Thu. Nov 21st, 2024
Manipur

ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികള്‍ ആണോ എന്നൊക്കെയാണ് ആ സ്ത്രീകള്‍ പരിശോധിക്കുന്നത്. ഒരു കുക്കി എങ്ങാനും ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ്

ത്രയ്ക്കും കനംവെച്ചാണ് ഞങ്ങള്‍ ചുരാചന്ദ്പൂരില്‍ നിന്നും യാത്ര തിരിച്ചത്. കുക്കികളുടെ ചെക്ക്‌പോസ്റ്റ് കടന്നതും ഡ്രൈവര്‍ സരോജ് ദീര്‍ഘനിശ്വാസം എടുത്തു പറഞ്ഞു, ‘അള്ളാ സേവ് അസ്‌’. അവന്‍റെ ഉള്ളില്‍ അപ്പോഴുണ്ടായിരുന്ന ആ ആശ്വാസം എനിക്കുമുണ്ടായിരുന്നു. ക്വാക്ത എത്താന്‍ ഒന്നര കിലോമീറ്റര്‍ ബാക്കിനില്‍ക്കെ വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. റോഡിന്‍റെ ഇരുവശത്തുനിന്നും പുക ഉയരുന്നു. ഞങ്ങളുടെ വാഹനത്തിനു 10 മീറ്റര്‍ അകലെയായി ബോംബ് വന്നുവീണു. പുക പടര്‍ന്നു. കണ്മുന്നില്‍ കെട്ടിടങ്ങള്‍ നിന്നുകത്തുകയാണ്. ആകെക്കൂടി അങ്കലാപ്പിലായ മുക്കാല്‍ മണിക്കൂര്‍…

ഇംഫാലില്‍ വിമാനം ഇറങ്ങുമ്പോഴേ മലയാളി ജവാന്മാര്‍ തന്നിരുന്ന മുന്നറിയിപ്പ് അച്ചട്ടായി. അന്ന് ആ മുന്നറിയിപ്പ് ഞാൻ കാര്യമായി ഉള്‍ക്കൊണ്ടിരുന്നില്ല. എന്നാല്‍ കണ്മുന്നിലെ വെടിയൊച്ചകളും തീഗോളങ്ങളും ആ മുന്നറിയിപ്പിനെ ശരിവെക്കുന്നതായിരുന്നു. 

2023 ജൂലൈ 18

അഗര്‍ത്തലയില്‍ നിന്നും ഉറുമ്പരിക്കുന്ന വേഗത്തിലാണ് ഇന്‍ഡിഗോ പറക്കുന്നത്. കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ അഗര്‍ത്തലയില്‍ ഇറങ്ങിയതിനാലും അഗര്‍ത്തലയില്‍ നിന്നും ഇംഫാലിലേയ്ക്ക് മറ്റു യാത്രക്കാര്‍ ഇല്ലാത്തതിനാലും വിന്‍ഡോ സീറ്റ് തരപ്പെട്ടു. പച്ച പര്‍വ്വത നിരകള്‍ക്ക് മുകളില്‍ വെള്ള മേഘക്കൂട്ടങ്ങള്‍ പറന്ന്  നടക്കുന്നു. അതിനെ വകഞ്ഞു മാറ്റി ഇഴഞ്ഞു നീങ്ങുന്ന വിമാനം. എൻ്റെ ആദ്യ വിമാന യാത്രയാണ്. അതുകൊണ്ട് കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കണ്ണെടുക്കാതെ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു. പറ്റാവുന്നത്രയും ഫോട്ടോകള്‍ എടുത്തു. 

അഗര്‍ത്തലയില്‍ നിന്നും മുക്കാല്‍ മണിക്കൂറോളം പറക്കണം ഇംഫാലില്‍ എത്താന്‍. ഈ ദൂരമത്രയും മലകളും കാടും താഴ്‌വരകളുമാണ്. കലാപത്തിന്‍റെ 76-ാം ദിവസമാണ് മണിപ്പൂരിലേയ്ക്ക് പോകുന്നത്. മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ശേഷം കേരളത്തിന് പുറത്തേക്കുള്ള ആദ്യ യാത്ര. കലാപഭൂമിയിലെ ആദ്യ റിപ്പോര്‍ട്ടിംഗ്. മണിപ്പൂര്‍ ചര്‍ച്ചകള്‍ ഡെസ്കിൽ ആരംഭിച്ചപ്പോള്‍ത്തന്നെ ലഭിച്ച നിര്‍ദേശം നമുക്ക് ഗ്രൗണ്ട് റിയാലിറ്റി എന്താണോ അത് മതി എന്നാണ്. മണിപ്പൂരിൻ്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതുതന്നെയാണ് തോന്നുക. കാരണം മണിപ്പൂരിലെ ഗ്രൗണ്ട് റിയാലിറ്റി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ വ്യത്യസ്തമാണ്. 

എത്ര അടരുകളിലായാണ് ഇവിടുത്തെ ജനതയുടെ ജീവിതം കെട്ടുപിണഞ്ഞുകിടക്കുന്നത്. ഈ കുരുക്കുകളിലേയ്ക്ക് ഓരോ തവണയും കടന്ന് ചെല്ലുമ്പോഴും അതിലും വലിയ കുരുക്കുകള്‍ ആയി മണിപ്പൂരുകാരുടെ ജീവിതം പിണഞ്ഞു പിണഞ്ഞങ്ങു പോകും. നൂറു തവണ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പോലും പിടിതരാതെ മണിപ്പൂര്‍ തെന്നിമാറും. അത്രകണ്ട് വ്യത്യസ്തമാണ് ഈ ലോകം. 

മണിപ്പൂരില്‍ രണ്ടാഴ്ച താമസിച്ച് കലാപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് റിപ്പോർട്ട് ചെയ്യണം. ഈ റിപ്പോര്‍ട്ടിങ്ങിന് മുന്നോടിയായുള്ള വിവര ശേഖരണത്തിലാണ് ശരിക്കും പറഞ്ഞാല്‍ മണിപ്പൂരിനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചത്. ആദ്യം ഓര്‍മ വന്നത്  വട്ടോളി അച്ചനെയാണ്. ഇറോം ശര്‍മ്മിളയുടെ സമരകാലത്ത് അച്ചന്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അച്ചനോട് വിളിച്ച് കാര്യം പറഞ്ഞു. വട്ടോളി അച്ചന്‍ സംവിധായകന്‍ ജോഷി ജോസഫിന്‍റെ നമ്പര്‍ തന്നു. അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് ഒരു ഔട്ട്ലൈന്‍ പറഞ്ഞു തന്നു. 

അതില്‍നിന്നാണ് മയ്‌തേയികളെയും കുക്കികളെയും നാഗകളെയും, അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളെ കുറിച്ചും കുറച്ചെങ്കിലും മനസ്സിലാവുന്നത്. ഇതിനിടെ പല ആര്‍ട്ടിക്കിളുകള്‍, ഇന്‍റര്‍വ്യൂകള്‍, റിപ്പോര്‍ട്ടുകള്‍ റഫര്‍ ചെയ്‌തെങ്കിലും മണിപ്പൂരിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എന്തായാലും മണിപ്പൂരില്‍ എത്തി കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന ഒരു ഉറപ്പിക്കലില്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്തു. 

യാത്രയുടെ രണ്ട്  ദിവസം മുമ്പാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ എ ബക്കറിന്‍റെ മണിപ്പൂരിനെ കുറിച്ചുള്ള എഴുത്ത് യാദൃശ്ചികമായി ഫേസ്ബുക്കില്‍ കാണുന്നത്. മെസഞ്ചർ വഴി നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. മൂന്ന്  വര്‍ഷത്തോളം മണിപ്പൂരില്‍ ജീവിച്ച് മണിപ്പൂരിനെ അറിഞ്ഞ മനുഷ്യനാണ് ബക്കറിക്ക. ബക്കറിക്കയുടെ അനുഭവത്തില്‍ നിന്നും എഴുത്തില്‍ നിന്നും മണിപ്പൂരിന്‍റെ സാഹചര്യം കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. 

ഓരോ തവണയും ആ മനസ്സിലാക്കല്‍ നേരത്തെ പറഞ്ഞതുപോലെ കൂടുതല്‍ കുരുക്കുകളാണ് ബാക്കിവെച്ചത്. പുറമേയ്ക്ക് ശാന്തമാണെന്ന് തോന്നുമെങ്കിലും അശാന്തിയുടെ അഗ്നിപര്‍വ്വതങ്ങള്‍ പേറി ജീവിക്കുന്നവരാണ് മണിപ്പൂരികളെന്ന് ബക്കറിക്കയുടെ വിവരണങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിരുന്നു. കേവലം കുക്കി, മയ്‌തേയി സംഘര്‍ഷങ്ങള്‍ക്കുമപ്പുറം എന്തും എപ്പോഴും മണിപ്പൂരില്‍ സംഭവിക്കാം. 

പര്‍വ്വതങ്ങള്‍ക്ക് നടുവിലൂടെ കലങ്ങിയും തെളിഞ്ഞും ഒഴുകുന്ന പുഴകള്‍, പര്‍വ്വതങ്ങള്‍ക്ക് മുകളില്‍ കൂനപോലെ വീടുകള്‍. അത് കുക്കികളുടെയും നാഗകളുടെയും വീടുകള്‍ ആയിരിക്കാമെന്ന്  മനസ്സില്‍ കരുതി. ഇടക്ക് കുറച്ചു പൊങ്ങിയാണ് വിമാനം പറന്നത്. അപ്പോള്‍ മാത്രമാണ് മണിപ്പൂരിൻ്റെ കാഴ്ചകള്‍ മറഞ്ഞത്. വിമാനം പൊങ്ങുമ്പോള്‍ കാതുകള്‍ രണ്ടും അടയും. ഛര്‍ദ്ദിക്കാന്‍ വരുന്നത് പോലെ തോന്നും. നേരെ നോക്കി കുത്തനെ ഇരിക്കണം. കാഴ്ചകള്‍ കാണാന്‍ തലതിരിച്ചാല്‍ തലകറങ്ങും. കൊച്ചിയില്‍ നിന്നും അഗര്‍ത്തല എത്തുന്നത് വരെ ഇടയ്ക്കിടെ ഈ പ്രതിഭാസം വന്നുംപോയുമിരുന്നു. ഇടയ്ക്ക് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോകുന്നത് പോലെയായിരുന്നു. ആകെക്കൂടെയൊരു കുലുക്കം. 

Manipur 's Aerial view
മണിപ്പൂരിന്‍റെ ആകാശ ദൃശ്യം Copyright@Woke Malayalam

എണ്ണിയാല്‍ ഒടുങ്ങാത്ത മലകള്‍ കഴിഞ്ഞാല്‍ പരന്നുകിടക്കുന്ന താഴ്‌വാരമാണ്. അതാണ് ഇംഫാല്‍. കൃഷി ചെയ്യാന്‍ ഒരുക്കിയിട്ടിരിക്കുന്ന വയലുകള്‍, കൂട്ടംകൂടി നില്‍ക്കുന്ന കെട്ടിടങ്ങള്‍, ഗ്രൗണ്ടുകള്‍… ഇതൊക്കെയാണ് ഇംഫാലിലെ ആകാശക്കാഴ്ചകള്‍. വയലുകളുടെ വിസ്തൃതി കണ്ട് ഇംഫാലിലുള്ളവര്‍ കര്‍ഷകരാണെന്ന് തോന്നി. ആ തോന്നല്‍ ശരിയായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം ആണ് ഇംഫാലിലേത്. തെക്ക്, വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ചെറുതും.  വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങുന്നതിന്  മുമ്പ് മണിപ്പൂര്‍ പോലീസ് ഐഡി കാര്‍ഡ് പരിശോധിക്കും. മാധ്യമപ്രവര്‍ത്തക ആയതിനാല്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്‍റെ ആവശ്യമില്ല. മണിപ്പൂരി അല്ലാത്തവര്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വേണം. 100 രൂപ കൊടുത്താല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ പെര്‍മിറ്റ് വാങ്ങിക്കാം. 

ഇംഫാലിലെ പ്രശസ്തമായ ആനന്ദ് കോണ്ടിനെൻ്റലിലാണ് താമസത്തിനുള്ള ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. തിരുവല്ല സ്വദേശി സദാശിവനാണ് ഹോട്ടലിൻ്റെ ഉടമസ്ഥന്‍. വിമാനത്താവളത്തിന് പുറത്ത് അദ്ദേഹം കാത്തുനില്‍പ്പുണ്ട്. 

വിമാനത്താവളത്തിന് പുറത്തിറങ്ങുന്നതിന് മുമ്പ് മലയാളികളായ രണ്ട് ജവാന്മാരെ പരിചയപ്പെട്ടു. ആരാണ് എന്താണെന്നുള്ള ചോദ്യോത്തരങ്ങള്‍ക്ക് ശേഷം വളരെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നല്‍കി അവര്‍ നടന്ന് നീങ്ങി. സാധാരണ കലാപഭൂമി ആയതിനാലുള്ള മുന്നറിയിപ്പാവും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അത് കേവലമൊരു മുന്നറിയിപ്പ് ആയിരുന്നില്ല എന്ന് പിന്നീടുള്ള ദിവസങ്ങളില്‍ മനസ്സിലായി. 

സദാശിവന്‍ ചേട്ടൻ്റെ സ്‌കൂട്ടറിലാണ് ഹോട്ടലിലേയ്ക്ക് പോകുന്നത്. തെരുവുകള്‍ എല്ലാം ശാന്തം. റോഡില്‍ ഇടക്ക് സൈന്യത്തിൻ്റെയും അര്‍ദ്ധ സൈന്യത്തിൻ്റെയും പോലീസിൻ്റെയും വാഹനങ്ങൾ കാണാം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന സൈനികര്‍, കടകള്‍ക്ക് മുന്നില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നവര്‍, തെരുവുകളില്‍ കളിക്കുന്ന കുട്ടികള്‍, മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന സ്ത്രീകള്‍, ജിംനേഷ്യങ്ങള്‍. ഒറ്റനോട്ടത്തില്‍ ഇംഫാല്‍ ശാന്തമാണ്. 

യാത്രക്കിടെ ഗവര്‍ണറുടെ ബംഗ്ലാവ്, ചരിത്ര പ്രസിദ്ധമായ കംഗ്ല കോട്ട തുടങ്ങിയവ സാദാശിവന്‍ ചേട്ടന്‍ കാണിച്ചുതന്നു. മൂന്ന് കോളേജുകള്‍, അനേകം വീടുകള്‍, തെരുവുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ കടന്നുവേണം ഹോട്ടലില്‍ എത്താന്‍. തകര ഷീറ്റ് പാകിയ ഒറ്റ കാഴ്ചയില്‍ അത്ര മനോഹരമല്ലാത്ത രണ്ടോ മൂന്നോ ചെറിയ കെട്ടിടങ്ങള്‍. ഇതാണ് ഇംഫാലിലെ കോളേജുകള്‍.

എന്നാല്‍ സ്‌പോര്‍ട്‌സ് കോളേജുകള്‍ക്ക് നല്ല കെട്ടിടങ്ങളുണ്ട്. ഭൂരിഭാഗം വീടുകളും കടകളും ഇഷ്ടിക കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ചിലത് മാത്രം സിമന്‍റ്  കൊണ്ട് തേച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന കെട്ടിടങ്ങള്‍ക്ക് പെയിന്റും അടിച്ചിട്ടുണ്ട്. ചെറിയ ഒരു സ്റ്റേജ് കെട്ടി തകര ഷീറ്റ് മേഞ്ഞതാണ് ഇവിടുത്തെ കമ്മ്യൂണിറ്റി ഹാളുകള്‍. ചുമരുകള്‍ ഇല്ല, കസേരകളോ മേശകളോ ഇല്ല. പൊടിപിടിച്ച്  കിടക്കുന്ന ഒരു സ്ഥലം. കടകളും വീടുകളും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മൂന്നോ നാലോ നിലകളെ കെട്ടിടങ്ങള്‍ക്ക് ഉള്ളൂ. കെട്ടിടങ്ങള്‍ എല്ലാം ഒട്ടിയൊട്ടി സയാമീസ് ഇരട്ടകളെ പോലെയാണ് നില്‍ക്കുന്നത്.

Imphal Market
ഇംഫാല്‍ മാര്‍ക്കറ്റ് Copyright@Woke Malayalam

ഒറ്റ വീടുകള്‍ നഗരത്തില്‍ കുറവാണ് എന്നുതന്നെ പറയാം. ഒട്ടുമിക്ക നിര്‍മ്മിതികളും ഫ്‌ളാറ്റ് പോലെയാണ്. എല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് എങ്കിലും മേല്‍ക്കൂര ഷീറ്റാണ്. മൂന്ന് നില പണിത ഇവര്‍ക്ക് മേല്‍ക്കൂര കൂടി കോണ്‍ക്രീറ്റ് ഇട്ട് വാര്‍ത്തുകൂടെ എന്ന് തോന്നി. കെട്ടിടങ്ങളുടെ താഴത്തെ നിലയിലാണ് കടകളുള്ളത്. മുകളിലത്തെ നിലകളില്‍ വീടുകളും. കേരളത്തിലെ കടകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവിടുത്തെ കടകള്‍ തീപ്പെട്ടിക്കൂടുകളാണ്. രണ്ടാള്‍ക്ക് നിന്ന് തിരിയാന്‍ പറ്റുന്ന കടമുറികളാണ് സ്വര്‍ണക്കട മുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് വരെ ഉള്ളത്. ബൈക്ക് വില്‍ക്കുന്ന ഒരു കടയുടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഈ തീപ്പെട്ടി കൂടുകളില്‍ ഇരുന്നുകൊണ്ട് മണിപ്പൂരികള്‍ (മയ്‌തേയികള്‍) വാഹനങ്ങള്‍ വില്‍ക്കുന്നു, പലചരക്ക് വില്‍ക്കുന്നു, വസ്ത്രങ്ങളും, മരുന്നുകളും വില്‍ക്കുന്നു. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കായിക സ്ഥാപനങ്ങള്‍ക്കും മാത്രമാണ് കാഴ്ചയില്‍ നല്ല കെട്ടിടങ്ങളും സൗകര്യങ്ങളുമുള്ളത്. കായിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സംസ്ഥാനം ആയതിനാല്‍ അത്തരം സൗകര്യങ്ങള്‍ വേണ്ടുവോളമുണ്ട്. പൊതുഗതാഗതം തീരെ ഇല്ല ഇവിടെ. യാത്രയ്ക്ക് ഷെയര്‍ ഓട്ടോകളെയോ ടാക്‌സിയെയോ ആശ്രയിക്കേണ്ടി വരും. ഒരു ഇൻ്റർസ്റ്റേറ്റ് ബസ് ടെര്‍മിനല്‍ ഉണ്ട് ഇവിടെ. എന്നാല്‍ ബസ്സുകള്‍ കാണാന്‍ കിട്ടിയില്ല. 

കലാപത്തിനു മുമ്പ് മയ്തേയികളുടെ കടകളിലും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ജോലിക്കാരായി നിന്നിരുന്നത് കുക്കികളായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അവരെല്ലാം മലമുകളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ജീവന്‍വരെ നഷ്ടപ്പെട്ടേക്കാം. 

മാര്‍ക്കറ്റുകളില്‍ എല്ലാം സ്ത്രീകളാണ് കച്ചവടക്കാര്‍. മണിപ്പൂരികളുടെ തനത് വസ്ത്രം ധരിച്ച് അവര്‍ കച്ചവടം ചെയ്യുന്നു. പണ്ട് നാട്ടില്‍ പ്രായമായ സ്ത്രീകള്‍ ധരിച്ചിരുന്ന മുണ്ടും ജമ്പറും പോലെയുള്ള വസ്ത്രങ്ങളാണ് മയ്തേയി സ്ത്രീകള്‍ ധരിക്കുന്നത്.

മണിപ്പൂരില്‍ വികസനം നടന്നിട്ടുള്ള പ്രദേശം താഴ്‌വരയായ ഇംഫാല്‍ ജില്ലയാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍ തീരെ വികസിക്കാത്ത സ്ഥലമായാണ് ഇംഫാലിനെ എനിക്ക് തോന്നിയത്. താഴ്‌വര ഇങ്ങനെയാണെങ്കില്‍ മലമുകളെങ്ങനെ ആയിരിക്കുമെന്ന് വെറുതെ കണക്കുകൂട്ടി നോക്കി. ഇംഫാലിലെ ഗ്രാമങ്ങള്‍ പക്ഷേ നഗരത്തില്‍ നിന്നും വ്യത്യസ്തമാണ്. ഗ്രാമീണര്‍ ഭൂരിഭാഗവും കര്‍ഷകരാണ്. നെല്ലാണ് പ്രധാന കൃഷി. പച്ചക്കറികളും, താമരയും, കൈതച്ചക്കയും, മത്സ്യവും ധാരാളം കൃഷി ചെയ്യും. പിന്നെ പുല്ലുപോലെ തോന്നിക്കുന്ന ഇലകളും.

നഗരത്തില്‍ നിന്നും മൂന്നോ നാലോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗ്രാമത്തില്‍ എത്താം. ഗ്രാമത്തില്‍ വലിയ കെട്ടിടങ്ങള്‍ ഇല്ല. ഇഷ്ടിക കൊണ്ട് പണിതീർത്ത വീടുകളും കടകളുമാണ് ഗ്രാമത്തിലുള്ളത്. തേയ്ക്കുകയോ പെയിന്‍റ്  അടിക്കുകയോ ചെയ്തിട്ടില്ല. ഗ്രാമങ്ങളില്‍ ഒറ്റയൊറ്റയായി  വീടുകള്‍ കാണാം. ചില വീടുകളുടെ ചുമരുകളും മേല്‍ക്കൂരകളും തകര ഷീറ്റുകളാണ്. ചുരുക്കം വീടുകളെ രണ്ട് നിലകളിലുള്ളൂ. അവ പെയിന്‍റ് അടിച്ചിട്ടുമുണ്ട്. ഒരു വീടുകള്‍ക്കും മതിലുകള്‍ ഇല്ല. അതിര്‍ത്തികള്‍ തകര ഷീറ്റുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. മതിലുകളും ഷീറ്റുകള്‍ തന്നെ. മലകള്‍ക്ക് താഴെ വയലുകള്‍ അതിന്‍റെ ഓരങ്ങളില്‍ വീടുകള്‍, ഇതാണ് ഗ്രാമങ്ങളിലെ കാഴ്ചകൾ.  

വിമാനത്താവളത്തില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരമുണ്ട് ഹോട്ടലിലേക്ക്. തെരുവുകളില്‍ കലാപത്തിന്‍റെ ഒരു അവശേഷിപ്പുമില്ല. ശാന്തം. ഈ ശാന്തത സമാധാനത്തിന്‍റേതല്ലെന്ന് സദാശിവന്‍ ചേട്ടന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 35 വര്‍ഷമായി മണിപ്പൂരിലുള്ള സദാശിവന് ഇംഫാല്‍ മാത്രമല്ല മലമേഖലകള്‍ വരെ കാണാപാഠമാണ്. ചുറ്റിനും കണ്ണോടിച്ചാണ് ചേട്ടന്‍ വണ്ടി ഓടിക്കുന്നത്. ഞാനാവട്ടെ വളരെ അത്ഭുതത്തോടെ കാഴ്ചകള്‍ ഓരോന്നും  മനസ്സില്‍ പതിപ്പിക്കുകയായിരുന്നു. കലാപഭൂമിയിലാണ് നില്‍ക്കുന്നതെന്ന ഭയമേതുമില്ലാതെ സ്‌കൂട്ടറിന് പുറകിലിരുന്നു ചുറ്റുപാടുകള്‍ നിരീക്ഷിച്ചു.

ഹോട്ടലിലെത്തിയപ്പോഴേക്കും ജോണ്‍ സാര്‍ എത്തിയിരുന്നു. കണ്ണൂര്‍ക്കാരനായ ജോണ്‍ സാര്‍ അധ്യാപകനായാണ് ഇംഫാലില്‍ എത്തിയത്. ഇന്ന് ഒരു സ്‌കൂള്‍ നടത്തുന്നു. ജോണ്‍ സാറും സദാശിവന്‍ ചേട്ടനും മണിപ്പൂരിൻ്റെ  രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പറഞ്ഞുതന്നു. ഞാന്‍ വായിച്ചതും അറിഞ്ഞതുമായ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടുതല്‍ അറിയുന്തോറും നേരത്തെ സൂചിപ്പിച്ച ആ കുരുക്ക് മുറുകുകതന്നെയാണ്. അതിസങ്കീര്‍ണമായ മണിപ്പൂരിൻ്റെ ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഓരോന്നായി ഞാന്‍ ഡയറിയില്‍ കുറിച്ചുവെച്ചു. 

ഇടക്ക് ജോഷി ജോസഫ് എന്നെ ഫോണിൽ വിളിച്ചു. ജംഷീന ഇന്‍ഷൂറന്‍സ് എടുത്തിട്ടാണോ വണ്ടി കയറിയത് എന്ന് ചോദിച്ചു. ആ ചോദ്യം ചെറിയ അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും എന്തുവന്നാലും  നേരിടാമെന്ന ധൈര്യം സംഭരിച്ച് ആ ചോദ്യത്തെ ഞാനൊരു തമാശയാക്കി മാറ്റി. ഇവിടെ കലാപത്തിൻ്റെ  ഒരു അടയാളവും ഇല്ലല്ലോ എന്ന എന്‍റെ ചോദ്യത്തിന് ഉത്തരമായി ജോണ്‍ സാര്‍ പറഞ്ഞത്, വാ ചില സ്ഥലങ്ങള്‍ കാണിക്കാം എന്നാണ്. 

കുക്കികളും മയ്‌തേയികളും ഒരുകാലത്ത്  ഇടകലര്‍ന്ന് ജീവിച്ചിരുന്ന തെരുവിലേയ്ക്കാണ് എന്നെ കൊണ്ടുപോയത്. അവിടെ കുക്കികളുടെ വീടുകളും കടകളും സ്ഥാപനങ്ങളും സ്‌കൂളുകളും വാഹനങ്ങളും എല്ലാം തിരഞ്ഞ് പിടിച്ച് മയ്‌തേയികള്‍ അഗ്നിക്കിരയാക്കിയിരിക്കുന്നു. പല കെട്ടിടങ്ങളുടെയും ഇഷ്ടിക ഇളക്കി കൊണ്ടുപോയിരിക്കുന്നു. നഗരത്തിലെ ഒരു പ്രധാന മാള്‍ കുക്കിയുടേതാണ്. അത് കത്തിച്ചു. എന്നാല്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മയ്‌തേയികളുടെ കടകള്‍ക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. 

Kuki Ministers Home
മയ്‌തേയ് സംഘം തകര്‍ത്ത കുക്കി വിഭാഗത്തിലെ മന്ത്രിയുടെ ഇംഫാലിലെ വീട് Copyright@Woke Malayalam

എങ്ങനെയാണ് ഇത്രയും ഒട്ടിനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് ഇടയില്‍ നിന്നും ഒരു കെട്ടിടം മാത്രം കത്തിക്കുക എന്ന സംശയം എനിക്ക് ഇപ്പോഴുമുണ്ട്. ഇംഫാലില്‍ പൊതുവെ ഇരുനില വീടുകള്‍ പണിയാന്‍ കോടികള്‍ വേണം എന്നാണ് സദാശിവന്‍ ചേട്ടന്‍ പറഞ്ഞത്. അങ്ങനെയുള്ള വീടുകളാണ് കത്തി ചാമ്പലായി കിടക്കുന്നത്. ഉദ്യോഗസ്ഥരായ, വ്യാപരികളായ, നിക്ഷേപകരായ കുക്കികളാണ് ഇംഫാലില്‍ ഭൂമി വാങ്ങി വീടുകള്‍ പണിതിട്ടുള്ളത്. 

കലാപം നടന്ന മേഖലയില്‍ ഇറങ്ങണ്ട എന്ന് ജോണ്‍ സാര്‍ മുന്നറിയിപ്പ് നല്‍കി. വണ്ടിയില്‍ ഇരുന്നു കൊണ്ട് ചില ഫോട്ടോകള്‍ ഞാൻ എടുത്തു. അതുകണ്ട ജോൺ സാർ പറഞ്ഞു, നേരത്തെ പ്രമുഖ മലയാളം ചാനല്‍ ഷൂട്ട് ചെയ്ത വിഷ്വല്‍സ് ഡിലീറ്റ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന്. കലാപഭൂമി പൊതുവേ മൂകമാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇവിടെ പുറമേയ്ക്ക് എല്ലാം ‘നോര്‍മല്‍’ ആണ്. 

ആളുകള്‍ സാധാരണ ജീവിതം നയിക്കുന്നു. തൻ്റെ വീടിന് തൊട്ടടുത്ത വീട് കത്തിച്ചിട്ടും തൻ്റെ കടയുടെ തൊട്ടടുത്തുള്ള കട അടിച്ചു തകര്‍ത്തിട്ടും തന്‍റെ അയല്‍വാസികള്‍ മലമുകളില്‍ അഭയം പ്രാപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും മയ്‌തേയികള്‍ സ്വസ്ഥമായി ദൈന്യംദിന ജീവിതത്തില്‍ വ്യാപൃതരാണ്. എനിക്കത് കുറച്ചധികം അസ്വസ്ഥതയുണ്ടാക്കി. ഞാന്‍ അത് ജോണ്‍ സാറോടും സദാശിവന്‍ ചേട്ടനോടും പറയുകയും ചെയ്തു. അവര്‍ പറഞ്ഞത് ഇതാണ് മണിപ്പൂര്‍ എന്നാണ്. 

മേരി കോമിന്‍റെ വീടും അക്കാദമിയും സ്ഥിതി ചെയ്യുന്ന പ്രദേശത്തും മയ്‌തേയി പങ്ങല്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വരെ ഞങ്ങള്‍ കറങ്ങി. എല്ലായിടവും ശാന്തമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ കാത്തുനില്‍ക്കുന്ന അഗ്നിപര്‍വ്വതം പോലെ.

ഇംഫാലില്‍ ഇന്ന് കുക്കികള്‍ ഇല്ല. വീടും സമ്പാദ്യങ്ങളും ഉപേക്ഷിച്ചുപോയാല്‍ തിരികെ വരാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ ഇംഫാലില്‍ തുടരുന്ന ചുരുക്കം ചില കുക്കികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി എല്ലാവരും ജീവനും കൊണ്ട് മലകയറി. അവശേഷിക്കുന്ന കുക്കി ഏരിയകള്‍ക്ക് സൈന്യത്തിൻ്റെയും പോലീസിൻ്റെയും കാവലുണ്ട്. ആ പരിസരത്തുകൂടെ പോകുന്ന ഓരോ വണ്ടിക്കും അവരുടെ പരിശോധനകള്‍ക്ക് ശേഷമേ കടന്നുപോകാന്‍ കഴിയൂ. 

ബീഹാര്‍, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകള്‍ മണിപ്പൂരില്‍ താമസിക്കുന്നുണ്ട്. എൻ്റെ ഹോട്ടലിൻ്റെ പരിസരത്ത് താമസിക്കുന്നത് ഉത്തരേന്ത്യക്കാരാണ്മയ്‌തേയികള്‍ മടിയന്മാര്‍ ആയതു കൊണ്ട് പണിയെടുക്കാന്‍ കൊണ്ടുവന്നവരാണ് ഇവരെയൊക്കെ. എന്നിട്ടും രണ്ടാംകിട പൗരന്മാരായാണ് ഇവരെ മയ്തേയികള്‍ കാണുന്നത്. എന്തെങ്കിലും സംഘര്‍ഷമോ, പ്രശ്‌നമോ ഉണ്ടായാല്‍ മയ്തേയികള്‍ ദേഷ്യം തീർക്കുന്നത് പാവം ഗുജറാത്തികളുടെയും ബീഹാറികളുടെയും അടുത്താണ്. 

മലയാളികളോട് എന്തോ പ്രത്യേക താല്പര്യം ഉള്ളതിനാല്‍ മണിപ്പൂരില്‍ മലയാളികള്‍ ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെന്ന് സദാശിവൻ ചേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു. മയ്‌തേയികള്‍ അല്ലാത്ത എല്ലാവരെയും ഇവര്‍ മയങ്ങ് എന്നാണ് വിളിക്കുന്നത്. പരദേശി എന്നര്‍ത്ഥം. മയ്തേയി സ്ത്രീയെ കല്യാണം കഴിച്ച് ഇംഫാലില്‍ സെറ്റിലായ സദാശിവന്‍ ചേട്ടന്‍ വരെ ഇവര്‍ക്ക് മയങ്ങാണ്.

vehicle checking meitei women
വാഹന പരിശോധന നടത്തുന്ന മയ്‌തേയ് സ്ത്രീകള്‍ Copyright@Woke Malayalam

വൈകുന്നേരത്തെ കറക്കത്തില്‍ ഒരു മയ്‌തേയി കച്ചവടക്കാരനെ പരിചയപ്പെട്ടു. ചിക്കന്‍കട നടത്തുകയാണ്. നാളെ (19 ജൂലൈ) ഇംഫാല്‍ കണ്ട ഏറ്റവും വലിയ റാലി മയ്‌തേയികള്‍ നടത്താന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. റാലിയില്‍ നിന്നു തന്നെ റിപ്പോര്‍ട്ടിംഗ് തുടങ്ങാം എന്നുവെച്ചു. നമ്മുടെ നാട്ടില്‍ നടക്കുന്നത് പോലെ സെക്രട്ടേറിയറ്റോ കലക്ടറേറ്റോ തീരുമാനിച്ച് ആളുകള്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ച് നടന്നുനീങ്ങുന്ന റാലിയല്ല ഇവിടെത്തേത്. എല്ലാ തെരുവുകളില്‍ നിന്നും ആളുകള്‍ കൂട്ടമായി റാലിയിലേയ്ക്ക് കണ്ണിചേര്‍ക്കപ്പെടുകയാണ് ചെയ്യുക. ആ റാലിക്കിടെ എന്തൊക്കെ സംഭവിക്കുമെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല എന്നും സദാശിവന്‍ ചേട്ടന്‍ പറഞ്ഞു. എന്തായാലും റാലിയ്ക്കിടയിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.

ഹോട്ടലിലെ ഏറ്റവും മുകളില്‍ നിന്നാല്‍ ഇംഫാലിന്‍റെ ചില പ്രദേശങ്ങള്‍ കാണം. മയ്‌തേയി എംഎല്‍എമാരുടെ വീടുകള്‍ അടക്കം കാണാന്‍ പറ്റി. നമ്മുടെ നാട്ടിലേതു പോലെ മതില്‍കെട്ടി ബന്തവസ്ഥാക്കിയ കൂറ്റന്‍ വീടുകള്‍ ഒന്നും അല്ല ഇവിടുത്തെ എംഎല്‍എമാര്‍ക്കുള്ളത്. സാധാരണമെന്ന്  തോന്നിക്കുന്ന ഫ്‌ളാറ്റുകള്‍. അതാണ് ജനപ്രതിനിധികളുടെ വീടുകള്‍. 

രാത്രി 10 മണി ആയിക്കാണും. ദൂരെ സ്ത്രീകള്‍ വീടുകളില്‍ നിന്നും ഇറങ്ങി തെരുവുകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. തെരുവില്‍ റോഡിനോട് ചേര്‍ന്ന് സ്ത്രീകള്‍ കൂട്ടമായി പായ വിരിച്ച് ഇരുന്നു. രാത്രിയില്‍ കടന്നുപോകുന്ന വണ്ടികള്‍ പരിശോധിക്കാനാണ് ആ ഇരിപ്പ്. ആയുധം കടത്തുന്നുണ്ടോ, കടന്നു പോകുന്നത് കുക്കികളാണോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. ഒരു കുക്കിയെങ്ങാനും  ഇവരുടെ കയ്യില്‍പ്പെട്ടാല്‍ മരണം ഉറപ്പ്.

 

FAQs

ആരാണ് മയ്‌തേയികള്‍?

മണിപ്പൂരിൽ നിന്നുള്ള ഒരു വംശീയ വിഭാഗമാണ് മയ്‌തേയികള്‍, അല്ലെങ്കിൽ മീതേയ്കൾ/മണിപ്പൂരികൾ. വടക്കുകിഴക്കൻ ഇന്ത്യയിലെ മണിപ്പൂരിലെ ഏറ്റവും വലുതും പ്രബലവുമായ വംശീയ വിഭാഗമാണിത്. ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ 22 ഔദ്യോഗിക ഭാഷകളിലൊന്നും മണിപ്പൂർ ഗവൺമെന്‍റിന്‍റെ ഏക ഔദ്യോഗിക ഭാഷയുമായ മെയ്തേയ് ഭാഷയാണ് (ഔദ്യോഗികമായി മണിപ്പൂരി എന്ന് വിളിക്കപ്പെടുന്നു) മയ്‌തേയികള്‍ സംസാരിക്കുന്നത്. ഇന്നത്തെ മണിപ്പൂരിലെ ഇംഫാൽ താഴ്‌വര പ്രദേശത്താണ്‌ മയ്‌തേയികള്‍ കൂടുതലുള്ളത്. എന്നിരുന്നാലും, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളായ അസം, ത്രിപുര, നാഗാലാൻഡ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലും ഇവരുണ്ട്. അയൽരാജ്യങ്ങളായ മ്യാൻമറിലും ബംഗ്ലാദേശിലും മെയ്തേയ് ജനതയുടെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മണിപ്പൂരിലെ ജനസംഖ്യയുടെ 53% പ്രതിനിധീകരിക്കുന്നത് മയ്തേയ് വംശീയ വിഭാഗമാണ്.

ആരാണ് കുക്കികള്‍  ?

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, ത്രിപുര, മിസോറാം, കൂടാതെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ ഒരു വംശീയ വിഭാഗമാണ് കുക്കികൾ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ നിരവധി മലയോര ഗോത്രങ്ങളിലൊന്നാണ് കുക്കി. കുക്കി സമൂഹം സംസാരിക്കുന്ന ഭാഷയെയും അവരുടെ ഉത്ഭവ പ്രദേശത്തെയും അടിസ്ഥാനമാക്കി ഇന്ത്യയിലെ കുക്കി ജനതയെ അമ്പതോളം  പട്ടികജാതി ഗോത്രങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു,

മ്യാൻമറിലെ ചിൻ ജനതയും മിസോറാമിലെ മിസോ ജനതയും കുക്കികളുടെ ബന്ധു ഗോത്രങ്ങളാണ്.  സോകൾ എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്,

ആരാണ് ഇറോം ശര്‍മ്മിള?

മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്‍റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958) പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷങ്ങളായി നിരാഹാര സമരം നടത്തിയിരുന്ന മണിപ്പൂരിലെ കവയിത്രിയും, പത്രപ്രവർത്തകയുമാണ് ഇറോം ചാനു ശർമ്മിള. മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇറോം ശർമ്മിള ഇപ്പോൾ അറിയപ്പെടുന്നത്.

ആരാണ് നാഗ ജനതകൾ?

നാഗ ജനതകൾ നൂറ്റാണ്ടുകളായി ഇന്ത്യയുടെ വടക്ക് – കിഴക്കും മ്യാൻമറിന്‍റെ വടക്ക് – പടിഞ്ഞാറൻ അതിർത്തിയിലും താമസിക്കുന്ന ഒരു ഇൻഡോ-മംഗ്ലോയ്ഡ് മലയോര ഗോത്രവർഗക്കാരാണ്. ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡിൽ ഭൂരിപക്ഷമായും; മണിപ്പൂർ, മേഘാലയ, ആസാം എന്നിവിടങ്ങളിലും ഇന്ത്യയുടെ അതിർത്തിയായ ബർമയിലെ അരാക്കൻ റേഞ്ചുകളിലും ന്യൂനപക്ഷമായും നാഗകളുടെ സാന്നിധ്യമുണ്ട്.

Quotes

അനീതിയുടെ സാഹചര്യങ്ങളിൽ നിങ്ങൾ നിഷ്പക്ഷത പാലിക്കുകയാണെങ്കിൽ, നിങ്ങൾ പീഡകന്‍റെ പക്ഷത്താണ്

– ഡെസ്മണ്ട് ടുട്ടു

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.