Wed. Nov 6th, 2024

അമൃത്പാല്‍ സിംഗിന്റെ അടുത്ത സഹായി ആയിരുന്ന തേജീന്ദര്‍ സിംഗ് ഗില്ലിന് അഭയം നല്‍കിയ ആളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ്. സഹായം നല്‍കിയ ബല്‍വന്ത് സിങ്ങിനെ ലുധിയാന ജില്ലയിലെ ഖന്ന നഗരത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും അമൃത്പാല്‍ സിങ്ങും ബല്‍വന്ത് സിംഗും തമ്മില്‍ ഇതുവരെ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഖലിസ്ഥാന്‍ അനുഭാവിയായ അമൃത്പാല്‍ സിങ്ങിന്റെ ടീം അംഗമായ ഗൂര്‍ഖ ബാബ എന്ന തേജീന്ദര്‍ സിംഗ് ഗില്ലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത കുറ്റകരമായ വീഡിയോകള്‍ കഴിഞ്ഞ ദിവസം ഖന്ന പൊലീസ് പുറത്തുവിട്ടിരുന്നു. അതേസമയം, അമൃത്പാല്‍ സിങിനായി ഒമ്പതാം ദിവസവും തിരച്ചില്‍ നടത്തുകയാണ് പൊലീസ്. പഞ്ചാബ് പൊലീസിന് പുറമെ കേന്ദ്ര സേനകളും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃത്പാല്‍ സിംഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പഞ്ചാബ് പൊലീസ് തയ്യാറായിട്ടില്ല. അമൃത്പാല്‍ സിംഗിന്റെ അറസ്റ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളിലും വ്യാജ വാര്‍ത്തകളിലും വിശ്വസിക്കരുതെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം