Fri. May 17th, 2024

രാജ്യത്ത് വീണ്ടും പനി വ്യാപിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തു വരുന്നത്. ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച്3എന്‍2 വൈറസാണ് ഇപ്പോഴത്തെ പനി ചൂടിന് പിന്നില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എച്ച്3 എന്‍2 പടര്‍ന്നു പിടിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം ഇന്‍ഫ്ളുവന്‍സ വൈറസാണ് ഈ എച്ച്3 എന്‍2.  എല്ലാവരിലേക്കും പെട്ടെന്ന് പടരാന്‍ സാധ്യതയുള്ള രോഗമാണ് എച്ച്3എന്‍2 വൈറസ്. കൊവിഡിനെപ്പോലെ അപകടകാരിയാണോ എച്ച് 3 എന്‍ 2 വൈറസ് ? രോഗബാധിതരെ എങ്ങനെ തിരിച്ചറിയാം.

എച്ച് 3 എന്‍ 2 വൈറസിനെ കുറിച്ച് അറിയുന്നതിന് മുന്നേ ഇന്‍ഫ്ളുവന്‍സ എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. 2.9 ലക്ഷം മുതല്‍ 6.5 ലക്ഷമാളുകള്‍ വരെ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വര്‍ഷവും ലോകവ്യാപകമായി 30 മുതല്‍ 50 ലക്ഷം വരെ ആളുകള്‍ക്കാണ് വൈറസ് ബാധിക്കുന്നത്. ഹോങ്കോങ്ങ് ഫ്ളൂ എന്നും ഈ രോഗം അറിയപ്പെടുന്നു. കൊടുംതണുപ്പില്‍ നിന്ന് ചൂടിലേക്ക് മാറുന്ന കാലാവസ്ഥ, ആളുകള്‍ക്കിടയില്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 4 തരം സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളില്‍ ഒന്നാണ് ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമായ എച്ച് 3 എന്‍2.

ഇന്‍ഫ്ളുവന്‍സയുടെ മറ്റു ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച് 3 എന്‍2 വൈറസ് ബാധിച്ചാല്‍ ആശുപത്രിവാസം കൂടുതാലാണെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഒരാഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചുമ, പനി, മൂക്കടപ്പ്, തലവേദന, ശരീര വേദന, ക്ഷീണം,തൊണ്ട വരളുക എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടു വരുന്നത്. പനിക്കൊപ്പമുള്ള നിരന്തരമായ ചുമ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ക്ക് ഈ രോഗലക്ഷണങ്ങള്‍ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്നതായി കാണാം. ചിലപ്പോള്‍ രോഗി സുഖം പ്രാപിച്ച ശേഷവും രോഗലക്ഷണങ്ങള്‍ വളരെക്കാലം നിലനില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ വൈറസ് ബാധിച്ച ചിലരില്‍ കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വ്യക്തിശുചിത്വമാണ് എച്ച്3എന്‍2 ഇന്‍ഫ്‌ളുവന്‍സ വൈറസിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമായി വേണ്ടത്. നിശ്ചിത ഇടവേളകളില്‍ കൈകള്‍ സോപ്പിട്ട് കഴുകണം. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായയും തൂവാല കൊണ്ട് പൊത്തിപ്പിടിക്കുകയും വേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്ത് എത്തുന്ന ശരീരദ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പെട്ടെന്ന് വ്യാപിക്കുന്നത്. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ആള്‍ക്കൂട്ടത്തിനിടയ്ക്ക് പോകാതെ പൂര്‍ണ്ണമായും വിശ്രമിക്കണം.

അതുപോലെ രോഗപ്രതിരോധത്തിനാവശ്യമായ വാക്സിനുകള്‍ എടുക്കാനും ശ്രദ്ധിക്കണം. പനി ബാധിച്ചാല്‍ അവയെ പ്രതിരോധിക്കുന്നതിനായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കരുത്. ഇവ ശരീരത്തെ വിപരീതമായി ബാധിക്കുമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഗര്‍ഭിണികള്‍, ചെറിയ കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരിലാണ് രോഗം മൂര്‍ച്ഛിക്കുക. രാജ്യ വ്യാപകമായി വൈറസ് വ്യാപിക്കുന്നതിനാല്‍ രോഗം വരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായ മുന്‍കരുതലും സ്വീകരിക്കണം

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം