Mon. Dec 23rd, 2024

കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചാവിഷയമായിരിക്കുന്ന ഒന്നാണ് ചാറ്റ് ജിപിടി. ഗൂഗിളിന് പോലും വില്ലനായേക്കാവുന്ന ചാറ്റ് ബോട്ടാണ് ഇതെന്നും പറയുന്നുണ്ട്. പലരും ഇപ്പോള്‍ ഈ ചാറ്റ് ജിപിടിയുടെ പിറകിലാണ്. എന്നാല്‍ പലര്‍ക്കും ജിപിടിയെ കുറിച്ച് ഒരുപാട് സംശയങ്ങളും ഉണ്ട്. എന്താണ് ചാറ്റ് ജിപിടി. എങ്ങനെയാണ് ചാറ്റ് ജിപിടി വ്യത്യസ്തമാകുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റും അലക്സയും ഒക്കെ ചെയ്യുന്നതുപോലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരുന്ന ഒരു സേവനമാണ് ചാറ്റ് ജിപിടി. 2022 നവംബര്‍ 30 നാണ് ചാറ്റ് ജിപിടി അഥവാ ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മറിന്റെ പ്രോട്ടോടൈപ് ലോഞ്ച് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപഭോക്താക്കളോട് വാക്കുകളുടെ രൂപത്തില്‍ ആശയവിനിയമയം നടത്താനാകുന്ന ഒരു ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ചാറ്റ് ബോട്ടെന്ന് പറയുന്നത്. യന്ത്രങ്ങള്‍ക്ക് സ്വയം പ്രവര്‍ത്തിക്കുന്നതിനായി മനുഷ്യര്‍ നിര്‍മിച്ച് നല്‍കിയ ബുദ്ധിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്.

മനുഷ്യ സമാനമായി എഴുതാനും മനുഷ്യനോട് എഴുത്തിലൂടെ സംവദിക്കാനും ജിപിടിയ്ക്ക് ആകുമെന്നാണ് പറയുന്നത്. അതായത് നമ്മള്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഏറെക്കുറെ കൃത്യമായ ഉത്തരം ഈ ചാറ്റ്ബോട്ട് നല്‍കും. നമ്മള്‍ ഗൂഗിളില്‍ ഒരു കാര്യത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ആ വിവരം ലഭിക്കാനായി സാധ്യതയുള്ള ഒരു കൂട്ടം വെബ്‌സൈറ്റ് ലിങ്കുകളാണ് ഗൂഗിള്‍ നമുക്ക് നിര്‍ദേശിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളില്‍ കയറി വായിച്ച് നമുക്ക് വേണ്ട വിവരം മനസിലാക്കി എടുക്കുകയാണ് വേണ്ടത്. ഇവിടെയാണ് ഗൂഗിളും, യാഹൂവും, ബിങും എല്ലാം ഇതുവരെ നല്‍കി വന്നിരുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് സേവനത്തില്‍ നിന്ന് ചാറ്റ് ജിപിടിയെ വ്യത്യസ്തമാക്കുന്നത്.
നമ്മള്‍ ചോദിക്കുന്ന വിവരം എന്താണോ അതിനുള്ള ഉത്തരം ചാറ്റ് ജിപിടി തന്നെ ലഭ്യമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായി വിശദമായി പറഞ്ഞുതരും.

ഇന്റര്‍നെറ്റില്‍ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമാകുന്നതുമായ അനേകായിരം എഴുത്തുകള്‍ ഉപയോഗിച്ചാണ് ഈ ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ബുദ്ധിജീവി ആയാണ് ചാറ്റ് ജിപിടിയെ ഈ രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണിത്. ഗൂഗിളിന്റെ ലാംഡ എഐ, ബെര്‍ട്ട്, ഫെയ്സ്ബുക്കിന്റെ റോബോര്‍ട്ട് എന്നിവ ഇക്കൂട്ടത്തില്‍പെടുന്ന മറ്റു സാങ്കേതിക വിദ്യകളാണ്. മലയാളം ഉള്‍പ്പെടെ ലോകത്തെ വിവിധ ഭാഷകളില്‍ നമുക്ക് ചാറ്റ് ജിപിടിയില്‍ സംസാരിക്കാനാകും. പക്ഷേ ഇംഗ്ലീഷിലാണ് ജിപിടിക്ക് കൂടുതല്‍ മികവുള്ളത്. മലയാളത്തിലുള്ള ചോദ്യങ്ങളുടെ മറുപടിയില്‍ നിരവധി വ്യാകരണ പിശകുകളും ഘടനാപരമായ പ്രശ്‌നങ്ങളുമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്ന ചാറ്റ് ജിപിടിയെ നൂറ് ശതമാനം വിശ്വസിക്കാനാകുമോ എന്ന ചോദ്യത്തിന്, വിശ്വസിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ചാറ്റ് ജിപിടിയില്‍ ലഭിക്കുന്ന വിവരങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് വിദഗ്ധരുള്‍പ്പടെയുള്ളവരുടെ അഭിപ്രായം. എന്തെന്നാല്‍ ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവ നമുക്ക് മറുപടി നല്‍കുന്നത്. അല്ലാതെ നമ്മുടെ താല്‍പര്യങ്ങളും സാഹചര്യങ്ങളും ചിന്താഗതികളും തിരിച്ചറിഞ്ഞു കൊണ്ടോ പരിഗണിച്ചോ അല്ല. ചാറ്റ് ജിപിടി ഇപ്പോള്‍ തെറ്റായതും അപകടകരമായ വിവരങ്ങളും നല്‍കിയേക്കാം എന്ന മുന്നറിയിപ്പുമുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം