പാരിസ്: ടിക്ടോക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്ളിക്സ്, കാന്‍ഡിക്രഷ് പോലുള്ള ഗെയിമിങ് ആപ്പുകള്‍, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഗവണ്‍മെന്റ് ജീവനക്കാരുടെ ഫോണില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വേണ്ടത്ര സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഫ്രാന്‍സ് പുറപ്പെടുവിച്ചത്. ടിക്ടോകിന് പുറമേ ഗവണ്‍മെന്റ് ജീവനക്കാര്‍, ജനപ്രതിനിധികള്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരടക്കം ഉപയോഗിക്കുന്ന ആപ്പുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഭരണസംവിധാനത്തിന്റെയും ഉദ്യോഗസ്ഥരുടെയും സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടിക്ടോക് പോലെയുള്ള ആപ്പുകള്‍ ഔദ്യോഗിക ഫോണുകളില്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് സിവില്‍ സര്‍വീസ് മന്ത്രി സ്റ്റാന്‍സ്ലാസ് ഗുറേയ്നി പറഞ്ഞു. നിരവധി യൂറോപ്യന്‍ രാജ്യങ്ങളടക്കം പല രാഷ്ട്രങ്ങളും ടിക്ടോക് തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.