ഗതാഗത സൗകര്യത്തില്‍ വന്‍ കുതിപ്പ് നല്‍കുന്ന ആലുവമൂന്നാര്‍ റോഡ് വികസന പദ്ധതി. എന്നാല്‍ ഈ റോഡ് വികസിപ്പിക്കുവാന്‍ ആദ്യം പ്ലാന്‍ ചെയ്തത് 23.7 മീറ്റർ വീതിയിൽ ആയിരുന്നു എന്നാല്‍ ഇപ്പോള്‍ ആ പ്ലാന്‍ പവര്‍ ഹൗസ് മുതല്‍ പുളിഞ്ചോട് വരെ 13.8 മീറ്റര്‍ ആക്കി കുറച്ചാണ് പ്ലാന്‍ തയ്യാറക്കിയത്. ഇതിനെതിരെ റസിഡന്റ്‌സ് സംഘടനകള്‍ എഡ്രാക്കിന്റെ നേതൃത്വത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ യോഗം നടത്തി. ദേശീയപാതയിലെ പുളിഞ്ചോട് ജംഗ്ഷനില്‍ നിന്നു ആരംഭിച്ച് തങ്കളം ലോറി സ്റ്റാന്‍ഡ് ജംഗ്ഷനില്‍ എത്തി തങ്കളം കോഴിപ്പിള്ളി ബൈപാസ് വഴി ബിഷപ് ഹൗസ് ജംഗ്ഷനില്‍ അവസാനിക്കുന്ന വിധമാണ് അന്തിമ അലൈന്‍മെന്റ്, 23 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മിക്കുന്നത്.

അന്തിമ അലൈന്‍മെന്റ് രേഖയില്‍ ആലുവ മേഖലയില്‍ തിരുത്തുവരുത്തി 13.8 മീറ്റര്‍ ആക്കിയത് രാഷ്ട്രീയ സമ്മര്‍ദമോ ഉദ്യോഗസ്ഥ താത്പര്യമോ ആണെന്നാണ് വിമര്‍ശനം. കുറച്ച് ഭാഗത്ത് മാത്ര 13.8 മീറ്ററാക്കി ചുരുക്കിയാല്‍ വലിയൊരു ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാകും. 23.7 മീറ്ററില്‍ സഞ്ചരിച്ച് എത്തുന്ന വാഹനങ്ങള്‍ പെട്ടന്ന് 13.8 മീറ്ററിലേക്ക് കയറുമ്പോള്‍ അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യവും ഉണ്ടാകുമെന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ ആരോപിച്ചു. പുളിഞ്ചോട് മുതല്‍ പലയിടത്തും വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥലം ഏറ്റെടുത്തിട്ടുള്ളതാണ്. അതിനാല്‍ 23 മീറ്റര്‍ വീതി ലഭ്യമാണ്. ഏതാനും മേഖലയില്‍ മാത്രമേ പുതിയതായി സ്ഥലം ഏറ്റെടുക്കേണ്ടി വരികയുള്ളൂ. 653 കോടി രൂപയുടെ ആലുവ-മൂന്നാര്‍ റോഡ് പദ്ധതിയില്‍ ആലുവയ്ക്കും മൂന്നാറിനുമിടയില്‍ പുതിയ റോഡ് നിര്‍മിക്കുകയും നിലവിലുള്ള റോഡുകളുടെ നവീകരണവുമാണ് ഉള്‍പ്പെടുന്നത്. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡാണ് (കിഫ്ബി) പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.

Advertisement