2022 ൽ ഇന്ത്യയിൽ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യു എസ് റിപ്പോർട്ട്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകങ്ങൾ, പീഡനം, പൊലീസ് ക്രൂരത തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. അനിയന്ത്രിതമായ അറസ്‌റ്റും തടങ്കലും, സ്വകാര്യതയിൽ ഉള്ള ഇടപെടൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മാധ്യമങ്ങൾക്കും മേലുള്ള നിയന്ത്രണങ്ങൾ, തുടങ്ങിയവയാണ് ഈ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന പ്രധാന മനുഷ്യാവകാശ ലംഘനങ്ങൾ. എന്നാൽ നേരത്തെയും യു എസ്സിന്റെ സമാനമായ റിപ്പോർട്ടുകൾ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ സ്ഥാപിതമായ ജനാധിപത്യ സമ്പ്രദായങ്ങളും, ശക്തമായ സ്ഥാപനങ്ങളുമുണ്ടെന്ന് ആയിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.