Sat. Jan 18th, 2025

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് സമ്പാജി നഗറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിയേറ്റയാള്‍ മരിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി കിരാഡ്പുര പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ രാമ ക്ഷേത്രത്തില്‍ രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നവരും ആ സമയത്ത് ബൈക്കില്‍ അത് വഴി വന്ന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസിന്റേതടക്കം 14 ഓളം വാഹനങ്ങള്‍ക്ക് തീയിട്ടു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. എന്നിട്ടും സംഘര്‍ഷം നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. ഈ വെടിവെയ്പ്പില്‍ പരിക്കേറ്റയാളാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചത്. സംഘര്‍ഷത്തില്‍ 17 പൊലീസുകാര്‍ക്കും പരിക്കേറ്റു. ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഔറംഗാബാദ് എംപിയും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (മജ്‌ലിസ്) നേതാവുമായ ഇംതിയാസ് ജലീലിനും പരിക്കേറ്റു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. 500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം