Sat. Jan 18th, 2025

അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും തുടർനടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസുമാരായ എം ആര്‍  ഷാ, സി ടി  രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2017 നാണ് കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നത്. ഉത്തരവിനെതിരെ വഖഫ് മസ്ജിദും യു പി  സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികൾ സുപ്രീംകോടതി തള്ളുകയായിരുന്നു.സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയായി മാറിയതെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പാട്ടക്കരാര്‍ 2002-ല്‍ റദ്ദാക്കിയതായും  ഭൂമി ഹൈക്കോടതിയുടെ വികസനത്തിന് കൈമാറിയതാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഹൈക്കോടതി വളപ്പില്‍ അല്ലെന്നും ഹൈക്കോടതിക്ക് മുന്നിലെ റോഡിന് അപ്പുറത്ത് ആണെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.