Fri. Nov 22nd, 2024

അഴിമതിക്കെതിരെ രൂപീകരിച്ച ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ അതേ അഴിമതിയുടെ പേരില്‍ കുരുക്കിലായിരിക്കുകയാണ്. നിലവില്‍ മദ്യനയ അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ കുരുക്കിലാക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 10 അഴിമതികള്‍ ഉയര്‍ത്തിക്കാട്ടി അരവിന്ദ് കെജ്രിവാളിനെയും പാര്‍ട്ടിയെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം. ഡല്‍ഹിയില്‍ നിന്നും രാജ്യത്തും നിന്നും ആംആദ്മിയെ തുടച്ചു നീക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ആംആദ്മി പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ബിജെപി ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളും ഇതിന് പിന്നിലെ ലക്ഷ്യവും എന്തെന്ന് പരിശോധിക്കാം.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപിയുടെ നീക്കം. ഇന്ത്യയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയെ വേരോടെ പിഴുതെറിയാന്‍ 400 ദിവസത്തെ പദ്ധതി ബിജെപി നേതൃത്വം തയ്യാറാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി അവര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം അഴിമതി ആരോപണങ്ങളാണ്. ഓരോ അഴിമതി ആരോപണങ്ങളും എണ്ണി എണ്ണിപ്പറഞ്ഞ് ആംആദ്മിയെ തകര്‍ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍, പുറത്ത് പ്രകടനവുമായി ബിജെപി ഉണ്ടായിരുന്നത് ഇതിന് ഉദാഹരണമാണ്.

മദ്യനയ അഴിമതിക്ക് പുറമെ ഊര്‍ജ്ജ കമ്പനികള്‍ക്ക് സബ്‌സിഡിയില്‍ ഇളവ് നല്‍കിയത്, ക്ലാസ് റൂം അഴിമതി, ഡല്‍ഹിയില്‍ ബസുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിലെ അഴിമതി, ദീര്‍ഘകാല പദ്ധതികളുടെ നിര്‍മാണ അഴിമതി, ഡല്‍ഹി ജല ബോര്‍ഡിലെ അഴിമതി, താല്‍ക്കാലിക ആശുപത്രികളുടെയും ഫീഡ്ബാക്ക് യൂണിറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി അടക്കം പത്തോളം ആരോപണങ്ങളാണ് ആംആദ്മിക്കെതിരെ ആയുധമാക്കാന്‍ ബിജെപി പദ്ധതിയിടുന്നത്.

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 2405 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ 1300 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വന്നതോടെയാണ് ക്ലാസ് റൂം അഴിമതി ആരോപണം പുറത്തു വരുന്നത്. 2015 ഏപ്രിലിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശിച്ചത്. 193 സ്‌കൂളുകളിലായി 2405 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ സര്‍ക്കാര്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടത്തിയെന്നും ഇത് അന്വേഷിക്കണമെന്നും ഡല്‍ഹി വിജിലന്‍സ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2020 ഫെബ്രുവരി 17 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പൊതുമരാമത്ത് വകുപ്പ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കാണിച്ചിരുന്നു. ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ അനുവദിച്ചതില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയില്‍ സര്‍ക്കാരിന് കുരുക്ക് മുറുക്കിയത് ഗവര്‍ണറായിരുന്നു. ഡിടിസിയുടെ 1000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിയില്‍ അഴിമതിയുണ്ടെന്ന് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഴിമതി അന്വേഷിക്കാന്‍ സിബിഐക്ക് പരാതി കൈമാറാനുള്ള നിര്‍ദ്ദേശത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഡിടിസി മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ബസ്സുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ഗതാഗത മന്ത്രിയെ നിയമിച്ചെന്നും ടെന്‍ഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് പരാതി.

കെജ്രിവാള്‍ ജല്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരിക്കെയാണ് 200 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്നാണ് ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട ആരോപണം. 15000 കോടി രൂപയുടെ നഷ്ടത്തിലാണ് ഡല്‍ഹി ജല്‍ ബോര്‍ഡ്. ബില്ലുകള്‍ ശേഖരിക്കാന്‍ കോര്‍പറേഷന്‍ ബാങ്കായിട്ടായിരുന്നു കരാര്‍. എന്നാല്‍ കോര്‍പറേഷന്‍ ബാങ്കുകള്‍ വ്യാജ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചതോടെ തുക ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് പോയിരുന്നില്ല എന്നാണ് ഉയര്‍ന്നു വന്ന ആരോപണം…

ഇത്തരത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ വന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി പര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ബിജെപി തന്ത്രമിടുന്നത്. അഴിമതി വിരുദ്ധ പ്രഖ്യാപനവുമായി വന്ന ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും അഴിമതിയുടെ മുഖമായി തുറന്നുകാണിക്കാനൊരുങ്ങുകയാണ് ബിജെപി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം