പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്
സംവിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി, കോസ്റ്റ്യും ഡിസൈനർ അങ്ങനെ സിനമയിലെ ഒട്ടുമിക്ക മേഖലകലളിലും സജീവമാണ് വിദ്യ മുകുന്ദൻ. ഈയിടെ പുറത്തിറങ്ങിയ ഡാർക്ക് ഷെയ്ഡ് ഓഫ് എ സീക്രട്സ് എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് വിദ്യയാണ്. ചെറുപ്പത്തിലേയുള്ള സിനിമ മോഹമാണ് ഈ പുതുമുഖ സംവിധായകയുടെ കടന്നുവരവിന് കാരണം. ഒരു സംവിധായിക എന്ന നിലയിൽ ഈ ചിത്രത്തിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്നും വിദ്യ പറയുന്നു.
ഡാർക്ക് ഷെയ്ഡ് ഓഫ് എ സീക്രട്സ് ആദ്യം ഹൃസ്വചിത്രമായിട്ടാണ് നിർമ്മിക്കാൻ തീരുമാനിച്ചതെങ്കിലും പിന്നീട് തിരക്കഥ വികസിപ്പിച്ച് മുഴുനീളചിത്രമായി മാറ്റുകയായിരുന്നു. ചുരുങ്ങിയ ചിലവിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി വിദ്യയും എത്തുന്നുണ്ട്.വിദ്യയുടെ സ്വദേശംക്കൂടിയായ കേരള കർണ്ണാടക ബോർഡറിലുള്ള വായകമ്പയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തന്റെ നാടിനോടുള്ള സ്നേഹം ആദ്യ സിനിമയിലും പ്രകടമാണ്. ലൊക്കേഷനിൽ നിന്നും ഒരു കഥയുണ്ടായി എന്ന സവിശേഷതക്കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിലുടനീളം ഗ്രാമത്തിന്റെ ഭംഗി മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്.
ഒഴിവുസമയങ്ങൾ ക്രീയേറ്റീവാക്കാനാണ് വിദ്യ ഫാഷൻ ഡിസൈനിങ്ങ് പഠിച്ചത്. പിന്നീട് സ്വന്തമായി ഒരു ഫാഷൻ സംരംഭം ആരംഭിക്കുകയും മുഖ്യധാര മാധ്യമത്തിലെ കോസ്റ്റ്യും ഡിസൈനറായി മാറുകയും ചെയ്തു. അവിടെ നിന്നും ഫാഷൻ കൺസൾട്ടന്റ് വരെ നീളുന്നു വിദ്യയുടെ ഫാഷൻ ലോകം.അവിചാരിതമായാണ് എഴുത്തിലേക്കുള്ള കടന്നുവരവ്. സുഹൃത്തിന്റെ റേഡിയോ സ്ക്രിപ്റ്റിന്റെ തിരുത്തലിലൂടെയാണ് എഴുത്തും തനിക്ക് വഴങ്ങുമെന്ന് വിദ്യ തിരിച്ചറിയുന്നത്. തുടർന്ന് 2017 ൽ ഒരു കവിതാ സമാഹാരം പുറത്തിറക്കി. അവിടെ നിന്നാണ് തിരക്കഥ എഴുത്തിലേക്ക് കടക്കുന്നത്. ഭരതന്റെയും ലോഹിതദാസിന്റെയും സിനിമകളും എംടി യുടെ എഴുത്തുമെല്ലാം തിരക്കഥയുടെ ലോകത്ത് വിദ്യയെ സ്വാധീനിച്ചിട്ടുണ്ട്.
ക്രൈം ത്രില്ലറായാണ് ഡാർക്ക് ഷെയ്ഡ് ഓഫ് എ സീക്രട്സ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറുകളോട് താല്പര്യമുള്ള വിദ്യക്ക് സിനിമയിലെ മറ്റ് ട്രെൻഡുകളെ ആവിഷ്കരിക്കാനും തിരക്കഥയിൽ ഉൾപ്പെടുത്താനും മടിയില്ല. “പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ച് കോമഡിയും ത്രില്ലർ ഘടകങ്ങളും ഉൾപ്പെടുന്ന സിനിമ ചെയ്യാനാണ് താൽപ്പര്യം. ഇതുവരെയുള്ള കുറവുകളൊക്കെ മെച്ചപ്പെടുത്തി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് ” വിദ്യ പറയുന്നു.