Wed. Jan 22nd, 2025

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ വിളിപ്പിച്ച് ഇഡി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കേരള സര്‍ക്കാരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയും തമ്മില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ 300 കോടിയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 16 ന് ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടുത്തിടെ നടത്തിയ വെളിപ്പെടുത്തലില്‍ എം എ യൂസഫലിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജേഷ് പിള്ള എന്നൊരാള്‍ യൂസഫലിയുടെ പേര് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. നോര്‍ക്കയില്‍ തന്നെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നടത്തിയ ശ്രമം യൂസഫലിയുടെ എതിര്‍പ്പ് മൂലം നടന്നില്ലെന്നും നേരത്തെ സ്വപ്ന ആരോപിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം