാണ്‌ ഇംഫാൽ. ഇന്ത്യയുടെ കിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് ഇംഫാൽ

Quotes

ലോകത്തിൽ ശബ്ദരഹിതരായ ദശലക്ഷകണക്കിന് ആളുകൾക്ക് ആർദ്രതയുള്ള നേതാക്കന്മാരെ ആവശ്യമുണ്ട്‍ – എ പി ജെ അബ്‌ദുൾ കലാം

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.