വാഷിംഗ്ടണ്‍: നാല് മണിക്കൂറിനിടെ രണ്ട് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി അമേരിക്കന്‍ ബഹിരാകാശ പേടക നിര്‍മാതാക്കളായ സ്‌പേസ് എക്സ് ആദ്യ ദൗത്യത്തില്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് 52 സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. രണ്ടാമത്തെ ദൗത്യത്തില്‍ രണ്ട് വാര്‍ത്താവിതരണ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. ഫ്ളോറിഡയിലെ കേപ്പ് കാര്‍ണിവല്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു രണ്ടാമത്തെ വിക്ഷേപണം. രണ്ട് ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്‌പേസ് എക്‌സ് അറിയിച്ചു. ഫാല്‍ക്കണ്‍-9 വിക്ഷേപണ വാഹനമുപയോഗിച്ചായിരുന്നു വിക്ഷേപണങ്ങള്‍ നടത്തിയത്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലും വാര്‍ത്താവിതരണ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലുമാണ് നിക്ഷേപിച്ചത്.