Thu. Mar 28th, 2024

 

എറണാകുളം ജില്ലയിലെ നായരമ്പലം 12-ാം വാര്‍ഡില്‍ എന്നും വെള്ളക്കെട്ടാണ്. തോടുകള്‍, കടല്‍, കെട്ടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ ഏതു സമയത്തും വീടുകളിലേയ്ക്ക് വെള്ളം കയറാം. പരമ്പരാഗ മത്സ്യത്തൊഴിലാളികള്‍ ആണ് ഇവിടുത്തെ താമസക്കാരില്‍ ഭൂരിഭാഗവും. കടലില്‍ പണിയുണ്ടാവുമ്പോള്‍ മാത്രം ഉപജീവനം നടത്തുന്നവര്‍. വെള്ളക്കെട്ടിന്റെ ദുരിതം പേറുമ്പോഴും ഇവിടം വിട്ടുപോകാനുള്ള സാമ്പത്തിക ശേഷിയും ഈ മനുഷ്യര്‍ക്കില്ല. നിരന്തരം വെള്ളക്കെട്ടില്‍ കിടക്കുന്നതിനാല്‍ വീടുകള്‍ എല്ലാം തകര്‍ന്നുപോയി. പലരും വീടുകള്‍ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ലൈഫ് അടക്കമുള്ള പദ്ധതികളില്‍ വീടിനു വേണ്ടി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെള്ളക്കെട്ടിനുള്ള പരിഹാരം കണ്ടെത്തി മെച്ചപ്പെട്ട വാസസ്ഥലം ഒരുക്കി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഓഖിയിലും പ്രളയത്തിലും പൂര്‍ണമായും മുങ്ങിപ്പോയ പ്രദേശമാണിവിടെ. സീ വാള്‍ കെട്ടാത്തതിനാല്‍ അടിക്കടി ഉണ്ടാവുന്ന കടല്‍ക്കയറ്റത്തില്‍ വെള്ളം തള്ളി വീടുകളില്‍ കയറും. വെള്ളം കയറാതിരിക്കാനുള്ള സംവിധാനം ഒരുക്കിയാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തെടിപ്പോവേണ്ട ഗതികേട് തങ്ങള്‍ക്കുണ്ടാവില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. നിലവില്‍ തീരദേശ ഹൈവേയ്ക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത് 12-ാം വാര്‍ഡിലൂടെയാണ്. പദ്ധതി വന്നാല്‍ ഉള്ള കിടപ്പാടവും ഇവര്‍ക്ക് നഷ്ടപ്പെടും. അങ്ങനെയെങ്കില്‍ എവിടെപോകും ഞങ്ങള്‍ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.