Fri. Nov 22nd, 2024

ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പ്രധാനമന്ത്രി പുറത്താക്കി. ജുഡീഷ്യറിയെ നിയന്ത്രിക്കുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ഗാലന്റ് അടക്കം ലിക്കുഡ് പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് പരസ്യമാക്കി രംഗത്ത് വന്നിരുന്നു. ഈ ആഴ്ച അവസാനത്തോടെ പാര്‍ലമെന്റിലൂടെ പുതിയ നിയമനിര്‍മാണം നടത്താനാണ് പ്രധാനമന്ത്രിയുടെ നീക്കം. ഗാലന്റിനെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജറുസലേമില്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസും സൈനികരും ജലപീരങ്കി പ്രയോഗിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം