Mon. Dec 23rd, 2024

വാഷിംഗ്ടണ്‍: കടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ ബാങ്ക്. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2007 ന് ശേഷം ആദ്യമായാണ് പലിശ നിരക്കില്‍ ഇത്രയധികം വര്‍ധനവുണ്ടാകുന്നത്. തുടര്‍ച്ചയായ ഒമ്പതാം തവണയാണ് ഇപ്പോള്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. അതേസമയം, ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡൗ ജോണ്‍സ് ഓഹരി സൂചിക 500 പോയിന്റിലേറെ ഇടിഞ്ഞു. നാസ്ഡാക് സൂചിക ഒന്നര ശതമാനം താഴോട്ട് പോയി. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം ബാങ്കിങ് പ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേ മതിയാകൂ എന്നുമാണ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്. സാമ്പത്തിക പ്രതിസന്ധി പിടിച്ചുകെട്ടുന്നതിനായി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. പണപ്പെരുപ്പം നിയന്ത്രണാതീതമായതും സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ
പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നാണ് ഫെഡ് റിസര്‍വ് വിലയിരുത്തുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം