Sun. Dec 22nd, 2024
kalapradarshannam

കെട്ടിലും മട്ടിലും ഒരേപോലെ മാറ്റങ്ങൾ വരുത്തിയ ഇത്തവണത്തെ ചിത്ര പ്രദർശനം ആർട്ടിസ്റ്റുകൾക്കും സന്ദർശകർക്കും ഒരു പോലെ അത്ഭുതമാണ്. ഒരു ബിനാലയുടെ പ്രതീതി തോന്നുന്ന തരത്തിലാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നതെന്നാണ് സന്ദർശകരുടെ പ്രതികരണം. മികച്ചരീതിയിലെ ഡിസ്‌പ്ലേയും ഇക്കുറി കൂടുതൽ കാണികളെ ആകർഷിക്കുന്നുണ്ട്.

വിവിധ വിഭാഗങ്ങളിൽ സംസ്ഥാന അവാർഡിന് അർഹർരായ കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.ചിത്രകാരി സാറ ഹുസൈന്റെ ‘വാട്ട് ദി ബോഡി സെയ്‌സ്’ എന്ന സൃഷ്ടിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തന്റെ ചിത്രങ്ങൾ പലരുടെയും ജീവിതാനുഭവങ്ങളുമായും സാമ്യമുണ്ടെന്ന അഭിപ്രായയം ലഭിക്കുന്നുണ്ടെന്ന് സാറയും പ്രതികരിക്കുകയുണ്ടായി.

ആനുകാലികമായ ചിത്രകലയുടെ മാറ്റങ്ങളെ ഇവിടെ കാണാൻ സാധിക്കും. അതുകൊണ്ടു തന്നെ പതിവ് ചിത്രപ്രദർശന രീതിക്കൊപ്പം ഡിജിറ്റൽ ആർട്ടിന്റെ സാന്നിധ്യവും ഇവിടെയുണ്ട്. കലയ്ക്ക് കാലാനുസൃതമായി സംഭവിക്കുന്ന മാറ്റങ്ങളെ അതേപടി അവതരിപ്പിക്കാനുള്ള വലിയൊരു ശ്രമം ഇത്തവണത്തെ എക്‌സിബിഷനിൽ കാണാൻ സാധിക്കും.

” ഈ പ്രാവശ്യം വർക്കുകളുടെ എണ്ണം കൂടുതലായതുകൊണ്ട് ഫോർട്ട് കൊച്ചി പെപ്പെർ ഹൗസുകൂടി എടുത്തിട്ടാണ് ഡിസ്പ്ലേ ചെയ്തിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും എല്ലാ വർക്കുകളും ശിൽപ്പകല , പെയിന്റിങ്ങ്, ന്യൂ മീഡിയ, ഫോട്ടോഗ്രാഫി, കാർട്ടൂൺ തുടങ്ങി എല്ലാ സെക്ഷനിൽ നിന്നുമുള്ള വർക്കുകളും ഇവിടെ കാണാൻ സാധിക്കും” ദർബാർ ഹാൾ കെയർ ടേക്കർ അജികുമാർ പറഞ്ഞു.

സന്ദർശകരുടെ ചിന്തയെ ഉണർത്തുന്ന പെയിന്റിങ്ങുകളാണ് എല്ലാം എന്നാണ് സന്ദർശകയായ സ്‌റ്റെഫിയുടെ അഭിപ്രായം. വിവിധ വിഭാഗങ്ങളിൽ അഭിരുചിയുള്ളവർ അവരുടേതായ രീതിയിലാണ് ചിത്രപ്രദർശനം ആസ്വദിക്കുന്നത്. അതിർവരമ്പുകളില്ലാത്ത കലയുടെ നൂതനമായ ആവിഷ്കാരമായാണ് ഈ ചിത്രപ്രദർശനത്തെ ആർട്ടിസ്റ്റുകൾ അടയാളപ്പെടുത്തുന്നത്.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.