ഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കേസ് റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലമായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍പ്പന നടത്തിയതില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.