Sun. Dec 22nd, 2024

ഇടതു തുടയിലെ മാംസം മുഴുവനായും കടിച്ചെടുത്ത നിലയിലാണ്. കണ്ണിന് താഴെയും കഴുത്തിന് പിറകിലും അരയ്ക്ക് താഴെയും ആഴത്തില്‍ മുറിവുകളുണ്ട്.

കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഭിന്നശേഷിക്കാരനായ 10 വയസ്സുകാരന്‍ നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതാണിത്. കേരളത്തെയൊട്ടാകെ സങ്കടത്തിലാഴ്ത്തി കൊണ്ടായിരുന്നു നിഹാലിന്റെ വിയോഗം.

ഉറക്കെ കരയാന്‍ പോലുമാകാതെ അതിദാരുണമായാണ് നിഹാല്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകിട്ട് കളിക്കാന്‍ പോയ നിഹാലിനെ കാണാതാവുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Nihal, the boy who succumbed to injuries and died after a violent street dog attack

വേദനയിലാഴ്ത്തിയ നിഹാലിന്റെ മരണത്തോടെ അധികൃതര്‍ വീണ്ടും നടപടികളുമായി രംഗപ്രവേശനം നടത്തിയിരിക്കുകയാണ്. 2022 സെപ്റ്റംബറില്‍ പേവിഷബാധയേറ്റ് 12 വയസ്സുകാരി അഭിരാമി മരിച്ചപ്പോഴും സര്‍ക്കാര്‍ പ്രതിരോധ നടപടികളുമായി മുന്നോട്ട് വന്നിരുന്നു.

അന്ന് കൊണ്ടുവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് വീണ്ടും ഒരു കുഞ്ഞിന്റെ മരണത്തിന് മുന്നില്‍ സര്‍ക്കാരിന് മൗനം പാലിക്കേണ്ടി വരില്ലായിരുന്നു. തെരുവുനായ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖം രക്ഷിക്കാനായി രംഗത്തെത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നീട്, നടപ്പാക്കുന്ന പദ്ധതികള്‍ പാതിവഴിയ്ക്ക് ഉപേക്ഷിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് കേരളത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റത്. അതില്‍ 21 പേര്‍ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. 10 വര്‍ഷത്തിനിടെ 111 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ തവണയും തെരുവുനായകളുടെ ആക്രമണത്തില്‍ ഓരോ ജീവന്‍ നഷ്ടപ്പെടുമ്പോഴും പാഴ് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് അധികാര കസേരകളില്‍ ഇരിക്കുന്നവര്‍ ചെയ്യുന്നത്.

Street Dogs (C) Internet

സംസ്ഥാനത്തിന്റെ പല ജില്ലകളിലായി നിരന്തരമായി തെരുവുനായ ആക്രമണം രൂക്ഷമായതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച മാസ് വാക്‌സിനേഷനും എല്ലാ പഞ്ചായത്തുകളിലും തെരുവുനായ വന്ധ്യംകരണത്തിനായുള്ള സെന്ററുകളും ഇത്തരത്തിലൊരു വാഗ്ദാനങ്ങളിലൊന്നായി മാറുകയാണ്. എന്തെന്നാല്‍ ഈ പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തേക്ക് അടുക്കുമ്പോഴും കൃത്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പരാജയമായി എബിസി പദ്ധതി

തെരുവുനായ്ക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാനായി നടപ്പാക്കിയ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി വിജയകരമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാതെ വന്ധ്യംകരിച്ചും രോഗപ്രതിരോധ കുത്തിവയ്പ്പ് നല്‍കിയും അവയുടെ പ്രജനനം നിയന്ത്രിക്കുകയാണ് എബിസി പദ്ധതിയിലൂടെ ചെയ്യുന്നത്.

കേരളത്തിലെ പദ്ധതി പൂര്‍ണ പരാജയമായതോടെ ഒമ്പത് ലക്ഷത്തോളമായിരുന്ന തെരുവുനായകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 21,000 തെരുവുനായ്ക്കള്‍ കേരളത്തില്‍ കൂടിയെന്നാണ് കണക്കുകള്‍ പറയുന്നത്. തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ രാജ്യത്ത് 17ാം സ്ഥാനത്ത് കേരളമാണ്. 2022 കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ ലൈവ് സ്റ്റോക്ക് സെന്‍സ് പ്രകാരം നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലാപ്രസ്‌കോപ്പി വഴിയുള്ള വന്ധ്യംകരണത്തിലൂടെ ആണ്‍ നായയുടെ വൃഷണങ്ങള്‍ എടുത്തു മാറ്റുകയും പെണ്‍ നായയുടെ ഗര്‍ഭപാത്രം എടുത്തു കളയുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. എന്നാല്‍ ശസ്ത്രക്രിയകള്‍ പരാജയപ്പെട്ടതോടെ വന്ധീകരിച്ച് വിട്ട നായ്ക്കള്‍ തെരുവുകളില്‍ ക്രമാധീതമായി പെരുകുകയാണുണ്ടായത്.

മൃഗസംരക്ഷണ വകുപ്പ് ചുമതല വഹിച്ചിരുന്ന പദ്ധതി പൊതുജനങ്ങളുടെ കണ്ണില്‍പൊടിയിട്ട് നായ്ക്കള്‍ പാകപിഴകളോടെ വന്ധീകരിച്ച് ‘വി’ ആകൃതിയില്‍ ചെവി മുറിച്ചു വിടുക മാത്രമാണ് ചെയ്തത്. അതുപോലെ തന്നെ വന്ധ്യകരണവും വാകിനേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പേവിഷ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.

വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, നായ്ക്കളെ പിടികൂടുന്നവര്‍ തുടങ്ങിയവര്‍ വാക്‌സിനെടുക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ തെരുവുനായ വന്ധ്യകരണയജ്ഞം പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടിട്ടും മിക്ക ജില്ലകളിലും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം പോലും പൂര്‍ത്തിയായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എല്ലാ പഞ്ചായത്തിലും ഒരു എബിസി സെന്റര്‍ വീതം സ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനവും വെല്ലുവിളി നേരിട്ടിരുന്നു.

എബിസി ചട്ടങ്ങളുടെ ഭേദഗതിയില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന നിബന്ധനകള്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തടയിടുകയാണുണ്ടായത്. ശീതീകരിച്ച മുറിയില്‍ മാത്രമെ ശസ്ത്രക്രിയ നടത്താന്‍ പാടുള്ളു, ഡോഗ് ഫുഡ് നല്‍കുന്നതിന് പകരം പാകം ചെയ്ത ഭക്ഷണം നല്‍കണം, ആവശ്യത്തിന് കൂടുകള്‍ തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങള്‍.

2022 സെപ്റ്റംബര്‍ 22 മുതല്‍ ജൂണ്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 10 മാസത്തിനിടെ 32,061 തെരുവുനായകള്‍ക്കും 4,38,473 വളര്‍ത്തുനായകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ നാല് മുതല്‍ 2023 മെയ് 31 വരെ 17,987 തെരുവുനായകളെ വന്ധീകരിച്ചിട്ടുണ്ടെന്നും കണക്കുകളില്‍ വ്യക്തമാക്കുന്നു.

വാക്‌സിന് ദൗര്‍ലഭ്യമില്ലെന്നും പ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങൾ തടസ്സം നില്‍ക്കുന്നു  എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ തെരുവുനായ്ക്കളെ നീക്കം ചെയ്യാന്‍ എബിസി ചട്ടങ്ങള്‍ 2001 അനുവദിക്കുന്നില്ലെന്നുമാണ് അധികൃതര്‍ നൽകുന്ന വിശദീകരണം.

തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനായുള്ള പദ്ധതിയുടെ പാളിച്ചകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അലംഭാവവും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഓരോ തവണയും തെരുവുനായ്ക്കളുടെ ആക്രമണങ്ങളും ഇതുമൂലമുള്ള മരണങ്ങളും സംഭവിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളും കോടതി വിധികളും മറ്റും ചൂണ്ടിക്കാട്ടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ തങ്ങള്‍ക്ക് പരിധി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

15 വയസ്സിന് താഴെയുള്ള കുട്ടികളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. തെരുവുനായ്ക്കളുടെ കാര്യത്തില്‍ വ്യക്തമായൊരു പദ്ധതിയോ നിയമനിര്‍മ്മാണമോ നടപ്പാക്കാന്‍ കേരളത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. ഇനിയും ഇക്കാര്യത്തില്‍ കൃത്യമായ ഒരു നടപടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ തെരുവുനായ്ക്കളുടെ ആക്രമണ സംഭവങ്ങള്‍ തുടര്‍ക്കഥയാകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം