വ്യാജ വിസ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്താനൊരുങ്ങി കാനഡ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വിദ്യാര്‍ഥികള്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് ഇവര്‍ക്ക് നാടുകടത്തല്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ഇതിനകം പഠനം പൂര്‍ത്തിയാക്കുകയും വര്‍ക്ക് പെര്‍മിറ്റും പ്രവൃത്തി പരിചയവും നേടുകയും ചെയ്തിട്ടുള്ളവരാണ്. പി ആറിന് അപേക്ഷിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഏജന്റിന്റെ ചതി തിരിച്ചറിഞ്ഞത്. ജലന്ധറിലുള്ള ബ്രിജേഷ് മിശ്ര എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് വഴി എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നടപടി നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്.