തുറമുഖത്തിന്റെ റിലീസ് വൈകാൻ കാരണം നിർമ്മാതാവിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെന്ന് നടൻ നിവിൻ പോളി. ചിത്രത്തിൻ്റെ ബജറ്റ് കൂടിപ്പോയതല്ല യഥാർത്ഥ കാരണമെന്നും അഭിനേതാക്കൾ ചിത്രത്തിന് വേണ്ടി പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും നിവിൻ പോളി പറഞ്ഞു. മൂന്നു തവണ റിലീസ് മാറ്റിവച്ച ചിത്രം നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഏറ്റെടുത്തതോടെയാണ് റിലീസിലെ അനിശ്ചിതത്വം ഒഴിവായത്.
ഇത്രയധികം പ്രശ്നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖമെന്നും നാല്പതോ അമ്പതോ കോടി മുടക്കി ചെയ്ത പടമല്ലെന്നും ചിത്രമൊരുക്കിയത് മലയാളത്തിന് താങ്ങാവുന്ന ബജറ്റിലാണെന്നും നിവിൻ പോളി പറഞ്ഞു. സിനിമയെ സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴച്ചവർ അതിനുത്തരം പറയേണ്ടതാണെന്നും നിവിൻ കൂട്ടിച്ചേർത്തു.
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് തീയേറ്ററിലെത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .