കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും വലിയ പ്രതിസന്ധി ഉണ്ടായിട്ടും സംസ്ഥാന സർക്കാർ എന്താണ് ചെയ്തതെന്ന് വി ഡി സതീശൻ ചോദിച്ചു. തീപ്പിടിത്തമുണ്ടായി മൂന്നാം ദിവസവും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞതെന്നും തദ്ദേശ വകുപ്പ് മന്ത്രി കരാർ കമ്പനിയുടെ വക്താവായി മാറിയെന്നും സതീശൻ ആരോപിച്ചു.
മാലിന്യ പ്ലാന്റിൽ ഇതുവരെ തീ അണഞ്ഞിട്ടില്ല. ഡയോക്സിൻ കലർന്ന വിശപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചിരിക്കുന്നതെന്നും ഇത് രക്തത്തിൽ കലരുകയാണെങ്കിൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസം മാത്രമാണ് ജനങ്ങളോട് മാസ്ക് ധരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞതെന്നും വളരെ ലാഘവത്തോടെയാണ് സർക്കാർ പ്രശ്നത്തെ കാണുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കൃത്യമായി കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.