Mon. Dec 23rd, 2024

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ ഇപ്പോള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും വളരെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് മാത്രം ഇപ്പോഴും അറുതി വന്നിട്ടില്ല. ലോകം വളരുന്നതിനനുസരിച്ച് തന്നെ നമ്മുടെ രാജ്യത്ത് കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. അതില്‍ കൂടുതലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് എന്നതാണ് ശ്രദ്ധേയം.നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. ലോകത്ത് ആകെയുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരില്‍ നിന്നെങ്കിലും ലൈംഗികാതിക്രമം നേരിടുന്നുണ്ടെന്നാണ് യുഎന്‍ പറയുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍, സ്ത്രീധന പീഡനങ്ങള്‍, ലൈംഗികപീഡനങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ ഇങ്ങനെ നീണ്ടു കിടക്കുകയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ നിര. ലോകം എത്ര മുന്നോട്ട് പോയെന്ന് പറഞ്ഞാലും ഇന്ത്യന്‍ സമൂഹത്തിന്, സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാത്രം വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. 2018 ലെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ 30 ശതമാനം പേര്‍ പങ്കാളിയില്‍ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ടിട്ടുള്ളവരാണെന്നാണ് 2019- 2021 കാലയളവിലെ ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നത്.

ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന വസ്തുത മനസ്സിലാക്കാന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും. 2020-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങളുടെ പേരില്‍ 3,15,694 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ 39,601 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശാണ് മുന്‍പന്തിയിലുള്ളത്. 34,426 കേസുള്ള രാജസ്ഥാനും 34,170 കേസുള്ള പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വിദ്യാഭ്യാസപരമായും, സാമൂഹികപരമായും വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന്റെ അവസ്ഥയും ഏറെക്കുറെ സമാനമാണ്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ഷം 8139 കേസുകളാണെടുത്തത്. 2019-ല്‍ 3,48,162 കേസുകളും 2018-ല്‍ 3,29,638 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018, 2019 കൊല്ലങ്ങളെ അപേക്ഷിച്ച് 2020 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ 2021 ലേക്ക് വരുമ്പോഴേക്കും സ്ത്രീധനപീഡനവും ലൈംഗികാക്രമണവും ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ പല കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. 2020-ല്‍ ഇന്ത്യയൊട്ടാകെ 7045 സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തത്. 2021 ല്‍ മാത്രം 10 സ്ത്രീധന പീഡന മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ വര്‍ഷം തന്നെയാണ്.

ഇത്രയേറെ ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും നടക്കുന്ന ഇന്ത്യയിലാണ് ഏറ്റവും കുറവ് വിവഹാ മോചനങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഈ വര്‍ഷം മുന്‍വര്‍ഷത്തെക്കാള്‍ 46 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് ദേശീയ വനിതാ കമ്മീഷന്‍ പറയുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ആത്മാഭിമാനത്തിനെതിരായ അതിക്രമമാണ്. 2020-ല്‍ ഇത്തരത്തില്‍ 86,745 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ ഈ കേസുകളുടെ എണ്ണം 89,292 ആയിരുന്നു. ഒഡീഷയിലാണ് ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 3971 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ ഉള്‍പ്പടെ വയോധികരെ വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നാടാണ് ഇന്ത്യ. കടുത്ത ശിക്ഷാനിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ ക്രൂരത ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2020 ല്‍ 28153 ലൈംഗിക പീഡന കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആയിരത്തിലധികം പോക്‌സോ കേസുകള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിന് ഇരയായതെന്നാണ് കണക്കുകള്‍ പറയുന്നത്.

ആസിഡ് ആക്രമണങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ലൈംഗികവൃത്തിക്കുള്ള ബലപ്രയോഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഓരോ സെക്കന്‍ഡിലും നിരവധി കുറ്റകൃത്യങ്ങളാണ് സ്ര്തീകള്‍ക്കെതിരെ നടക്കുന്നത്. സര്‍ക്കാര്‍-നിയമ സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായാണ് നിലനില്‍ക്കുന്നതെന്ന് പറയുമ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും പിന്നെ എന്തുകൊണ്ടാണെന്ന് ഈ സര്‍ക്കാര്‍ നിയമസംവിധാനങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം