Wed. Nov 6th, 2024

അമേരിക്കയില്‍ ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ എത്തുന്നവര്‍ക്കും ജോലികള്‍ക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളില്‍ പങ്കെടുക്കാനും സാധിക്കും. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിസ സ്റ്റാറ്റസ് മാറ്റിയെന്ന് ഉറപ്പുവരുത്തണമെന്നതാണ് നിബന്ധന. ബി-1, ബി-2 വിസയുള്ളവര്‍ക്കാകും വിസ മാറ്റം സാധ്യമാകുകയെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വിസ സ്റ്റാറ്റസ് മാറ്റിയെന്ന് ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണ്. ബി-1 വിസ ഹ്രസ്വകാല ബിസിനസ്സ് യാത്രകള്‍ക്കും ബി-2 വിസ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കുമാണ് നല്‍കുന്നത്. തൊഴില്‍ വിസയില്‍ അമേരിക്കയില്‍ എത്തിയവര്‍ക്ക് ജോലി നഷ്ടമായാല്‍ 60 ദിവസം മാത്രമാണ് അവിടെ തുടരാനാകുക. ഈ കാലയളവിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ രാജ്യം വിടുകയാണ് ഏക മാര്‍ഗം.

സാധാരണയായി വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായാല്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഇതിലൊന്നാണ് കുടിയേറ്റേതര പദവി മാറ്റുന്നതിനുള്ള അപേക്ഷ. ഇതു കൂടാതെ തൊഴിലില്‍ നിന്ന് മാറാനുള്ള നിര്‍ബന്ധിത സാഹചര്യങ്ങളും നിലവിലുണ്ടായിരുന്ന തൊഴിലുടമയില്‍ നിന്ന് മാറാനുണ്ടായ സാഹചര്യവും ചൂണ്ടിക്കാണിച്ചുള്ള അപേക്ഷയും സമര്‍പ്പിക്കണം. ഇതിലേതെങ്കിലും 60 ദിവസത്തിനുള്ളില്‍ ശരിയായാല്‍ അമേരിക്കയില്‍ താമസിക്കാനുള്ള കാലാവധി നീട്ടിക്കിട്ടും. മറിച്ചാണെങ്കില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകണമെന്നാണ് നിയമം. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ബി-1, ബി-2 വിസ കൈവശം വച്ചുതന്നെ പുതിയ ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ എന്ന ചോദ്യവുമായി ഒരുപാട് ആളുകള്‍ മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്സിഐഎസ് നിലവിലെ നിയമം പരിഷ്‌കരിച്ചത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം