Sun. Dec 22nd, 2024
meitei relief camp imphal

തക്കം കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് നേരെയും പടയൊരുക്കാന്‍ മയ്‌തേയികള്‍ തയ്യാറാണ്. ഈ തിരിച്ചറിവ് പങ്ങൽ മുസ്ലീങ്ങള്‍ക്കും ഉണ്ട്. തിരിച്ചടി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇവർ മണിപ്പൂരില്‍ ജീവിക്കുന്നതും

ണിപ്പൂരിലെത്തി മൂന്നാം ദിവസമാണ് (2023 ജൂലൈ 20) ക്യാമ്പുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയത്. ആദ്യമേ പറയട്ടെ മണിപ്പൂരിന്‍റെ  രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക പശ്ചാത്തലം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്രയോ മടങ്ങ് വ്യത്യസ്തമാണ്. ഒരുപക്ഷേ ഇന്ത്യയേക്കാള്‍ വൈവിധ്യമുള്ള പ്രദേശമായി മണിപ്പൂരിനെ നോക്കിക്കണ്ടാലും തെറ്റില്ല. മയ്‌തേയി, കുക്കി, നാഗ, പങ്ങല്‍ (മണിപ്പൂരി മുസ്ലീങ്ങള്‍), നേപ്പാളി, ഉത്തരേന്ത്യക്കാര്‍, ബുദ്ധര്‍ തുടങ്ങി അനവധി സംസ്‌ക്കാരങ്ങളുടെ ഇടകലര്‍ന്ന ഭൂമികയായ മണിപ്പൂരിന്‍റെ നിലവിലെ സാഹചര്യം നമ്മുടെ രാഷ്ട്രീയ – സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് വിലയിരുത്തിയാല്‍ അത് അനീതിയായിപോകും.

 മണിപ്പൂരിനെ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും ഒരുവട്ടമെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ ആളുകളുമായി ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടേ പറ്റൂ. എന്‍റെ യാത്രയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ ചില ബോധ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പറയുന്നത്. 

ഇവിടെ മയ്‌തേയി – കുക്കി യുദ്ധമാണ് നടക്കുന്നത്. മതവും ഗോത്രങ്ങളും തമ്മിലുള്ള യുദ്ധം. ഇതില്‍ മത വിഭാഗം ആവട്ടെ തീവ്ര ഹിന്ദുത്വ കാഴ്ചപ്പാട് പേറുന്നവരും സ്വാര്‍ത്ഥരുമാണ്. ഗോത്രങ്ങള്‍ ആവട്ടെ ക്രിസ്ത്യന്‍ മതം പിന്തുടരുന്നവരും എന്നാല്‍ ഗോത്രത്തിന്‍റെ എല്ലാ സംഹിതകള്‍ക്കും അനുസൃതമായി ഗോത്രജീവിതം നയിക്കുന്നവരുമാണ്.

ആള്‍ബലം കൊണ്ട് മയ്‌തേയികളാണ് പ്രബലര്‍ എങ്കില്‍ സായുധ ബലം കൊണ്ട് മയ്‌തേയികളും കുക്കികളും ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തുന്നവരാണ്. രണ്ടു വിഭാഗങ്ങളും കൊല്ലും കൊലയും തീവെപ്പും ബോംബിടലും ഒപ്പത്തിനൊപ്പം ചെയ്തവരാണ്. ആരുടെ പക്ഷത്താണ് ന്യായം, ആര്‍ക്കാണ് നീതി വേണ്ടത് എന്ന് ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ല. സങ്കീര്‍ണമാണ്. ഈ സങ്കീര്‍ണതകളിലൂടെയാണ് ഇനിയുള്ള അദ്ധ്യായങ്ങളുടെ യാത്ര…

meitei women and children in relief camp
റിലീഫ് ക്യാമ്പിലെ അന്തേവാസികളായ മയ്‌തേയി സ്ത്രീകളും കുട്ടികളും Copyright@Woke Malayalam

53 ശതമാനം ജനസംഖ്യയുള്ള മയ്‌തേയികളില്‍ മയ്‌തേയി മതവിഭാഗക്കാര്‍ (ഹിന്ദു മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍) 41.39 ശതമാനമാണ്. 8.40 ശതമാനം പങ്ങല്‍, 7.78 ശതമാനം സനമാഹി (മയ്‌തേയികളുടെ പ്രാചീന മതം) വിശ്വാസികള്‍. വിശ്വാസത്തിന്‍റെ കാര്യത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന മയ്‌തേയികള്‍ ഉള്ളിന്‍റെ ഉള്ളില്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തവരാണ്. 

മയ്തേയികളും കുക്കികളും നാഗകളും എല്ലാം മംഗ്ലോയിഡ് ഒര്‍ജിന്‍ ആണ്. എല്ലാവരും മ്യാന്മാര്‍സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്നും കുടിയേറിയവര്‍. ഇതില്‍ മയ്തേയികള്‍ വളരെ മുമ്പേ കുക്കികളില്‍ നിന്നും നാഗകളില്‍ നിന്നും വേര്‍പ്പെട്ട് താഴ്‌വരകളില്‍ താമസമുറപ്പിച്ചു. അതിനു ശേഷമാണ് മയ്‌തേയികള്‍ ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്നത്. രാജഭരണകാലത്താണ് ഈ മതവല്‍ക്കരണം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍  ഹിന്ദുത്വവല്‍ക്കരണമാണ് മയ്‌തേയികളെ ഗോത്രങ്ങളില്‍ നിന്നും വലിയ അളവില്‍ വേര്‍പ്പെടുത്തിയത്. തങ്ങളാണ് മണിപ്പൂരിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന് മയ്‌തേയികള്‍ പറയുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. 

മണിപ്പൂര്‍ സ്വതന്ത്ര രാജ്യമായി നിലകൊള്ളണമെന്നാണ് മയ്‌തേയികളുടെ ആഗ്രഹം. കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഇന്ത്യക്കാരാണ്, ഞങ്ങള്‍ക്ക് സമാധാനം വേണം എന്നൊക്കെ മയ്‌തേയികള്‍ പറയുന്നുണ്ടെങ്കിലും അവനവനിസത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് സ്വതന്ത്രരാജ്യം തന്നെയാണ് ലക്ഷ്യം. അതുകൊണ്ടാണ് മയ്‌തേയികള്‍ അല്ലാത്ത എല്ലാവരോടും ഇവര്‍ രഹസ്യമായും പരസ്യമായും വെറുപ്പ് കാത്തുസൂക്ഷിക്കുന്നതും.

മയ്‌തേയി പങ്ങലുകളെ/മുസ്ലീങ്ങളെ  (നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവര്‍. മയ്‌തേയികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട് കമ്മ്യൂണിറ്റി വികസനമുണ്ടായി) ഇവര്‍ സഹപങ്കാളിയായി അംഗീകരിക്കുന്നുമില്ല. മുസ്ലീംങ്ങളോടും ഇതേ വെറുപ്പും വിദ്വേഷവും മയ്‌തേയികള്‍ പുലര്‍ത്തുന്നുണ്ട്.

മുസ്ലീംങ്ങളും കുടിയേറ്റക്കാര്‍ ആണെന്നും രോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ അതിര്‍ത്തി കടന്നെത്തി ഇംഫാലില്‍ ആധിപത്യം സ്ഥാപിക്കുമെന്നുമുള്ള ചിന്തയും മയ്‌തേയികളെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തക്കം കിട്ടിയാല്‍ മുസ്ലീങ്ങള്‍ക്ക് നേരെയും പടയൊരുക്കാന്‍ മയ്‌തേയികള്‍ തയ്യാറാണ്. ഈ തിരിച്ചറിവ് പങ്ങൽ മുസ്ലീംങ്ങള്‍ക്കും ഉണ്ട്. തിരിച്ചടി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇവർ മണിപ്പൂരില്‍ ജീവിക്കുന്നതും. എന്‍റെ യാത്രയുടെ അനുഭവങ്ങളിലൂടെ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ചെറുതല്ലാത്ത വ്യക്തത നിങ്ങള്‍ക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മൂന്നാമത്തെ ദിവസം രാവിലെ തന്നെ ഹോട്ടലില്‍ നിന്നിറങ്ങി. ഇംഫാലിലെ റിലീഫ് ക്യാമ്പുകള്‍ ആണ് ലക്ഷ്യം. കുക്കികള്‍ക്ക് മേല്‍കൈ ഉള്ള പ്രദേശങ്ങളില്‍ നിന്നെല്ലാമുള്ള മയ്‌തേയികള്‍ ഇംഫാല്‍ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ ആണ് കഴിയുന്നത്. ഇവരുടെ വീടും, കടകളും, സ്ഥാപനങ്ങളും എല്ലാം കുക്കികള്‍ ബോംബെറിഞ്ഞും തീയിട്ടും നശിപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ ആണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. പൊതുഗതാഗതം തീരെ ലഭ്യമല്ലാത്തത് കൊണ്ടുതന്നെ ടാക്‌സി സേവനങ്ങളെ ആശ്രയിക്കണം. അല്ലെങ്കില്‍ ഓട്ടോ. ഓട്ടോയുടെ ഒരു ദിവസത്തെ കൂലി കേട്ട് കണ്ണ് തള്ളിയ എന്നെ സദാശിവന്‍ ചേട്ടന്‍ തന്നെ ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി.

meitei relief camp near games village imphal
ഇംഫാലിൽ ഗെയിംസ് വില്ലേജിനോട് ചേര്‍ന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന മയ്‌തേയി റിലീഫ് ക്യാമ്പ് Copyright@Woke Malayalam

ഇംഫാല്‍ നഗരത്തില്‍ ഗെയിംസ് വില്ലേജിനോട് ചേര്‍ന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേയ്ക്കാണ് ആദ്യം പോയത്. എന്നെ ക്യാമ്പില്‍ ഇറക്കിവിട്ട് സദാശിവന്‍ ചേട്ടന്‍ ഹോട്ടലിലേയ്ക്ക് പോയി. ഇംഫാലില്‍ രണ്ട് ഹോട്ടലുകള്‍ സ്വന്തമായുണ്ട് സദാശിവന്‍ ചേട്ടന്. കലാപം തുടങ്ങിയത് മുതല്‍ നഷ്ടക്കച്ചവടം ആണ്. ഹോട്ടലുകളിലെ 16 ജോലിക്കാര്‍ കുക്കികള്‍ ആയിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട അന്ന് രാത്രി തന്നെ കുക്കികള്‍ അവരുടെ നാടുകളിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ടു. 

മയ്‌തേയികള്‍ ഹിന്ദി വിരോധികള്‍ ആണെങ്കിലും അവര്‍ ഹിന്ദി സംസാരിക്കും. (ഹിന്ദി ഭാഷ മണിപ്പൂരിന്‍റെ ഭാഷയിലും സംസ്‌ക്കാരത്തിലും വിപരീത സ്വാധീനം ഉണ്ടാക്കും എന്ന ചിന്തയില്‍ നിന്നാണ് ഹിന്ദി നിരോധിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഹിന്ദി സിനിമകളും മണിപ്പൂരില്‍ പ്രദര്‍ശിപ്പിക്കാറില്ല). അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളുകള്‍ ആണെങ്കില്‍ ഇംഗ്ലീഷും സംസാരിക്കും. 

മുറി ഹിന്ദിയും മുറി ഇംഗ്ലീഷും വശമുള്ള ഞാന്‍ എന്തൊക്കെയോ ധൈര്യത്തില്‍ ക്യാമ്പിന്‍റെ അകത്തേയ്ക്ക് കയറിച്ചെന്നു.  ഹോസ്റ്റലിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സ്ത്രീകളോട് ഞാന്‍ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അവര്‍ ക്യാമ്പിന്‍റെ ഇന്‍ചാര്‍ജ് ആയ ലുങ്‌ജോങ്ങ് ബസന്തം മയ്‌തേയിയുടെ അടുത്തേക്കാണ് എന്നെ കൊണ്ടുപോയത്. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ക്യാമ്പിന്‍റെ അകത്തേയ്ക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു.

meitei men coocking
ഭക്ഷണം പാകം ചെയ്യുന്ന മയ്‌തേയി പുരുഷന്മാർ Copyright@Woke Malayalam

മൂന്ന് നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ എല്ലാ റൂമുകളിലും മൂന്നും നാലും കുടുംബങ്ങള്‍ ആണ് കഴിയുന്നത്. രണ്ടു റൂമുകളില്‍ വസ്ത്രങ്ങള്‍ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. എല്ലാവര്‍ക്കും കൂടി ഒരു പൊതു അടുക്കളയാണ്. അവിടെ പുരുഷന്മാര്‍ പാചകം ചെയതുകൊണ്ടിരിക്കുന്നു. ഒരു മുറിയില്‍ ജനാലയോട് ചേര്‍ന്ന് അസ്ഥികള്‍ തെളിഞ്ഞ ഒരു മനുഷ്യന്‍ പുറത്തേയ്ക്ക് നോക്കി കിടക്കുന്നുണ്ട്. മണിപ്പൂരി ഭാഷയില്‍ ലുങ്‌ജോങ്ങും അദ്ദേഹവും ആശയവിനിമയം നടത്തി. എന്നോട് സംസാരിക്കാനായി കിടക്കയില്‍ നിന്നും എഴുന്നേറ്റു. സ്വയം പരിചയപ്പെടുത്തി. 

ഞാൻ  ‘മഹീന്ദ്ര സിംഗ്’

നോര്‍ത്ത് ഇംഫാലിലെ സാധു യംഗുമാന്‍ എന്ന ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.  അവിടെ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കാഴ്ചയില്‍ ക്ഷീണിതനെന്നു തോന്നുന്ന അദ്ദേഹം ആദ്യം പറഞ്ഞത് എനിക്ക് എന്‍റെ ഗ്രാമത്തിലേയ്ക്ക് തിരിച്ചു പോകണം എന്നാണ്. ‘അവിടെയാണ് എന്‍റെ വീട്. പക്ഷേ ഇപ്പോള്‍ അവിടെ ഒന്നും ബാക്കിയില്ല. അവര്‍ (കുക്കികള്‍) എല്ലാം കത്തിച്ചു.

ഞങ്ങള്‍ക്ക് അവിടെ സ്വന്തമായി കൃഷിയിടങ്ങളുണ്ടായിരുന്നു. അതില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. ക്യാമ്പില്‍ ഞങ്ങള്‍ക്ക് ആഹാരവും വെള്ളവും ലഭിക്കുന്നുണ്ട്. എനിക്കറിയാം ഒന്നും ഇനി പഴയപോലെ ആകില്ല. സര്‍ക്കാര്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ പുതിയൊരിടം നല്‍കുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് വലിയ സഹായമാകും. മഹീന്ദ്ര സിംഗ് പറഞ്ഞു നിര്‍ത്തി.

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ അനുവദിച്ചില്ല. കലാപം നടക്കവേ രക്ഷപ്പെടുന്നതിനിടെ കാലിന് പരിക്കേറ്റിരുന്നു. ആ പരിക്ക് ഇതുവരെ ഭേദമായിട്ടില്ല. മാനസികമായും അദ്ദേഹം ദുര്‍ബലനായിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടിക്കരുത് എന്ന് ഭാര്യ പറഞ്ഞു. ഈ മാനസിക ദുര്‍ബലത പൊതുവേ മയ്‌തേയി പുരുഷന്മാരില്‍ പ്രകടമായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

metei men in rlief camp
റിലീഫ് ക്യാമ്പിൽ കണ്ട ഒരു മയ്‌തേയി പുരുഷൻ Copyright@Woke Malayalam

കലാപത്തില്‍ തകര്‍ന്നുപോയ തങ്ങളുടെ ജീവിതത്തെ കുറിച്ച് പുരുഷന്മാര്‍ വിലപിക്കുമ്പോഴും സ്ത്രീകള്‍ എത്ര പക്വമായാണ് എന്നോട് സംസാരിച്ചത്. വാക്കുകളില്‍ ഒരിടര്‍ച്ച പോലും എനിക്ക് അനുഭവപ്പെട്ടില്ല. നിലവിളികളും പ്രാക്കും ഒന്നും ഉണ്ടായില്ല. പകരം ഒരു നിശ്ചയദാര്‍ഢ്യം അവരുടെ ശരീര ചലനങ്ങളിലും വാക്കുകളിലും ഉണ്ടായിരുന്നു. തങ്ങള്‍ കുക്കികള്‍ക്കെതിരെ മുന്‍നിരയില്‍ നിന്നു കൊണ്ടുതന്നെ യുദ്ധം നയിക്കും എന്ന നിശ്ചയദാര്‍ഢ്യം. 

9 മണി ആയതോടെ ഒരു മുറിയില്‍ കുട്ടികള്‍ എല്ലാം ഒത്തുകൂടി. മൂന്ന് മുതിര്‍ന്ന സ്ത്രീകള്‍ എത്തി അവര്‍ക്ക് പാഠമെടുക്കാന്‍ തുടങ്ങി. ക്യാമ്പിലുള്ളവര്‍ മണിപ്പൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ ആയതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.  അതുകൊണ്ട് ക്യാമ്പില്‍ തന്നെ ഒരു ക്ലാസ് റൂം തുടങ്ങിയിരിക്കുകയാണ്. ഇംഫാലില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെ മാറ്റി ചേര്‍ത്തൂടെ എന്ന എന്‍റെ ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു’ ഞങ്ങള്‍ കര്‍ഷകര്‍ ആണ്. മറ്റുള്ളവരുടെ സഹായത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാനുള്ള ശേഷിയില്ല’.

ശരിയാണ്, ഇംഫാലില്‍ താമസിക്കുന്നവര്‍ മാത്രമേ കുട്ടികളെ സ്‌കൂളില്‍ പറഞ്ഞുവിടുന്നുള്ളൂ. ക്യാമ്പുകളില്‍ കഴിയുന്നവര്‍ താഴ്വര-പാര്‍വ്വത അതിര്‍ത്തികളില്‍ താമസിച്ചിരുന്ന വളരെ സാധാരണക്കാര്‍ ആണ്. എല്ലാം നഷ്ടപ്പെട്ടാണല്ലോ അവര്‍ ക്യാമ്പുകളില്‍ എത്തപ്പെട്ടത്.

FAQs

ആരാണ് റോഹിംഗ്യൻ ജനത ?

റോഹിംഗ്യൻ ജനങ്ങൾ റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്. ചരിത്രപരമായി അരക്കാനീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യയിൽനിന്നുള്ള രാജ്യമില്ലാത്തവരെന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ-ആര്യൻ ജനതയാണ്. 2016-17 പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക്  1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.

എന്താണ് സനമാഹി ?

മണിപ്പുരിലെ പ്രധാന ജനവിഭാഗമായ മെയ്തികള്‍ ആനിമിസ്​റ്റ്​ വിശ്വാസം പുലർത്തുന്നവരായിരുന്നു; പ്രകൃതിശക്തികളെ ആരാധിക്കുന്നവര്‍. അവര്‍ ‘സനമാഹി’ എന്ന സവിശേഷമായ ആരാധനാരീതികളും ആചാരങ്ങളുമാണ് പിന്തുടര്‍ന്നിരുന്നത്. ശാന്തി ദാസ് എന്ന ബംഗാളി ബ്രാഹ്മണ പുരോഹിതനാണ് ഹിന്ദുയിസത്തിലെ വൈഷ്ണവിസം മണിപ്പുരിലെത്തിച്ചത്. 1717-ല്‍ മണിപ്പുർ രാജാവായിരുന്ന പാംഹീബയെ സനമാഹിസത്തില്‍നിന്ന് വൈഷ്ണവിസത്തിലേക്ക് ശാന്തി ദാസ് കൊണ്ടുവന്നു. മെയ്തി എഴുത്തുകളും സ്‌ക്രിപ്റ്റുകളും നശിപ്പിക്കുകയും മെയ്തി അക്ഷരമാല തന്നെ നാമാവശേഷമാക്കുകയും പകരം ബംഗാളി സ്‌ക്രിപ്റ്റ് കൊണ്ടുവരികയും ചെയ്തു. അങ്ങനെ, ഹിന്ദുയിസത്തിന് മെയ്തികളിലേക്ക് പ്രവേശനം ലഭിച്ചു.

എന്താണ് മണിപ്പൂരി ഭാഷ ?

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ്‌ മെയ്‌ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു.  1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്‌.

ആരാണ് ശ്രീബുദ്ധൻ ?

ശ്രീബുദ്ധൻ എന്ന് നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും ഏഷ്യയിലാണ്‌ വസിക്കുന്നത്.

Quotes

വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ സ്നേഹത്താൽ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയും –  ശ്രീബുദ്ധൻ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.