നടക്കാന്‍ വൃത്തിയും സൗകര്യവുമുള്ള ഒരു വഴി ഏതൊരു പൗരന്റെയും അവകാശമാണ്. ഞാറക്കല്‍ മഞ്ഞനക്കാട് പ്രദേശത്തെ തുരുത്തുകാര്‍ക്കും ഇത്തരത്തില്‍ ഒരു വഴി വേണം. എന്നാല്‍ വഴിവരാന്‍ തടസ്സം നില്‍ക്കുന്നത് ഒരു കുടുംബമാണ്. നാലു വശവും പുഴയും കെട്ടുമായി ചുറ്റപ്പെട്ട് കിടക്കുന്ന ദ്വീപാണിത്. പ്രളയകാലത്ത് മുങ്ങിപ്പോവുകയും ഓരോ മഴക്കാലത്തും വെള്ളക്കെട്ടില്‍ ദുരിതം അനുഭവിക്കുന്നവരും ആണ് ഈ ജനത. ദ്വീപ് നിവാസികളുടെ വഴിപ്രശ്നത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ചളിയും വെള്ളക്കെട്ടിലും ജീവിക്കുന്ന ഇവര്‍ക്ക് ഒരു വീട് കിട്ടുന്നതിനു സമാനമാണ് ഒരു വഴിവെട്ടി കിട്ടല്‍. അതാണ് ഒരു കുടുംബത്തിന്റെ നിസ്സഹകരണം മൂലം പാതിവഴിയില്‍ കിടക്കുന്നത്.
തങ്ങളുടെ സ്ഥലത്ത് കൂടി വഴിവെട്ടാന്‍ അനുവദിക്കില്ലാ എന്നാണ് ഈ കുടുംബം പറയുന്നത്. നിലവിലുള്ള പൊതുവഴിയില്‍ നിന്നും ഒരടിമാത്രം എടുത്താല്‍ വഴിപ്രശ്നത്തിനു പരിഹാരമാകും. ഇത് നല്‍കാന്‍ ഈ കുടുംബം തയ്യാറല്ല. പൊതുവഴി പോലും തങ്ങളുടെതാണ് എന്നാണ് ഈ കുടുംബത്തിന്റെ അവകാശവാദം. ഇത് തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഇവരുടെ കൈവശമില്ല. വഴിപ്രശ്നവുമായി ബന്ധപ്പെട്ട് വോക്ക് മലയാളത്തോട് സംസാരിക്കാനും ഇവര്‍ തയ്യാറായില്ല. ദ്വീപില്‍ ആകെ 41 കുടുംബങ്ങളാണ് ഉള്ളത്. ഇവര്‍ക്കെല്ലാം കൂടി 700 മീറ്റര്‍ വഴിയാണ് വേണ്ടത്. നിലവിലുള്ള വഴി പൊക്കികെട്ടിയാല്‍ വെള്ളക്കെട്ടിന് ശമനമാവും. ആദ്യം പുഴയോടും കെട്ടിനോടും ചേര്‍ന്ന് ജൈവവേലി കെട്ടാനാണ് സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചത്. ഇത് കെട്ടാനും ഈ കുടുംബം തയ്യാറായില്ല.
നിരന്തരമായി നാട്ടുകാര്‍ക്ക് എതിരെ ഈ കുടുംബം കള്ളക്കേസുകള്‍ കൊടുക്കുന്നുണ്ട്. എല്ലാ കുടുംബങ്ങളിലെയും പുരുഷന്മാര്‍ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് ഇവര്‍ കേസ് കൊടുത്തിട്ടുണ്ട്. വഴി പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവിടുത്തെ കുട്ടികളെയാണ്. സ്‌കൂളില്‍ പോകാനും വരാനും ചളി നീന്തിവേണം പോകാന്‍. വഴിവന്നാല്‍ സുഗമമായി, വീഴാതെ നടക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികള്‍.