നാറ്റോ സഖ്യത്തിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷ തുർക്കി അംഗീകരിക്കുമെന്ന് തനിക്ക് പ്രതീക്ഷയുള്ളതായി ഫിൻലൻഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ. അപേക്ഷ ഉടൻ അംഗീകരിച്ചേക്കുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്. പ്രക്രിയ എന്ത് തന്നെ ആയാലും ഞങ്ങളുടെ ഭാഗം പൂർത്തിയാക്കുമെന്നും അടുത്ത ദിവസം പ്രസിഡന്റിനെ കണ്ട് തങ്ങൾ നൽകിയ വാഗ്ദാനം നിറവേറ്റുമെന്നും എർദോഗൻ പറഞ്ഞു. ഒരു വർഷം മുമ്പ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പരിഭ്രാന്തരായാണ് ഫിൻലൻഡും സ്വീഡനും സഖ്യത്തിൽ ചേരാൻ അപേക്ഷിച്ചത്. തുർക്കി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ സ്വീഡനോട് എതിർപ്പിലാണ് തുർക്കി. എന്നാൽ ഫിൻലൻഡിന്റെ അംഗത്വ നീക്കത്തോട് എതിർപ്പില്ല. കഴിഞ്ഞ ദിവസം ബെർലിൻ സന്ദർശനവേളയിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും തുർക്കി ഫിൻലൻഡിന്റെ അംഗത്വം അംഗീകരിക്കുമെന്ന് സൂചന നൽകിയിരുന്നു.